അമ്മ പൂക്കളം ഒരുക്കിയപ്പോള്‍ വിരലുകളുടെ ചലനവും വളകളുടെ കിലുക്കവും
നോക്കി അവനിരുന്നു. അമ്മ വളരെ തിരക്കിലാണിന്ന്. അമ്മയുടെ കൂട്ടുകാര്
ഉച്ചയ്ക്ക് ഊണു കഴിക്കുവാന്‍ വരുന്നു. സെറ്റും മുണ്ടും ഉടുത്ത്
നെറ്റിയില്‍ ചന്ദനക്കുറിയും വലിയൊരു പൊട്ടും തൊട്ടപ്പോള്‍ അമ്മയെ കാണുവാന്‍
നല്ല ഭംഗിയാണ്.
അമ്മ വീട്ടിനുള്ളിലേക്ക് കയറിപ്പോയി. അപ്പു പൂക്കളം നോക്കിയിരുന്നു.
മുറ്റത്തു പറന്നു നടക്കുന്ന ഭംഗിയുള്ള ശലഭങ്ങള്‍. അവന്‍ പൂക്കള്‍
അവനിഷ്‌ടമുള്ള രീതിയില്‍ പൂക്കളത്തില്‍ നിരത്തിയിട്ടു.പൂക്കളുടെ നിറങ്ങള്‍
ശലഭങ്ങളുടെ പുള്ളികളെ ഓര്‍മ്മിപ്പിച്ചു. അമ്മ മുറ്റത്തേക്ക് ഇറങ്ങി
വരുന്നത് അവന്‍ കണ്ടില്ല.
'എന്താ അപ്പൂ ഈ കാട്ടിയിരിക്കുന്നത്?' പൂക്കളത്തിലേക്ക് നോക്കി അമ്മ
ചോദിച്ചു.
അപ്പുവിന് ചെറിയൊരു കിഴുക്ക് കൊടുത്തിട്ട് അമ്മ പൂക്കളം നേരെയാക്കി.
താന്‍ വരച്ച ചിത്രം ആരോ കീറിക്കളയുന്ന പോലൊരു വേദന. അമ്മ കൊടുത്ത
ശിക്ഷയേക്കാളിലും അത് അവന്റെ മനസ്സ് വേദനിപ്പിച്ചു.
'അപ്പൂ, ഇനി വികൃതിയൊന്നും കാട്ടിയേക്കരുത്'. താക്കീത് നല്‍കി അമ
അകത്തേക്ക് കയറിപ്പോയി.

അപ്പു ചെമ്പരത്തിയുടെ ചുവട്ടില്‍ കിടന്നുറങ്ങിയ ചക്കിപ്പൂച്ചയെ
വിരട്ടിയോടിച്ചു. ഒന്നും ചെയ്യുവാനില്ലാതെ അവനു മുഷിവു
തോന്നി.പൂക്കളത്തില്‍ വന്നിരുന്ന ഓണത്തുമ്പിയെ അപ്പോഴാണവന്‍ ശ്രദ്ധിച്ചത്.
തുമ്പി അമ്മയുടെ പൂക്കളം അലങ്കോലമാക്കിയാലോ? അവന്‍ മെല്ലെച്ചെന്ന്
തുമ്പിയുടെ വാലില്‍ പിടിച്ചു. നീണ്ടു മെലിഞ്ഞ കാലുകളും ചിറകുകളും അടിച്ച്
തുമ്പി പ്രതിഷേധിച്ചു. അവന്‍ തുമ്പിയുടെ രണ്ടു ചിറകിലും കൂടിപ്പിടിച്ചു
.
'അപ്പൂ, എന്താ അവിടെ കുസൃതി കാട്ടണേ?', അമ്മ അകത്തുനിന്നും വിളിച്ചു
ചോദിച്ചു.
അപ്പു പേടിച്ച് തുമ്പിയെ താഴെയിട്ടു. തുമ്പിക്ക് പറക്കുവാന്‍ കഴിഞ്ഞില്ല.
അതിന്റെ ചിറകുകള്‍ ഒടിഞ്ഞു കാണുമോ എന്നവന്‍ ഭയന്നു. അവന് ദു:ഖം തോന്നി.
തുമ്പിയെ എടുത്ത് ചെത്തിപ്പൂവില്‍ വെച്ചു. കുറച്ചുസമയം ചിറകടിച്ചതിനുശേഷം
തുമ്പി പറന്നുപോകുന്നത് അവന്‍ സന്തോഷത്തോടെ നോക്കി നിന്നു.
അവന് അമ്മയുടെ കഞ്ഞിപ്പശയുടെ മണമുള്ള മുണ്ടില്‍ മുഖമൊളിപ്പിച്ച് അമ്മയെ
കെട്ടിപ്പിടിക്കണമെന്ന് തോന്നി. അപ്പു അകത്തേക്കോടി.
comments