1
നൂറ്റാണ്ടിന്റെ കണ്ണാടി
ഒരു ബാലന്റെ മുഖഛായ പേറും ശവപേടകം
ഒരു കാക്കയുടെ അടിവയറിലെഴുതപ്പെട്ട ഗ്രന്ഥം
ഒരു പുഷ്പത്തിനുള്ളില്‍ ഒളിപ്പിച്ച വന്യമൃഗം
ഒരു ഭ്രാന്തന്റെ ശ്വാസകോശമുള്ള പാറക്കെട്ട്
ഇതാണ് ഇതാണീ നൂറ്റാണ്ട്.
2
സഞ്ചാരം
നിശ്ചലമാണെന്നാലും
നിര്‍ത്താതെ സഞ്ചരിക്കും
അല്ലയോ സൂര്യാ
നിന്റെ കാലടികളുടെ നൈപുണ്യം
എങ്ങനെയെനിക്ക്
സ്വായത്തമാക്കാനൊക്കും?

3
സംസാരത്തിന്റെ തുടക്കം
ഞാനായിരുന്ന കുട്ടി
ഒരിക്കല്‍ എന്റെ അടുത്തേക്കു വന്നു
ഒരപരിചിത മുഖം
അവനൊന്നും മിണ്ടിയില്ല
നിശബ്ദതയില്‍ ഞങ്ങള്‍
പരസ്‌പരം ശ്രദ്ധിച്ചുകൊണ്ടു നടന്നു
ഒരു ചുവട്,
മുമ്പ് കണ്ടിട്ടില്ലാത്ത ഒരു നദി ഒഴുകുന്നു
ഞങ്ങളെ ഒരുമിച്ചു ചേര്‍ത്ത
പൊതു ഉറവിടങ്ങള്‍
ഋതുക്കള്‍ പറഞ്ഞുകൊടുത്ത്
ഭൂമി എഴുതിയ ഒരു കാട്
ഞങ്ങളെ വേര്‍പ്പെടുത്തി
ഒരിക്കല്‍ ഞാനായിരുന്ന കുട്ടി
മുന്നില്‍
ഇപ്പോള്‍ ഞങ്ങളെ
എന്താണ് ഒന്നിച്ചു ചേര്‍ക്കുന്നത്?
ഞങ്ങള്‍ക്ക് പരസ്‌പരം
പറയാനുള്ളതെന്താണ്?
comments