കവിത

ആന്ദ്രേ ഷെദീദ്‌ (ലെബനോണ്‍)

 


1
മറ്റൊരിടത്ത്‌ എന്ത്‌?

ഒരാകാശവും കടമെടുക്കാതെ
ഒരു രൂപവും ഉപയോഗിക്കാതെ
നേരമ്പോക്കിന്‌ ഒരു പേരുപോലുമില്ലാത്ത
ആ മറ്റൊരിടം
ഇപ്പോഴും നമ്മെ പ്രകോപിപ്പിക്കുന്നു.

കാലത്തിന്റെ കവാടത്തിനു കീഴില്‍
അതിന്റെ അടയാളങ്ങള്‍
ഞാന്‍ അവ്യക്തമായി ഉച്ചരിക്കുന്നു.

2
എന്തിനോടാണ്‌ നമ്മള്‍ കളിക്കുന്നത്‌?

അങ്ങകലെ
പ്രപഞ്ചം കത്തിമായുമ്പോള്‍
നമുക്ക്‌ എന്താണ്‌ ചെയ്യാനുള്ളത്‌
നിഴലുകളെ കളിപ്പിക്കുകയല്ലാതെ.

നമുക്ക്‌ മറ്റെന്താണ്‌ ചെയ്യാനുള്ളത്‌
സമയത്തോടൊപ്പം കടന്നുവരികയല്ലാതെ
തൊട്ടു നില്‍ക്കുന്ന സമയം
മരണത്തിലേക്ക്‌ മിടിക്കുമ്പോള്‍

നമുക്ക്‌
മറ്റെന്താണ്‌ ചെയ്യാനുള്ളത്‌
ചക്രവാളത്തില്‍
യാത്ര അവസാനിപ്പിക്കുകയല്ലാതെ
ദൂരത്തും ചാരത്തും
യഥാര്‍ത്ഥമായും
സംഘട്ടനം നടക്കുമ്പോള്‍



3
ആരാണ്‌ നിവര്‍ന്നു നില്‍ക്കുന്നത്‌?

ആദ്യം
നിങ്ങളുടെ പേരു മായ്ക്കുക
നിങ്ങളുടെ വര്‍ഷങ്ങളുടെ
ചുരുള്‍ ആഴിക്കുക
ചുറ്റുപാടുകളെ
തകര്‍ക്കുക
നിങ്ങളുടെ തോന്നലുകളെ
കീഴ്‌മേല്‍ മറിക്കുക
അപ്പോഴാരാണ്‌ നിവര്‍ന്നു നില്‍ക്കുന്നത്‌?

പിന്നെ
പേര്‌ മാറ്റിയെഴുതുക
കാലത്തെ പുനസ്ഥാപിക്കുക
വീട്‌ പുനര്‍നിര്‍മ്മിക്കുക
നിങ്ങളുടെ വഴി പിന്തുടരുക
അങ്ങനെ അവസാനമില്ലാത്ത വിധം
എല്ലാം
ഒന്നേയെന്നുതുടങ്ങുക.

(ഫ്രഞ്ചിലെഴുതുന്ന പ്രശസ്ത കവിയും നോവലിസ്റ്റുമായ ആന്ദ്രേ ഷെദീദ്‌ 1921ല്‍ ലെബനീസ്‌ കുടുംബത്തില്‍ കെയ്‌റോയില്‍ ജനിച്ചു.)

 

comments