കരയിപ്പിക്കുന്ന

ഓറഞ്ചുകളുടെ നാട്

ഗസ്സന്‍ കാനഫാനി

വിവര്‍ത്തനം: ആര്‍.പി ശിവകുമാര്‍

 


ജാവയില്‍ നിന്ന് അക്കയിലേയ്ക്കു പുറപ്പെടുമ്പോള്‍ എനിക്കൊട്ടും വിഷമം തോന്നിയില്ല. അവധിക്കാലത്ത് ഒരിടത്തു നിന്ന് മറ്റൊരു പട്ടണത്തിലേയ്ക്ക് യാത്ര പോകുന്നതുപോലെയായിരുന്നു അത്. കുറേ ദിവസത്തേയ്ക്ക് ദുഃഖകരമായി ഒന്നും സംഭവിച്ചില്ല. സ്കൂളില്‍ പോകണ്ട എന്നുള്ളതുകൊണ്ട് കുറച്ചു സന്തോഷവുമുണ്ടായിരുന്നു എന്നു പറയാം. പക്ഷേ ഇസ്രയേലി സൈന്യം അക്ക ആക്രമിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ആ രാത്രി എനിക്കും നിനക്കും കരാളമായിരുന്നു. സ്ത്രീകള്‍ നിരന്നിരുന്നു പ്രാര്‍ത്ഥിച്ചു. പുരുഷന്മാര്‍ വെറുപ്പ് നിറഞ്ഞ മുഖഭാവത്തോടെ നിശ്ശബ്ദരായി കഴിച്ചുകൂട്ടി. എനിക്കും നിനക്കും നമ്മുടെ പ്രായത്തിലുള്ള മറ്റു കുട്ടികള്‍ക്കും എന്താണു സംഭവിക്കുന്നത് എന്നറിയില്ലായിരുന്നു. എങ്കിലും ആ രാത്രിയാണ് കഥകളുടെ ചരട് നാം ശേഖരിക്കാന്‍ തുടങ്ങിയത്. ആക്രോശങ്ങള്‍ക്കും ഭീഷണികള്‍ക്കും ശേഷം ഇസ്രയേലി പടയാളികള്‍ സ്ഥലം വിട്ടതോടെ ഒരു വലിയ വാന്‍ വീടിനു മുന്നില്‍ വന്നു നിന്നു. കുറച്ചു സാധനങ്ങള്‍- പ്രധാനമായും കിടക്കകളും കമ്പിളി പുതപ്പുകളും- അവിടെയുമിവിടെയുമായി അതില്‍ കിടന്നിരുന്നു. പഴയ ഒരു വീടിന്റെ ചുവരില്‍ ചാരി നില്‍ക്കുകയായിരുന്നു ഞാന്‍. നിന്റെ ഉമ്മ എഴുന്നേറ്റു ആ കാറിനു നേരെ നടക്കുന്നതു കണ്ടു. പിന്നെ കൊച്ചുമ്മ, കുട്ടികള്‍. നിന്റെ വാപ്പ നിന്നെ തൂക്കിയെടുത്ത് ചിതറിക്കിടക്കുകയായിരുന്ന സാധനങ്ങള്‍ക്ക് മേലെയെറിഞ്ഞു. എന്നെ തലയ്ക്കു മുകളിലുയര്‍ത്തി ഒരു ഇരുമ്പു കൂട്ടിലിട്ടു. നിന്റെ സഹോദരന്‍ റിയാദ് ഇതെല്ലാം നോക്കിക്കൊണ്ട് മിണ്ടാതെ കാറിനു മുകളില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ ശരിയായിരിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അതു പുറപ്പെട്ടു. ‘റാസ-എന്‍‌കൌറ’1യിലേയ്ക്കു നീളുന്ന വളഞ്ഞുപുളഞ്ഞ പാതയുടെ പിന്നില്‍ മെല്ലെ അക്ക മായാന്‍ തുടങ്ങി.

