മിസ്റ്റര്‍ ജോണ്‍സിന്റെ ശവം
കിടത്തിയ മുറിയിലേക്ക്
ചുവന്ന സ്റ്റെയര്‍കെയ്‌സ്
കയറി ഇഴഞ്ഞു നീങ്ങുന്ന നീണ്ട
ക്യൂ. മഞ്ഞച്ച മുഖങ്ങള്‍
ധരിച്ച മെഴുകുപ്രതിമകളെപ്പോലെയുള്ള
മനുഷ്യര്‍.
ഇടയ്ക്കേതെങ്കിലുമൊരു
സ്ത്രീ കറുത്ത
വസ്ത്രങ്ങളില്‍. കറുത്ത
ബാഡ്ജ് കുത്തിയ ഓഫീസ്
ജീവനക്കാരുടെ
നിരയില്‍
താഴെയൊരു പടിയിലാണ്
രഞ്ജിത്ത് ഇപ്പോള്‍.
സ്ത്രൈണസൗന്ദര്യമുള്ള ഒരു
ചെറുപ്പക്കാരന്‍. ഈ പ്രഭാതം
ഒരു മരണദിവസത്തിനു
യോജിച്ചതാണെന്ന് അയാള്‍
കരുതിയിട്ടുണ്ടാവില്ല.
മോടിയുള്ള വസ്ത്രങ്ങള്‍ക്കു
മീതെ ഒരു തിരുത്തായി കറുത്ത
ബാഡ്ജ്.
പതിഞ്ഞ സ്വരത്തിലുള്ള
പ്രാര്‍ത്ഥന. പുകയുടെ നേരിയ
പടലമുള്ള നീണ്ട ഹാള്‍.
കുരിശിനു മുമ്പില്‍
ശവപ്പെട്ടിയില്‍
പുഷ്പചക്രങ്ങള്‍ക്കു താഴെ
പ്രസക്തിയൊന്നും
തോന്നിക്കാത്ത ഒരു
മൃതദേഹമായി മിസ്റ്റര്‍
ജോണ്‍സ്.
തറയിലിരിക്കുന്ന
സ്ത്രീകളുടെ കൂട്ടം.
ഭിത്തിയില്‍ ചാരി
നിര്‍വികാരയായിരിക്കുന്ന
മിസ്സിസ് നീലിമാ
ജോണ്‍സിന്റെ
അലങ്കാരങ്ങളൊന്നുമില്ലാത്ത
മുഖം. മൂടിപ്പുതച്ച
ആ സ്ത്രീരൂപം ഒരു
ദുര്‍മ്മന്ത്രവാദിനിയുടേതുപോലെയായിരുന്നുവെന്ന്
എന്തുകൊണ്ടോ രഞ്ജിത്തിനു
തോന്നി.

ഓഫീസ് മുറി. രഞ്ജിത്തിന്റെ
ജനാല. പുറത്ത് മരിച്ച
ക്ലോക്‌ക്‍ടവറിന്റെ
ചുവപ്പും മരങ്ങളുടെ
പച്ചപ്പും. രഞ്ജിത്ത്
ടൈപ്പ്‌റൈറ്ററില്‍
വിരലുകളുമായിരിക്കുന്നു.
ഫയലുകള്‍ നിറഞ്ഞ
മേശകള്‍ക്കപ്പുറത്തിരുന്ന്
മഞ്ഞിച്ച നിഴലുകള്‍
സംസാരിക്കുന്നു,
തലയാട്ടുന്നു, ശോകം
പ്രകടിപ്പിക്കുന്നു.
ജീവിതത്തിന്റെ
ക്ഷണികതെക്കുറിച്ചും
മരണത്തിന്റെ
അപ്രതീക്ഷിതത്വത്തെക്കുറിച്ചും
ഉദ്ധരണികള്‍ കോര്‍ത്ത നീണ്ട
വാക്കുകള്‍
ഒഴുകിവരുന്നു.
