മണ്ണും മനുഷ്യരും

കലയും
കാര്‍ഷിക ജീവിതവും

സര്‍ജു
 

 


ചിത്രകല കൊട്ടാരങ്ങളുടേയും ദേവാലയങ്ങളുടേയും ചുമര്‍ചാരി നിന്ന കാലങ്ങളില്‍ അതിന്റെ ഉള്ളടക്കം ഈ നിലനില്‍പിനൊത്തവായിരുന്നു. സംഘം ചേര്‍ന്നുള്ള നായാടലിന്റെയും കാലിമേയ്ക്കലിന്റെയും ചിത്രങ്ങള്‍ക്കൊപ്പം കാര്‍ഷികജീവിതം കലയില്‍ ഇടം പിടിക്കുന്നത്‌ പതിനാറാം നൂറ്റാണ്ടിലെ ഫ്ലെമിഷ്‌ ചിത്രകാരനായ പീറ്റര്‍ ബ്രൂഗലിന്റെ രചനകളിലൂടെയാണ്‌. 'പെസന്റ്‌ വെഡിംഗ്‌', 'പെസന്റ്‌ ഡാന്‍സ്‌' തുടങ്ങിയ ബ്രൂഗലിന്റെ ചിത്രങ്ങളില്‍ കര്‍ഷകരുടെ കൂട്ടായ ജീവിതത്തിന്റെ ആഹ്ലാദവേളകളുണ്ട്‌. എന്നാല്‍ ഫ്രഞ്ച്‌ ചിത്രകാരനായ ജീന്‍ ഫ്രാന്‍സിസ്‌ മില്ലേയുടെ സൃഷ്ടികളിലൂടെയാണ്‌ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ കലയുടെ പ്രധാന പ്രമേയങ്ങളിലൊന്നായി മാറിയത്‌. മണ്‍ വേലകളുടെ, ഉഴവിന്റെ, വിതയുടെ, ഉരുളക്കിഴങ്ങ്‌ കൃഷിയുടെ, വിളവെടുപ്പിന്റെ, പിടിത്താള്‍ പെറുക്കിന്റെ,കറ്റമുറിക്കുന്നതിന്റെ, കൃഷിയിടങ്ങളിലേക്ക്‌ പുതുതലമുറയെ പിച്ച നടത്തുന്നതിന്റെ, കാര്‍ഷികായുധങ്ങളുടേതടക്കം നിരവധി പെയിന്റിംഗുകള്‍ മില്ലേയുടേതായിട്ടുണ്ട്‌.

കര്‍ഷകരുടെ ചിത്രകാരനായി അറിയപ്പെടാനാഗ്രഹിച്ച വിന്‍സന്റ്‌ വാന്‌ഗോഗിനെ ഏറെ സ്വാധീനിച്ച മുന്‍ ഗാമി സ്വഭാവികമായും മില്ലേയായിരുന്നു. 'മനുഷ്യനും മണ്‌വെട്ടിയും', 'രണ്ടു കൃഷിക്കാര്‍' തുടങ്ങിയ മില്ലെ ചിത്രങ്ങളുടെ തുടര്‍ച്ചയാണ്‌ മണ്‍ വേലയെക്കുറിച്ചുള്ള വാന്‍ ഗോഗിന്റെ പഠനപരമ്പര തന്നെ. ചിത്രകലാജീവിതത്തിന്റെ ആരംഭകാലത്തു മാത്രമല്ല മറ്റ്‌ കലാജീവിതങ്ങളില്‍ ദൃശ്യമാകാത്തവിധം വിസ്‌മയിപ്പിക്കുന്ന വേഗതയില്‍ വാന്‍ ഗോഗ്‌ രചനകളില്‍ മുഴുകിയ അവസാന വര്‍ഷങ്ങളിലും മില്ലേയുടെ ചിത്രങ്ങള്‍ മാറ്റിവരച്ചുകൊണ്ടിരുന്നു. 'Peasant woman cutting straw, Plough and Harrow, Peasant woman with a rake, First steps' തുടങ്ങിയവ മനസൊഴിയുമ്പോള്‍ സ്വയം പുതുക്കാന്‍, പുതിയ ഊര്‍ജ്ജത്തിനായി വാന്‍ ഗോഗ്‌ മാറ്റിവരച്ചവയാണ്‌.