ആകാശത്തില്‍ മേഘങ്ങള്‍ നിറഞ്ഞു നിന്ന ദിവസമായിരുന്നത്. തണുപ്പ് ശരീരത്തില്‍ അരിച്ചുകയറി. റിയാദ് അപ്പോഴും മരസാധനങ്ങള്‍ക്കു മേല്‍ ചാരിയിരുന്ന്, കാലുകളുയര്‍ത്തി പെട്ടിയുടെമേല്‍ വച്ച് ആകാശത്തിലേയ്ക്കു നോക്കി ഒന്നും മിണ്ടാതെ ഇരിപ്പാണ്. കാല്‍മുട്ടുകളില്‍ കെട്ടിപ്പിടിച്ച് താടി അവയ്ക്കിടയില്‍ തിരുകി ഞാനും നിശ്ശബ്ദനായി ഇരുന്നു. വഴിയില്‍ നിറയെ ഓറഞ്ചുതോട്ടങ്ങളുണ്ടായിരുന്നു. പേടിയോ ഉത്കണ്ഠയോ എല്ലാവരെയും ബാധിച്ചിരുന്നു. നനഞ്ഞ മണ്ണില്‍ കാറിന്റെ ചക്രങ്ങള്‍ വളരെ പ്രയാസപ്പെട്ടു തിരിഞ്ഞു. ഞങ്ങള്‍ക്കുള്ള യാത്രയയപ്പ് ആശംസ പോലെ ദൂരെ നിന്നും പെട്ടെന്ന് ഒരു വെടിയൊച്ച കേട്ടു.



‘റാസ-എന്‍‌കൌറ’യില്‍ കാറു നിന്നു. കാറിനുള്ളില്‍ വലിച്ചു വാരിയിട്ടിരിക്കുന്ന വീട്ടുസാധനങ്ങള്‍ക്കിടയില്‍ നിന്നും ഒരു സ്ത്രീ പുറത്തിറങ്ങി, വഴിയരികില്‍ ഓറഞ്ചുക്കുട്ടയ്ക്കരികില്‍ കുത്തിയിരിക്കുന്ന ഒരു മനുഷ്യന്റെ അടുക്കലേയ്ക്കു ചെന്നു. അയാള്‍ ഓറഞ്ചുവില്‍പ്പനക്കാരനായ കര്‍ഷകനായിരുന്നു. ദീനസ്വരത്തില്‍ അവര്‍ വിളിച്ചുപറയുന്നത് നമ്മള്‍ കേട്ടിരുന്നു. ആ നിമിഷം ഓറഞ്ച് വിലപിടിപ്പുള്ള ഒന്നാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വലിപ്പവും ഭംഗിയുമുള്ള ഈ പഴങ്ങള്‍ നമ്മുടെ ഹൃദയത്തിന് എത്രമാത്രം പ്രിയപ്പെട്ടവയാണെന്ന്. അവര്‍ ഓറഞ്ചുകള്‍ വാങ്ങി കാറില്‍ തിരികെയെത്തി. നിന്റെ വാപ്പ ഡ്രൈവറുടെ അടുത്തുള്ള സീറ്റില്‍ നിന്നും മുന്നോട്ട് നീങ്ങി, കൈയെത്തി ഒരു ഓറഞ്ചെടുത്തു. അതില്‍ തന്നെ കുറേ നേരം നിശ്ശബ്ദനായി തുറിച്ചുനോക്കിയിരുന്നു, എന്നിട്ട് ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരയാന്‍ തുടങ്ങി.

‘റാസ-എന്‍‌കൌറ’യില്‍ നിരത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്കിടയില്‍ നമ്മുടെ കാറും നിര്‍ത്തിയിട്ടു. പുരുഷന്മാര്‍ അവരുടെ കൈകളിലുണ്ടായിരുന്ന തോക്കുകള്‍ പോലീസുകാരെ ഏല്‍പ്പിച്ചു. അവര്‍ ഈ ആവശ്യത്തിനാണ് അവിടെ നിന്നിരുന്നത്. നമ്മുടെ ഊഴം വന്നപ്പോള്‍ കൈത്തോക്കുകളും മെഷീന്‍ ഗണുകളും കൊണ്ട് മേശ നിറഞ്ഞിരുന്നു. ഓറഞ്ചുതോട്ടങ്ങളുടെ നാടിനെ പിന്നിലുപേക്ഷിച്ച് ലബനണില്‍ പ്രവേശിക്കാന്‍ കാത്തുകിടക്കുന്ന കാറുകളുടെ വലിയ നിരയെ ഞാന്‍ നോക്കി. എനിക്കു കരച്ചില്‍ വന്നു. നിന്റെ ഉമ്മ അപ്പോഴും ഒന്നും മിണ്ടാതെ, ഓറഞ്ചുകളെ നോക്കിയിരിക്കുകയായിരുന്നു. ഇസ്രായേലികള്‍ക്കു വേണ്ടി കളഞ്ഞിട്ടു വന്ന ഓറഞ്ചുമരങ്ങള്‍ നിന്റെ വാപ്പയുടെ കണ്ണില്‍ ചില്ലകള്‍ കുലുക്കി നില്‍ക്കുന്നുണ്ടായിരുന്നു. സ്വന്തം കൈകള്‍ കൊണ്ടു അദ്ദേഹം നട്ടുപിടിപ്പിച്ച മരങ്ങള്‍. പോലീസ് മേധാവിയുടെ മുന്നില്‍ നിന്നപ്പോള്‍ എത്ര നിയന്ത്രിച്ചിട്ടും അദ്ദേഹത്തിന് കണ്ണീരടക്കാന്‍ കഴിയാതെ പോയി.