വാക്കുകളുടെ
കോലാഹലത്തിനെതിരെ,
രഞ്ജിത്തിന്റെ
വിരലുകള്‍
കീബോര്‍ഡില്‍
നിശ്ചലമായിരിക്കുന്നു.
അന്നത്തെ വൈകുന്നേരം തന്നെ.
ക്ലോക്‍ടവറിനു മേല്‍
പോക്കുവെയില്‍ വീണുകിടന്നു.
രഞ്ജിത്തിന്റെ
ടൈപ്പ്‌റൈറ്റര്‍
ചിലച്ചുതുടങ്ങിയിരിക്കുന്നു.
അതിന്റെ ശബ്ദം പുതിയ
സിനിമയെക്കുറിച്ചും
ട്രെയിനിലെ
തിരക്കിനെക്കുറിച്ചും
വിമാനത്താവളത്തിന്റെ
വികസനത്തെക്കുറിച്ചുമുള്ള
സംഭാഷണവുമായി ഇടകലരുന്നു.
പെട്ടെന്നാരോ ചോദിച്ചു:
"ആര്‍ക്കെങ്കിലും പറയാമോ,
മിസ്റ്റര്‍ ജോണ്‍സിന് ഒരു
പുനര്‍ജന്മമുണ്ടെങ്കില്‍
അതെന്തായിരിക്കുമെന്ന്?"
"ഞാന്‍ പറയാം. കറുത്തുകൊഴുത്ത
ഒരു വേട്ടപ്പട്ടി."
കൂടിക്കലര്‍ന്ന ശബ്ദങ്ങളുട
തീമഞ്ഞ നിറമുള്ള
കൂട്ടച്ചിരി വീണു
ജ്വലിക്കുന്നത്
രഞ്ജിത്തിന്റെ നടുക്കത്തിനു
മേലാണ്. അയാളുടെ
മേല്‍ച്ചുണ്ടിനുമേല്‍
വിയര്‍പ്പുതുള്
"ഹയ്യോ. ജോണ്‍സിന്റെ ശേഖരം
കാണേണ്ടതുതന്നെയാണ്.
ലോകത്തുള്ള എല്ലാത്തരം
നായ്ക്കളും അവിടെയുണ്ട്."
"ഇല്ലില്ല. രാജകീയ രക്തമുള്ളവ
മാത്രം."
ഒരു കൂട്ടച്ചിരികൂടി.
ടൈപ്പ്‌റൈറ്റര്‍
കീബോര്‍ഡില്‍
നിശ്ചലമായിരിക്കുന്ന
രഞ്ജിത്തിന്റെ
കൈകളില്‍
വിയര്‍പ്പ്. പതുക്കെ,
വിരലുകള്‍ വീണ്ടും
ചലിക്കാനാരംഭിക്കുന്നു.
ടൈപ്പ്‌റൈറ്ററിന്റെ
ദുര്‍ബലങ്ങളായ
ഞരക്കങ്ങളില്‍ നിന്ന്
ഓര്‍മ്മയുടെ
വേട്ടനായ്ക്കളുയിര്‍ക്കുന്നു.

യന്ത്രത്തിന്റെ ശബ്ദം
പതുക്കെപ്പതുക്കെയുയര്‍ന്ന്
കരുത്തുറ്റ നായ്ക്കളുടെ
ഇടവിടാത്ത ആക്രോശങ്ങളായി
അയാളെ പൊതിയുന്നു.
അയാളുടെ
ഇരിപ്പിടം ഒരു തുരുത്തായി
മാറുന്നു. ചുറ്റും
ആക്രോശിക്കുന്ന നായ്ക്കള്‍
നിറയുന്നു. ചെമ്പന്‍
നിറമുള്ള, നരകം പോലെ കറുത്ത,
ശവക്കച്ചപോലെ
വെളുത്ത,
രാജകീയരക്തമുള്ള
നായ്ക്കള്‍. ജ്വലിക്കുന്ന
കണ്ണുകള്‍, അലയടിക്കുന്ന
അലര്‍ച്ചകള്‍, ചിതറുന്ന
മുഖച്ഛായകള്‍, ദാഹിക്കുന്ന
കൂര്‍ത്ത ദംഷ്ട്രകള്‍,
നഖങ്ങള്‍, മുഴക്കങ്ങള്‍,
കിതപ്പുകള്‍. പെട്ടെന്ന്
എല്ലാം ഒരാജ്ഞക്കു താഴെ
നിശ്ശബ്ദതയായി മാറുന്നു.
