കഴിഞ്ഞ ലക്കം തുടര്‍ച്ച
പട്ടണത്തിലെത്തി ബുക്കിംഗ് ഓഫീസറുമായി ജേഷ്ഠന്‍
സംസാരിച്ചുകൊണ്ടിരിക്കെ പുറത്തേക്കിറങ്ങിയ ഇര്‍മിങ്ങ് എവിടെയോ
അപ്രത്യക്ഷനാവുന്നു. പോലീസില്‍ അറിയിച്ച് വീട്ടിലെത്തിയ ഡാമിങ്ങിനോട്
അച്ഛന്‍ കോപിക്കുന്നു. ആരുടെയും ഒരാശ്വാസവാക്കിനും ചെവികൊടുക്കാതെ മകനെ
അന്വേഷിച്ച് അയാള്‍ വെളിയിലേക്കിറങ്ങുന്നു. അയാളുടെ കൂടെ പുറത്തിറങ്ങുന്ന
ഡാമിങ്ങിനുമേല്‍ റോഡില്‍ വച്ച് അയാള്‍ വീണ്ടും ഏറെ ശകാരം ചൊരിയുന്നു.
അവന്റെ നിരുത്തരവാദ പ്രവൃത്തിയെക്കുറിച്ചും പൈസയോടുള്ള ആര്‍ത്തിയെ,
പാരമ്പര്യമൂല്യം കൈമോശം വരുത്തിയുള്ള ജീവിതത്തെക്കുറിച്ചെല്ലാം
വിമര്‍ശിച്ചു സംസാരിക്കുന്നു. പുതിയ തലമുറയുടെ വികലമായ
ജീവിതവീക്ഷണത്തെ,ഫലത്തില്‍ കഴിഞ്ഞ കുറച്ചു കാലമയി ചൈന അനുവര്‍ത്തിച്ചു
പോരുന്ന പ്രത്യയശാസ്ത്രവിരുദ്ധവും തനത് പാരമ്പര്യമൂല്യങ്ങള്‍
ബലികഴിച്ചുമുള്ള പുത്തന്‍ സാമ്പത്തിക സമീപനത്തിനെതിരെ സംവിധായകന്‍
വിദഗ്ദ്ധമായ് ഒളിയമ്പുകള്‍ എയ്യുന്നു.
പലതും പറഞ്ഞ് അനുനയത്തില്‍ വീട്ടിലേക്ക് തിരിച്ചുകൊണ്ടു വരുന്നു അയാള്‍
അച്ഛനെ. പുലര്‍ച്ചെ സര്‍വ്വരെയും അല്‍ഭുതപ്പെടുത്തിക്കൊണ്ട് ഇര്‍മിങ്ങ്
ആരുടെയും സഹായമില്ലതെ തിരിച്ചെത്തുന്നു, ഒരാപ്പിള്‍ കടിച്ചു തിന്നുകൊണ്ട്.
മറ്റൊരാപ്പിള്‍ തിരുകിയിട്ടുണ്ട് അവന്‍ പോക്കറ്റില്‍, പിതാവിനായ്.

