എഡിറ്റോറിയല്‍

കര്‍ഷകരുടെ
ജഢങ്ങള്‍
ചങ്ങാടമാക്കുമ്പോള്‍

 

 


ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളോടും അവരുടെ പ്രശ്നങ്ങളോടും പ്രത്യേക പ്രതിപത്തിയുള്ള ഒരു രാഷ്ട്രീയ നേതാവല്ല ശരത്‌ പവാര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹം ഇന്നേവരെ ആരുടെ താല്‍പര്യം സംരക്ഷിക്കാന്‍ നിലകൊണ്ടു, എങ്ങനെയെല്ലാം പ്രവര്‍ത്തിച്ചു എന്നത്‌ പകല്‍ പോലെ വ്യക്തമാണ്‌. അദ്ദേഹത്തിന്റെ ബോംബെ പാര്‍ട്ടി ഭരണപങ്കാളിയായ മഹാരാഷ്ട്രയില്‍ കര്‍ഷകാത്മഹത്യകളുടെ തോത്‌ കേരളത്തിലുള്ളതിനേക്കാള്‍ പലമടങ്ങു കൂടുതലാണ്‌.അവിടെ കേന്ദ്രസര്‍ക്കാരിന്റെ ചില കാര്‍ഷിക പാക്കേജുകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്‌ എന്നല്ലാതെ പ്രശ്നപരിഹാരങ്ങളുടെ വഴി തുറന്നിട്ടില്ല. ഇന്നും മറാത്ത കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു.

കേരളമുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന വലിയൊരു സംഘം ദില്ലിയില്‍ ചെന്ന് പ്രധാനമന്ത്രിയേയും ശരത്‌പവാര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരേയും കണ്ട്‌ കേരളത്തിലെ പ്രശ്നങ്ങള്‍ വിശദീകരിക്കുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തു. കര്‍ഷകാത്മഹത്യകളുടെ കാരണങ്ങള്‍ തേടി നിരവധി ഉദ്യോഗസ്ഥസംഘങ്ങള്‍ കേരളത്തില്‍ വന്ന് കര്‍ഷകരേയും ജനപ്രതിനിധികളെയും കണ്ട്‌, കാര്യങ്ങള്‍ പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കി. ഒരു ജനാധിപത്യ സര്‍ക്കാര്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്വപൂര്‍ണ്ണമായ നടപടികളൊന്നും കേരളത്തിന്റെ കാര്യത്തില്‍ കേന്ദ്രഭരണകൂടം സ്വീകരിച്ചില്ല. ഇതിനെതിരേ പ്രതിഷേധം വ്യാപകമാകുമ്പോഴാണ്‌ കൃഷിമന്ത്രി ശരത്‌പവാര്‍ കേരളത്തിന്റെ കാര്‍ഷികപ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ ഏതാനും ദിവസത്തെ സന്ദര്‍ശനത്തിന്‌ തയ്യാറാകുന്നത്‌. വിവിധ ജില്ലകളില്‍ അദ്ദേഹം കര്‍ഷകരേയും ജനപ്രതിനിധികളേയും നേരിട്ടു കണ്ട്‌ ചര്‍ച്ച നടത്തി. സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ പ്രതീക്ഷിക്കപ്പെട്ടപോലെ പവാര്‍ കേരളത്തിന്‌ ഒരുറപ്പും നല്‍കിയില്ല. ഒരു സഹായവും പ്രഖ്യാപിച്ചില്ല. കാര്യങ്ങള്‍ പഠിക്കാന്‍ അദ്ദേഹത്തിന്‌ ഇനിയും ഒരു മാസം വേണ്ടി വരും.

കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച നിവേദനങ്ങളുടെയും ഉദ്യോഗസ്ഥ സംഘങ്ങളുടെ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ കേരളത്തിലെ കാര്‍ഷികപ്രശ്നങ്ങളെ മുന്‍ നിര്‍ത്തി ഗവേഷണ പ്രബന്ധം ഉണ്ടാക്കുന്നതെന്തിനാണ്‌? ഇന്ത്യയിലെ കര്‍ഷകാത്മഹത്യകളുടെ കാരണങ്ങള്‍ അറിയാന്‍ പവാര്‍ ഉറക്കമൊഴിക്കേണ്ടതില്ല. ജന്മനാട്ടിലെ അനുഭവങ്ങളിലേയ്ക്ക്‌ കണ്ണുതുറന്നാല്‍ മതി.

ഇന്നേവരെ ഇന്ത്യാമഹാരാജ്യം ഭരിച്ച ഒരു ക്യാബിനറ്റ്‌ മന്ത്രിയും ഒരു പ്രശ്നത്തെ മുന്നിര്‍ത്തി ഇങ്ങനെയൊരു ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചിട്ടില്ല. ഇതിന്റെ കൃത്യമായ പ്രേരണകള്‍ അന്വേഷിക്കുമ്പോള്‍ കേരളസര്‍ക്കാരിനെ കൊണ്ട്‌ വേദിയൊരുക്കി പവാര്‍ജി കളിച്ച മൂന്നാംകിട രാഷ്ട്രീയ നടകത്തിന്റെ രംഗങ്ങളാണ്‌ തെളിയുന്നത്‌.