പിന്നെ കിതപ്പുകള്‍ മാത്രം.
മങ്ങിയ വെളിച്ചമുള്ള
രാത്രിയ്ക്കുതാഴെ,
വിയര്‍പ്പില്‍ കുതിര്‍ന്ന
കിടക്കയില്‍ ഞെട്ടിയുണരുന്ന
രഞ്ജിത്ത്
കിതപ്പിന്റെ
സ്വരം തന്റേതുതന്നെയെന്നറിയുന്നു.
കണ്ണടയ്ക്കാന്‍ ഭയപ്പെട്ട്
ബെഡ്‌റൂം ലാമ്പിന്റെ
സ്വിച്ചിനായി കൈനീട്ടുന്നു.
കണ്ണഞ്ചിക്കുന്ന പ്രകാശം
പരക്കുമ്പോള്‍
ഒരിക്കല്‍ക്കൂടി എല്ലാ
വിഭ്രാമതകളില്‍ നിന്നും
മോചനം നല്‍കുന്ന
ശാന്തിയില്‍ മിസ്റ്റര്‍
ജോണ്‍സിന്റെ സ്വീരണമുറി.
"ഇതാണ് ഞാന്‍
പറഞ്ഞിരുന്ന
രഞ്ജിത്ത്. മൗനി.
ചിത്രകാരന്‍. കവി. കാമുകന്‍.
ഭ്രാന്തന്‍.
പിന്നെ, നായ്ക്കളെപ്പോലും
പേടിക്കുന്ന
പേടിത്തൊണ്ടനും."
"ഗ്ലാഡ് റ്റു മീറ്റ് യൂ,"
മിസ്റ്റര്‍ ജോണ്‍സ്
മുഴങ്ങുന്ന ശബ്ദത്തില്‍
ചിരിച്ചുകൊണ്ട്
കൈനീട്ടുന്നു.
വെള്ളത്തുള്ളികള്‍
തങ്ങിനില്‍ക്കുന്ന വെളുത്ത
ആമ്പല്‍പ്പൂവിന്റെ വലിയ
ചിത്രത്തിനു മുമ്പില്‍
നനുത്ത ചിരിയുമായിരിക്കുന്ന
മിസ്സിസ് നീലിമാ ജോണ്‍സ്.
"ബിജിയെവിടെ?"
"കളിയ്ക്കുന്നു"
"ആരുടെകൂടെ?"
"നായ്ക്കളുടെ കൂടെത്തന്നെ.
അല്ലാതെയാരാണ്?"
വെളിച്ചം മങ്ങുമ്പോള്‍
മുന്തിര്‍പ്പഴത്തിന്റെ
നിറമുള്ള
മങ്ങിയ ബെഡ്‌റൂം
ലാമ്പ് പ്രകാശിക്കുന്നു.
ചുവന്ന സ്റ്റെയര്‍കെയ്‌സിനു
മുകളില്‍ മിസ്റ്റര്‍
ജോണ്‍സിന്റെ കിടപ്പറ.
കരിനീലനിറമുള്ള
പട്ടുകിടക്കയില്‍
രഞ്ജിത്ത്
മലര്‍ന്നുകിടക്കുന്നു.
നീലിമ ഇരിക്കുന്നു.
