സംഭാഷണം

പെണ്ണും പറവയും


പ്രസിദ്ധ ജോര്‍ദാനിയന്‍ ശില്‍പിയും കവിയുമായ മോന സവൂദിയുമായി അങ്ക മയൊ നടത്തിയ സംഭാഷണത്തില്‍ നിന്ന്.

 


? കല അതിജീവനത്തിന്റെ മാര്‍ഗ്ഗമാണെന്ന് എപ്പോഴാണ്‌ തിരിച്ചറിഞ്ഞത്‌?

= വളരെ ചെറുപ്രായത്തിലേ ഉള്ള ഒരു സ്വപ്നം പോലെയാണ്‌ അത്‌. ഭൂമിയില്‍ എനിക്കനുവദിക്കപ്പെട്ട ചുരുങ്ങിയ സമയത്തിനുള്ളില്‍ നിലനില്‍ക്കുന്നതെന്തെങ്കിലും സൃഷ്ടിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ ചിന്തയുമായി ഞാന്‍ വരയ്ക്കാനും കവിത എഴുതാനും ശില്‍പങ്ങള്‍ ഉണ്ടാക്കാനും തുടങ്ങി. പാരീസിലേക്ക്‌ പോകുന്നത്‌, അവിടെ കലയുടെ അല്‍ഭുതലോകം കണ്ടെത്തുന്നത്‌ ഞാന്‍ വര്‍ഷങ്ങളോളം ഭാവന ചെയ്തിരുന്നു. പതിനഞ്ചാമത്തെ വയസ്സില്‍ ജോര്‍ദാനിയന്‍ പെയിന്ററായ മഹന ദുറായുടെ സ്റ്റുഡിയോയില്‍ പരിശീലനം തുടങ്ങി. ഒരു വര്‍ഷം കഴിഞ്ഞ്‌ എന്റെ ആദ്യ ബെയ്‌റൂട്ട്‌ സന്ദര്‍ശനത്തില്‍ തന്നെ ആധുനികരായ ശീല്‍പികളേയും കലാകാരന്മാരേയും പരിചയപ്പെടാനുള്ള അവസരമുണ്ടായി. സ്വപ്ന സാക്ഷാല്‍കാരത്തിനായി ഞാന്‍ പാരീസിലെ ഫൈന്‍ ആര്‍ട്‌സ്‌ അക്കാഡമിയിലെത്തി. കലയുടെ നഗരത്തിന്റെ ജീവവായു ശ്വസിച്ചു.


? തുടക്കം മുതല്‍ തന്നെ താങ്കള്‍ പ്ലാസ്റ്റിക്‌ ആര്‍ട്ടിനെക്കാള്‍ ശില്‍പകലയില്‍ താല്‍പര്യമെടുത്തു. താങ്കളുടെ മറ്റ്‌ ആവിഷ്കാര മാധ്യമങ്ങളും ശില്‍പകലയുടെ ത്രിമാനവും തമ്മില്‍ എങ്ങനെ ബന്ധപ്പെടുന്നു?

= കലയുടെ ഏതെങ്കിലും രൂപം മറ്റൊന്നിനെ ഒഴിവാക്കുന്നില്ലെങ്കിലും ശില്‍പവേല കഴിഞ്ഞ മുപ്പതിലേറെ വര്‍ഷങ്ങളായി എന്റെ ജീവിതവഴിയായി തുടരുന്നു. ചിലപ്പോള്‍ ഇഷ്ടകവികളായ മഹ്മൂദ്‌ ദര്‍വേശിന്റെയും അഡോണിസിന്റെയും കവിതകള്‍ക്ക്‌ ഞാന്‍ ചിത്രങ്ങള്‍ വരയ്ക്കുന്നു. എന്റെ ചില പ്രദര്‍ശനങ്ങളില്‍ ശില്‍പങ്ങള്‍ക്കൊപ്പം അഡോണിസിന്റെ കവിതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ രചിച്ച ചിത്രങ്ങളും ഉള്‍പ്പ്പെടുത്തിയിരുന്നു. അത്തരം രചനകളുടെ കാലിഗ്രാഫി പശ്ചാത്തലം കവിതകളെ വിശദീകരിക്കാനോ ഇല്ലസ്ട്രേറ്റ്‌ ചെയ്യാനോ ഉദ്ദേശിച്ചുള്ളവയല്ല. എന്നാല്‍ ആ കവിതകളിലൂടെ രൂപങ്ങളുമായി ഞാനൊരു പുതിയ ബന്ധം കണ്ടെത്തുന്നു, സ്ഥാപിച്ചെടുക്കുന്നു. ആവിഷ്കാരത്തിനുപയോഗിക്കുന്ന അസംസ്‌കൃതവസ്തു എന്തായാലും ഇത്തരം പുതിയ കലാപരിശ്രമങ്ങളുമായി തുടരുക എന്നത്‌ അതിയായ ആനന്ദം തരുന്നു. കല ജീവിതത്തെ മഹത്വവല്‍കരികുന്നു. ഇന്നിന്‌ ഒരു അസ്ഥിത്വം തരുന്നു.

