എഴുത്ത്‌ /ദേശം

പ്രതിഛായകളുടെ കച്ചവടം
 കഴിഞ്ഞ്‌


മെഹറൂഫ്‌ കെ.

 


സാഹിത്യത്തില്‍ വൈകാരികതകൊണ്ടും അഭിനയ കലയില്‍ നിര്‍വികാരതകൊണ്ടും സവിശേഷശ്രദ്ധ നേടിയിട്ടുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ സാമൂഹികവിശകലനത്തിലോ സാംസ്കാരിക പഠനത്തിലോ 'അഴീക്കോട്‌ ഇളയത്‌' എന്നതിനപ്പുറം സഞ്ചരിച്ചിട്ടുള്ള ഒരാളല്ല. ഏറെ ഇടത്ത്‌ ചേര്‍ന്ന് പോയവര്‍ ഭൂമികറങ്ങുന്നതുകൊണ്ട്‌ അത്രതന്നെ വലതുവശത്തുകൂടിവരും, മറ്റൊരു ഋതുവില്‍ ഇടതുവശത്തേക്ക്‌ വീണ്ടും ചായും. യഥാര്‍ത്ഥത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എന്ന കവി എങ്ങോട്ടും പോകുന്നില്ലെന്നും ഭൂഭ്രമണം നിമിത്തം മനുഷ്യര്‍ വ്യത്യസ്ത ദിക്കുകളില്‍ വച്ച്‌ പരസ്പരം കണ്ടുമുട്ടുന്നതാണെന്നും സമാധാനിക്കാവുന്നതാണ്‌. ഏതായാലും ഈ കാലത്തിനുള്ളില്‍ ആറു കവിതാസമാഹാരങ്ങളും ചിദംബരസ്മരണ എന്ന അത്മകഥയും പ്രസിദ്ധീകരിച്ചു. അരവിന്ദന്റെ പോക്കുവെയില്‍ ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചു. ഇപ്പോള്‍ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു.
 


കവിത ആകസ്മികമായതുകൊണ്ടും സമ്പൂര്‍ണ്ണസമാഹാരത്തില്‍ ചേര്‍ത്തിട്ടുള്ള കാല്‍നൂറ്റാണ്ടുകൊണ്ട്‌ എഴുതിത്തീര്‍ത്ത കവിതകളുടെ എണ്ണം നൂറില്‍ താഴെ ആയതുകൊണ്ടും കവിത പോലെ നാട്യവും ജന്മവാസനയായതിനാലുമാണ്‌ ബാലചന്ദ്രനിപ്പോള്‍ അഭിനയത്തില്‍ ശ്രദ്ധിക്കുന്നത്‌. അഭിനയിക്കാനുള്ള ആഗ്രഹം തന്നെ കലശലാണെങ്കില്‍ നാടകത്തില്‍ അഭിനയിച്ചുകൂടേ എന്നു ചോദിക്കരുത്‌. ലോകത്ത്‌ കവിതയും നാടകവും ഒരുമിച്ച്‌ കൊണ്ടു നടന്ന പ്രതിഭാശാലികളുടെ വംശമഹിമയില്‍ നിന്ന് അകലാനാണ്‌ ബാലചന്ദ്രനിഷ്ടം. കച്ചവടസിനിമയിലേയും പൈങ്കിളി സീരിയലുകളിലേയും വേഷങ്ങള്‍ കൊണ്ട്‌ കവിയുടെ പരിവേഷം മായ്ച്ചുകളയാന്‍ കൊതിക്കുന്നു. തീര്‍ച്ചയായും ഒരു ജന്മത്തില്‍ പല ജീവിതങ്ങളുണ്ട്‌.

രണ്ടായിരാമാണ്ട്‌ ഫെബ്രുവരി പത്തൊമ്പതാം തീയതി ബുദ്ധഗയയില്‍ വച്ച്‌ എന്‍.എസ്‌.മാധവനേയും കാര്‍ട്ടൂണിസ്റ്റ്‌ ഉണ്ണിയേയും സാക്ഷി നിര്‍ത്തി ബുദ്ധമതം സ്വീകരിച്ചു. അങ്ങനെ മറ്റൊരു ജന്മത്തിലേക്ക്‌ പ്രവേശിച്ചു.