ഭിത്തിയിലെ വലിയ
വിവാഹഫോട്ടോയില്‍നിന്ന്
മിസ്റ്റര്‍ ജോണ്‍സ്
മരവിച്ച പുഞ്ചിരിയുമായി
നോക്കിനില്‍ക്കുന്നു. നീലിമ
പെട്ടെന്നു ചാടിയെഴുനേറ്റ്
വിവാഹഫോട്ടോ
ഭിത്തിയില്‍
നിന്നെടുത്ത്
കാര്‍പ്പെറ്റില്‍
കമിഴ്ത്തിവെച്ചു. പിന്നെ, ഒരു
നെടുവീര്‍പ്പോടെ
കട്ടിലിലേക്കുമറിഞ്ഞു.
കറുത്ത ചതുരംഗക്കളത്തിലെ
വെളുത്ത കുതിര.
പ്രകാശിക്കുന്ന നീലജലമുള്ള
തടാകത്തിലേക്കുള്ള
കണ്ണാടിപ്പടവുകളില്‍
കുളമ്പടിച്ചു
പാഞ്ഞിറങ്ങുന്ന ചുവന്ന
കുതിര. ഇരുട്ടില്‍
മഞ്ഞപ്രകാശം പരത്തിക്കൊണ്ടു
തുറന്നടയുന്ന
ചില്ലുജനാലകളുടെ
ചിറകടിശബ്ദം. പിന്നെ,
എല്ലാറ്റിനും പുറമേക്ക്
ഒലിച്ചിറങ്ങുന്ന
സുഗന്ധിയായ,
നീലിച്ച, തണുത്ത
കൂരിരുട്ട്. പിന്നെ ഇരുണ്ട
തവിട്ടുനിറത്തിലുള്ള
ഇരുട്ട്.
പൊടുന്നനെ
മഞ്ഞനിറം കലര്‍ന്നു
മഞ്ഞയായി മാറുന്ന
തവിട്ടുനിറം.
മഞ്ഞച്ചവെളിച്ചത്തിന്റെ
പ്രളയം.
രഞ്ജിത്ത് ചുവന്ന
സ്റ്റെയര്‍കെയ്‌സിറങ്ങി
വരുമ്പോള്‍ താഴെ
സ്വീകരണമുറിയില്‍
സന്ദര്‍ശകര്‍ക്കുള്ള
കസേരകളിലൊന്നില്‍ ബിജി
വെറുതെ ചാരിക്കിടക്കുകയായിരുന്നു.
"ഹലോ അങ്‌ക്‍ള്‍"
"ഹലോ ബിജി. സ്കൂളില്‍
നിന്നെപ്പോള്‍ വന്നു?"
"കുറെ നേരമായി.
പപ്പയില്ലേ
മുകളില്‍?"
"ഇല്ലല്ലോ. പപ്പ ടൂറിലല്ലേ?"
"അതെയോ? പപ്പയുണ്ടെങ്കില്‍
ഞാന്‍ മുകളില്‍ക്കയറി
വന്നാല്‍ സംസാരിക്കുമ്പോള്‍
ഡിസ്റ്റര്‍ബ്
ചെയ്യരുതെന്നു പറയും.
അങ്കിളും മമ്മിയും
മാത്രമേയുള്ളൂ
എന്നറിഞ്ഞിരുന്നെങ്കില്‍
ഞാനും മുകളില്‍ വന്നേനെ."
താഴെയെത്തിയപ്പോഴാണു
കണ്ടത്, ബിജിയുടെ മടിയില്‍
പാലുപോലെ
വെളുത്ത ഒരു
നായ്ക്കുട്ടി
ഒതുങ്ങിക്കിടക്കുന്നു. അത്
ശാന്തമായി രഞ്ജിത്തിനെ
നോക്കി. അയാള്‍ ബിജിയുടെ
വലതുവശത്തൊരു
കസേരയിലിരുന്നു. ധൈര്യം
സംഭരിച്ച് പട്ടിക്കുട്ടിയെ
ഒന്നു തലോടി. അത്
സുഖാലസ്യത്തില്‍ കണ്ണടച്ചു.
ബിജി പൊട്ടിച്ചിരിച്ചു.