അന്നു മുതല്‍ മൂത്തയാള്‍ അച്ഛനെ സഹായിക്കന്‍ ബാത്ത്‌ഹൗസില്‍ വരാന്‍
തുടങ്ങി. മകനില്‍ കണ്ട മാറ്റം വൃദ്ധനെ സന്തോഷിപ്പിച്ചു. പക്ഷെ, അയാളെ
അതിലും സന്തോഷിപ്പിച്ചത് പേമാരിയുടെ ഒരു രാത്രിയില്‍ ഊത്തല്‍ അടിക്കുന്ന
വീടിന്റെ മുകള്‍ഭാഗം പോളിത്തീന്‍ഷീറ്റു കൊണ്ട് പുതപ്പിക്കാന്‍ ടെറസ്സില്‍
കയറിയ അയാളെ തിരഞ്ഞ് മഴ നനഞ്ഞ് മകന്‍ എത്തിയപ്പോഴായിരുന്നു. റീപ്പറുകള്‍
അടിച്ച് ഷീറ്റുകള്‍ ഉറപ്പിച്ച് നിര്‍ത്താന്‍ അയാള്‍ അച്ഛനെ
സഹായിക്കുന്നു. അതും കഴിഞ്ഞ് പുലരുവോളം ടെറസ്സില്‍ ഇരുവരും പലതും
സംസാരിച്ചിരിക്കുന്നു. തന്റെ കുട്ടിക്കാലം മകനു മുമ്പില്‍
തുറന്നുവെക്കുന്നു അയാള്‍. വൈല്‍ഡ്‌സ്‌ട്രോബറിയില്‍ ബെര്‍ഗ്‌മാന്‍
പ്രൊഫസറുടെ കുട്ടിക്കാലം എപ്രകാരം മനോഹരമായി ചിത്രീകരിച്ചുവോ അതുപോലെ
അനുഭവിക്കാന്‍ പാകത്തില്‍ നിര്‍വ്വഹിച്ചിരിക്കുന്നു ഇവിടെയും കുട്ടിക്കാലം
സുന്ദരമായി സംവിധായകന്‍.
മഴ നനഞ്ഞ് പുലരുവോളമുള്ള ആ ഇരുപ്പ് വൃദ്ധന് പനിയ്ക്കും ശാരീരിക
ക്ഷീണത്തിനും വഴിവെക്കുന്നു. രാവിലെ ബാത്ത്‌ഹൗസില്‍ ജോലിയില്‍
മുഴുകിയിരിക്കെ പെട്ടെന്ന് അയാള്‍ തളര്‍ന്നു വീഴുന്നു. രോഗിയായ അയാളെ മകന്‍
നാട്ടുമരുന്നുകള്‍ കുടിപ്പിക്കുന്നു. ഡോക്ടറുടെ അടുത്തേക്ക് പോകാന്‍
നിര്‍ബന്ധിക്കുകയും. എന്നാല്‍ വൃദ്ധന്‍ അതൊന്നും
കാര്യമാക്കിയെടുക്കുന്നില്ല. ഒരു ചെറിയ പനി മാത്രമാണെന്ന് പറഞ്ഞ് മകനെ
തിരിച്ചയക്കുന്നു. ഇതിനിടയില്‍ സര്‍ക്കാരില്‍ നിന്നും കുടിയൊഴിപ്പിക്കല്‍
നോട്ടീസുമായ് ഒരു ഉദ്യോഗസ്ഥയും എത്തുന്നുണ്ട്. അതിലും അയാള്‍ ഏറെ
ആശങ്കപ്പെടുന്നില്ല. അധികാരികളുടെ അവസാനത്തെ മുന്നറിയിപ്പാണെന്ന്
അറിഞ്ഞിട്ടുകൂടി.
ബാത്ത്‌ഹൗസും അയലത്തെ ചെറുകെട്ടിടങ്ങളും വീടുകളും പൊളിച്ചുമാറ്റി അവിടെ
കൂറ്റന്‍ കെട്ടിടസമുച്ചയങ്ങളും സൂപ്പര്‍മാര്‍ക്കറ്റുകളും നിര്‍മ്മിക്കാന്‍
പദ്ധതിയിട്ടിരിക്കയാണ് സര്‍ക്കാര്‍. സധാരണക്കാരന്റെ നെഞ്ചുകുഴിച്ചുള്ള
പഞ്ചനക്ഷത്രലോകനിര്‍മ്മാണം. ചൈനീസ് സര്‍ക്കാരിന്റെ പുത്തന്‍ മുതലാളിത്ത
പ്രവണതയെ ചെറുസംഭാഷണശകലം കൊണ്ട് കളിയാക്കുന്നു ഇവിടെ സംവിധായകന്‍.
