
1
മുഷിഞ്ഞു കീറി
തെലുങ്കിലോ കന്നടയിലോ
സ്നേഹിച്ചും കലഹിച്ചും,
വറുതിയുണക്കിയ ശരീരങ്ങളോടെ
അവര്‍ വരാറുണ്ട്
വെപ്പും തീനും ഭോഗവും പേറും കൊണ്ട്
വഴിയരികുകളും വെളിമ്പറമ്പുകളും
അക്കാലം അരാജകമായി ഒച്ചപ്പെടും
വിശപ്പടക്കാന്‍
മരക്കൊമ്പിലൊരുന്നു കാറുന്ന കാക്കകളെ
നഞ്ചു വെച്ചുപിടിക്കുകയോ
തലകീഴായുറങ്ങുന്ന നരിച്ചീറുകളെ
മുളന്തോട്ടികൊണ്ട്
അടിച്ചുവീഴ്ത്തുകയോ ചെയ്യും
ആമയെ മലര്‍ത്തിയിട്ടു ചുടും
തോടു പഴുക്കുമ്പോള്‍ം
യുദ്ധപ്രദേശങ്ങളിലെ
അഭയാര്‍ത്ഥികളെന്ന പോലെ
ഒളിച്ചിരുന്ന അവയവങ്ങള്‍
ജാലകങ്ങളിലൂടെ പുറത്തേക്ക് നീളും
വെന്ത ആമ
ചട്ടിയും തീറ്റപണ്ടവുമാകും
2
പ്രാണനും കൊണ്ട് പാഞ്ഞവരാണ്‍
ഊരുതെണ്ടികളല്ല
തകര്‍ന്ന നഗരങ്ങളിലേക്ക്
തിരിച്ചുപോകുന്നവര്‍
യുദ്ധഭൂമിയില്‍നിന്ന്
സൈനികര്‍ പിന്മാറുമ്പോള്‍
തോക്കിലേക്ക് വെടിയുണ്ടയും
ഗര്‍ഭപാത്രങ്ങളില്‍നിന്ന് ബീജവും
തിരിച്ചെടുക്കുമോ
തകര്‍ന്ന മേല്‍ക്കൂരകളും
ഇടിഞ്ഞ ചുമരുകളും
വീടുകളായി പുനര്‍ജ്ജനിക്കുമോ
അവിടേയ്ക്ക്
ചോരയും പൊടിയും തുടച്ചുമാറ്റി
മരിച്ചവര്‍ തിരിച്ചെത്തുമോ?
കൊതിയാവുന്നു
നിലവിളികളില്ലാത്ത തെരുവിലൂടെ
നിലാവില്‍ ഒറ്റയ്ക്ക് നടക്കാനിറങ്ങുന്ന
ആരുടെയെങ്കിലും പാട്ട് കേള്‍ക്കുവാന്‍

3
'അരൂസ് ഡമാസ്കസ്'
വെങ്കലപ്പൂപ്പാത്രത്തിലുടക്കിയ
പച്ചിലകള്‍, തക്കാളി, മുളക്
സിറിയന്‍ ഭോജനശാലയില്‍
വിശപ്പിനെതിരെ ചാവേര്‍
ഉള്ളിത്തണ്ടെടുത്തു കടിച്ച്
ഒമര്‍ പത്രം നിവര്‍ത്തി
കത്തുന്ന സ്കൂള്‍ കെട്ടിടങ്ങള്‍
പിടിച്ചു കയറ്റൂ എന്ന്
നിലവിളിക്കുന്ന കുഞ്ഞുവിരലുകള്‍
ഞാന്‍ പഠിച്ച സ്കൂളാണത്
ഉപ്പിലിട്ട ഒലിവുകായ് തിന്ന്
സെഡാര്‍മരത്തണലിലൂടെ
അവന്‍ തിരിച്ചുനടന്നു
സ്കൂള്‍ മൈതാനം നല്‍കിയ
മുറിവിന്റെ കല നെറ്റിയില്‍ വിങ്ങി
എനിയ്ക്കു വിശക്കുന്നുണ്ടായിരുന്നു
പുതുരുചികളോട് ആസക്തിയും
ചുട്ടെടുത്ത ആട്ടിന്‍ തുട നോക്കി
ഓക്കാനമടക്കാനാവാതെ
ഒമര്‍ ചോദിച്ചു
ഏതു കുഞ്ഞിന്റേതാണിത്?
comments