കവിതകള്‍

മോനാ സവൂദി ( ജോര്‍ദാന്‍ )

 


1

ശവകുടീരത്തിന്റെ ഏകാന്തത
ചന്തസ്ഥലത്തേക്ക്‌ പോയപ്പോള്‍
പേരില്ലാത്ത വസ്തുക്കളായ്‌
വീണു ചിതറി
പിന്നെ ശവമടക്കിന്റെ ഒച്ചകളായ്‌
ഉയര്‍ന്നു കേട്ടു.

ഞാന്‍ കണ്ണീരിനേക്കാള്‍
കടുപ്പമുള്ളതായി വളര്‍ന്നു
കണ്ണീര്‌ കല്ലായി
കല്ല് എനിക്കിടം കൊടുക്കാനാവാതെ
എന്നെ കടന്നു പോയ സുഹൃത്ത്‌

എന്റെ സര്‍വ്വ തലങ്ങളിലേക്കും
ഞാന്‍ ചിതറി
പിന്നെ പെരുകി
ജലം പോലെ
ആകൃതികള്‍ സ്വീകരിച്ചു.


2

കാറ്റിന്റെ ഭാഷയില്‍
ഞാന്‍ എഴുതാത്തതെന്ത്‌?
വേറിട്ട അഭിരുചിയ്ക്കായുള്ള ആഖ്യാനത്തില്‍
മികവു നേടാത്തതെന്ത്‌?

നൃത്തം വെക്കുന്ന
ഒരു ഭാഷ,
മദ്യത്തിന്റെ ലഹരിയില്‍
തെരുവിലൂടെ അലയുന്നത്‌,
മരങ്ങളെ കെട്ടിപ്പുണരുന്നത്‌,
വെള്ളത്തിനു മീതെ നടക്കുന്നത്‌,
നിലവിളിക്കുന്നത്‌.
ഹേമന്തത്തിന്റെ ഇലകള്‍ പെറുക്കികൂട്ടി
ലോകത്തെ ചുട്ടെരിക്കുന്ന ഒരു ഭാഷ



കടലിനോട്‌
ഒരു വാക്കാകാന്‍ പറഞ്ഞാല്‍
അതു സമ്മതിക്കുമോ?
വാക്കിനോട്‌
മരിക്കാന്‍ പറഞ്ഞാല്‍...

യുഗങ്ങളുടെ വാക്ക്‌
ഞാനൊരട്ടിയാക്കിയാല്‍,
ഭൂതം, വര്‍ത്തമാനം, ഭാവി..

വാക്കുകളുടെ കൂമ്പാരത്തെ എരിക്കാന്‍
സൂര്യനോട്‌ പറഞ്ഞാല്‍,
അതിന്റെ ചാരത്തെ കുഴിച്ചുമൂടാന്‍
ഭൂമിയോട്‌ പറഞ്ഞാല്‍,
ചാരമായ വാക്കിനോട്‌
ഒരു പിശാചിന്റെ നാവ്‌ കൊണ്ടു വരാനും.

തീയോട്‌ ഒരു വാക്കാകാന്‍ പറഞ്ഞാല്‍
പിന്നെ ഒരു കവിതയാകാനും
വാക്കുകളില്ലാത്ത
വായിക്കാനും, കാണാനും
കേള്‍ക്കാനുമാകാത്ത ഒന്നാകാന്‍.



3

കണ്ണുകാണാത്ത നഗരം
അതിന്റെ തെരുവുകളില്‍
എന്റെ കാഴ്ചകള്‍ പടരുന്നു

വസ്തുക്കളുടെ നിരാകാരാവസ്ഥയില്‍
ഉറക്കം കിട്ടാത്ത രാവണന്‍ കോട്ടകളില്‍
മൗനത്തിന്റെ ശബ്‌ദങ്ങള്‍
ഞാന്‍ കേള്‍ക്കുന്നു

സമയത്തിന്റേയും
സമുദ്രത്തിന്റേയും
നിശ്ചലാവസ്ഥ
രാത്രിയുടെ മരണം

വിതുമ്പുന്ന കല്‍ത്തറകളില്‍
ഞനെന്റെ ഉടലനത്തുന്നു
അവിടെ ഒരു നൊടി
തെളിയുന്ന ജീവിതം
പ്രകാശത്തിന്റെ ചെളിക്കുണ്ടില്‍
പിറന്നപോലെ.

(പ്രശസ്ത കവിയും ശില്‍പിയുമായ മോനാ സാവൂദി 1945ല്‍ അമ്മാനില്‍ ജനിച്ചു. പാരീസില്‍ ശില്‍പകല പഠിച്ചു. ബെയ്‌റൂട്ടില്‍ ജീവിക്കുന്നു.)
 

comments