ഞങ്ങള്‍ സെയ്‌ദ 2 യിലെത്തിയപ്പോഴേയ്ക്കും അഭയാര്‍ത്ഥികളായി കഴിഞ്ഞിരുന്നു....

കാറിലുണ്ടായിരുന്ന സാമഗ്രികള്‍ക്കൊപ്പം റോഡ് നമ്മളെയും സ്വീകരിച്ചു. നിന്റെ വാപ്പ പെട്ടെന്നു വൃദ്ധനായി. അദ്ദേഹം ഒരുപാട് നാള്‍ ഉറങ്ങാത്ത ഒരാളെ പോലെ തോന്നിച്ചു. കാറില്‍ നിന്നും റോഡിന്റെ വശത്തേയ്ക്കെറിഞ്ഞ സാധനങ്ങള്‍ക്കിടയില്‍ നില്‍ക്കുകയായിരുന്നു അദ്ദേഹം. ഞാനെന്തെങ്കിലും പറഞ്ഞാല്‍ അദ്ദേഹം പൊട്ടിത്തെറിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. “ നീ നശിച്ചുപോട്ടെ.. നിന്റെ വാപ്പ നശിച്ചുപോട്ടെ....” പറയാതെ തന്നെ ഇവ അദ്ദേഹത്തിന്റെ മുഖത്ത് എഴുതി വച്ചിരുന്നു. യാഥാസ്ഥിതിക കാത്തോലിക് സ്കൂളില്‍ പഠിച്ച എനിക്കു പോലും, ആ നിമിഷം, സ്വന്തം മക്കള്‍ സന്തോഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ദൈവം എന്ന് തോന്നിയില്ല. ദൈവത്തിന് എല്ലാ കാര്യങ്ങളും കേള്‍ക്കാനും കാണാനും കഴിയും എന്ന കാര്യത്തിലും സംശയം തോന്നി. ദൈവം കുട്ടികളെ ലാളിക്കുകയും സ്നേഹിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്ന ചിത്രങ്ങളെല്ലാം, അമിതമായ ഫീസു ചുമത്തി യാഥാസ്ഥിതിക സ്കൂളുകള്‍ പണിതുയര്‍ത്തിയ ആളുകള്‍ ഉണ്ടാക്കിയ അനേകം കള്ളങ്ങള്‍ക്കിടയിലെ മറ്റൊരു വലിയ കള്ളമാണ്. പാലസ്തീനില്‍ നമുക്കറിയാവുന്ന ദൈവം ഈ ലോകത്തെവിടെയോ ഉള്ള ഒരു അഭയാര്‍ത്ഥി മാത്രമാണെന്ന് എനിക്കുറപ്പുണ്ട്. സ്വന്തം പ്രശ്നങ്ങള്‍ തന്നെ പരിഹരിക്കാന്‍ കഴിവു പോരാത്ത ഒരാള്‍. ഇവിടെ റോഡുവക്കില്‍ നമ്മള്‍ അഭയാര്‍ത്ഥികള്‍ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായി പുതിയ ഒരു ലക്ഷ്യം കാത്തിരിക്കുന്നു. പരിഹാരം നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്. തലയ്ക്കു മുകളില്‍ ഒരു കൂര നമ്മുടെ ഉത്തരവാദിത്വമാണ്. അലസനായി ഒന്നുമറിയാതെ കളിച്ചു നടന്ന ഒരു ആണ്‍കുട്ടിയുടെ ശിരസ്സിലേയ്ക്ക് വേദന അതിന്റെ ബലതന്ത്രങ്ങളുമായി ഇറങ്ങിവന്നു.


