കവിത

ഉമ്മയുടെ ഒസ്യത്തുകള്‍

ഫൗസിയ അബു ഖാലിദ്‌( സൗദി അറേബ്യ)
 

 


ഉമ്മ എനിക്കായ്‌ തന്നത്‌
ഒരു കല്യാണ നെക്ലസ്‌ അല്ല
ഗില്ലറ്റിനുകള്‍ക്കും മേല്‍
ഗോപുരമായ്‌ ഉയരുന്ന
ഒരു കഴുത്ത്‌.

എന്റെ മുഖത്തിന്‌
അലങ്കാരത്തുന്നലുകളുള്ള
ഒരു പര്‍ദ്ദയല്ല
ഞങ്ങളുടെ പുരുഷന്മാരുടെ
അരപ്പട്ടകളിലെ കഠാരകള്‍ പോലെ
തിളങ്ങുന്ന പരുന്തിന്‍ കണ്ണുകള്‍.

ഒരു ഈന്തപ്പന നടാന്‍ മാത്രം
വിസ്‌തൃതിയുള്ള
ഭൂമിയുടെ ഒരു തുണ്ടല്ല
ഫലഭൂയിഷ്ടമായ
അര്‍ദ്ധചന്ദ്രന്റെ
പ്രകൃതിദത്തമായ ഒരു കനി,
എന്റെ ഗര്‍ഭപാത്രം.

അയല്‍പക്കത്തുള്ള
എല്ലാ കുട്ടികളോടുമൊപ്പം
ഉറങ്ങാന്‍ എന്നെ അനുവദിച്ചു.
ഒരു പക്ഷേ എന്റെ യാതനകള്‍
പുതിയ നിഷേധികള്‍ക്ക്‌
ജന്മം നല്‍കിയേക്കാം.

ഉമ്മയുടെ ഭാഗപത്രങ്ങളുടെ
പൊതിക്കെട്ടില്‍
ഏദന്‍ തോട്ടത്തില്‍ നിന്നുള്ള
ഒരു വിത്തുണ്ടാകുമെന്ന്
ഞാന്‍ പ്രതീക്ഷിച്ചു.
ഋതുക്കള്‍ ഉപേക്ഷിച്ചാലും
എനിക്കു ഹൃദയത്തില്‍ പാകി
മുളപ്പിക്കാവുന്നത്‌.

എന്നാലവര്‍
ആരുമറിയാത്തൊരു കുട്ടിയുടെ
പേരു കൊത്തിയ
ഉറയില്ലാത്തൊരു
വാളു തന്നിട്ടു പോയി.

എന്റെ ഉടലിലെ
എല്ലാ സുഷിരങ്ങളും
എല്ലാ വിള്ളലുകളും തുറക്കപ്പെട്ട്‌
ഒരു ഉറയായി.

ഞാന്‍ വാളെന്റെ ഹൃദയത്തിലാഴ്‌ത്തി
ഹൃദയഭിത്തികള്‍ക്ക്‌
അതുള്‍ക്കൊള്ളാനായില്ല

ശ്വാസകോശത്തില്‍
കുത്തിയിറക്കി
അതിന്റെ അറകളിലൊതുങ്ങാതെ
ഞാനത്‌ അരയില്‍ ഞാത്തിയിട്ടു.

ആ ഇടവും പോരാതെ
വാള്‍ തെരുവിലേക്ക്‌ നീണ്ടു
ഔദ്യോഗിക ആഘോഷങ്ങളുടെ
തോരണങ്ങളെ തല്ലിക്കൊഴിച്ച്‌
കീലും താറും ഉഴുതുമറിച്ച്‌
അതു മറ്റൊരു ഋതുവിന്റെ
വരവറിയിച്ചു.

ഉമ്മാ
ഇന്നവര്‍ വന്നു
നിങ്ങളെനിക്കു തന്ന
ഒസ്യത്തുകള്‍ കണ്ടുകെട്ടാന്‍
എന്നാലവര്‍ക്ക്‌
കുട്ടികളുടെ വിരലടയാളങ്ങള്‍
വായിച്ചെടുക്കാനായില്ല.
എന്റെ ഹൃദയധമനികളില്‍ നിന്ന്
അമ്മമാര്‍ ഗര്‍ഭസ്ഥശിശുക്കളെ ഊട്ടുന്ന
പൊക്കിള്‍ക്കൊടികളിലേക്ക്‌ നീളുന്ന
വഴികളിലൂടെ നടക്കാനായില്ല.

അയല്‍പക്കത്തെ കുട്ടികളെ
അവര്‍ വിചാരണയ്ക്കായി പിടിച്ചു
എന്നാലാ കണ്ണുകളിലെ നിഷ്‌കളങ്കതയെ
ശിക്ഷിക്കാനായില്ല.

അവരെന്റെ കീശകള്‍ പരതി
ഉടയാടകള്‍ നീക്കി
തൊലി പൊളിച്ചു നോക്കി
പക്ഷേ എന്റെ മാറത്തെ
ഇണപ്രാവുകളുടെ
തിളങ്ങുന്ന പട്ടുനാടകള്‍ കൊണ്ടുള്ള
കൂട്ടിലേക്ക്‌
അവര്‍ക്കു കയ്യെത്തിയില്ല.

(ആധുനിക അറബ്‌ കവികളില്‍ പ്രശസ്തയായ ഫൗസിയ 1955ല്‍ റിയാദിലെ ബദൂവിയന്‍ കുടുംബത്തില്‍ ജനിച്ചു. ബെയ്‌റൂട്ടില്‍ പഠനം. 1973ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കവിതാസമാഹാരത്തിലൂടെ അറബ്‌ ലോകത്ത്‌ ശ്രദ്ധ നേടി.)
 

comments