'അന്ന് തറവാട്ടു മുറ്റത്തും അമ്പലപ്പറമ്പിലും പെരിയാറ്റിന്‍ കരയിലും നിന്നു കണ്ട അതേ ചന്ദ്രനാണോ ഇത്‌? പിന്നെ കന്യാകുമാരിയിലും വിന്ധ്യപാര്‍ശ്വത്തിലും ഗംഗാതടത്തിലും ഹിമാലയസാനുവിലും നിന്ന് ഞാന്‍ കണ്ടത്‌ ഇതേ ചന്ദ്രനെത്തന്നെയോ? അറേബ്യന്‍ മരുഭൂമിയില്‍, ബാള്‍ട്ടിക്‌ സമുദ്രത്തിലെ ദ്വീപസമൂഹത്തില്‍, സ്കാന്‍ഡിനേവിയന്‍ വനസീമകളില്‍, ഗോട്ടെന്‍ബര്‍ഗില്‍ അറ്റ്‌ലാന്റിക്കിന്റെ തീരത്തില്‍, ഡെന്മാര്‍ക്കിലെ മല്‍സ്യകന്യകാശില്‍പത്തിനരികില്‍ , നയാഗ്രാ ജലപാതത്തിനരികില്‍, ഫിലാഡല്‍ഫ.യായിലെ കാപ്പിരിക്കുടികളില്‍, മിച്ചിഗണ്‍ തടാകത്തിന്റെ തീരത്തില്‍, അമേരിക്കന്‍ സ്വാതന്ത്ര്യ പ്രതിമയുടെ ചുവട്ടില്‍, നാസാ ബഹിരാകാശകേന്ദ്രത്തില്‍, ടെക്സാസിലെ റാഞ്ചുകളില്‍, സാന്‍ അന്റോണിയോയിലെ റെഡ്‌ ഇന്ത്യന്‍ പ്രദേശങ്ങളില്‍ - ഇവിടെയെല്ലാം നിന്നു ഞാന്‍ കണ്ടത്‌ ഇതേ ചന്ദ്രബിംബം തന്നെയോ? '
 


- കാര്യം മനസിലായല്ലോ, യാത്രാവിവരണമല്ല , പല ഇടങ്ങളില്‍ നിന്ന് നാം കാണുന്നത്‌ ഒരേ നിലാവാണോ എന്ന ചോദ്യമാണ്‌.

'സഹസ്രാബ്‌ദങ്ങള്‍ക്ക്‌ മുമ്പ്‌ ശ്രീബുദ്ധന്റെ ജനനത്തിനും ബോധോദയത്തിനും നിര്‍വ്വാണത്തിനും സാക്ഷ്യം വഹിച്ചത്‌ ഇതേ പൂര്‍ണ്ണ ചന്ദ്രന്‍ തന്നെയോ?'


ഓരോ ക്ഷണത്തിലും ഒരോ ജീവിതം- പറഞ്ഞതു ബുദ്ധനാണെങ്കിലും സംഗതി പോസ്റ്റ്‌ മോഡേണാണ്‌. അതിലേക്ക്‌ വരും മുമ്പ്‌ 'കവിതയുടെ ബഹുസ്വരത ബാലചന്ദ്രന്റെ ലോകങ്ങള്‍' എന്ന തലക്കെട്ടില്‍ സമ്പൂര്‍ണ്ണ കവിതാഗ്രന്ഥത്തിനുള്ള ദീര്‍ഘപഠനത്തില്‍ സച്ചിദാനന്ദന്‍ എഴുതിയത്‌ ശ്രദ്ധിക്കാം.

'ഭാഗ്യവശാല്‍ ഈ കവി കവിതയിലേക്കുണരുമ്പോഴേക്കും ചങ്ങമ്പുഴയുടെ പ്രകാശം മങ്ങിക്കഴിഞ്ഞിരുന്നു. ഭാഗ്യവശാല്‍ എന്നു പറഞ്ഞത്‌ ബോധപൂര്‍വ്വം തന്നെയാണ്‌. സമകാലീനനായിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ന് വിസ്‌മൃതരായ നിരവധി ചെറു ചങ്ങമ്പുഴമാരിലൊരാളായിവറ്റിപ്പോയേക്കുമായിരുന്നു ഈ കവി...'