രാത്രി ഭീകരമായിരുന്നു. മെല്ലെ ഇരുട്ടു വീഴാന്‍ തുടങ്ങി. ആ റോഡുവക്കില്‍ രാത്രി മുഴുവന്‍ കഴിയേണ്ടി വരുമെന്നോര്‍ത്ത് ഞാന്‍ വല്ലാതെ ഭയന്നു. പേടിസ്വപ്നങ്ങള്‍ മനസ്സിനെ പിടിച്ചുലച്ചു. സമാശ്വസിപ്പിക്കാനായി അവിടെ ആരും ഉണ്ടായിരുന്നില്ല. ശിരസ്സണയ്ക്കാനായി ആരെയും കണ്ടെത്താനും എനിക്കു കഴിഞ്ഞില്ല. നിന്റെ വാപ്പയുടെ കനത്ത നിശ്ശബ്ദത എന്നെ കൂടുതല്‍ ഭയമുള്ളവനാക്കി. നിന്റെ ഉമ്മ അപ്പോഴും കൈയില്‍ പിടിച്ചിരിക്കുന്ന ഓറഞ്ചുകള്‍ എന്റെ നെഞ്ചില്‍ തീയാളിച്ചു. എല്ലാവരും നിശ്ശബ്ദരായിരുന്നു. എല്ലാവരും കറുത്ത റോഡിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നു, ഏതെങ്കിലും കോണില്‍ നിന്ന് ഒരു ഉത്തരം പൊങ്ങിവന്ന് നമ്മളെ ഒരു കൂരയ്ക്കു കീഴില്‍ കൊണ്ടാക്കുമെന്ന് പ്രതീക്ഷിച്ച്. പ്രതീക്ഷിക്കാതെ ഫലമുണ്ടായി. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നഗരത്തിലെത്തിയ നിന്റെ മാമയായിരുന്നു അത്. അയാളായിരുന്നു നമ്മുടെ ലക്ഷ്യം.

നിന്റെ മാമ മൂല്യബോധമുള്ള നല്ല മനുഷ്യനായിരുന്നില്ല. റോഡിലിറങ്ങേണ്ടി വന്ന ദിവസം അയാള്‍ കൂടുതല്‍ പ്രാകൃതനായി. അയാള്‍ ഒരു ജൂതകുടുംബം താമസിക്കുന്ന വീട്ടില്‍ കയറിച്ചെന്ന് “പാലസ്തീനില്‍ പോയിനെടാ..” എന്ന് ഉറക്കെ പുലഭ്യം പറഞ്ഞുകൊണ്ട് കണ്ണില്‍ കണ്ടതെല്ലാം വലിച്ചെറിഞ്ഞു പൊട്ടിച്ചു. അവര്‍ പാലസ്തീനില്‍ പോയില്ല, പക്ഷേ അയാളുടെ കോപവും മടുപ്പും കണ്ട് വിരണ്ട് ഒരു മുറിയില്‍ കയറി കതകടച്ച് ഒതുങ്ങി പാര്‍ത്തു, മട്ടുപ്പാവിലും താഴെയുള്ള മുറിയിലും ഇഷ്ടം പോലെ കയറിയിറങ്ങി വിഹരിക്കാന്‍ അയാളെ അനുവദിച്ചുകൊണ്ട്.

നിന്റെ മാമ നമ്മളെ ആ മുറിയിലേയ്ക്കാണ് കൊണ്ടു പോയത്. അയാളുടെ കുടുംബം, വസ്തുക്കള്‍. ഞങ്ങളും ഞങ്ങളുടെ സാധനങ്ങളും. എല്ലാം മുറിയില്‍ കുന്നുകൂടി. ആണുങ്ങളുടെ കോട്ടുകൊണ്ടു പുതച്ച് കുട്ടികള്‍ തറയില്‍ കിടന്നുറങ്ങി. രാവിലെ ഉണര്‍ന്നപ്പോഴും അവരെല്ലാം കസേരകളില്‍ ഇരിക്കുകയായിരുന്നു. ദുരന്തം നമ്മുടെ ശരീരങ്ങളില്‍ അരിച്ചുകയറാന്‍ തുടങ്ങി. നമ്മുടെ എല്ലാവരുടെയും ശരീരങ്ങളില്‍...

സയ്‌ദയില്‍ നമ്മള്‍ അധികാലം താമസിച്ചില്ല. നിന്റെ മാമയുടെ മുറി നമ്മളില്‍ പകുതിപേര്‍ക്കു പോലും താമസിക്കാന്‍ തക്ക വലിപ്പമുള്ളതായിരുന്നില്ല. മൂന്നു ദിവസം എങ്ങിനെയോ അവിടെ കഴിച്ചുകൂട്ടി. ഉമ്മ നിന്റെ വാപ്പയോട് ഒരു ജോലികണ്ടു പിടിക്കാന്‍ പറയുന്നതു കേട്ടു. അല്ലെങ്കില്‍ പഴയ ഓറഞ്ചുതോട്ടങ്ങളിലേയ്ക്കു മടങ്ങാന്‍. വാപ്പ പൊട്ടിത്തെറിച്ചു. ദേഷ്യം കൊണ്ടു അദ്ദേഹത്തിന്റെ ശബ്ദം വിറച്ചു. കുടുംബത്തില്‍ അങ്ങനെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഓറഞ്ചു മരങ്ങള്‍ക്കിടയിലെ പഴയ ഒരു വീട്ടില്‍, രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ക്കൊപ്പം അഭിമാനത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞ, ഉറച്ച കുടുംബമായിരുന്നു നമ്മുടേത്.