ഇറാനിലെന്നപോലെ ചൈനയിലും സെന്‍സറിംങ്ങ് ഒരു വലിയ കടമ്പയായതിനാല്‍
സിനിമാപിടുത്തം ഏറെ ജാഗ്രത ആവശ്യപ്പെടുന്ന ഒരു കര്‍മ്മമാണ്. സര്‍ക്കാരിനെ
ചെറുതായെങ്കിലും വിമര്‍ശിച്ചാല്‍ പുറം ലോകം കാണാതിരിക്കുക പലപ്പോഴും സിനിമ
മാത്രമായിരിക്കില്ല. ഭരണകൂടഭീകരതയെയും അതിന്റെ ഗൂഢാലോചനകളേയും മുഖം
മൂടികളെയും പിച്ചിച്ചീന്തിക്കൊണ്ട് പ്രത്യക്ഷപ്പെടുന്ന പല ചൈനീസ്
ചിത്രങ്ങളും ചൈനയ്ക്കു പുറത്തു നിര്‍മ്മിക്കുന്നവയാണ്. അവയ്ക്കു പിന്നിലെ
ധനവും തലച്ചോറും പലപ്പോഴും അമേരിക്ക മാത്രമല്ല, പല കാരണങ്ങളാല്‍
പ്രവാസികളായി കഴിയുന്ന ചൈനീസ് വംശജരാണ്.

വൃദ്ധന്റെ സജീവ സാന്നിദ്ധ്യത്തിന്റെ അഭാവത്തില്‍ ബാത്ത്‌ഹൗസിന്റെയും
മന്ദബുദ്ധിയായ അനുജന്റെയും ഉത്തരവാദിത്വം തല്‍ക്കാലത്തേക്കാണെങ്കിലും
ഡാമിങ്ങിന് ഏറ്റെടുക്കേണ്ടി വരുന്നു. അയാളുടെ സ്വഭാവത്തില്‍
മുമ്പത്തേതില്‍ നിന്നും ഗണ്യമായ മാറ്റം പ്രകടമാണിപ്പോള്‍. എങ്കിലും
ഷെന്‍സനിലേക്ക് മടങ്ങിപ്പൊയ്ക്കൊള്ളാന്‍ വൃദ്ധന്‍ പലപ്പോഴും സ്നേഹത്തോടെ
അയാളെ ഉപദേശിക്കുന്നുണ്ട്. അവിചാരിതമായെത്തിയ രോഗം യാത്ര മാറ്റിവെക്കാന്‍
ഇടയാക്കിയതില്‍ മകനോട് ക്ഷമാപണവും നടത്തുന്നുണ്ട്. പക്ഷേ,
ഡാമിങ്ങിനിപ്പോള്‍ അച്ഛന്റെ കാര്യങ്ങളിലാണ് ഏറെ ശ്രദ്ധ.
പനിമാറിയ ദിവസം അച്ഛനും ഇളയ മകനും ബാത്ത്‌ഹൗസിലെ കോണ്‍ക്രീറ്റ് കുളത്തില്‍
കുളിക്കാന്‍ ഇറങ്ങുന്നു. കരയില്‍ അത് നിരീക്ഷിച്ചും അച്ഛനോട് സംസാരിച്ചും
വെള്ളത്തില്‍ ശ്വാസം പിടിച്ച് മുങ്ങിക്കിടക്കുന്ന അനുജന്റെ
വെള്ളത്തിനടിയില്‍ തങ്ങുന്ന നിമിഷങ്ങള്‍ ഉറക്കെ എണ്ണിയും ഡാമിങ്ങ്
നില്‍ക്കുന്നു. മുമ്പ് വൃദ്ധനാണ് ഇപ്രകാരം എണ്ണിയിരുന്നത്. അച്ഛന്റെ
മുതുക് തുടച്ചുകൊടുക്കാന്‍ ഒരു കട്ടിത്തുണിയുമായ് അയാള്‍ അച്ഛനെ
സമീപിക്കുന്ന നേരത്താണ് വീടിന്നകത്ത് നിന്ന് സെല്‍ഫോണ്‍ ശബ്ദിക്കുന്നത്.
