അഭിമുഖം

ഒരു ജനതയുടെ വംശനാശം

അഡോണിസ്‌
 

 


ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖ അറബ്‌ കവിയും ചിന്തകനുമായ അലി അഹമ്മദ്‌ സെയ്ദ്‌ എന്ന അഡോണിസ്‌ 1930ല്‍ സിറിയയിലെ ഖസാബിനില്‍ ജനിച്ചു. തത്വചിന്തയില്‍ ബിരുദവും ബെയ്‌റൂട്ടിലെ സെന്റ്‌ ജോസഫ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടി. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ സിറിയയില്‍ 1955ല്‍ ആറുമാസക്കാലം ജയിലിലടക്കപ്പെട്ടു. 1956ല്‍ ലെബനോണില്‍ എത്തി. ലെബനീസ്‌ പൗരത്വം സ്വീകരിച്ചു. 1970-85 വരെ ലെബനീസ്‌ യൂണിവേഴ്‌സിറ്റിയിലും സോര്‍ബോണ്‍ ഉള്‍പ്പെടെ നിരവധി പാശ്‌ചാത്യ സര്‍വ്വകലാശാലകളിലും അറബ്‌ സാഹിത്യത്തില്‍ പ്രൊഫസറായിരുന്നു. കവി യൂസഫ്‌ അല്‍ ഖാലിനൊപ്പം 'ഷിര്‍' കവിതാമാസികയും പിന്നീട്‌ 'മവാഖീഫ്‌ എന്ന പ്രസിദ്ധീകരണവും അരംഭിച്ചു. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ക്ക്‌ അര്‍ഹനായി.പല തവണ നൊബേല്‍ സമ്മാനത്തിനായി പരിഗണിക്കപ്പെട്ടു. ഇപ്പോള്‍ പാരീസില്‍ ജീവിക്കുന്നു.

2006 മാര്‍ച്ചില്‍ ദുബായ്‌ ടി.വി. സംപ്രേക്ഷണം ചെയ്ത അഡോണിസുമായുള്ള അഭിമുഖത്തില്‍ നിന്ന്.


അഡോണിസ്‌: ഇന്ന് വാക്കുകള്‍ അപരാധമായി പരിഗണിക്കുന്നു. അറബ്‌ സമൂഹത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക്‌ ചരിത്രത്തില്‍ സമാനതകളില്ല. നിങ്ങള്‍ ഒരു വാക്ക്‌ ഉച്ചരിക്കുമ്പോള്‍ അതൊരു കുറ്റകൃത്യം ചെയ്യുന്നതുപോലെയാണ്‌. അഭിപ്രായങ്ങള്‍ അപരാധങ്ങളാകുന്ന അവസ്ഥ സങ്കല്‍പിക്കാനാവുന്ന ഒന്നല്ല.

ശരിയാണ്‌. ഒരു ലേഖനം എഴുതിയതിന്റെ പേരില്‍ നിങ്ങള്‍ അറസ്റ്റ്‌ ചെയ്യപ്പെടാം.

അഡോ: അതൊരു ഉദാഹരണം മാത്രം. സാത്താന്‍ ദൈവത്തെ അനുസരിച്ചില്ല. എന്നിട്ടും ദൈവം തന്റെ ആദ്യശത്രുവായ സാത്താന്റെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ടു. തന്നെ അനുസരിക്കാനുള്ള വിസമ്മതത്തിന്റെ കാരണങ്ങള്‍ ശ്രദ്ധിച്ചു. ഏറ്റവും കുറഞ്ഞ പക്ഷം മുസ്ലിം സമൂഹം അവരുടേതില്‍ നിന്നു വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്ക്‌ ചെവികൊടുക്കാനെങ്കിലും തയ്യാറാവണം എന്നാണ്‌ ഞാന്‍ ആവശ്യപ്പെടുന്നത്‌.

? ജനാധിപത്യത്തിനായുള്ള അമേരിക്കയുടെ 'ഗ്രേറ്റര്‍ മിഡില്‍ ഈസ്റ്റ്‌ പദ്ധതി'യെ താങ്കള്‍ എങ്ങനെയാണ്‌ നോക്കിക്കാണുന്നത്‌?