എവിടെ നിന്നാണ് നിന്റെ വാപ്പയ്ക്ക് പണം കിട്ടിയത് എന്ന് എനിക്കറിയില്ല. ഉമ്മയുടെ ആഭരണങ്ങള്‍ വിറ്റിരിക്കും. ഉമ്മയെ സന്തോഷവതിയും അഭിമാനിയുമാക്കി ഒരിക്കല്‍ അദ്ദേഹം തന്നെ വാങ്ങിക്കൊടുത്തവ. പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അവ വിറ്റ പണം മാത്രം മതിയാവുമായിരുന്നില്ല. വാപ്പ കടം വാങ്ങിയിരിക്കും. അല്ലെങ്കില്‍ നമ്മളറിയാതെ കൂടെ കൊണ്ടു വന്ന ഏതെങ്കിലും വസ്തു വിറ്റിരിക്കും. എനിക്കറിയില്ല. സയ്‌ദയുടെ ഉള്‍ഭാഗത്തെ ഉയര്‍ന്ന ഒരു പാറക്കെട്ടിനു മുകളിലിരുന്ന് അദ്ദേഹം ആദ്യമായി പുഞ്ചിരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹം മേയ് 15 നെ കാത്തിരിക്കുകയായിരുന്നു. ജയിച്ചു വരുന്ന അറബി സൈനികര്‍ക്കൊപ്പം നാട്ടിലേയ്ക്കു തിരിച്ചു പോകാന്‍.

കാര്യങ്ങള്‍ നന്നേ വഷളായ സമയത്താണ് വാപ്പ കാത്തിരുന്ന മേയ് 15 വന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന എന്റെ കാലില്‍ കൃത്യം 12 മണിക്ക് അദ്ദേഹം തട്ടി വിളിച്ചു. “എഴുന്നേല്‍ക്ക്...അറബ് സേന3 പാലസ്തീനില്‍ പ്രവേശിക്കുന്നത് കാണ്.. എഴുന്നേല്‍ക്ക്...” ഞാന്‍ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റ് ആവേശത്തോടെ ഓടി. ചെരുപ്പിടാന്‍ പോലും നില്‍ക്കാതെ, കുന്നുകയറി തെരുവെത്തുന്നതു വരെ നിര്‍ത്താതെ ആ അര്‍ദ്ധരാത്രിയ്ക്ക് ഞാന്‍ ഓടി. ഗ്രാമത്തില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു റോഡ്. കുട്ടികളും മുതിര്‍ന്നവരും ശ്വാസം വിടാതെ ഓടുന്നുണ്ടായിരുന്നു. റാസ‌-എന്‍‌കൌറയിലേയ്ക്കു പോകുന്ന കാറുകളുടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം ദൂരെ വച്ചു തന്നെ നമ്മുടെ കണ്ണുകളില്‍ തട്ടി. മെയിന്‍ റോഡിലെത്തിയപ്പോഴേയ്ക്കും നമ്മള്‍ തണുത്തു തുടങ്ങിയിരുന്നു. നിന്റ വാപ്പയുടെ ഭ്രാന്തമായ ആക്രോശങ്ങള്‍ കേട്ട് നമ്മളെല്ലാം മറന്നു. അദ്ദേഹം കൊച്ചുകുട്ടിയെപ്പോലെ കാറുകള്‍ക്കു പിന്നാലെ പാഞ്ഞു. അവയെ നോക്കി കൈവീശി. മുറിഞ്ഞ ശബ്ദത്തില്‍ എന്തൊക്കെയോ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഒച്ചയുണ്ടാക്കിക്കൊണ്ട് നമ്മള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. പട്ടാളക്കാര്‍, നമ്മളെ അവരുടെ കനമുള്ള ഹെല്‍‌മറ്റിനടിയില്‍ നിന്ന് ഗൌരവം കലര്‍ന്ന നിശ്ശബ്ദതയോടെ നിരീക്ഷിച്ചുകൊണ്ട് കടന്നു പോയി. നമ്മളെല്ലാം വല്ലാതെ കിതച്ചു. 50 വയസ്സിന്റെ പഴക്കം ശരീരത്തിനുണ്ടെന്ന കാര്യം തീരെ കണക്കിലെടുക്കാതെ നിന്റെ വാപ്പ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു. പട്ടാളക്കാര്‍ക്ക് അദ്ദേഹം സിഗററ്റുകള്‍ എറിഞ്ഞു കൊടുത്തു. ചെറിയൊരു ആട്ടിന്‍പറ്റത്തെ പോലെ ഞങ്ങള്‍ അദ്ദേഹത്തിന്റെ പിന്നാലെ ലക്ഷ്യമില്ലാതെ പാഞ്ഞു.