ഷെല്‍സനില്‍ നിന്ന് ഡാമിങ്ങിനെ വിളിച്ചിരിക്കുകയാണ് ഭാര്യ. രണ്ടു
ദിവസങ്ങള്‍ക്കകം തിരിച്ചെത്താമെന്ന് സംഭാഷണം അവസാനിപ്പിച്ച് കുളക്കരയില്‍
തിരിച്ചെത്തുമ്പോള്‍ കാണുന്നത് കുളത്തില്‍ ചാരിയിരുന്ന അതേ അവസ്ഥയില്‍
മരിച്ച അച്ഛനെയാണ്. ശാന്തമായ ജീവിതത്തിന് ശാന്തതയില്‍ മുങ്ങിയ അന്ത്യം.
അടുത്ത ദിവസം സാധാരണപോലെ സ്ഥാപനം അടിച്ചുവാരി വൃത്തിയാക്കാന്‍
തുടങ്ങുകയാണ് ഇര്‍മിങ്ങ്. മന്ദബുദ്ധിയായ അവനോട് ഏറെ പ്രയാസപ്പെടേണ്ടി
വന്നു അച്ഛന് എന്താണ് പറ്റിയതെന്ന് ബോദ്ധ്യപ്പെടുത്താന്‍ . മരണം എന്നത്
ഇതുവരെ പരിചയമില്ലാത്ത ഒരു വാക്കാണ് അവന്. അച്ഛനിനി തിരിച്ചുവരില്ലെന്ന്
അറിയുമ്പോള്‍ അവന്‍ വാവിട്ട് കരയുന്നു. അവനെ നിയന്ത്രിക്കാന്‍ ജേഷ്ഠന്‍
ഏറെ പാടുപെടുന്നുണ്ട്.
മാറിയ സാഹചര്യത്തില്‍ അനുജനെ എന്തുചെയ്യുമെന്നത് അയാളെ
പ്രതിസന്ധിയിലാക്കുന്നു. മന്ദബുദ്ധിയായ അനുജനുണ്ടെന്ന വിവരം അയാള്‍
ഭാര്യയോട് ഇതുവരെ പറഞ്ഞിട്ടില്ല. അതിനാല്‍ അനുജനെയും കൊണ്ട് നേരെ
ഷെന്‍സനിലേക്ക് പോകാനാവില്ല. അയല്‍ക്കാരും ബാത്ത്‌ഹൗസിലെ പതിവുകാരും
സ്ഥിരമായ് ഒരു പരിഹാരമാകും വരെ അവനെ സംരക്ഷിക്കാമെന്ന് പറഞ്ഞെങ്കിലും
ഡാമിങ്ങ് അനുജനെ ഒരു സാനിറ്റോറിയത്തില്‍ കൊണ്ട് ചെന്നാക്കാനാണ്
തീരുമാനിച്ചത്. കുറ്റബോധത്തോടെയാണെങ്കിലും അവനെ സാനിറ്റോറിയത്തിലാക്കി
ടാക്‌സിയില്‍ അയാള്‍ പട്ടണത്തിലേക്ക് തിരിക്കുന്നു. പക്ഷെ പാതിവഴിയില്‍
വച്ച് അയാള്‍ സാനിറ്റോറിയത്തിലേക്ക് തന്നെ തിരിച്ചു ചെല്ലുന്നു. അവിടെ
നിന്ന് വിടുതല്‍ വാങ്ങി അനുജനേയും കൊണ്ട് തിരിച്ചുവരികയാണ് വീണ്ടും
ബാത്ത്‌ഹൗസിലേക്ക്.
തന്റെ തട്ടകത്തില്‍ തിരിച്ചെത്തിയ ഇര്‍മിങ്ങ് കുളത്തിന്റെ മോന്തായത്തിലൂടെ
അകാശത്തേക്കു തന്നെ തുറിച്ചു നോക്കി നിന്നു കുറേനേരം. ഇതിനിടയില്‍
ഷെന്‍സനില്‍ നിന്ന് ഡാമിങ്ങിനെ ഭാര്യ മൊബൈലില്‍ വിളിക്കുന്നു. അച്ഛന്റെ
പെട്ടെന്നുണ്ടായ മരണം ഏറെ സങ്കടത്തോടെ അയാള്‍ ഭാര്യയോട് വിവരിക്കുന്നു.
