രൂപങ്ങള്‍ക്കും
അക്ഷരങ്ങള്‍ക്കും നടുവില്‍
സ്ത്രീ കപ്പ് തലകീഴായി വച്ചു
അവള്‍ മുറിയിലെ വെളിച്ചം കെടുത്തി
ഒരു മെഴുകുതിരി മാത്രം എരിയുന്നുണ്ടായിരുന്നു
അവള്‍ കപ്പില്‍ വിരലുകള്‍ വെച്ച് മന്ത്രിച്ചു:
'അല്ലയോ ആത്മാവേ,
നീ കേള്‍ക്കുന്നുണ്ടെങ്കില്‍
അതേ എന്നു പറയുക.'
കപ്പ് വലതു വശത്തേക്ക് നീങ്ങി
സ്ത്രീ ചോദിച്ചു:'നീ രക്തസാക്ഷിയായ
എന്റെ ഭര്‍ത്താവിന്റെ ആത്മാവാണോ?'
കപ്പ് വലത്തോട്ട് നീങ്ങി- 'അതെ'.
അവള്‍ ചോദിച്ചു: 'നീ ഇത്ര പെട്ടെന്ന്
എന്താണ് എന്നെ ഉപേക്ഷിച്ചു പോയത്?'
'എനിക്കൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല',
ഈ വാക്കുകളിലൂടെ കപ്പ് ചലിച്ചു.
അവള്‍ ചോദിച്ചു: 'നീ എന്താണ്
രക്ഷപെടാതിരുന്നത്?'
കപ്പ് നീങ്ങി- ' ഞാന്‍ ശ്രമിച്ചു.'
അവള്‍: അപ്പോള്‍ നീ
എങ്ങനെയാണ് കൊല്ലപ്പെട്ടത്?'
കപ്പ് നീങ്ങി- 'പിന്നില്‍ നിന്ന്'.
അവള്‍: 'ഈ ഏകാന്തതയുമായി
ഞാന്‍ എന്തു ചെയ്യും?'
കപ്പ് അനങ്ങിയില്ല.
അവള്‍: 'നീ എന്നെ സ്നേഹിക്കുന്നുണ്ടോ?'
പാത്രം വലത്തേക്ക് നീങ്ങി- 'ഉണ്ട്.'
അവള്‍: 'ഞാന്‍ നിന്നെ
ഇവിടെ സൂക്ഷിച്ചോട്ടേ?'
അത് ഇടത്തേക്ക് നീങ്ങി- 'പറ്റില്ല.'
അവള്‍: 'എനിക്ക് നിന്നോടൊപ്പം വരാമോ?'
കപ്പ് ചലിച്ചു-'ഇല്ല.'
അവള്‍: "നമ്മുടെ ജീവിതം മാറുമോ?'
അത് വലത്തേക്ക് നീങ്ങി.
അവള്‍: 'എപ്പോള്‍?'
പാത്രം അനങ്ങി- '1996ല്‍'.

അവള്‍:'നിനക്ക് കുഴപ്പമൊന്നുമില്ലല്ലൊ?'
കപ്പ് സാവധാനം വലത്തേക്ക് നീങ്ങി.
അവള്‍: 'നിനക്കെന്ത് ഉപദേശമാണ് തരാനുള്ളത്?'
കപ്പ് നീങ്ങി- 'രക്ഷപെടുക.'
അവള്‍: 'എവിടേക്ക്?'
പാത്രം അനങ്ങിയില്ല.
അവള്‍: 'നമുക്കിനിയും
മഹാദുരന്തങ്ങളുണ്ടാകുമോ?'
കപ്പ് അനങ്ങിയില്ല
അവള്‍: 'എന്താണ് നിന്റെ ഒസ്യത്ത്?'
അര്‍ത്ഥമില്ലാത്തൊരു വാചകത്തിലേക്ക്
കപ്പ് നീങ്ങി.
അവള്‍:'നീയെന്റെ ചോദ്യങ്ങള്‍ കൊണ്ട് തളര്‍ന്നോ?'
കപ്പ് ഇടത്തേക്ക് നീങ്ങി.
അവള്‍:'എനിക്കിനിയും ചോദിക്കാമോ?'
സ്ത്രീ കുറച്ചു നേരത്തെ
മൗനത്തിനു ശേഷം പറഞ്ഞു:
'അല്ലയോ ആത്മാവേ,
നീ ശാന്തമായി പൊയ്ക്കൊള്ളുക.'
അവള്‍ കപ്പ് നിവര്‍ത്തി വെച്ചു
മെഴുകുതിരി ഊതിക്കെടുത്തി
പിന്നെ അവളുടെ മകനെ വിളിച്ചു
അവന്‍ നിറയെ തുളകള്‍ വീണ
ഒരു ഹെല്‍മെറ്റ് കൊണ്ട്
ഉദ്യാനത്തിലെ പ്രാണികളെ പിടിക്കുകയായിരുന്നു.
(1965ല്‍ ബാഗ്‌ദാദില്‍ ജനിച്ചു. ഇംഗ്ലിഷ്
സാഹിത്യത്തില്‍ ബിരുദം. പൗരസ്ത്യ പഠനത്തില്‍ ബിരുദാനന്തര ബിരുദം. മൂന്ന്
കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ ഇറാഖില്‍ അദ്ധ്യാപിക.)
comments