അന്ന് രഞ്ജിത്തും ബിജിയും
വെള്ളനിറത്തെക്കുറിച്ചും
മാലാഖമാരെക്കുറിച്ചും
പൂക്കളെക്കുറിച്ചും
സുദീര്‍ഘമായി സംസാരിച്ചു.
മിസ്റ്റര്‍ ജോണ്‍സിന്റെ
മരണത്തിനുമുന്‍പ്
അവസാനമായി രഞ്ജിത്ത്
നീലിമയെക്കണ്ടത്
ആഫ്രിക്കന്‍
സാംസ്കാരികനിശയിലാണ്.
ശില്‍പങ്ങള്‍
പ്രദര്‍ശിപ്പിച്ചിരുന്ന്
ഹാളിലെ മങ്ങിയ വെളിച്ചമുള്ള
ഒരു മൂലയില്‍
അവര്‍ക്കുമേല്‍ വ്യാപിച്ചു
നിന്ന ഒരു
പ്രാകൃതദൈവത്തിന്റെ
ശില്‍പത്തിന്റെ മറവില്‍
നീലിമ രഞ്ജിത്തിനടുത്തുവന്നു.

രാജീവ്
"രഞ്ജിത്ത്..."
അവന്‍ അവളുടെ മുഖത്തു നോക്കി.
അവള്‍ ശില്‍പങ്ങള്‍ക്കുനേരെ
മുഖം തിരിച്ചാണു
നിന്നിരുന്നത്.
"എനിക്കു നീയൊരു വാക്കുതരണം.
തരാമെന്നു പറയൂ രഞ്ജിത്ത്."
അവളുടെ വരണ്ട ചുണ്ടുകളനങ്ങി.
രഞ്ജിത്ത് കുസൃതിച്ചിരി
ചിരിച്ചു.
"മിസ്റ്റര്‍ ജോണ്‍സിന്റെ
മരണം വരെ ഇനി നീ വീട്ടില്‍
വരില്ലെന്നു പറയണം."
പ്രാക്തനതയുടെ
മുഖംമൂടികള്‍ക്കും
ശില്‍പങ്ങള്‍ക്കും
നടുവില്‍,
രഹസ്യാത്മകതയുടെ
ആവരണം നല്‍കിയ നേരിയ
ഇരുളില്‍ അവള്‍ ഒരു
ദുര്‍മ്മന്ത്രവാദിനിയെപ്പോലെ
കാണപ്പെട്ടുവെന്നവനു
തോന്നി.
"പറയൂ രഞ്ജിത്ത്."
ഒരു പകയോടെയെന്നപോലെ
അവളില്‍ നിന്നു മുഖം
തിരിച്ച് രഞ്ജിത്ത്
പറഞ്ഞു, "ഐ പ്രോമിസ്."
ആഫ്രിക്കന്‍ സാംസ്കാരികനിശ
കഴിഞ്ഞ് ഇരുപത്തൊന്നാം
ദിവസം മിസ്റ്റര്‍
ജോണ്‍സ്
മരിച്ചു.
കറുത്ത തോലും തിളങ്ങുന്ന
ചുവന്ന കണ്ണുകളും മലര്‍ന്ന
ചുണ്ടുകളുമുള്ള
ആജാനുബാഹുവായ ആഫ്രിക്കന്‍
ശില്‍പത്തിന്റെ കൈകളില്‍
രഞ്ജിത്ത്
പനിച്ചുകിടന്നു.
അവന്റെ ജ്വരബാധിതമായ
ബോധത്തില്‍
മിഥ്യാദര്‍ശനങ്ങള്‍
ഓര്‍മ്മകളുമായി
ഇടകലര്‍ന്നു.