കൂട്ടത്തില്‍ ബുദ്ധിമാന്ദ്യക്കാരനായ അനുജനെയും അവന്റെ ഭാവിയെയും കുറിച്ച്
സംസാരിക്കുന്നു. ഇത്തരത്തിലുള്ള ഒരു സഹോദരന്‍ തനിക്കുണ്ടെന്ന് ഇതുവരെ
പറയാതിരുന്നതിന് ഭാര്യയോട് അയാള്‍ ക്ഷമ ചോദിക്കുന്നുമുണ്ട്.അവനെ
നോക്കാന്‍ ആരുമില്ലാത്തതിനാല്‍ ഷെല്‍സനിലേക്ക് കൂടെ കൊണ്ടുവരാനുള്ള
ഉദ്ദേശം അറിയിച്ചതും ഭാര്യ മറുതലക്കല്‍ ഫോണ്‍ കട്ട് ചെയ്യുന്നു.
അടുത്ത ദിവസം പുറത്തുപോയി തിരിച്ചുവരുന്ന ഡാമിങ്ങ് കാണുന്നത്
ബാത്ത്‌ഹൗസിന്റെ മുന്‍ വാതിലില്‍ 'Open' ബോര്‍ഡ് തൂക്കി ഒരു പതിവുകാരന്റെ
ദേഹം തിരുമ്മിക്കൊണ്ടിരിക്കുന്ന ഇര്‍മ്മിങ്ങിനെയാണ്. അവന്റെ കൈയ്യില്‍
നിന്നും ടവ്വല്‍ പിടിച്ചുവാങ്ങി ഡാമിങ്ങ് അവനോട് മുന്‍ വശത്തു ചെന്നു
നില്‍ക്കാന്‍ പറയുന്നു, പതിവുകാരെ സ്വാഗതം ചെയ്യാന്‍.

ഡാമിങ്ങിന്റെ നേതൃത്വത്തില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയാണ്
ബാത്ത്‌ഹൗസ്. രാത്രി സ്ഥാപനം അടച്ചുകഴിഞ്ഞപ്പോള്‍ ഇര്‍മിങ്ങ്
മുമ്പത്തെപ്പോലെ നീല ട്രാക്ക്‌സ്യൂട്ടണിഞ്ഞ് നിന്നു, വെളിയില്‍ ഓടാന്‍
പോകാന്‍. അല്‍പനേരം അവനെ തന്നെ നോക്കി നിന്ന ഡാമിങ്ങ് അകത്തേക്ക് പോയി
അച്ഛന്‍ ഓടുമ്പോള്‍ അണിഞ്ഞിരുന്ന അതേ നീല ട്രാക്ക്‌സ്യൂട്ടില്‍
അനുജനോടൊപ്പം കൂടുന്നു. പിന്നീടങ്ങോട്ട് എല്ലാ അര്‍ത്ഥത്തിലും മാസ്റ്റര്‍
ല്യൂ ആയി മാറുകയാണ് അയാള്‍. ബാത്ത്‌ഹൗസ് വീണ്ടും പഴയ നല്ല
ദിനങ്ങളിലേക്ക് മടങ്ങി എന്നു തോന്നിയ വേളയിലാണ് അധികാരികളുടെ
കുടിയിറക്കല്‍ കല്‍പന വരുന്നത്. ഏറെ വിഷാദത്തോടെയാണ് അളുകളിത്
ഗ്രഹിക്കുന്നത്. പലര്‍ക്കും തങ്ങളുടെ സ്വത്തും വീടും
നഷ്ടപ്പെടുന്നതിനേക്കാള്‍ ഏറെ സങ്കടമുണ്ട് ബാത്ത്‌ഹൗസ്
ഇല്ലാതാവുന്നതില്‍. അവര്‍ക്കെല്ലാം അത് സ്‌നാനകേന്ദ്രമെന്നതിനേക്കാള്‍
മറ്റെന്തോ ആണ്. അവരുടെ ശരീരത്തിലെ ഒരവയവം.
ചുറ്റുമുള്ളവര്‍ എല്ലാം കെട്ടിപ്പറുക്കി പലയിടങ്ങളിലേക്കായി യാത്ര തുടങ്ങി.