പവാര്‍ എന്നൊരു പുലിയുണ്ടെന്നും അദ്ദേഹം ഇന്ത്യാമഹാരാജ്യത്തിലെ കൃഷിമന്ത്രിയാണെന്നും അദ്ദേഹത്തിന്‌ എന്‍.സി.പി. എന്ന സ്വന്തം പ്രസ്ഥാനം ഉണ്ടെന്നും അറിഞ്ഞിട്ടില്ലാത്ത മലയാളികള്‍ക്ക്‌ അറിയിച്ച്‌ കൊടുക്കുക. അതിനായ്‌ കേരളത്തിലെ മന്ത്രിമാരുടെയും മാധ്യമസംഘങ്ങളുടെയും അകമ്പടിയില്‍ ഒരു വമ്പന്‍ പ്രചരണം സാധ്യമാക്കുക. കേരള രാഷ്ട്രീയത്തിലെ ഭീഷ്‌മാചാര്യന്‍ എന്‍.സി.പി.യില്‍ ലയിക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള ഒരു ഓളം ഉണ്ടാക്കാന്‍, കേരളം മുഴുവന്‍ ദു:ഖിക്കുകയും രോഷം കൊള്ളുകയും ചെയ്യുന്ന കര്‍ഷകാത്മഹത്യ പോലൊരു പ്രശ്നത്തെ ഉപയോഗിക്കുക. അതുകൊണ്ട്‌ പവാര്‍ജി പകല്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ കേട്ടു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകളെ കണ്ടു. രാത്രി സുഖവാസകേന്ദ്രങ്ങളില്‍ ലയനത്തിന്റെ രഹസ്യചര്‍ച്ചകള്‍ നടത്തി. അത്‌ മണത്ത്‌ എത്തിയ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ വേണ്ട രീതിയില്‍ ശകാരിച്ചു.

എന്തുകൊണ്ടാണ്‌ പവാര്‍ ഇങ്ങനെയൊരു റോഡ്ഷോയ്ക്കു ശേഷവും കേരളത്തിന്‌ ഒരുറപ്പും നല്‍കാതെ പോയത്‌? അത്‌ മറ്റൊരു കളിയാണ്‌. 'ഭീഷ്മാചാര്യനും' മകനും വീട്ടുജോലിക്കാരും ലയിച്ചു വരുന്ന ഇപ്പോഴത്തെ എന്‍.സി.പി. എന്ന ബാലുശ്ശേരി പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ വേണ്ടി കേരളത്തിനൊരു കാര്‍ഷിക പാക്കേജ്‌ എന്ന വാഗ്ദാനം മുന്‍ നിര്‍ത്തി വിലപേശുക. കാര്യങ്ങള്‍ പഠിക്കാന്‍ ഇനിയും ഒരു മാസം വേണമെന്ന് പറഞ്ഞതിന്റെ പൊരുള്‍ അതാണ്‌.

ഇനി അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ മലയാളിസ്നേഹം ശ്രദ്ധിക്കുക. എയര്‍ ഇന്ത്യ ഗള്‍ഫ്‌ യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്ന ഇന്ത്യന്‍ പാര്‍ലമന്റ്‌ അംഗങ്ങളുടെ നിവേദനങ്ങളെ ചവറ്റുകൊട്ടയില്‍ തള്ളി, പ്രതിഷേധത്തെ അവഗണിക്കുന്ന കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ കേന്ദ്രമന്ത്രിസഭയിലെ പവാര്‍ രണ്ടാമനാണ്‌. കേരള സര്‍ക്കാര്‍ സ്വന്തം വിമാനക്കമ്പനി തുടങ്ങാന്‍ തീരുമാനവുമായി മുന്നോട്ട്‌ പോയപ്പോള്‍ അതിനെതിരേ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ആളാണ്‌ ബോംബെക്കാരനായ എന്‍.സി.പി. നേതാവ്‌ പ്രഫുല്‍ പട്ടേല്‍.

അയ്യായിരം കോടി കാര്‍ഷികപാക്കേജ്‌ ആവശ്യപ്പെടുമ്പോള്‍ രണ്ടായിരം കോടി എങ്കിലും ലഭ്യമാക്കുമെങ്കില്‍ എന്‍.സി.പി.മുന്നണിയില്‍ തുടരട്ടെ എന്ന് ഇടതുപക്ഷം കണ്ണടയ്ക്കുമെന്ന് കണക്കുകൂട്ടുന്നു.എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എന്‍.സി.പി.ക്കാരനായ ശരത്‌പവാര്‍ അല്ല. മന്മോഹന്‍സിംഗ്‌ ആണെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്‌. പവാര്‍ പാക്കേജിനെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി, രമേശ്‌ ചെന്നിത്തല തുടങ്ങിയവരൊക്കെ ഒരുങ്ങിക്കഴിഞ്ഞു.

കേരളത്തിലെ കര്‍ഷകാത്മഹത്യകളെ രാഷ്ട്രീയക്കളികള്‍ക്ക്‌ ആയുധമാക്കുന്നത്‌ അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്‌. നേരെമറിച്ച്‌ പവാര്‍ നടത്തിയത്‌ ആത്മാര്‍ഥത നിറഞ്ഞ ശ്രമമാണെങ്കില്‍ ഇന്ത്യയിലെ കൃഷിമന്ത്രി എന്ന നിലയില്‍ അത്‌ നടപടികളിലൂടെ അദ്ദേഹം തെളിയിക്കേണ്ടതുണ്ട്‌. മുങ്ങിത്താഴുന്ന ഭീഷ്മാചാര്യന്മാര്‍ കര്‍ഷകരുടെ ജഢങ്ങളെ ചേര്‍ത്തുകെട്ടി ചങ്ങാടമാക്കുന്നത്‌ ബീഭല്‍സമായ കാഴ്ചയാണ്‌. ആചാര്യന്മാര്‍ ശവശരീരങ്ങളോട്‌ ചോദിക്കട്ടെ, ആത്മഹത്യയിലും ഒരന്തസ്സുണ്ടെന്ന് അവ പറയും.

 

comments