(ടി.പി. അനില്‍കുമാറിന്റെ കവിതകളെപ്പറ്റി , പുതിയ കവിതയിലെ ചില
സന്ദര്‍ഭങ്ങളെപ്പറ്റിയും )

നമ്മുടെ കാലചരിത്രത്തിലും ഏറ്റവും പ്രശസ്തമായ സമയനാമങ്ങളായി
അടയാളപ്പെടുത്തപ്പെട്ട ആധുനിക ആധുനികപൂര്‍വ ആധുനികാനന്തര ഘട്ടങ്ങളെന്ന്
വേര്‍പിരിയുന്ന കാലപരിഗണനകളില്‍ കൃതികളേക്കാള്‍ എഴുത്തുകാരാണ്
വിഭജിക്കപെട്ടതെന്നത് ശ്രദ്ധേയമായിരുന്നു.ഒരാളുടെ സ്വഭാവത്തില്‍ ജനിതകമായ
ഘടകങ്ങളും ചരിത്രപരമായ സ്വാധീനങ്ങളും വ്യാഖ്യാനിക്കപ്പെട്ടതുപോലെ ഈ
എഴുത്തുകാരുടെ ജീവചരിത്രവും കാലചരിത്രത്തിന്റെ ഭാഗമെന്ന നിലയില്‍
പ്രകടിപ്പിക്കപ്പെട്ടു. അതുകൊണ്ടു തന്നെ, കവിതയില്‍ മാത്രമല്ല, നമ്മുടെ
കാലവിമര്‍ശത്തിന്റെ ഏതാണ്ട് മുഴുവന്‍ ചരിത്രവും ഒരുതരം വായ്‌മൊഴിയേയും
അടയാളപ്പെടുത്തി. കവിയും കാവ്യനിരൂപകനും ഒരേസമയം ഒരേ ഭാവനയിലേക്ക്
പ്രവേശിക്കുകയും ആ ഭാവനയുടെ പൂര്‍വ്വനിശ്ചിതങ്ങളായ സങ്കല്‍പങ്ങളെ
പ്രവചനസമാനങ്ങളായ ആശയങ്ങളാക്കി അവതരിപ്പിക്കുകയും ചെയ്തു. എഴുപതുകളിലെ
സാഹിത്യത്തെക്കുറിച്ചുള്ള പൊതുവായ വിലയിരുത്തലുകളാണ് എണ്‍പതുകളിലും
തൊണ്ണൂറുകളിലും പ്രഭാവത്തോടെ നിലനിന്നതെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും.
ഇതു നമ്മെ നിരാശപ്പെടുത്തുന്നു.
കാലം എന്ന സങ്കല്‍പത്തിന്റെ ചരിത്രസാദ്ധ്യത തന്നെ ഒരാളുടെ ഭാവനയെ
സംബന്ധിച്ച കണിശമായ അന്വേഷണങ്ങളുടെ വിവരണമാകുന്നു. അപ്പോഴും അത്
സാമൂഹികമായ തീരുമാനങ്ങളുടെ, അല്ലെങ്കില്‍ അത്തരത്തില്‍ രൂപപ്പെടുന്ന
ആശയസമുച്ചയങ്ങളുടെ അവതരണമാകുന്നുമില്ല. അഥവാ, അത്തരം പരിഗണനകളില്‍ നിന്ന്
മാത്രം ആരംഭിക്കുന്ന ആലോചനകളില്‍ ഒരു രചനയുടെ കാലം അതിന്റെ രചയിതാവിന്റെ
ജീവിതഘട്ടത്തോടെ പ്രവേശിക്കുന്നില്ല. ഒരു വ്യക്തിയുടെ പ്രഖ്യാപിത
പൗരധര്‍മ്മങ്ങള്‍ മാത്രമല്ല, അതില്‍നിന്നുള്ള അയാളുടെ വേര്‍പെടലോ
അതിനോടുള്ള അയാളുടെ വൈമുഖ്യമോ കൂടി ഒരു സമൂഹത്തിന്റെ അധികാര സങ്കല്‍പത്തെ
മനസ്സിലാക്കാന്‍ സഹായിക്കുന്നതുപോലെ, ഭാവനയുടെയും സാമൂഹികതലം ചര്‍ച്ചയ്ക്കു
വിധേയമാകുന്നു.