വെളുവെളെ വെളുത്ത
ഭിത്തികളും വെളുത്ത
മാര്‍ബിള്‍ തൂണുകളുമുള്ള,
വാതിലുകളില്ലാത്ത ഒരു വലിയ
ഹാളിനു നടുവിലെ വെളുത്ത
പടികള്‍ക്കുയരെ ഇരുണ്ട
തവിട്ടുനിറമുള്ള തിളങ്ങുന്ന
സിംഹാസനത്തില്‍ മിസ്റ്റര്‍
ജോണ്‍സ്.
അയാളുടെ നഗ്നമായ
നെഞ്ചത്ത് കൊഴുത്ത ദൃഢമായ
മാംസപേശികളില്‍
സ്വര്‍ണ്ണമാല ഒരു
നാഗത്തെപ്പോലെ കിടന്നു. താഴെ
വെളുത്ത
പടികളിലെല്ലാം
കറുത്ത വേട്ടപ്പട്ടികള്‍
നാക്കുനീട്ടി കിതച്ചുകൊണ്ടു
കിടന്നു തിളങ്ങി. പിന്നെയും
യുഗങ്ങള്‍ കഴിഞ്ഞ്,
രഞ്ജിത്തിന്റെ ബോധത്തില്‍
വെള്ളപ്രാവുകളെ പറത്തി ബിജി
ജോണ്‍സ് എന്ന മാലാഖ പടികള്‍
കയറിവന്നു. ഇടയന്മാരുടേ
വെളുത്ത രോമക്കുപ്പായം
ധരിച്ച അവന്റെ
ചെവികള്‍
മുയല്‍ക്കുഞ്ഞുങ്ങളുടേതായിരുന്നു.
അവന്റെ സ്പര്‍ശത്തില്‍ ഓരോ
കറുത്ത നായയും
പഞ്ഞിക്കെട്ടുപോലുള്ള
വെളുത്ത നായ്ക്കുട്ടിയായി.
സിംഹാസനത്തിന്റെ
തട്ടില്‍നിന്ന് താഴെ വരെ
പഞ്ഞിപോലെ വെളുത്ത
നായ്ക്കുട്ടികള്‍
സുഖാലസ്യത്തിലാണ്ടു
കണ്ണടച്ചുകിടന്നു.
മിസ്റ്റര്‍ ജോണ്‍സ്
മരിച്ചു കഴിഞ്ഞ്
ഇരുപത്തൊന്നാം
ദിവസമായിരുന്നു അത്.
അന്ന് രഞ്ജിത്ത് നീലിമാ
ജോണ്‍സിന്റെ
സന്ദര്‍ശകനായിരുന്നു.
ചുവന്ന സ്റ്റെയര്‍കെയ്‌സ്
കയറിപ്പോകുമ്പോള്‍ അവര്‍
പരസ്പരം
വിശ്വസിപ്പിച്ചിരുന്നിരിക്കണം,
മിസ്റ്റര്‍ ജോണ്‍സ്
മറ്റൊരു ടൂറിലാണെന്ന്.
രഞ്ജിത്ത് ചുവന്ന
സ്റ്റെയര്‍കെയ്‌സിറങ്ങിവരുമ്പോള്‍ പടികള്‍ തവിട്ടുനിറമുള്ള
നിഴലുകളായിത്തീര്‍ന്നിരുന്നു.
നഗരം ഇരുണ്ട തണുപ്പില്‍
മുങ്ങിയിരുന്നു.
സ്വീകരണമുറിയില്‍
സന്ദര്‍ശകര്‍ക്കുള്ള
കസേരകളിലൊന്നില്‍ ബിജി ഒരു
തടിച്ച പുസ്തകം മടിയില്‍
വെച്ച്
കൂനിക്കൂടിയിരിക്കുന്നുണ്ടായിരുന്നു.
രഞ്ജിത്ത്
പടികളിറങ്ങി
വരുമ്പോള്‍ അവന്‍
പുസ്തകത്തില്‍നിന്നു
കണ്ണുകളുയര്‍ത്തി ഒന്നു
നോക്കി, വീണ്ടും
പുസ്തകത്തിലേക്കു മടങ്ങി.
