കവിത

കറുത്ത മെഴുകുതുള്ളികള്‍

അബ്ദുള്ള സ്രേക ( മൊറോക്കോ)
 

 



1

അതുകൊണ്ട്‌
ഇരുട്ടിനെ പ്രകാശിപ്പിക്കാന്‍
ഞാന്‍ മെഴുകുതിരി ഊതിക്കെടുത്തി

പ്രകാശത്തില്‍ നിന്ന് വേര്‍പെട്ട
സൂര്യനെ കണ്ടു.

വാതിലുകള്‍ കണ്ടെങ്കിലും
ഒരു ഭൂപ്രദേശവും കാണാനായില്ല.

ശവശരീരങ്ങളിലിഴഞ്ഞ
പുഴുക്കളില്‍ നിന്ന്
സാവധാനം
ചിത്രശലഭങ്ങള്‍ പുറത്തു വന്നു.

മറ്റൊരുവന്റെ മുഖം
എന്നിലൊട്ടിച്ചു വെച്ചതാണ്‌
എന്റെ മുഖമെന്ന്
ഞാന്‍ ഭയന്നു.

കാല്‍ക്കീഴില്‍ തേളുകളെ കണ്ട്‌
ഭയന്നു വിറച്ചു.

വെള്ളത്തിന്റെ അടുത്തെത്തിയപ്പോള്‍
മണ്ണില്‍ ഞാനൊരു വായ തിരഞ്ഞു.

ആമയുടെ പുറന്തോടു പോലുള്ള
ഭൂമിയല്ലാതെ
ഒന്നും കണ്ടില്ല.

സ്വര്‍ഗ്ഗത്തില്‍ അവശേഷിക്കുന്നത്‌
നരകം മാത്രമാണെന്ന്
ഞാന്‍ നിലവിളിച്ചു.

പറുദീസ മാഞ്ഞു പോയേക്കാം
തീ ബാക്കിയാവും.

ഞാന്‍ അപ്രത്യക്ഷനായപ്പോള്‍
എന്റെ കൈ മാത്രം ശേഷിച്ചു.

തിരികെ വന്നപ്പോള്‍
എന്റെ വിരലുകള്‍
തീനാവുകളായിക്കഴിഞ്ഞിരുന്നു.

ഞാന്‍ പറഞ്ഞു,
രാത്രിക്കെന്നോട്‌
പകലിനേക്കാള്‍ ദയവുണ്ടെന്ന്
നിങ്ങളറിഞ്ഞിരുന്നെങ്കില്‍!

ഞാനില്ലാതെയായേക്കാം
പക്ഷേ
എന്റെ പാനപാത്രം- ഒരിക്കലും.

പിന്നെ ഞാന്‍ പാടി
എന്റെ പദമേ, പദമേ,
ആനന്ദത്തിന്റെ ഈരടികളേ..

സ്ത്രീ കടന്നുവന്നപ്പോള്‍
ഞാന്‍ മെഴുകുതിരി ഊതിക്കെടുത്തി
ഉറക്കെ പറഞ്ഞു,
നിങ്ങളുടെ ഭാഷ മറന്നേക്കുക
നാവ്‌ ഒരു പുതുമൊഴി രുചിക്കട്ടെ.

എന്നെ ഒരിക്കലും
നഗ്നനായി കണ്ടിട്ടില്ലാത്ത
സൂര്യനെക്കുറിച്ച്‌ ചിന്തിച്ചു.

വനത്തില്‍
ഞാന്‍ കാറ്റിനെ കണ്ടു.
പുല്ലാങ്കുഴല്‍ കണ്ടില്ല.

കാറ്റിനോടൊത്ത്‌
പാടരുതെന്ന്
വായുവിലെഴുതി.

(രാത്രി
മുലക്കണ്ണുകളില്‍ മാത്രം കൊത്തുന്ന
പറവകളെ കണ്ടു.)

ഉറുമ്പിനോട്‌ പറഞ്ഞു,
വീട്ടിലേക്ക്‌ പോകരുത്‌
അവിടെ താക്കോല്‍ക്കൂട്ടം കിലുക്കി
തടവറ സൂക്ഷിപ്പുകാരന്‍
കാത്തിരിപ്പുണ്ട്‌.

ജലത്തില്‍
എന്റെ വായില്‍ നിന്ന് ചാടുന്ന
പാമ്പിനെ കണ്ടു.

ഉറക്കത്തില്‍
നിശബ്‌ദതയുടെ കറുപ്പ്‌ കണ്ടു.
കട്ടിക്കറുപ്പ്‌.


2

ഈ ശൂന്യത വറ്റിക്കാന്‍
എനിക്കൊരു പാത്രം തരൂ
ഈ വേര്‍പാട്‌ അളക്കാന്‍
ഒരു കൈയ്യും.

പേക്കിനാവുകള്‍ക്ക്‌
വഴുതിപ്പോകാന്‍
എനിക്കൊരു
ചില്ലുമെത്തയൊരുക്കൂ.

എന്റെ കണ്ണിലേക്ക്‌
ആണിപോലെ
എഴുന്നു നില്‍ക്കാത്ത ഒന്നും
ഞാന്‍ വായിക്കില്ല.

എന്റെ അടുത്തേക്കു വരുന്ന പട്ടിക്ക്‌
കടിച്ചു പറിക്കാന്‍
വിരലുകള്‍ നീട്ടുന്നു.


ഈ വേശ്യയ്ക്ക്‌
അവളുടെ ആഗ്രഹം പോലെ
പിന്തുടരാന്‍
എന്റെ എഴുത്തില്‍
വേണ്ടുവോളം
ഒഴിഞ്ഞ ഇടങ്ങള്‍.

(ഇതൊരു പേനയല്ല
എന്നെ വേട്ടയാടുന്ന
ഈ കവിയെ തകര്‍ക്കാനുള്ള
പിക്കാക്സ്‌)

എന്റെ ശവയാത്രയില്‍
ഉറുമ്പുകള്‍ പങ്കെടുക്കും
എന്റെ കുഴിമാടം
ഉറങ്ങാനിടമില്ലാത്ത
ഒരുത്തനുവേണ്ടി ഒഴിച്ചിടും.

വാക്കുകളിലെ
രാത്രിക്കൊപ്പം വരുന്ന
ഇരുട്ടിനെ കൊളുത്താന്‍
എന്റെ രചനകളില്‍
വേണ്ടുവോളം
ശുഭ്രമായ ഇടങ്ങളുണ്ടാകും.

നിന്റെ വിവാഹദിനത്തിനായി
ഞാനീ വെണ്മ
കരുതിവെക്കും.

( പ്രശസ്ത കവിയും നോവലിസ്റ്റുമായ അബ്ദുള്ള സ്രേക 1953ല്‍ കാസബ്ലാങ്കയില്‍ ജനിച്ചു. അഞ്ച്‌ കവിതാസമാഹാരങ്ങളും രണ്ട്‌ നോവലുകളും. കവിതകള്‍ നിരവധി ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.)

 

comments