കവിത-പഠനം

അധികം മധുരമില്ലാത്ത
ഈന്തപ്പഴങ്ങളുമായി
കോണിപ്പടികളിലൊന്നില്‍
(ഭാഗം രണ്ട്‌)

കരുണാകരന്‍

 

കഴിഞ്ഞ ലക്കം തുടറ്ച്ച്

(ടി.പി. അനില്‍കുമാറിന്റെ കവിതകളെപ്പറ്റി, പുതിയ കവിതയിലെ ചില സന്ദര്‍ഭങ്ങളെപ്പറ്റിയും. ഒലിവ് പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന രണ്ട് അധ്യായങ്ങളുള്ള നഗരം എന്ന കവിതാസമാഹാരത്തിന്റെ അവതാരിക)
 


'ദാഹിക്കുന്നുവെന്ന് വിരലുകള്‍ പറയുമെന്ന്' മനസിലാക്കുന്ന, മിനുസങ്ങള്‍ അതിവേഗം പരിശോധിക്കപ്പെടുകയും ഓരോ ഉത്തരവാദിത്വങ്ങളിലെത്തുകയും ചെയ്യുന്നുവെന്നതാണ്‌, സ്വന്തം സ്വത്വത്തെ നിര്‍വചിക്കുകയോ അസ്ഥാനത്താക്കുകയോ ചെയ്യുന്നുവെന്നതാണ്‌ ഈ യാദൃശ്ചികതയുടെ ഒരു പ്രധാന സ്വഭാവപ്രകടനം. തന്റെ ശരീരത്തില്‍ പിടിച്ച്‌ തന്റെ തന്നെ ആത്മാവിനെ മോന്താന്‍ തുടങ്ങുന്ന, തന്നില്‍ തന്നെ പാര്‍ക്കുന്ന അയാളെ ഉപേക്ഷിക്കാന്‍ പിന്നെ വീട്ടുരുചികള്‍ പാലിക്കുകയോ ഓര്‍മ്മിക്കുകയോ മാത്രമേ നിവൃത്തിയുള്ളൂ. അതാണ്‌ ആ വൈഷമ്യം. തീണ്ടിയ ആത്മാവു പോലെയാണത്‌.

'സ്റ്റാലിനുമായി ഒരഭിമുഖം' എന്ന കവിതയില്‍ ഒരാളുടെ സ്വകാര്യ വാസം ഇങ്ങനെ അടയാളപ്പെടുത്തുന്നുണ്ട്‌. നമുക്ക്‌ സാധാരണയില്‍ കവിഞ്ഞ പരിചയമുള്ള ആ നാമം, സ്റ്റാലിന്‍, അതിനേക്കാള്‍ പരിചയമുള്ള വേറൊരാളോട്‌ ( പ്രേം നസീര്‍) മുട്ടിച്ചത്‌ നമ്മെയും സ്പര്‍ശിക്കുന്നുവെങ്കിലും അ രണ്ടു പേരുകളുടെയും ഭൂതത്തെ കവിത നേരിടുന്നില്ല. എങ്കിലും തീണ്ടിയ ആത്മാവ്‌ വരികളില്‍ അഴികള്‍ക്കു പിന്നില്‍ നിന്നെന്ന പോലെ വിങ്ങുന്നു.

ഈ സമാഹാരത്തിലെ മിക്ക കവിതകളും അങ്ങനെ ഒറ്റയ്ക്കു വന്നു നില്‍ക്കുന്ന ഒരാളെപ്പോലെയാണ്‌.