അവന്റെ കണ്ണുകള്‍ക്ക്
ആഴമേറിയതായി കാണപ്പെട്ടു.
നിഴലിലാണ്ടുകിടന്നിരുന്ന
സ്റ്റെയര്‍കെയ്‌സില്‍നിന്ന്
സ്വീകരണമുറിയുടെ
തെളിച്ചത്തിലേക്കു
പ്രവേശിച്ചപ്പോള്‍ ഒരു
മുരളല്‍ ശബ്ദം അയാള്‍
വ്യക്തമായികേട്ടു. അടുത്ത
നിമിഷം, ബിജിയുടെ കസേരയുടെ
നിഴലില്‍നിന്ന് ഒരു കറുത്ത
സത്വം, ഒരു കറുത്ത
വേട്ടപ്പട്ടി രഞ്ജിത്തിനു
നേര്‍ക്ക് ചാടിവീണു.
തൊണ്ടയില്‍ വികൃതമായ
ഒരലര്‍ച്ചയോടെ അയാള്‍
ഞെട്ടി പിറകോട്ടു മാറി.
ചില്ലു ജനാലകള്‍ കിടുങ്ങും
വിധം ഉറക്കെയുറക്കെ
കുരച്ചുകൊണ്ട് അതു
നില്‍ക്കുമ്പോള്‍ ബിജി
തന്റെ കണ്ണുകളില്‍
സൂക്ഷിച്ചു
നോക്കിക്കൊണ്ടിരിക്കുകയായിരുന്നു
എന്നു രഞ്ജിത്ത് അറിഞ്ഞു.
അയാളുടെ
മുഖത്തുനിന്നു
കണ്ണെടുക്കാതെതന്നെ ഇടതു
കൈകൊണ്ട് അമാനുഷികമെന്നു
തോന്നിച്ച
ശക്തിപ്രയോഗിച്ച് നായയുടെ
ചങ്ങല പിടിച്ചുവലിച്ച്
ബിജി അതിനെ തന്റെ
കസേരച്ചുവട്ടിലെത്തിച്ചു.
നായ വീണ്ടും ബിജിയുടെ
നിഴലില്‍
ചുരുണ്ടുകൂടിക്കിടന്നപ്പോഴും
രാക്ഷസീയമായി
മുരണ്ടുകൊണ്ടിരുന്നു. ബിജി
തന്റെ പുസ്തകത്തിലേക്കു
മടങ്ങിക്കഴിഞ്ഞിരുന്നു.
വിയര്‍പ്പില്‍ മുങ്ങിയ
തന്റെ മുഖം തൂവാലയെടുത്തു
തുടച്ച് രഞ്ജിത്ത് ഒരു
സോഫയിലമര്‍ന്നു. അയാള്‍
വെറുതെയൊന്നു വാച്ചില്‍
നോക്കി. കൈത്തണ്ട തുടച്ചു.
ഓറഞ്ചു നിറമുള്ള വലിയ
സ്വെറ്ററിനുള്ളിലും ബിജി
ഏറെ മെലിഞ്ഞതായി അയാള്‍ക്കു
തോന്നി. അതോ, ഇക്കഴിഞ്ഞ
കുറഞ്ഞ ദിവസങ്ങള്‍കൊണ്ട്
അവന് ഏറെ ഉയരം വെച്ചുവെന്നോ?
"നല്ല തണുപ്പുണ്ട്, അല്ലേ?"
രഞ്ജിത്ത് ചോദിച്ചു. ബിജി
തലയുയര്‍ത്തിയില്ല. അവന്റെ
കാല്‍ക്കീഴില്‍ കിടന്ന നായ
അപ്പോഴും ശക്തിയായി
മുരണ്ടുകൊണ്ടിരുന്നു.
"ബിജീ, ഏതു പുസ്തകമാണു
വായിക്കുന്നത്?" ബിജി
തലയുയര്‍ത്താതെ മറുപടി
പറഞ്ഞു, "വേട്ടപ്പട്ടികളെപ്പറ്റി."