എഴുപതുകളെ വിലയിരുത്തുന്ന സാമാന്യങ്ങളായ ധാരണകളെ യൂറോപ്യന്‍ ആധുനികതയുടെ
ആശയങ്ങള്‍ സ്‌പര്‍ശിക്കുന്നു. എണ്‍പതുകളേയും തൊണ്ണൂറുകളെയും വിലയിരുത്തുന്ന
സവിശേഷ സങ്കല്‍പങ്ങളില്‍ എഴുപതുകളിലെ ആശയങ്ങള്‍ തന്നെ മറ്റൊരു വിധത്തില്‍
മറ്റു പല അന്വേഷണങ്ങളിലൂടെയും കടന്നു വരുന്നു. ഇതെല്ലാം ഒരേ സമയം
എഴുത്തുകാരന്‍ (കവി) എന്ന സങ്കല്‍പത്തെയും ഭാവന എന്ന പ്രവൃത്തിമണ്ഡലത്തെയും
(മടുപ്പിക്കുന്ന) ഉറപ്പോടെ അവതരിപ്പിക്കുന്നു. സ്വാഭാവികമായും ഇത് നമ്മുടെ
ജ്ഞാനമണ്ഡലങ്ങളെ എത്രമാത്രം സാമാന്യവല്‍കരിച്ചുവോ അത്രയും ഈ അന്വേഷണങ്ങളിലെ
ഏകതാനത നമ്മുടെ ഭാവനയേയും സ്വഭാവവല്‍കരിച്ചു.
കവിതയിലാകട്ടെ, പൊതുവായ ചിലത് എന്ന ആശയം, ആലോചിക്കുമ്പോള്‍ അത്രയും
അരാഷ്ട്രീയമായ കല്‍പന, രാഷ്ട്രീയഭാവന എന്ന അര്‍ത്ഥത്തിലും
വ്യവഹരിക്കപ്പെട്ടു. വാസ്തവത്തില്‍ ആധുനികതയുടെ
രാഷ്ട്രീയവല്‍കരണത്തിലേക്ക് നീങ്ങിയ എഴുപതുകളിലേയും നമ്മുടെ പ്രധാനപ്പെട്ട
കവിതകളെക്കുറിച്ചുള്ള അന്വേഷണവും ഇങ്ങനെ ഒരപചയത്തിന്റെ കാരണങ്ങളിലേക്കുകൂടി
നമ്മെ എത്തിക്കുന്നു. കവിതയെ സംബന്ധിച്ചും രാഷ്ട്രീയത്തെ സംബന്ധിച്ചും
ഒരേപോലെ(വീണ്ടും മടുപ്പിക്കുന്ന)ശുഭാപ്തി വിശ്വസം പ്രകടിപ്പിച്ച ആ ഭാവന,
എന്തുകൊണ്ടും വ്യക്തി, പൗരന്‍, കവി എന്ന പരികല്‍പനകളിലെല്ലാം
ദുര്‍ബ്ബലമായിരുന്നു.
ഭാവനയുടെ നൈസര്‍ഗ്ഗികമായ ആവശ്യങ്ങളെക്കൂടി തിരിച്ചറിയുന്ന ഒരു രാഷ്ട്രീയ
ഉടമ്പടി എത്രമാത്രം സര്‍ഗ്ഗാത്മകമാകാമോ അത്രമാത്രം ആ കവിതകളുടെ പുതിയ
ധര്‍മ്മം ആദരിക്കപ്പെട്ടു. എന്നാല്‍ പില്‍ക്കാലത്തുവന്ന നമ്മുടെ പുതിയ
കവികള്‍ മിക്കവരും ആ രാഷ്ട്രീയ ഭാവുകത്വത്തെ അവഗണിക്കാനോ അഥവാ
പരിഗണിച്ചെങ്കില്‍ അതിനെ നമ്മുടെ ഭാവനയുടെ തന്നെ നഷ്ടപ്പെട്ട പറുദീസയായി
വിലമതിക്കാനോ ശ്രദ്ധിച്ചു. സമയം എന്ന കല്‍പനയിലെ തന്നെ ഈ ഇരയാകലാണ് ഒരു
പക്ഷേ ഇന്നു നമ്മുടെ പുതിയ കവിതയുടെ ഊര്‍ജ്ജപ്രസരണസ്ഥലം തന്നെ.
ഭാവനയെ സമയബോധത്തോടെ സ്പര്‍ശിക്കേണ്ടുന്ന ജീവന്റെ വിരലുകള്‍ എന്തുകൊണ്ടാണ്
ഇങ്ങനെയെല്ലാം കൈയ്യുറകള്‍ അന്വേഷിച്ചുപോയത്? ഒരു കാരണമായി എനിക്കു
തോന്നുന്നത് ദീര്‍ഘദര്‍ശനത്തോടടുക്കുന്ന ഭാവനയായാണ് ആധുനികത എന്ന
സങ്കല്‍പം തന്നെ നമുക്ക് ബോധ്യപ്പെട്ടത് എന്നാണ്. ഇതു കവിതയെ മാത്രമല്ല,
നമ്മുടെ സാമൂഹ്യവീക്ഷണങ്ങളെക്കൂടി സ്വാധീനിച്ചു. അങ്ങനെ രൂപപ്പെട്ട ഒരു
വിമതപൗരസങ്കല്‍പം കവിയോടൊപ്പവും നിന്നു. ആ സങ്കല്‍പം കവിയോടും കവി ആ
സങ്കല്‍പത്തോടും സംസാരിക്കുന്ന ഒരു പ്രേതലോകം കവിതയുടെ തന്നെ ഭാവനാലോകമായി
വസ്തുവല്‍കരിക്കപ്പെട്ടു. അങ്ങനെ ചരിത്രപരമായ വേറൊരു വിധിയേയും നേരിട്ടു:
ഭാവനയോടൊപ്പം ഭാഷയുടെ കൂടി ഇരയാകല്‍.