? ഏറ്റവും പ്രയാസമേറിയ ഒന്നായിരിക്കെ ശിലയെ പ്രധാന മാധ്യമമാക്കിയത്‌ എന്തുകൊണ്ട്‌?

= വിദ്യാര്‍ത്ഥി ആയിരിക്കെ പ്ലാസ്റ്ററും കളിമണ്ണും ഉപയോഗിച്ചിരുന്നു. എന്നാല്‍ ഞാന്‍ അന്വേഷിക്കുന്ന രൂപങ്ങള്‍ ശിലകള്‍ക്കുള്ളില്‍ തന്നെ ഉണ്ടെന്നതാണ്‌ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്‌. ആദ്യ ശില്‍പം പൂര്‍ത്തിയാക്കിയതുമുതല്‍ ഞാന്‍ ഈ സാദ്ധ്യതയെ പിന്തുടരുകയാണ്‌ ചെയ്തിട്ടുള്ളത്‌. ആധുനിക കലാ പരീക്ഷണങ്ങളെ ആദരിക്കുന്നുണ്ടെങ്കിലും സാധാരണ വസ്തുക്കളെ, അല്ലെങ്കില്‍ പാഴ്‌വസ്തുക്കളെ മധ്യമമാക്കാനുള്ള ആഗ്രഹമുണ്ടായിട്ടില്ല. ഞാന്‍ എല്ലായ്‌പ്പോഴും എന്റെ ഉള്‍പ്രേരണകളെ പിന്തുടര്‍ന്ന് പഴയ ക്ലാസിക്‌ വഴിയില്‍ തുടരുന്നു.

 



? മാര്‍ബിള്‍ ബ്ലോക്കിനുള്ളില്‍ ശില്‍പം ജീവനോടെയുണ്ടെന്ന് മൈക്കല്‍ ആഞ്ചലോ വിശ്വസിച്ചിരുന്നു. ആ അശയതലം താങ്കളും പിന്തുടരുകയാണെന്ന് തോന്നുന്നു.

= ശരിയാണ്‌. ശിലകള്‍ക്കുള്ളില്‍ അനന്തരൂപങ്ങളുടെ ജീവിതമുണ്ട്‌. അവയെ പുറത്തുകൊണ്ടുവരാന്‍ അധികമുള്ളത്‌, അനാവശ്യമായത്‌ ശില്‍പി കൊത്തിക്കളയുന്നു. അത്‌ ഏറെ പ്രയാസമുള്ള, മാസങ്ങള്‍ വേണ്ടി വരുന്ന ഒരു പ്രക്രിയയാണ്‌. ആന്തരികമായ ഒരാവശ്യമാണ്‌ ശില്‍പിയെ ഈ കഠിനപ്രയത്നത്തിലേക്ക്‌ നയിക്കുന്നത്‌. അത്‌ അവസാനം കല്ലില്‍ നിന്ന് ഒരു പുതുരൂപത്തെ പുറത്തു കൊണ്ടു വരുന്നു.

? ഈ ആവശ്യകതാബോധം ഒരു കലാവ്യക്തിത്വത്തില്‍ സഹജമായി ഉള്ളതല്ലേ?

= കഠിനമായി പ്രയത്നിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്‌ ഈ ശക്തിയാണ്‌. അതേ സമയം സൃഷ്ടിയുടെ സ്വാതന്ത്ര്യം തരുന്നതും. വാസ്തവത്തില്‍ ഇതൊരു വൈരുദ്ധ്യത്തിന്റെ ഭാഗമാണ്‌. കൂടുതല്‍ കൂടുതല്‍ രചനകലില്‍ മുഴുകുംതോറും സൃഷ്ടിയെക്കുറിച്ചുള്ള അതൃപ്തിയും വളരും. ഒന്നുമില്ലായ്‌മയില്‍ നിന്ന് ചിലത്‌ നിര്‍മ്മിച്ചെടുക്കുന്നതില്‍ സര്‍ഗ്ഗാത്മകതയുടെ ഒരാനന്ദമുണ്ട്‌. ഓരോ തവണയും ഒരു പുതിയ ശില്‍പം പൂര്‍ത്തിയായിക്കഴിയുമ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി തിരിച്ചറിയുന്നു, രൂപങ്ങളുടെ സാമ്രാജ്യം അലങ്കരിക്കപ്പെട്ടതാണെന്ന്. ഇച്ഛാഭംഗത്തോടെ എല്ലാം ഒന്നേ എന്നു തുടങ്ങുകയല്ലാതെ എന്റെ മുന്നില്‍ മറ്റു വഴികളില്ല. അടുത്ത നിമിഷത്തില്‍ പുതിയ ഒന്ന് പുതിയ രീതിയില്‍ നിര്‍മ്മിക്കുന്നതിന്റെ ആവേശം എന്നില്‍ നിറയുന്നു.

