
കൂടിയാട്ടം കഴിഞ്ഞ്
നടന്നുപോകുന്ന രണ്ടു നിലവിളക്കുകള്‍.
മാര്‍ഗിയും കോട്ടമതിലും കടന്ന്
നാം നമ്മുടെ കുട്ടിക്കാലത്തെ
നദികളെക്കുറിച്ച് മന്ത്രിച്ചു.
പമ്പയാറും കല്ലടയാറും.
സൂര്യന്റെ ആട്ടപ്രകാരത്തില്‍
നദികള്‍ക്കും ആത്മാവുകള്‍ക്കും
ഏഴുകളുടെ ഹരിതഗുണങ്ങള്‍
മാണി, അമ്മന്നൂര്‍, കലാമണ്ഡലം
അടൂര്‍, അരവിന്ദന്‍, ജോണ്‍
ഇലകള്‍ പിന്നെയും പിറുപിറുത്തു.
ഒടുവില്‍ കൈശോരചന്ദ്രനെ
സാക്ഷിയാക്കി
മഹാരാജവീഥിയില്‍
നദികളുടെ രണ്ടു കുട്ടിക്കാലം
മിണ്ടാതെ യാത്രപറഞ്ഞു.
2
മഴത്തുള്ളികളില്‍ പുതുവര്‍ഷം
അതിന്റെ പ്രണയയാത്ര ആരംഭിച്ചു.
ദു:ഖത്തിന്റെ അനന്ത രാഗഫണങ്ങള്‍
അതിനു കുടപിടിച്ചു.
കരിങ്കല്ലും കിന്നരിവച്ച ജനാലകളും
ഭയന്നുവിറച്ചു.
അണയാത്ത രണ്ടു നെരിപ്പോടുകള്‍
അപ്പോഴും ശൈലസാഗരങ്ങള്‍ക്കു
പൊന്‌നൂല്‍ തീര്‍ത്തുകൊണ്ടിരുന്നു.
3
സമുദ്രത്തിന്റെ കിരീടമണിഞ്ഞ്
നീ നിന്റെ സ്‌നേഹവിദ്വേഷങ്ങള്‍
പകര്‍ന്നാടി.
ആധിപത്യത്തിന്റെ മുദ്രകള്‍
അനാഥമായ ഹൃദയത്തിന്റെ
രസവാസനകള്‍ക്കു
മിഴാവും വിളക്കും തെളിച്ചു.
ഇമവെട്ടുന്നതിന്നിടയില്‍
അദൃശ്യമായി വന്നുപോകുന്ന
എണ്ണമറ്റ തിരശ്ശീലകള്‍
വ്യഭിചാരീഭാവങ്ങള്‍.
ദു:ഖത്തിന്റെ അഞ്ജനക്കണ്ണുള്ള
കൈനോട്ടക്കാരന്‍ മാത്രം കാണുന്നവ.

4
പ്രബന്ധങ്ങളും പുസ്തകക്കൂട്ടങ്ങളും
അഴിച്ചിടുകയും തുന്നിക്കൂട്ടുകയും ചെയ്യുമ്പോള്‍
പുന്നെല്ലിന്റെ മണം
നിനക്കു നഷ്ടമാകുന്നല്ലോ എന്നോര്‍ത്ത്
ഞാന്‍ നിന്നെ
പൂന്തോട്ടങ്ങളിലേക്ക് വിളിച്ചുകൊണ്ടുപോയി,
നക്ഷത്രങ്ങള്‍ക്കും പച്ചിലകള്‍ക്കും
നടുവില്‍
അരങ്ങൊഴിഞ്ഞ വിഷാദത്തിന്റെ
അരികില്‍
ഗ്രീസിലെ ഗായകര്‍ ഈണം നല്‍കിയ
നെരൂദയുടെ കാലൊച്ച
നമ്മുടെ
അഗസ്ത്യമന്ത്രങ്ങളിലലിഞ്ഞു ചേര്‍ന്നു.
പുരാതനവഴികള്‍ നേടുന്ന നദികള്‍
പൂര്‍വികരുടെ ശാപങ്ങള്‍
വിധിപൗരുഷങ്ങളെപ്പോലെ
നമ്മുടെയൊപ്പം മലമടക്കുകളിലും
കടല്‍ക്കയങ്ങളിലും ആകാശച്ചരിവിലും
കിടന്ന പകലുകള്‍ രാത്രികള്‍
കുരുക്ഷേത്രത്തിന്റെ ഒരു ശംഖ്
കുടുംബപുരാണത്തിലെ ഒരു മന്ദാരം
ദാമ്പത്യം നിന്റെ അണിവിരലില്‍
അമര്‍ന്നിറങ്ങിയ ചെമ്പുമോതിരം
പ്രണയം നിന്റെ നെറ്റിത്തടത്തില്‍
നിഴല്‍ വീശാത്ത പത്മദളം,
മരണത്തിന്റെ മുമ്പില്‍
കൈനീട്ടിയിരിക്കുന്ന ഹൃദയരേഖയില്ലാത്ത
ഈ വര്‍ത്തമാനം.