ഏറെ സങ്കടത്തോടെയാണ് എല്ലാവരും പിരിയുന്നത്. ആളുകള്‍ ഒഴിഞ്ഞ മാത്രയില്‍
തച്ചുടയ്ക്കുകയാണ് യന്ത്രങ്ങള്‍ വീടുകളും കെട്ടിടങ്ങളും. ബാത്ത്‌ഹൗസും
കുറച്ചു കെട്ടിടങ്ങളും മാത്രമേ ഇനി ബാക്കിയുള്ളൂ പൊളിച്ചുമാറ്റാന്‍.
ബാത്ത്‌ഹൗസിലെ സാധനങ്ങള്‍ ഒഴിപ്പിക്കാനും എത്തിയിട്ടുണ്ട് ജോലിക്കാര്‍.
ഏറെ കനമുള്ള അതിലെ ഫര്‍ണിച്ചറുകള്‍ പ്രയാസപ്പെട്ട്
ഇളക്കിമാറ്റിക്കൊണ്ടിരിക്കുകയാണ് അവര്‍. പെട്ടെന്നാണ്
കുളിക്കേന്ദ്രത്തിന്റെ അകത്തു നിന്ന് ഇര്‍മിങ്ങ് അവര്‍ക്കു നേരെ പൈപ്പില്‍
ശക്തിയായി വെള്ളം ചീറ്റിച്ച് അടുത്തത്. തടയാന്‍ ശ്രമിച്ചെങ്കിലും
എല്ലാവരേയും വെള്ളംകൊണ്ട് നേരിട്ട് തുരത്തുകയാണ് അവന്‍. ബഹളം കേട്ട്
ഓടിയെത്തിയ ജേഷ്ഠനേയും ജലായുധം പ്രയോഗിച്ച് അവന്‍ പുറത്താക്കി. പിന്നെ
ഉള്ളില്‍ നിന്നും വാതില്‍ കൊട്ടിയടച്ചു.
ടെറസിനു മുകളില്‍ കയറി ഡാമിങ്ങ് താഴേക്കു എത്തിനോക്കുമ്പോള്‍ കാണുന്നത്
വെള്ളമില്ലാത്ത കുളക്കരയില്‍ തൊണ്ടപൊട്ടുമുച്ചത്തില്‍ പാട്ടുപാടി
ആരെയൊക്കെയോ തോല്‍പിക്കാനെന്നമട്ടില്‍ നില്‍ക്കുന്നു, വേഗതയുടെ ലോകത്ത്
തന്നെക്കൊണ്ടാവും വിധം പ്രതിരോധം തീര്‍ത്ത് ഒരു മന്‌ദന്‍.
ഉടലില്‍ വെള്ളം വീഴുമ്പോള്‍ നമുക്ക് പാടാന്‍
തോന്നുന്നത് കുളിമുറിയുടെ ഏകാന്തത കൊണ്ടല്ല. പുതിയ ജലം നമ്മുടെ ഉള്ളിലെ
പഴയ വെള്ളത്തെ സ്‌പര്‍ശിക്കുമ്പോഴുള്ള ഉന്മേഷം കൊണ്ടാവണം. കുളിയില്‍ നാം
ജലത്തെ ഉടലിലൂടെ ഒഴുകാന്‍ അനുവദിക്കുന്നു. അല്ലെങ്കില്‍ ജലം കൊണ്ടു
മൂടുന്നു. സിനിമയില്‍ വെള്ളം മനുഷ്യബന്ധങ്ങളെ ചേര്‍ത്തു വെക്കുന്ന
ഒന്നാണ്. ശരീരത്തെ കഴുകിയെടുക്കുകയാണെങ്കിലും അതു പ്രാണജലം തന്നെ. നമ്മുടെ
ഒരു വഴിക്കുളത്തിന്, അമ്പലക്കുളത്തിന്, കുളിയുടെ ഈ കഥ മറ്റൊരു തരത്തില്‍
പറഞ്ഞുതരാനാകും.
comments