എഡിറ്റോറിയല്‍

ഇടതുപക്ഷനേതാവ്‌ കെ.കരുണാകരനും
കാക്ക മലര്‍ന്നു പറക്കുന്ന കേരളവും
 

 


കേരളത്തിന്റെ രാഷ്ട്രീയ പ്രശ്നങ്ങളും സാമൂഹിക പ്രശ്നങ്ങളും ഭരണത്തിന്റെ അജണ്ടയിലേക്ക്‌ വന്നു തുടങ്ങുന്ന ഒരു കാലയളവാണിത്‌. വി.എസ്‌.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മന്ദതാളം ഒരു ദിശാബോധം കൈവരിക്കുന്ന ദിനങ്ങള്‍. മാറുന്ന ലോകത്തെ നേരിടാനാകാതെ കേരളം അതിവേഗം ബഹുദൂരം പിന്നോക്കം പോയതിന്റെ, രാഷ്ട്രീയത്തിന്‌ സമൂഹിക ശ്രദ്ധ നഷ്‌ടപ്പെട്ടതിന്റെ പ്രത്യാഘാതങ്ങളെ നാമിന്ന് അഭിമുഖീകരിക്കുന്നു. എല്ലാ ദിവസവും ഒറ്റയ്ക്കും കൂട്ടായും മലയാളികള്‍ ആത്മഹത്യ ചെയ്യുന്ന അത്യന്തം ഗുരുതരവും ദുരന്തപൂര്‍ണ്ണവുമായ ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടതില്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്‌ കൂട്ടായ ഉത്തരവാദിത്വമാണുള്ളത്‌. തെളിയുന്ന പോംവഴികള്‍ മായുന്നതിന്റെ കാരണം ഈ പ്രതിസന്ധി ഒറ്റ ദിവസം കൊണ്ട്‌ സൃഷ്ടിക്കപ്പെട്ടതല്ല എന്നതാണ്‌, നാം പാഴാക്കിയ കാലമാണിപ്പോള്‍ മരണക്കയറുമായി പിന്നാലെ വരുന്നത്‌.

അധികാരത്തോടുള്ള ദുര കൊണ്ട്‌ കേരള ഭരണത്തിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ച കെ.കരുണാകരനും അദ്ദേഹത്തിന്റെ ആശ്രിതസംഘവും ഭരണത്തിലേക്ക്‌ കുറുക്കുവഴി തേടുന്നതിന്റെ വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. ജനകീയപ്രശ്നങ്ങള്‍ക്ക്‌ ഇടമില്ലാത്ത വിവാദങ്ങളുടെ വൃത്തികെട്ട നദി വീണ്ടും കേരളീയ പൊതുമണ്ഡലത്തിലേക്ക്‌ ഒഴുകി വരുന്നു. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും നടന്ന പൊതുതിരഞ്ഞെടുപ്പുകളിലൂടെ കേരളജനത ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക്‌ വലിച്ചെറിഞ്ഞവരെ അധികാരത്തിന്റെ ഇടനാഴികളിലേക്ക്‌ ആനയിക്കുന്നതിനെതിരേ പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു. കേരളത്തെ ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലെന്ന ധാര്‍ഷ്‌ട്യം വേഷം മാറി വരുമ്പോള്‍ അതിനെയാരും കുരവയിട്ട്‌ സ്വീകരിക്കാനിടയില്ല.

ക്രിക്കറ്റും വള്ളംകളിയും ലൈവ്‌ ആയി സം പ്രേക്ഷണം ചെയ്യുന്ന പോലെ പുത്തരിക്കണ്ടത്തെയും കൊച്ചിയിലേയും കോഴിക്കോട്ടേയും റാലികള്‍ ലൈവായി സം പ്രേക്ഷണം ചെയ്‌താല്‍ പ്രസ്ഥാനം ശക്തിപ്പെടുമെന്ന് അതിനായി ക്വട്ടേഷന്‍ എടുത്തവര്‍ ഉപദേശിച്ചിട്ട്ടുണ്ടാവാം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളരാഷ്ട്രീയ ചരിത്രത്തില്‍ മുമ്പൊരു പാര്‍ട്ടിയും നേരിട്ടിട്ടില്ലാത്ത ഭീമമായ വോട്ട്‌ വ്യത്യാസത്തിലുള്ള കനത്ത പരാജയമാണ്‌ ഡി.ഐ.സി.ക്ക്‌ നേരിട്ടത്‌. രാഷ്‌ട്രീയമെന്നാല്‍ ഉപജാപമല്ലെന്ന് ജനങ്ങള്‍ വിധിയെഴുതി.