കാറുകളുടെ നിര പെട്ടെന്നു അവസാനിച്ചു. ക്ഷീണിച്ച് വല്ലാതെ കിതച്ചുകൊണ്ട് നമ്മള്‍ വീട്ടില്‍ തിരിച്ചെത്തി. നിന്റെ വാപ്പ ഒന്നും സംസാരിച്ചില്ല. അതുവഴികടന്നുപോയെ ഒരു കാറിന്റെ വെളിച്ച മുഖത്തടിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കവിളില്‍ കണ്ണീര്‍ പടര്‍ന്നിരിക്കുന്നത് ഞാന്‍ കണ്ടു.

ആ ദിവസത്തിനു ശേഷം ജീവിതം പതുക്കെയായി. അറിയിപ്പുകള്‍ നമ്മളെ ചതിക്കുകയായിരുന്നു. യാഥാര്‍ത്ഥ്യം ക്രമേണ നമ്മളെ നിശ്ചലരാക്കി. മനസിലെ മരവിപ്പ് മുഖങ്ങളെയും വേട്ടയാടാന്‍ തുടങ്ങി. പാലസ്തീനെപ്പറ്റിയോ ഓറഞ്ചുത്തോട്ടങ്ങള്‍ക്കിടയിലെ സന്തോഷകരമായ ദിവസങ്ങളെപ്പറ്റിയോ വീടുകളെപ്പറ്റിയോ ഒന്നും നിന്റെ വാപ്പ സംസാരിക്കാതെയായി. നമ്മള്‍ അദ്ദേഹത്തിന്റെ ദുരന്തത്തിന്റെ ചുവരുകളായിരുന്നു. “മലയിലേയ്ക്ക് പോ.. ...ഉച്ചയ്ക്കു മുന്‍പ് തിരിച്ചു വരരുത്....” എന്ന് അദ്ദേഹം അതിരാവിലെ തന്നെ ഒച്ചയിടുന്നതിന്റെ അര്‍ത്ഥം എളുപ്പം തിരിച്ചറിയാന്‍ കഴിയുന്നതരത്തില്‍ ചീത്തയായിക്കഴിഞ്ഞിരുന്നു നമ്മള്‍. പ്രഭാതഭക്ഷണം ചോദിക്കുന്നതില്‍ നിന്ന് നമ്മുടെ ശ്രദ്ധ മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം എന്നു നമ്മള്‍ക്കറിയാമായിരുന്നു.