ഒരു നിമിഷം കഴിഞ്ഞ്
കണ്ണുകളുയര്‍ത്തി
രഞ്ജിത്തിന്റെ മുഖത്തു
നോക്കി, ജ്വലിക്കുന്ന ഒരു
നോട്ടം. അയാള്‍ ചിരിക്കാന്‍
ശ്രമിച്ചു, കഴിഞ്ഞില്ല.
അപ്പോള്‍ നീലിമ ചുവന്ന
പടികളില്‍നിന്നു
വെളിച്ചത്തിലേക്കു
കടന്നുവന്നു.
രഞ്ജിത്ത്
ബിജിയില്‍നിന്നു
രക്ഷപെടാനായി മുഖം
തിരിച്ച്, എഴുനേറ്റു നിന്നു.
മുന്‍പിലത്തെ വാതില്‍
തുറന്ന് നീലിമ പുറത്തേക്കു
നോക്കിനിന്നു.
വാതിലിനടുത്തെത്തിയ
രഞ്ജിത്ത് തിരിഞ്ഞുനോക്കി.
ബിജി പുസ്തകത്തില്‍
മുഴുകിക്കഴിഞ്ഞിരുന്നു.
അയാളുടെ ചുണ്ടുകള്‍
പിറുപിറുത്തു: "ഗുഡ്‌നൈറ്റ്,
ബിജി."
അയാള്‍ പുറത്തിറങ്ങി.
"ഗുഡ്‌നൈറ്റ്, നീലിമ." അയാള്‍
തിരിഞ്ഞുനോക്കാതെ
പടികളിറങ്ങുമ്പോള്‍
പിറുപിറുത്തു.
"ഗുഡ്‌നൈറ്റ്." അയാള്‍ക്കു
പിന്നില്‍ വാതിലടഞ്ഞു.

രാജീവ്
മഞ്ഞില്‍ നനഞ്ഞു കിടന്ന കവല
ശൂന്യമായിരുന്നു. സോഡിയം
വേപ്പര്‍ ലാമ്പിന്റെ
അയഥാര്‍ത്ഥതാബോധമുളവാക്കുന്ന
വെളിച്ചത്തിലൂടെ, കുനിഞ്ഞ്,
കൈകള്‍ പാന്റിന്റെ
പോക്കറ്റില്‍ തിരുകി
നടന്നുപോവുമ്പോള്‍ അയാള്‍
ഒന്നിനെപ്പറ്റിയും
ചിന്തിക്കുന്നുണ്ടായിരുന്നില്ല.
നനഞ്ഞ നഗരം വളരെ
നേരത്തെതന്നെ
ഉറക്കത്തിലാണ്ടതായി
തോന്നിച്ചുവെന്ന് അയാള്‍
സ്വയം പിറുപിറുത്തു.
സ്മാരകഗോപുരത്തിലെ ചത്ത
നാഴികമണിയില്‍ എപ്പോഴോ
മരിച്ചുപോയ
ഒരു സമയത്തിന്റെ
ജഡം മറവുചെയ്യപ്പെടാതെ
കിടന്നു. നനഞ്ഞ
നഗരത്തിനുമേല്‍ വലിയ
ഘടികാരമുഖങ്ങള്‍
പ്രകാശിച്ചുനിന്നു. തന്നെ
ചൂഴ്‌ന്നുനിന്ന അവ്യക്തമായ
ഭീതിയില്‍നിന്നു
രക്ഷപെടാന്‍ വേണ്ടി
പിറ്റേന്നത്തെ
ജോലികളെക്കുറിച്ചു
ചിന്തിക്കാന്‍ തുടങ്ങി.
പെട്ടെന്നു താനൊരു
വൃദ്ധനായിത്തീര്‍ന്നതുപോലെ
അയാള്‍ക്കു തോന്നി.
നനഞ്ഞു വഴുക്കിക്കിടന്ന
പടികള്‍ കയറിപ്പോകുമ്പോള്‍
അയാള്‍ തന്