വിതയ്ക്കുന്നവര്‍

നിരന്തരം പ്രചോദിപ്പിക്കുകയും നിരവധി തവണ പുനരാവിഷ്കരിക്കുകയും ചെയ്തിട്ടുള്ള പെയിന്റിംഗുകളില്‍ പ്രധാനപ്പെട്ടതാണ്‌ 'വിതയ്ക്കുന്നവന്‍'(Sower). ചിത്രത്തില്‍ മില്ലേ വരച്ച മനുഷ്യരൂപം പുഷ്ടിയും ദൃഢതയുമുള്ളതാണ്‌. അയാള്‍ക്കു മുന്നില്‍ ഉഴുതുമറിക്കപ്പെട്ട മണ്ണാണുള്ളത്‌. പിന്നില്‍ വിദൂരമായൊരു കോണില്‍ ഉഴവു തുടരുന്നുമുണ്ട്‌. വലയെറിയുന്ന പോലെ വലിയ ദൂരങ്ങളിലേക്ക്‌ വീശിയെറിയുന്നതിന്റെ ഊക്കും പേശീബലവും നിവര്‍ത്തിയ കൈയ്യിലും മടക്കിയ മുന്‍ കാലിലും പ്രകടമായിരിക്കുന്നതുകൊണ്ട്‌ വിത കേവലമായ വിതറലോ ചേറലോ ആയി ഒതുങ്ങുന്നില്ല. ഫ്രഞ്ച്‌ വിപ്ലവാനന്തര കലത്തിന്റെ കാഴ്ചകളില്‍ 'സോവര്‍' ആശയങ്ങളുടെ വിത്തുവിതയ്ക്കലായി. വ്യത്യസ്‌തവും വിദൂരവുമായ ഭൂപ്രദേശങ്ങളില്‍ ചുരുട്ടിയ മുഷ്ടികളില്‍ നിന്ന് ധാന്യങ്ങള്‍ പോയി വീണിട്ടുണ്ടാകണം. പിടിത്താള്‍ പെറുക്കുന്ന സ്ത്രീകളുടെ ചിത്രത്തിനു പിന്നിലെ കൊയ്തുകൂട്ടിയ കറ്റകളും അവ കയറ്റിവെച്ച വാഹനങ്ങളും ഇത്തരം ചിത്രങ്ങള്‍ക്ക്‌ ഒരു രാഷ്ട്രീയ പശ്ചാത്തലം നല്‍കി. പൊലി പാറ്റുന്നവര്‍, കല്ലുടയ്ക്കുന്നവര്‍ തുടങ്ങി ഗുസ്താവ്‌ കോര്‍ബേയുടെ ചിത്രങ്ങളടക്കം ഈ പ്രവണതകള്‍ക്ക്‌ പ്രസ്ഥാനസ്വഭാവമുണ്ടായി. ചിത്രകലയുടെ പ്രമേയങ്ങളിലുണ്ടായ ജനാധിപത്യവല്‍കരണം കലയുടെ രാഷ്ട്രീയമായി. എന്നാല്‍ വാന്‍ ഗോഗ്‌ വരച്ച സോവര്‍ സ്കെച്ചുകളിലൊന്നില്‍ വൃദ്ധനും ദുര്‍ബ്ബലനുമായ ഒരു കൃഷികാരനാണുള്ളത്‌. ഇതേ പേരിലുള്ള വാന്‍ ഗോഗ്‌ പെയിന്റിംഗുകളില്‍ അസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ വിതയ്ക്കുന്നവന്‍ ഇരുളാണ്ടു നില്‍ക്കുന്നു. അങ്ങനെയാകണം മില്ലേയെക്കാള്‍ കൃഷിക്കാരുടെ ദുരിതയാഥാര്‍ത്ഥ്യങ്ങളോട്‌ വാന്‌ഗോഗ്‌ കൂടുതല്‍ അടുത്തുനില്‍ക്കുന്നത്‌.


കുതിരകളില്ലാത്തവന്റെ കുതിര

വാന്‍ ഗോഗ്‌ തിയോയ്ക്ക്‌ അയച്ച കത്തുകളിലൊന്നില്‍ 'Man pulling a harrow' എന്നൊരു സ്കെച്ചുണ്ട്‌. മണ്‍കട്ടകള്‍ ഉടയ്ക്കാനും മണ്‍കൂനകള്‍ നിരപ്പാക്കാനും ഉപയോഗിച്ചിരുന്ന ഇരുമ്പു വായ്‌ത്തലകളുള്ള ഒരു കൃഷിയായുധമാണ്‌ ഹാരോ. പത്തൊമ്പതാം നൂറ്റാണ്ടിലെ ഡച്ച്‌ കൃഷിയിടങ്ങളില്‍ ഉഴവുമൃഗത്തിന്റെ സ്ഥാനത്തു നില്‍ക്കുന്ന ഒരു മനുഷ്യനെ പിന്നില്‍ നിന്ന് നോക്കിക്കാണുമ്പോള്‍ വാന്‍ ഗോഗ്‌ പറയുന്നത്‌ കുതിരകളില്ലാത്തവന്റെ കുതിര അവന്‍ തന്നെയായിരിക്കുമെന്നാണ്‌. മണ്‍ വെട്ടിയും കലപ്പയും അരിവാളും ഹാരോയും മറ്റ്‌ പണിയായുധങ്ങളും മൃഗങ്ങളും സ്ത്രീകളും പുരുഷന്മാരും ഒന്നിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഒരു പരമ്പരയാണ്‌ വിന്‍സന്റ്‌ വാന്‍ ഗോഗിന്റെ കാര്‍ഷിക രചനകള്‍. കുറോസോവയുടെ കിനാവുകള്‍ എന്ന ചലച്ചിത്രത്തില്‍ വാന്‍ ഗോഗ്‌ ചിത്രങ്ങള്‍ക്ക്‌ ജീവന്‍ വെക്കുന്നതുപോലെയുള്ള ഒരു ചലനാത്മകത, ഇടങ്ങളുടെ വിശാലത,പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച, വേലയില്‍ മുഴുകി നില്‍ക്കല്‍ പ്രധാന സവിശേഷതയാണ്‌.