അകളങ്കമായ ഒന്നിനെക്കുറിച്ചുള്ള ധരണകളോ സ്വപ്നങ്ങളോ ആണ്‌ ഒരു പക്ഷേ അപവിത്രമായി എല്ലാ നീക്കങ്ങളേയും സാധൂകരിക്കുന്നത്‌ എന്നത്‌ ഒരു പഴയ വിശ്വാസമാണ്‌. എന്നാല്‍ എഴുത്തുകാരെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ഇതു മൂല്യങ്ങളുടെ, രുചികളുടെ, അവരുടെ ഭാവനയുടെ തന്നെ ഒരു പകര്‍പ്പും എടുക്കുന്നു. അങ്ങനെയാണ്‌ അവരുടെ കുറേ പ്രമേയങ്ങള്‍ വിവിധ സമയങ്ങളില്‍ വിവിധങ്ങളായ കല്‍പനകളോടെ പലതുമായത്‌. അവരുടെ വംശത്തിന്റെ പാഠാവലിയിലെ കുതിച്ചുചാട്ടങ്ങള്‍, പിന്മടക്കങ്ങള്‍ എല്ലാം ആ ബ്ലൂപ്രിന്റിലുണ്ടാകും. അപ്പോഴും അയാള്‍ തന്റെ തന്നെ സ്വത്വത്തിന്റെ ഏകാന്തതയിലൂടെ അതിന്റെ സ്നേഹത്തോടും ഉപേക്ഷിക്കലോടും കൂടി ആ പ്രമേയങ്ങളുടെയെല്ലാം ഒരു തുടര്‍ച്ചയും ഉണ്ടാക്കുന്നു. ഒരു ഭാഷയുടെ, ഭാവനയുടെ കൂടി തുടര്‍ച്ച.



എഴുപതുകളിലേയും എണ്‍പതുകളിലേയും പ്രധാനപ്പെട്ട കവിതകളില്‍ എല്ലാം ഇങ്ങനെയൊരു തലമുണ്ട്‌. പ്രമേയം എന്ന അര്‍ത്ഥത്തില്‍ ഏകാന്തതയെ ഒരോ കവിയും എങ്ങനെ നേരിട്ടെന്ന രീതികള്‍, ഒരു സമയം അതിന്റെ വേറൊരു വിധിയില്‍ വെച്ച്‌ സാമാന്യമായ പ്രസ്താവം മാത്രമാകുകയും ചെയ്യുന്നു. ഈ രീതിയില്‍ ഏറ്റവും പ്രസസ്തനായ അവതാരകന്‍ എന്ന നിലയില്‍ എ.അയ്യപ്പന്റെ കവിതകള്‍ ശ്രദ്ധിച്ചാല്‍ ഈ നിരീക്ഷണത്തെ നമുക്ക്‌ കുറെക്കൂടി മുമ്പോട്ട്‌ കൊണ്ടുപോകാനാകും.

അയ്യപ്പന്‍ തന്റെ രചനകളെ സാമൂഹികമായ പരിക്കുകളോടെ അവതരിപ്പിച്ച രീതിയെ, കവിതയെത്തന്നെ ക്രമാനുഗതമായി ഒരു തരം വിസ്‌മൃതിയിലേക്കും അടുപ്പിച്ചിരുന്നു. അങ്ങനെ ഏകാന്തതയുടെ ഉപേക്ഷിക്കലിലേക്കും. ആ കവിതകളിലെ ഹതാശമായ ചിത്രപ്പണികള്‍ പോലും എത്ര വാചാലമായിരുന്നു എന്ന് ആലോചിച്ചു നോക്കൂ. അതോടെ യാദൃശ്ചികതയുടേതെന്ന് നാം കണ്ടെത്തുന്ന സര്‍ഗ്ഗാത്മകഭാവന അഴിഞ്ഞ്‌ മാനത്തേക്ക്‌ തുറന്നുവെച്ച ഒരു കൂടുപോലെ ചിറകൊച്ചകള്‍കൊണ്ട്‌ ശബ്ദായമാനമാകുന്നു.