ഒരാളുടെ സ്വത്വത്തെ സമൂഹത്തിന്റെ തന്നെ പാരമ്പര്യ വീക്ഷണങ്ങളും ആ
സമൂഹത്തിന്റെ തന്നെ ആധുനികസങ്കല്‍പവും നിര്‍ണ്ണയിക്കുകയോ സ്വാധീനിക്കുകയോ
ചെയ്യുന്നതുപോലെ സ്വാഭാവികമാണ് പുതിയ കവിതയും പാരമ്പര്യസ്മരണകളും
ആധുനികതാനിര്‍വചനങ്ങളും ഒരുപോലെ നേരിടേണ്ടിവരുന്നത്. ഒരാളുടെ അകം എന്ന
സൂക്ഷ്മാനുഭവത്തോടൊപ്പം ലോകത്തിന്റെ വിവിധങ്ങളും അംഗീകൃതങ്ങളുമായ വലിയ
സ്ഥാപനരൂപങ്ങളുടെ സ്ഥൂലാനുഭവങ്ങളും ജീവിതത്തിലെന്നപോലെ കവിതയും നേരിടുന്നു.
വാസ്തവത്തില്‍ ആധുനികത എന്ന സങ്കല്‍പം ദൈനംദിനാചരണങ്ങളിലെ വര്‍ത്തമാനത്തെ
മാത്രം സ്പര്‍ശിക്കുന്ന അര്‍ത്ഥത്തിലും നമുടെ സാഹിത്യ ചര്‍ച്ചകളില്‍
കടന്നുവന്നിരുന്നു. ഇപ്പോഴും അങ്ങനെയാകാറുണ്ട്.അതുകൊണ്ടു തന്നെ,
ആധുനികതയെക്കുറിച്ചുള്ള ഓരോ ചര്‍ച്ചയും ഇപ്പോള്‍ എന്ന വര്‍ത്തമാനത്തെ
അഭിമുഖീകരിച്ച ഓരോ നിമിഷവും വര്‍ത്തമാനാനന്തര സമൂഹത്തെക്കൂടി സൂചിപ്പിച്ചു.
മറ്റൊരര്‍ത്ഥത്തില്‍ ഭാവി, നാം ഒരിക്കലും സന്ദര്‍ശിക്കാനിടയില്ലാത്ത
സ്ഥലമായിരുന്നിട്ടും തീര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനത്തെ
ആധുനികോത്തരമായി വിശേഷിപ്പിച്ച് വര്‍ത്തമാനത്തിന്റെ തന്നെ ഭൂതത്തെ (past)
ഭാവിയായി അവതരിപ്പിക്കുന്നുമുണ്ടായിരുന്നു. ഇത് കലയോടുള്ള നമ്മുടെ
സമീപനത്തെ തന്നെ സംശയമുള്ളതാക്കുന്നു.
ചരിത്രത്തെ സംഭവങ്ങളുടെ ശൃംഖലയായി കാണുന്ന ഒരു വര്‍ത്തമാനത്തെ ആദ്യം തന്നെ
അവിശ്വസിക്കുന്നു. കവിത, അപ്പോള്‍ അതിന്റെ തന്നെ ഒരു ദുരന്ത സ്മരണയോടെ
പ്രത്യക്ഷപ്പെടുന്നു. എഴുതുന്ന സമയത്തെന്നപോലെ അത്
വായിച്ചുകൊണ്ടിരിക്കുന്ന സമയത്തും അതിന്റെ വര്‍ത്തമാനത്തില്‍ നിന്ന്
അതിന്റെ ഭൂതത്തിലേക്ക് വേര്‍പെടുന്നു. ഭാവിയെ ഒരു കെട്ടുകഥയാക്കുന്നു. ഒരു
പക്ഷേ പുതിയ കവിതയുടെ, പുതിയ കലയുടെ തന്നെ ഭാവന ഒരേസമയം യാദൃശ്ചികമായി നാം
തിരിച്ചറിഞ്ഞ ഈ സുനിശ്ചിതത്വത്തിന്റേതാണെന്നു വരുന്നു, അനില്‍കുമാറും,
മറ്റു പല എഴുത്തുകാരെയും പോലെ ഈ യാദൃശ്ചികത നിര്‍മ്മിക്കുന്ന
ഭാവനാപരിധിയിലാണ് തങ്ങളുടെ ഭാഷയേയും മാധ്യമത്തെയും അഭിമുഖീകരിക്കുന്നത്.
അങ്ങനെകൂടിയാണ് അവര്‍ തങ്ങളുടെ തൊട്ട തലമുറയിലെ കവികളില്‍ നിന്നും
വ്യത്യസ്തരാകുന്നത്.
തുടരും
comments