വിളവെടുപ്പിനേക്കാള്‍ കൂടുതല്‍ ചിത്രങ്ങള്‍ കൃഷിയിറക്കുന്നതിന്റേതാണ്‌. അതില്‍ തന്നെ കൃഷിക്കായി മണ്ണൊരുക്കുന്നത്‌. ഉരുളക്കിഴങ്ങ്‌ പാടങ്ങളിലെ നടീലിന്റെ പെയിന്റിംഗിലെന്ന പോലെ ഉഴവു ചിലപ്പോള്‍ സമീപദൃശ്യമായി വിശദാംശങ്ങളോടെയും മറ്റു ചിലപ്പോള്‍ അകന്ന് അവ്യക്തമായും കാണാം. മുകളില്‍ നിന്നുള്ള താഴ്‌വരകളുടെ ദൃശ്യം വരയ്ക്കുമ്പോഴും പഴയ ഗോപുരം വരയ്ക്കുമ്പോഴും ഉഴവ്‌ അതില്‍ ഉണ്ടാകും. പ്രകൃതിയും പ്രവര്‍ത്തനവും ചേര്‍ത്തു കാണുന്ന ഒരു രീതി വാന്‍ ഗോഗില്‍ പ്രകടമാണ്‌. നിശ്ചല ജീവിതത്തെ ഉലയ്ക്കുന്ന പ്രവൃത്തിയുടെ നിശബ്ദ സൂചനയായി കടും മഞ്ഞയില്‍ വരച്ച വലിയ വൈക്കോല്‍ കൂനകളില്‍ ചാരിവെച്ച മരക്കോവണിയുണ്ടാകും.
കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ എന്ന പോലെ കൃഷിയായുധങ്ങളും വാന്‍ ഗോഗിന്റെ രചനകളില്‍ പ്രധാനമാണ്‌. അതുകൊണ്ടാകണം കലപ്പയും ഹാരോയും ഉള്ള മില്ലേയുടെ ഒരു ചിത്രത്തെ വാന്‍ ഗോഗ്‌ പുനസൃഷ്ടിച്ചത്‌. അരിവാളുമായി ഒരാള്‍(Man with a sickle) പോലുള്ള ചിത്രങ്ങള്‍ ഈ പ്രവണതയെ കൂടുതല്‍ വിശദീകരിക്കും. ഒരു പ്രകൃതി ചിത്രകാരന്‍ എന്ന പൊതു ധാരണയാണ്‌ കാര്‍ഷികോപകരണങ്ങള്‍ കേന്ദ്രപ്രമേയമായ ചിത്രങ്ങളില്‍ മാറിമറിയുന്നത്‌.


കളപ്പുരകളും കര്‍ഷക സ്ത്രീകളും

കേരളത്തില്‍ കളപ്പുരകള്‍ ഉണ്ടായിരുന്നത്‌ ഫ്യൂഡല്‍ കാലത്താണ്‌. ആധുനികത വന്നതോടെ ഞാറ്റുപുരകളില്‍ വാടകക്കാര്‍ വന്നു. മലയാളിക്ക്‌ ഇന്ന് ഫാംഹൗസ്‌ അവധിക്കാല വസതിയാണ്‌. വാന്‍ ഗോഗിന്റെ പെയിന്റിംഗുകളില്‍ വീടുകളെക്കാള്‍ ഏറെയുള്ളത്‌ കളപ്പുരകളാണ്‌. ചരിഞ്ഞ മേല്‍ക്കൂരകളുള്ള ലളിതമായ എടുപ്പുകള്‍ 'Fam house at darkness'ലേതുപോലെ ചിലപ്പോള്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നു. മറ്റു ചിലപ്പോള്‍ മെതിച്ച കറ്റകള്‍ ചിതറിക്കിടക്കുന്ന പരിസരങ്ങളുള്ള എടുപ്പുകളുടെ ഒരു നിര. 'Cottage with peasant coming home' എന്ന ചിത്രത്തില്‍ കാണും പോലെ വീടൊരു കുടില്‍.