? താങ്കളുടെ രചനകളുടെ കൂട്ടത്തില്‍ ഏറെ പ്രിയപ്പെട്ട, സവിശേഷമായ ഒന്ന്..

= എനിക്ക്‌ ഏറെ പ്രിയപ്പെട്ടതായി, എന്റെ ഹൃദയത്തോട്‌ അടുത്തു നില്‍ക്കുന്നതായി രണ്ടു ശില്‍പങ്ങളുണ്ട്‌. അതുകൊണ്ട്‌ ഞാനവയെ എനിക്കു മാത്രമായി സൂക്ഷിക്കുന്നു. ഒന്ന്, ശിലയിലെ എന്റെ ആദ്യ രചന,'Mother Earth' (1965). ഒരേ സമയം ക്ലിപ്തവും അനന്തവുമായത്‌. എന്റെ എല്ലാ പില്‍ക്കാല രചനകളുടേയും സാരാംശത്തെ അത്‌ സാന്ദ്രമാക്കുകയും വെളിപ്പെടുത്തുകയും ചെയ്യുന്നു. മറ്റൊന്ന്, 1978ല്‍ മകള്‍ ജനിച്ച ശേഷം ചെയ്തത്‌. സ്വാഭാവികമായും'Birth' എന്നു പേരു നല്‍കിയ ശില്‍പം. ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനെ ചുമക്കുന്ന പോലെ ശില്‍പങ്ങളുടെ സൃഷ്ടിക്കും ശാരീരികോര്‍ജ്ജവും പ്രണയവും സമയവും വേണം.

? കലര്‍പ്പില്ലാത്ത രൂപങ്ങളോടുള്ള അഭിരുചി എങ്ങനെയുണ്ടായി?

= ബ്രാന്‌കസിയുടെ സാരാംശത്തില്‍ ശ്രദ്ധയൂന്നുന്ന കലാരീതി എനിക്ക്‌ മാതൃകയാണ്‌. മാത്രമല്ല പുരാതന പൗരസ്ത്യകലയുടെ അമൂര്‍ത്തതകളുടെ കലാപാരമ്പര്യം എന്നിലേക്ക്‌ സംക്രമിച്ചിട്ടുണ്ടെന്ന് കരുതുന്നു. ഈജിപ്റ്റിന്റെ,പുരാതന ഗ്രീക്ക്‌ സുമേരിയന്‍ കലകളുടെയും ഒരു തുടര്‍ച്ച എന്നിലുണ്ട്‌.ഘടനയിലെന്നതിനേക്കാള്‍,അജൈവമായി പ്രകൃതിയെ പുനസൃഷ്ടിക്കുന്നതിലാണ്‌.

? താങ്കളുടെ സ്‌മാരകശില്‍പങ്ങള്‍ അമ്മാന്‍ നഗരസഭയിലും കെയ്‌റോ ബാങ്കിലും ഇര്‍ബിദിലെ യൂണിവേഴ്‌സിറ്റി ഒഫ്‌ ടെക്‌നോളജിയിലും സ്ഥാപിച്ചിട്ടുള്ളതുപോലെ അമ്മാനിലോ ജോര്‍ദാനിലെ മറ്റു നഗരങ്ങളിലോ ചെയ്യാനുള്ള പദ്ധതികളുണ്ടോ?

= ഇപ്പോള്‍ അത്തരം പദ്ധതികളില്ലെങ്കിലും എന്റെ ഏറ്റവും വലിയ സ്വപ്നങ്ങള്‍ അമ്മാനു വേണ്ടി കൂടുതല്‍ ശില്‍പ്പ്പങ്ങള്‍ ചെയ്യാനുള്ള അവസരങ്ങള്‍ കിട്ടുക എന്നതാണ്‌. പത്തു ശില്‍പ്പ്പങ്ങളുണ്ടെങ്കില്‍ അമ്മാന്‍ വ്യത്യസ്തമായ ഒരു നഗരമായി മാറും.

 

comments