ഇന്ന് ഈ 'മഹത്തായ പ്രസ്ഥാനം' പേരും കൊടിയും വെടിഞ്ഞ്‌ എന്‍.സി.പി.യില്‍ ലയിക്കുകയാണ്‌. ഇന്ദിരാ കോണ്‍ഗ്രസ്സ്‌, ജനാധിപത്യ ഇന്ദിരാ കോണ്‍ഗ്രസ്സ്‌, ജനാധിപത്യ ഇന്ദിരാ കോണ്‍ഗ്രസ്സ്‌(കെ) ഇങ്ങനെ ഒരു പേരിന്‌ വേണ്ടി ദില്ലിയില്‍ തമ്പടിച്ച്‌ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷനുമായി ഘോരഘോരം വാദിച്ച ടി.എം.ജേക്കബും പര്‍ട്ടി വിട്ട്‌ സ്വന്തം പേരിലേക്ക്‌ മടങ്ങി. ജേക്കബിന്‌ നന്ദിയില്ലെന്ന കരുണാകരന്റെ പ്രസ്ഥാവന, യജമാനന്‍ വളര്‍ത്തുമൃഗത്തെക്കുറിച്ചുപയോഗിക്കുന്ന ഈ ഭാഷ, അതിന്റെ അരാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഇടതുപക്ഷ ജനാധിപത്യത്തിന്റെ ഭാഗമാകുന്നത്‌ ആപല്‍ക്കരമായിരിക്കും.

അതെന്തായാലും ഇനി കരുണാകരന്‍ പവാര്‍ പാര്‍ട്ടിയുടെ ദേശീയ വൈസ്‌ പ്രസിഡന്റ്‌ എന്ന പദവിയിലൂടെ ചില മന്ത്രിമന്ദിരങ്ങളുടെ അകത്തളങ്ങളിലൂടെ ഇന്ത്യന്‍ ഭരണ രാഷ്ട്രീയത്തിലേക്കും, മകന്‍ മുരളീധരന്‍ എന്‍.സി.പി. സംസ്ഥാന പ്രസിഡന്റായി കേരള ഭരണത്തിന്റെ ഇടനാഴികളിലേക്കും പ്രവേശിക്കുകയാണ്‌. കരുണാകരന്റെ വീട്ടില്‍ പിറന്നാള്‍ സദ്യയുണ്ണുന്ന ചില കമ്യൂണിസ്റ്റ്‌ മന്ത്രിമാര്‍ ഇങ്കിലാബ്‌ സിന്ദാബാദ്‌, കെ.കരുണാകരന്‍ സിന്ദാബാദ്‌ എന്ന പുതിയ മുദ്രാവാക്യം രൂപപ്പെടുത്തിക്കഴിഞ്ഞു. അഴീക്കോടന്‍ രാഘവന്റെ രക്തത്തില്‍ ചവിട്ടി നിന്ന് അണികള്‍ക്ക്‌ അതേറ്റ്‌ വിളിക്കാം.

ഇനി ഇടതുമുന്നണി ഏകോപന സമിതിയില്‍ കെ.കരുണാകരന്‍ പങ്കെടുക്കും. യോഗം തീരുമ്പോള്‍ കൃഷിക്കാരനും ഗായകനുമായ പി.ജെ.ജോസഫ്‌ പി.കെ.മേദിനി പാടിയ ആ പഴയ പാട്ട്‌ മാറ്റി പാടും.. 'റെഡ്‌ സല്യൂട്ട്‌, റെഡ്‌ സല്യൂട്ട്‌ മാളയിലെ മാണിക്യമേ..'. മാധ്യമ സഹായത്താല്‍ 'മഴയെത്തും മുമ്പേ' യിലെ ശ്രീനിവാസന്‍ കഥാപാത്രത്തെ രംഗത്തവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ജോസഫിന്‌ ഔചിത്യം ഒരു പ്രശ്‌നമല്ല. മുമ്പൊരിക്കലും നാം ഇത്ര അറപ്പോടെ പാട്ട്‌ കേട്ടിട്ടുണ്ടാവില്ല. കലയെ കളിയുടെ ഒരു നമ്പരായി മലയാളിയുടെ കളത്തില്‍ വയ്ക്കുന്നതും മറ്റൊരു ഉപജാപം തന്നെ.
 

comments