വാന്‍ ഗോഗ്‌ കൃഷിക്കാരെ വരയ്ക്കുന്നത്‌ അവസാനിപ്പിച്ച്‌ ഫ്രാന്‍സിന്റെ മേല്‍ക്കൂരകള്‍ വരച്ച കാലത്താണ്‌ സങ്കീര്‍ണ്ണമായ വാസ്തുരൂപങ്ങള്‍ കാണുന്നത്‌. കലാപ്രവണതകളോടും അതിന്റെ നിബന്ധനകളോടും രാത്രി വൈകിയും വഴക്കടിച്ച നിശാക്ലബുകളുടെ അകങ്ങളുടെ വിശദാംശങ്ങള്‍ അദ്ദേഹം വരച്ചിട്ടുണ്ട്‌. സ്വന്തം മുറിയുടേയും. എന്നാല്‍ നിറങ്ങളില്‍ പ്രകാശം നിറച്ച്‌ പൂക്കളും ശലഭങ്ങളും പഴങ്ങളും പച്ചക്കറികളും വരയ്ക്കുന്ന നിശ്ചല ജീവിതം വാന്‍ ഗോഗിന്‌ ദുസ്സഹമായി.ഇമ്പ്രഷനിസ്റ്റുകളെ ഫ്രാന്‍സിലെ ജപ്പാനികള്‍ എനു പരിഹസിച്ച വാന്‍ ഗോഗ്‌ പച്ചയിലും മഞ്ഞയിലും നിന്നുകൊണ്ട്‌ പിന്നെയും കളപ്പുരകള്‍ കണ്ടു.


നൂല്‍നൂല്‍ക്കുകയും തുന്നുകയും അടുപ്പെരിയ്ക്കുകയും ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങളുണ്ടെങ്കിലും പൊതുവില്‍ വാന്‍ ഗോഗിന്റെ കലയില്‍ സ്ത്രീലോകം വീടിനു പുറത്താണ്‌. ഉരുക്കളെപ്പോലെ പുരുഷനെ കൃഷിയില്‍ സഹായിക്കുന്നവര്‍ എന്ന നിലയിലല്ല അത്‌. 'Peasant couple going to work, Potato planting' തുടങ്ങിയ പെയിന്റിംഗുകളില്‍ പുരുഷനോടൊപ്പം പണിക്കു പോകുന്നതിന്റേയും അദ്ധ്വാനിക്കുന്നതിന്റേയും കാഴ്ചകളാണുള്ളതെങ്കില്‍ സ്ത്രീകള്‍ ഒറ്റയ്ക്കും കൂട്ടായും കാര്‍ഷിക ജോലികള്‍ ചെയ്യുന്നതിന്റെ നിരവധി രചനകളുണ്ട്‌. ഒലിവു തോട്ടങ്ങളില്‍ കായ്‌ പറിക്കുന്ന സ്ത്രീകളുടേയും ഉരുളക്കിഴങ്ങ്‌ കൃഷിയില്‍ ഏര്‍പെട്ടവരുടേയും പെയിന്റിംഗുകളില്‍ നിന്ന് വ്യത്യസ്തമാണ്‌ മഞ്ഞുമൂടിയ പാടത്തെ രണ്ടു കര്‍ഷക സ്ത്രീകള്‍
 


മഞ്ഞ്‌ മണ്ണുപോലെ പെട്ടെന്ന് ഇളക്കി മാറ്റാനാവില്ല. കൃഷിസ്ഥലത്തു നിന്ന് സ്ത്രീകള്‍ കോരി മാറ്റുന്ന മഞ്ഞ്‌ അവരുടെ യാതനാഭരിതമായ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു രൂപകമാണ്‌. സ്ത്രീ പ്രകൃതിയാണെന്ന പരമ്പരാഗത സങ്കല്‍പത്തില്‍ പൂര്‍ണ്ണമായും പുരുഷന്‌ കീഴ്‌പെടുന്നത്‌ എന്നൊരംശമുണ്ട്‌. എന്നാല്‍ വാന്‍ ഗോഗിന്റെ കലയില്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ സ്ത്രീകള്‍ പ്രകൃതിയുടെ ഭാഗമാകുന്നത്‌. അങ്ങനെയവര്‍ പുരുഷനൊപ്പം പ്രകൃതിയെ പകുക്കുന്നു. ചിലപ്പോള്‍ ഒറ്റയ്ക്കും കൂട്ടായും.


തുടരും.


 

comments