കുവേന്തയുടെ കവിതയ്ക്കും കടലിനുമിടയില്‍
നെരൂദയെപ്പോലെ
മരണം, അതേ പ്രണയം,
എനിക്കും നിനക്കുമിടയില്‍
നിരാലംബം മുഴങ്ങി.
5
കൊതിയോടുകൂടി ദോശ തിന്നുന്ന
നിന്നെക്കാണുമ്പോള്‍
നിനക്കു നിന്റെ കുട്ടനാട് നഷ്ടപ്പെട്ടില്ല
എന്നോര്‍ത്ത് ഞാന്‍ സന്തോഷിച്ചു.
ഒരു മുടന്തുവണ്ടിയില്‍ ഉദാരശിരോമണിറോഡില്‍
അയ്യപ്പപ്പണിക്കര്‍, എം.കെ.സാനു,
ഡി.വിനയചന്ദ്രനും കുടുങ്ങിപ്പോകുന്നു
ബീഡിയുടെ എണ്ണം ചുരുക്കിയ
പി.കെ.ബാലകൃഷ്‌ണന്റെ പൂമുഖത്ത്
വാക്കുകളുടെ ഒരു ചതുരംഗപ്പലക,
വ്യവസ്ഥയുടെ എണ്ണം തെറ്റിച്ച് കാവ്യകല
അതിന്റെ നരസിംഹസന്ധ്യതെളിച്ചപ്പോള്‍
നീയോര്‍ത്തത് സി.വി.യേയോ
സമത്വവാദിയേയോ?

6
റെയില്‍ക്രോസു ചെയ്യാന്‍
നാലു രാഹുര്‍ദശക്കാര്‍ വണ്ടിയിറങ്ങി,
അവര്‍ നക്ഷത്രങ്ങളെ നോക്കി
ഫലിതം പറഞ്ഞു.
കടുകയ്പില്‍ കല്‍ക്കണ്ടം പൊതിഞ്ഞു.
കൂത്താട്ടുകുളം, എം.ഗോവിന്ദന്‍, എം.വി.ദേവന്‍,സി.എന്‍.
കടമ്മനിട്ട - മരിച്ചവരും ജീവിക്കുന്നവരും
ഒന്നാകുന്നു.
രാഹുവിട്ട ജി.ശങ്കരപിള്ള
പാളമില്ലാത്ത പ്രപഞ്ചങ്ങളിലേക്ക് പറന്നു.
വ്യാഴം വന്നപ്പോള്‍ മരണം ഭയത്തിന്റെ ഒരു പാറ്റക്കാഷ്ടം.
നിന്റെ കതിര്‍മണികള്‍ക്കിടയില്‍ പാറ്റി,
രാഹുഗ്രസ്തരായ പ്രസാദും ഞാനും
വ്യാഴം തൊട്ട് ഉരുവിട്ടു:
ഇതു ഭയമല്ല മരണമല്ല
അഭയവരദഹസ്തങ്ങളത്രേ.
7
ഹോലുബിന്റെ ഇടംവലം
നീയും ഞാനുമിരുന്നപ്പോള്‍
കവികളുടെ കാമുകി അന്നക്കുട്ടി
ഉള്ളിന്റെയും ഉടുപ്പിന്റെയും
ചിത്രമെടുത്തു.
നാം ഉടുപ്പൂരി കായലിലെറിഞ്ഞു.
ഇന്നും നമ്മുടെ ഹൃദയങ്ങള്‍ക്ക്
അവയുടെ സന്ധ്യ നഷ്ടമാകുന്നു.
8
നാറാണത്ത് ഒരു ഭ്രാന്തന്‍ മാത്രമല്ല
ഭ്രാന്തന്‍ കിനാവു കാണുന്ന
അയ്യപ്പപ്പണിക്കരും ഉണ്ടെന്ന്
ഇനി മുലക്കണ്ണുകളും
മുക്കുവക്കുടിലുകളും തുയിലുണര്‍ത്തും
9
മകളുടെ കൂടെ നടക്കുമ്പോള്‍
നീ മാലാഖയെപ്പോലെ
വിശുദ്ധനാകുന്നു.
വെളുത്തവാവില്‍ നിന്റെ കൂടെ
നടക്കാനിറങ്ങിയത് നന്നായി എന്ന്
ഞാന്‍ വിചാരിക്കുന്നു
നമ്മള്‍ ഓരോ ആപ്പിള്‍ തിന്നുന്നു
ഓരോ ഞാലിപ്പൂവന്‍ പഴവും,
നിന്റെ ഗോത്രത്തില്‍
നീ ആനന്ദവര്‍ധനന്‍
നമ്മള്‍ യാത്ര പറയുന്നില്ല
നീയും മകളും നിഷ്കളങ്ക സുഗന്ധങ്ങളുമായി
ഗാന്ധിനഗറിലേക്ക് നടന്നുപോകുന്നു,
നിലാവു നുണയുന്ന വയലുകളോട്
നിന്നോടെന്നപോലെ
ഞാന്‍ പറയുന്നു:
നീ ഇനിയും നദികളെക്കുറിച്ചു പാടും,
നദികള്‍ നമ്മളെക്കുറിച്ചും.
comments