ചെറിയ കാര്യങ്ങള്‍ മതിയായിരുന്നു നിന്റെ വാപ്പയുടെ കോപത്തെ ആളിക്കത്തിക്കാന്‍. നമ്മളിലൊരാള്‍ ഒരിക്കല്‍ എന്തോ ചോദിച്ചതിന് അദ്ദേഹം കറണ്ടടിച്ചതു പോലെ ചാടി എഴുന്നേറ്റ് എല്ലവരെയും തറപ്പിച്ചു നോക്കിയത് ഞാന്‍ ഓര്‍മ്മിക്കുന്നു. നാശം പിടിച്ച എന്തോ ഒന്ന് അദ്ദേഹത്തിന്റെ മനസ്സില്‍ തറഞ്ഞിരിക്കണം. സ്വന്തം ദുരന്തങ്ങള്‍ അവസാനിപ്പിക്കാന്‍ മതിയാവോളം കരുത്തുണ്ടെന്ന വിശ്വാസത്തില്‍, ദാരുണമായ കൃത്യത്തിലേര്‍പ്പെടുന്നതിനു മുന്‍പ് ഉണ്ടാവുന്ന ആവേശത്തിന്റെ തിരത്തള്ളലില്‍, അദ്ദേഹം എഴുന്നേറ്റു നിന്നു. പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്താന്‍ എന്ന പോലെ. എന്നിട്ട് അസംബന്ധങ്ങള്‍ പറയാന്‍ തുടങ്ങി. നമുക്ക് കാണാനാവാത്ത എന്തോ ചിലത് അവിടെയുണ്ടെന്ന മട്ടില്‍ തിരിഞ്ഞും മറിഞ്ഞും നോക്കി. ഹിസ്റ്റീരിയ ബാധിച്ച ഒരാളെപ്പോലെ പേടിപ്പിക്കുന്ന മട്ടില്‍, അക്കയില്‍ നിന്നും കൊണ്ടു വന്ന ഒരു പെട്ടിയില്‍ ചാടിക്കയറി, അതിനുള്ളിലെ സാധനങ്ങള്‍ വാരി ചുറ്റും എറിഞ്ഞു. എന്താണ് അദ്ദേഹത്തിന്റെ മനസ്സില്‍ നടക്കുന്നതെന്നു അമ്മമാര്‍ക്കുള്ള സഹജാവബോധം കൊണ്ട് മനസ്സിലാക്കിയ നിന്റെ ഉമ്മ നമ്മളെ പെട്ടെന്ന് മലയിലേയ്ക്ക് ഉന്തിത്തള്ളി വിട്ടു. നമ്മള്‍ പുറത്തിറങ്ങി കൊച്ചു കാതുകള്‍ അടഞ്ഞു കിടന്ന മരക്കതകില്‍ ചേര്‍ത്തു പിടിച്ച് ജനാലയ്ക്കരികില്‍ തന്നെ നിന്നു. നിന്റെ വാപ്പ പറയുന്നത് ഭയന്നു വിറച്ചു നിന്ന് നമ്മള്‍ കേട്ടു. “ ഞാനവരെ കൊല്ലും...എന്നിട്ട് സ്വയം ചാവും.....എനിക്കിത് അവസാനിപ്പിക്കണം.. എനിക്ക്......”

ജനല്‍ വാതിലിനുള്ള വിള്ളലുകളില്‍ കൂടി നാം അകത്തേയ്ക്കു ഉളിഞ്ഞു നോക്കി. വാപ്പ താഴെ വീണു കിടന്ന് പല്ലുറുമ്മുന്നതും വല്ലാതെ ശ്വാസം വലിക്കുന്നതു കണ്ടു. അകന്നു നിന്ന് ഉമ്മ അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നു. അവരുടെ മുഖം ഭയം കൊണ്ടു വിറങ്ങലിച്ചിരുന്നു.



സംഭവിക്കുന്നതെന്താണെന്ന് എനിക്കാദ്യം മനസ്സിലായില്ല. ഒരു കറുത്ത കൈത്തോക്ക് അദ്ദേഹത്തിനടുത്ത് കിടക്കുന്നതു കണ്ടയുടന്‍ പെട്ടെന്നു മുന്നില്‍ പ്രത്യക്ഷപ്പെട്ട ഭൂതത്തില്‍ നിന്നു രക്ഷപ്പെടാനെന്ന പോലെ കഴിയുന്നിടത്തോളം വേഗതയില്‍ ഞാനോടിയത് ഓര്‍ക്കുന്നുണ്ട്. വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ പാഞ്ഞത് മലയിലേയ്ക്കാണ്. വീട്ടില്‍ നിന്ന് എത്ര ഞാന്‍ അകന്നുവോ അത്ര തന്നെ എന്റെ ബാല്യത്തില്‍ നിന്നും ഞാന്‍ അകന്നു. നമ്മുടെ ജീവിതം ഇനി ഒരിക്കലും പഴയതുപോലെയാവില്ലെന്നു ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങുകയായിരുന്നു. കാര്യങ്ങള്‍ വിചാരിച്ചിരുന്നതു പോലെ ലളിതമല്ലെന്നും നീ പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ജീവിതമല്ല മുന്നിലുള്ളതെന്നും. തലയില്‍ ചേര്‍ത്തുപിടിച്ചിരിക്കുന്ന ഒരു കൈത്തോക്കില്‍ നിന്ന് ഏതു സമയത്തും പൊട്ടാവുന്ന വെടിയുണ്ട മാത്രമാണ് ഒരു വാപ്പയ്ക്ക് തന്റെ മക്കള്‍ക്കായി നല്‍കാനുള്ളത് എന്നിടത്ത് കാര്യങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ മുതല്‍ നമുക്ക് നമ്മുടെ പാദങ്ങളെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പെരുമാറ്റങ്ങളെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. വാപ്പ അദ്ദേഹത്തിന്റെ പ്രയാസങ്ങള്‍ പറയുമ്പോള്‍ നിശ്ശബ്ദരാകേണ്ടിയിരിക്കുന്നു. എത്ര വിശന്നാലും നാം ആഹാരം ചോദിക്കരുത്. “മലയിലേയ്ക്ക് പോ...ഉച്ചയ്ക്കു മുന്‍പ് തിരിച്ചു വരരുത്...” എന്നു വാപ്പ ഒച്ചയെടുക്കുമ്പോള്‍ തലയാട്ടി പുഞ്ചിരിച്ചു കൊണ്ട് അനുസരണശീലം കാണിക്കേണ്ടിയിരിക്കുന്നു.