അയ്യപ്പന്റെ കവിതകളില്‍ ഏകാന്തത പ്രമേയമാകുന്നത്‌ അന്യനില്‍ നിന്നുള്ള വേര്‍പെടലിനേക്കാള്‍, ആ വേര്‍പെടലില്‍പോലും അയാളുണ്ടെങ്കിലും, അന്യനോടുള്ള രാഗദ്വേഷ കല്‍പനയായാണ്‌. അതിനാല്‍ അയ്യപ്പനെ ഇനിയും അതേപോലെ പിന്തുടരുക വയ്യ. എന്നാല്‍ ആ കവിതകള്‍ പാര്‍ക്കുന്ന ഇടം, അലയുന്നതല്ല, സന്ദര്‍ശിക്കാതിരിക്കാനും വയ്യ. എന്തെന്നാല്‍, ആ സ്ഥലത്താണ്‌ നമ്മുടെ പുതിയ കവിതയുടെ നല്ല സമയവും ചെലവഴിക്കപ്പെടുന്നത്‌. അനില്‍കുമാറിന്റെ ചില കവിതകളെങ്കിലും ഇങ്ങനെ ചില സന്ദര്‍ഭങ്ങള്‍ ഇയാളുടെ മറ്റു പല സമകാലികരായ കവികളെക്കാള്‍ ഏറെ കണ്ടുമുട്ടുന്നു.

എന്തുകൊണ്ടായിരിക്കുമിത്‌? തീര്‍ച്ചയായും കേരളത്തില്‍ നിന്നുള്ള വേറിട്ടുപാര്‍ക്കല്‍ ഈ കവിക്കും അങ്ങനെയൊരു കാരണമാവില്ല. മലയാള കവിതയുടെ ഏറ്റവും പുതിയ ഒരു കാലത്തെ, അതിന്റെ സര്‍ഗ്ഗവൈഭവത്തോടെ തന്നെ എഴുതാന്‍ ശ്രമിക്കുന്ന ഒരാളെന്ന നിലയ്ക്ക്‌ അനില്‍കുമാര്‍ നമ്മുടെ ശ്രദ്ധ നേരത്തേ തന്നെ വാങ്ങിയ ഒരാളാണ്‌. ഇയാള്‍ക്കും കവിത തന്റെ സ്വത്വത്തിന്റെ തീര്‍ച്ചയും ആ തീര്‍ച്ചയുടെ തന്നെ യാദൃശ്ചികതകളുമാണ്‌. അയ്യപ്പന്റെ രചനകളില്‍ നാം പരിചയപ്പെട്ട ഏകാന്തത ഏറെയും ഈശ്വരസങ്കല്‍പം പോലെ പവിത്രമായൊരു സ്ഥലമാണ്‌. തന്റെ കവിതകളിലെ ഏറ്റവും ദു:ഖഭരിതമായ വരികള്‍ ആ സ്ഥലത്ത്‌ ഒരു പ്രാര്‍ത്ഥനയുടെ സ്വരച്ചിട്ടയോടെ കേള്‍പ്പിക്കുക എന്ന ഒരു കര്‍മ്മം, പുരോഹിതനോ ഭക്തനോ ആയി അയ്യപ്പന്‍ ഏറ്റെടുത്തുവെന്നാകും ആ കവിതയെക്കുറിച്ചുള്ള ഒരു വിമര്‍ശം.

എന്നാല്‍, അനില്‍കുമാറിന്റെ കവിതകളില്‍ നാം മറ്റൊന്നാണ്‌ കാണുക. ഏകാന്തതയുടെ രാവണന്‍ കോട്ടകളില്‍ ഈ കവിതകള്‍ അവയുടെ ജീവിതത്തെ തേടി നടക്കുന്നില്ലെങ്കിലും അതേ നിര്‍മ്മിതികളുടെ ഒച്ചയും പെരുമാറ്റവും കേള്‍പ്പിക്കുന്നു. ആ അന്വേഷണത്തിന്റെ നിരശ്രയമായ ഇടനാഴികളില്‍ ചെന്നു പെടുന്നില്ലെങ്കിലും ആ വഴിയൊച്ചകളില്‍ തന്നെ ഏകാന്തത മുറിയുന്നത്‌ ശ്രദ്ധിക്കുന്നു. അപവിത്രമായ വരികളോടെ തന്റെ ശ്രദ്ധയെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നു.
 