അഡോ: ഒന്നാമതായി അറബ്‌ കാര്യങ്ങളിലുള്ള ബാഹ്യ ഇടപെടലുകളെ ഞാന്‍ എതിര്‍ക്കുന്നു. സ്വയം ജനാധിപത്യത്തിലേക്ക്‌ നീങ്ങാനുള്ള ശേഷി ഇല്ലാത്തവരാണ്‌ അറബ്‌ സമൂഹമെങ്കില്‍ പിന്നെ പുറത്തുനിന്നുള്ള ഇടപെടലുകള്‍ വഴി അതൊരിക്കലും ജനാധിപത്യവല്‍കരിക്കപ്പെടുകയില്ല. നാം ജനാധിപത്യം ആഗ്രഹിക്കുന്നുവെങ്കില്‍ നമ്മള്‍ സ്വയം അങ്ങനെയായിരിക്കണം. എന്നാല്‍ ജനധിപത്യത്തിലേക്ക്‌ പരിണമിക്കാനുള്ള പൊതു സാഹചര്യങ്ങള്‍ അറബ്‌ സമൂഹത്തില്‍ സംജാതമായിട്ടില്ല. അതിന്‌ മതത്തെ പുതിയ രീതിയില്‍ കൃത്യതയോടെ പുന:പരിശോധിക്കേണ്ടതുണ്ട്‌. മതം വൈയക്തികവും ആത്മീയവുമായ ഒരനുഭവം ആകുമ്പോഴെ അത്‌ ആദരിക്കപ്പെടൂ. സാമൂഹികവും മാനസികവുമായ വിഷയങ്ങള്‍ പൗരസമൂഹത്തെ ബാധിക്കുന്നവ നിയമത്തിനും ജനതയ്ക്കു തന്നെയും വിട്ടുകൊടുക്കുകയാണ്‌ വേണ്ടത്‌.

? ഹമാസിനെ അധികാരത്തിലെത്തിച്ച പലസ്തീനിലെ ജനാധിപത്യത്തെക്കുറിച്ച്‌ താങ്കളുടെ അഭിപ്രായമെന്ത്‌?

അഡോ: ഞാനതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ മതാടിസ്ഥാനത്തില്‍ ഒരു രാഷ്ട്രം സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നു. അത്‌ ഹമാസിന്റെ നേതൃത്വത്തില്‍ ആണെങ്കില്‍ പോലും.

? ഏകാധിപത്യം കൂടുതല്‍ മഹത്വവല്‍ക്കരിക്കപ്പെടുന്നതിന്റെ കാരണങ്ങള്‍ എന്താണ്‌? ചിലപ്പോള്‍ അറബ്‌ സാര്‍വ്വദേശീയതയുടെ പേരില്‍, മറ്റു ചിലപ്പോള്‍ വിദേശശക്തികളെ എതിര്‍ക്കുന്നതിന്റെ ഭാഗമായി, ഈ മഹത്വവല്‍കരണം സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരുടെ ഭാഗത്തു നിന്നു തന്നെ നടക്കുന്നുണ്ട്‌. ഉദാഹരണത്തിന്‌ സദ്ദാം ഹുസൈന്റെ വിചാരണ. ജനങ്ങള്‍ പൊതുവെ അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ്‌ ചെയ്യുന്നത്‌.

അഡോ: ഇത്‌ വളരെ അപകടകരമായ ഒരു പ്രക്രിയയാണ്‌. ഐക്യത്തിന്റെയും അഖണ്ഡതയുടെയും ചില ആശയങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്‌ ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്‌ പ്രയോഗത്തില്‍, രാഷ്ട്രീയ തലത്തില്‍ പ്രതിഫലിക്കുന്നത്‌ ഒരു നായകനെ, രക്ഷകനെ, അല്ലെങ്കില്‍ ഒരു രാഷ്ട്രീയനേതാവിനെക്കുറിച്ചുള്ള സങ്കല്‍പങ്ങളിലാണ്‌.സ്വാതന്ത്ര്യത്തെ ഭയക്കുന്നവര്‍ക്ക്‌ ഈ സങ്കല്‍പം ഒരു തരം മാനസിക സുരക്ഷ നല്‍കുന്നുണ്ട്‌. ചില മനുഷ്യര്‍ സ്വാതന്ത്ര്യത്തെ ഭയക്കുന്നവരാണ്‌.



? സ്വാതന്ത്ര്യം ചിലപ്പോള്‍ അരാജകത്വത്തിന്റെ പര്യായമാകുന്നതുകൊണ്ടാണോ?

അഡോ: അല്ല, സ്വതന്ത്രമായിരിക്കുക ഒരു വലിയ ബാദ്ധ്യതയാണ്‌. അത്‌ ഒരു തരത്തിലും അത്ര എളുപ്പമല്ല.

? ഒരു യജമാനന്‍ ആവശ്യമാണ്‌....?