വൈകുന്നേരം ഇരുട്ട് വീടിനെ ചുറ്റി പരന്നപ്പോഴും വാപ്പ ജ്വരം കൊണ്ട് വിറച്ച് അവിടെ തന്നെ കിടന്നു. ഉമ്മ അദ്ദേഹത്തിന്റെ അടുക്കല്‍ ഇരുന്നു. നമ്മുടെ കണ്ണുകള്‍ ഇരുട്ടില്‍ പൂച്ചക്കണ്ണുകള്‍ പോലെ തിളങ്ങി. ഒരിക്കലും തുറന്നിട്ടില്ലാത്ത മട്ടില്‍ പഴയൊരു മുറിവിന്റെ അവശിഷ്ടങ്ങളായ ചുണ്ടുകള്‍ നമ്മള്‍ കൂട്ടിപ്പിടിച്ചിരുന്നു.

ഓറഞ്ചുകളുടെ നാട്ടില്‍ നിന്നു ദൂരെ.......ബാല്യങ്ങള്‍ നഷ്ടപ്പെട്ടവരായി, അവിടെ നമ്മള്‍ കൂട്ടംകൂടി നിന്നു. നാട്ടിലെ വൃദ്ധരായ കര്‍ഷകര്‍ പറയും പോലെ ‘ പരിചയമില്ലാത്ത കൈകളാണ് ആ മരങ്ങളെ നനയ്ക്കുന്നതെങ്കില്‍.....ഓറഞ്ചുകള്‍ മരിക്കും.’

നിന്റെ വാപ്പയ്ക്ക് ഇപ്പോഴും സുഖമില്ല. കിടക്കയിലാണ്. ഉമ്മയുടെ കണ്ണീര്‍ ആ ദിവസത്തിനു ശേഷം ഒരിക്കലും തോര്‍ന്നിട്ടില്ല.

പുറത്താക്കപ്പെട്ടവനെ പോലെ ഞാന്‍ മുറിയിലേയ്ക്ക് പമ്മി നോക്കി. നിന്റെ വാപ്പയുടെ മുഖം മുറിഞ്ഞ കോപത്താല്‍ വിറയ്ക്കുന്നതു കണ്ടു. ചെറിയ മേശമേല്‍ ആ കറുത്ത കൈത്തോക്ക് കിടക്കുന്നുണ്ടായിരുന്നു, അതിനടുത്ത് ഒരു ഓറഞ്ചും. ഉണങ്ങിയും ചുക്കിച്ചുളിഞ്ഞും പോയ ഒരു ഓറഞ്ച്.
-----------------------------------------------------------------------------------------------
ഗസ്സന്‍ കാനഫാനി : പ്രസിദ്ധനായ അറബ് എഴുത്തുകാരന്‍. പാലസ്തീനിലെ ‘അക്ക’ എന്ന സ്ഥലത്ത് ജനിച്ചു. 1972-ല്‍ തന്റെ മുപ്പത്തിയാറാമത്തെ വയസ്സില്‍, ഇസ്രയേലികള്‍ നടത്തിയ കാര്‍ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. ‘കരയുന്ന ഓറഞ്ചുകളുടെ നാട്’ അദ്ദേഹത്തിന്റെ ആദ്യകാല കഥകളിലൊന്നാണ്.

1. ലബനോണിനും പാലസ്തീനും ഇടയിലുള്ള ലബനീസ് ചെക്ക് പോസ്റ്റ്.
2. തെക്കന്‍ ലബനോണിലെ ഒരു പ്രധാന പട്ടണം
3. ഇസ്രയേലി ഹഗാന സൈനികരില്‍ നിന്നും പാലസ്തീനികളെ രക്ഷിക്കാന്‍ സമീപ രാജ്യങ്ങള്‍ രൂപം നല്‍കിയ അറബ് സേന. പ്രതീക്ഷകളെയെല്ലാം തെറ്റിച്ചുകൊണ്ട് അവര്‍ ദയനീയമായി പരാജപ്പെട്ടു. ഇസ്രയേല്‍ രാജ്യം നിലവില്‍ വന്നു.

comments