'ഇടിച്ച കാറുകളുടെ
അസ്ഥി വില്‍ക്കും തെരുവില്‍
ഒറ്റയ്ക്കു നടക്കുമ്പോള്‍
തുരുമ്പന്‍ സൈക്കിളിലൊരു
ബംഗാളി പോകുന്നു
പിന്നിലെക്കൊട്ടയില്‍
പണിയിടങ്ങളിലേക്കുള്ള
റൊട്ടിയും മീനും

ധൃതിപ്പെടുമുടലിന്‍
തളര്‍ച്ചയകറ്റുവാന്‍
പാടുന്നത്‌
ആരെക്കുറിച്ചാവും?' ( ഇടിഞ്ഞു വീഴാത്ത വഴി )

ആ ധൃതിപ്പെടും ഉടല്‍ ആരെക്കുറിച്ചു പാടി? ആരെക്കുറിച്ചു പാടി? തന്നെ? അല്ലെങ്കില്‍ മറ്റൊരാളെപ്പറ്റി? ആരെക്കുറിച്ചാവുമ്പോഴും പാട്ട്‌ അയാളുടെ തളര്‍ച്ചയകറ്റുമെങ്കില്‍ ആ പാട്ടെന്താണ്‌? ഈ ആലോചനകള്‍ തന്നെ നമ്മെ മുമ്പോട്ട്‌ കൊണ്ടു പോകുന്നു. കവിതയുടെ ചില വരികള്‍ അയാളുടെ പൂര്‍ണ്ണങ്ങളെന്നു തോന്നുന്ന ജീവിതത്തെ, വിച്ഛിന്നമായ ജീവിതസന്ദര്‍ഭങ്ങളിലേക്ക്‌ പടര്‍ത്തി വിടുന്നു. സ്വന്തം കഥയിലെ ഏകാകിയായ തിമിംഗലത്തെ കാണിച്ചു തരുന്നു. അങ്ങനെ ഏകാന്തത, വേറൊരു ധൈര്യത്തോടെ ദൈവത്തെ ചെളിയിലേക്ക്‌ താഴ്‌ത്തും എന്നു കാത്തു നില്‍ക്കുന്നു.



എന്നാല്‍ വേറൊരു സന്ദര്‍ഭത്തില്‍ അതേ എകാന്തത തന്നെ ദൈവത്തോട്‌ സംസാരിക്കാന്‍ ശ്രമിക്കുന്നു.'NOKIA 3210' എന്ന കവിതയിലേതു പോലെ.

'ദൈവമേ
എനിക്കു മിണ്ടുവാനാവുന്നില്ലല്ലോ
ആരെങ്കിലും ഒന്നു വന്നിരുന്നെങ്കില്‍
ഏകാന്തയുടെ കടലില്‍ നഷ്‌ടപ്പെട്ട
എന്നെ വീണ്ടെടുത്തിരുന്നെങ്കില്‍
ചിപ്പിന്റേയും ബാറ്ററിയുടേയും
ഭാരത്തില്‍ നിന്ന്
മോചിപ്പിച്ചിരുന്നെങ്കില്‍..'

സംവാദങ്ങള്‍, കാത്തിരിപ്പുകള്‍ അവയുടെ അതേ നിമിഷങ്ങളില്‍ ഏകാന്തയുടെ ഉറുമ്പുവരികള്‍ പോലെ നിശ്ശബ്‌ദം നീങ്ങുന്നു എന്നാകുമോ ഈ വരികള്‍ അവ എഴുതിയപ്പോള്‍ കണ്ടുമുട്ടിയത്‌?

തുടരും...
 

comments