അഡോ: സ്വതന്ത്രനാകുമ്പോള്‍ ഒരാള്‍ക്ക്‌ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കേണ്ടി വരും. ലോകം അതിന്റെ സമ്പൂര്‍ണ്ണതയില്‍ മുമ്പില്‍ വരും. അതിന്റെ സമസ്ത പ്രശ്നങ്ങളും കൈകാര്യം ചെയ്യേണ്ടി വരും. നേരേ മറിച്ച്‌ നമ്മള്‍ അടിമകളാണെങ്കില്‍ മറ്റൊന്നിലും ഇടപെടാതെ സംതൃപ്തരായിരിക്കാന്‍ കഴിയും. ദൈവം നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്ന് വിശ്വസിച്ച്‌ അല്ലെങ്കില്‍ ഏകാധിപതി എല്ലാം നോക്കിക്കൊള്ളും എന്ന ധാരണയില്‍.

അറബ്‌ സമൂഹത്തില്‍ സംഭവിക്കുന്നതെന്തെന്ന് എനിക്ക്‌ മനസ്സിലാകുന്നില്ല. ഈ സാഹചര്യത്തെ എങ്ങനെ വ്യാഖ്യാനിക്കണമെന്നും അറിഞ്ഞുകൂടാ. എനിക്ക്‌ മൂന്നു കാര്യങ്ങളാണ്‌ പറയാനുള്ളത്‌.

അറബ്‌ ലോകത്തിലേക്ക്‌ നോക്കുമ്പോള്‍ അതിന്റെ മുഴുവന്‍ വിഭവങ്ങളില്‍ ,മനുഷ്യവിഭവശേഷിയില്‍, പ്രത്യേകിച്ച്‌ വിദേശത്തുള്ളവരില്‍ വലിയ തത്വചിന്തകരേയും, ശാസ്ത്രജ്ഞരേയും സാങ്കേതികവിദഗ്ദ്ധരേയും കണ്ടെത്താന്‍ കഴിയും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അറബികല്‍ ഊര്‍ജ്ജസ്വലതയിലും ബുദ്ധിയിലും ലോകത്തിലെ മറ്റൊരു ജനവിഭാഗത്തിനും പിന്നില്‍ അല്ല. എന്നാല്‍ അറബി മികവ്‌ നേടുന്നത്‌ പലപ്പോഴും സ്വന്തം സമൂഹത്തിന്‌ പുറത്തു വച്ചാണ്‌.

സകലവിധ പ്രകൃതിവിഭവങ്ങളും മഹത്തായ കാര്യശേഷിയും പരിഗണിച്ചുകൊണ്ടു തന്നെ അറബികളെ നോക്കുമ്പോള്‍, അവര്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ നേടിയതിനെ ഇതേസമയം കൊണ്ട്‌ മറ്റു സമൂഹങ്ങള്‍ നേടിയതുമായി താരതമ്യം ചെയ്യുമ്പോള്‍, അറബികള്‍ വംശനാശത്തിന്റെ വക്കിലാണെന്ന് പറയേണ്ടി വരും. നമുക്ക്‌ ലോകത്തില്‍ സൃഷ്ടിപരമായ സാന്നിദ്ധ്യം ഇല്ല.

നാം വംശനാശത്തിന്റെ വക്കിലാണൊ?

അഡോ: അതു സംഭവിച്ചു കഴിഞ്ഞു. ആളുകളുടെ എണ്ണം കൊണ്ട്‌ നമുക്ക്‌ ഭൗതിക സാന്നിദ്ധ്യമുണ്ട്‌, നാം നിലനില്‍ക്കുന്നു. സ്വന്തം ലോകത്തെ മാറ്റാന്‍ സൃഷ്ടിപരമായ ശേഷി ഇല്ലാത്ത ജനതയ്ക്ക്‌ വംശനാശം സംഭവിക്കുന്നു. മഹത്തായ സുമേരിയന്‍, ഗ്രീക്ക്‌, ഫറോവന്‍ സംസ്കാരങ്ങള്‍ അന്യം നിന്നപോലെ. ഇത്‌ ശരിക്കും നമ്മുടെ ബൗദ്ധികമായ പ്രതിസന്ധിയാണ്‌. ഇപ്പോല്‍ നിലവിലില്ലാത്ത ആശയങ്ങളുമായി പഴയ സന്ദര്‍ഭങ്ങളില്‍ നിന്നുകൊണ്ട്‌ നാം പുതിയ ലോകത്തെ നേരിടാന്‍ ശ്രമിക്കുന്നു. കാലഹരണപ്പെട്ട പഴയ സാഹചര്യങ്ങളില്‍ നിന്ന് നമ്മെ പൂര്‍ണ്ണമായും എല്ലാ തലങ്ങളിലും വേര്‍പെടുത്തേണ്ടതുണ്ട്‌. എന്നിട്ട്‌ ഒരു പുതിയ അറബ്‌ വ്യക്തിത്വത്തെക്കുറിച്ച്‌, പുതിയ സംസ്‌കാരത്തെക്കുറിച്ച്‌, പുതിയ അറബ്‌ സമൂഹത്തെക്കുറിച്ച്‌ ചിന്തിക്കണം.



 

comments