കാല്‍പനികന്റെ പ്രശ്നം ലോകത്തിലെ ഏറ്റവും ദു:ഖിതനും പീഢിതനുമയ മനുഷ്യന്‍ താനാണെന്ന് അയാള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും അത്‌ പ്രചരിപ്പിക്കുകയും ചെയ്യും എന്നതാണ്‌. ദു:ഖത്തിന്റെ വാഴ്‌ത്തും ദുരിതങ്ങളുടെ പതം പറച്ചിലുമായി ഇവര്‍ ലോകത്തിന്റെ സഹതാപത്തിനും ശ്രദ്ധയ്ക്കുമായി കൈനീട്ടും. ആത്മരതിയുടെയും അതിശയോക്തികളുടെയും തടവറകളില്‍ നിന്ന് ഇറങ്ങിനടക്കാനാവുകയില്ല. ലോകത്തെക്കുറിച്ച്‌ ഒന്നുമറിയില്ല, അല്‍പമെങ്കിലും അറിയാവുന്നത്‌ തന്നെക്കുറിച്ചുമാത്രമാണെന്ന് സവിനയം ഒരു തത്വചിന്തരൂപപ്പെടുത്തും. പ്രണയവും കവിതയും രാഷ്ട്രീയവുമൊക്കെ ഒരേ മുഖമുള്ള ആവേശങ്ങളായിരിക്കും.ആവേശങ്ങള്‍ അല്‍പായുസുകളാണെന്ന് ബോധ്യപ്പെടുമ്പോള്‍ അവനവന്‍ കടമ്പകളില്‍ കുടുങ്ങിയിട്ടുണ്ടാകും. ജനനേന്ദ്രിയത്തില്‍ ഒരു ചൈനീസ്‌ പേണ്‍കുട്ടി തൊട്ടപ്പോഴുള്ള ഉത്തേജനത്തെക്കുറിച്ച്‌ ബാലചന്ദ്രന്‍ എഴുതി-

'സര്‍പ്പദംശനമേറ്റപോലെ ഞാന്‍ ഞെട്ടിത്തരിച്ചു. ജീവിതത്തിലൊരിക്കലും ഉണ്ടാകാത്തത്ര ഉഗ്രമായ ഉത്തേജനം കൊണ്ട്‌ ഞാന്‍ പിടഞ്ഞു. എന്നെ കടലെടുത്തു, ബോധം തെളിയുമ്പോള്‍ ക്ഷീണത്തിന്റെ നൂറ്റാണ്ടുകള്‍ കഴിഞ്ഞിരുന്നു. വിവശനായി ഞാന്‍ അവളോട്‌ ചോദിച്ചു:'നീ എന്നെ എന്താണ്‌ ചെയ്തത്‌?' (ചിദംബര സ്മരണ, പേജ്‌ 180)

അസാധാരണമായ ഉത്തേജനങ്ങള്‍ കഴിഞ്ഞുള്ള ക്ഷീണത്തിന്റെ നൂറ്റാണ്ട്‌ താണ്ടാനാവാതെ വരുമ്പോള്‍ കാലഹരണത്തിന്റെ ഭീതി മരണ ഭയമായ്‌ ഇവരെ പിന്തുടരുന്നു. മതിഭ്രമത്തില്‍, നട്ടുച്ചയില്‍ പോക്കുവെയില്‍ പടരുമ്പോള്‍, മരിച്ചുപോയ കവി കുഞ്ഞിരാമന്‍ നായര്‍ തന്നെ ചവിട്ടി നടക്കുന്നുവെന്ന തോന്നലില്‍ ബാലചന്ദ്രന്‍ പരസ്പരബന്ധമില്ലാതെ സംസാരിക്കാന്‍ തുടങ്ങുന്നു-

'കമ്യൂണിസ്റ്റ്‌ വിരുദ്ധനും സവര്‍ണ്ണഹിന്ദുമത പ്രത്യയശാസ്ത്രത്തിന്റെ ശക്തനായ വക്താവുമായ മഹാകവി പി.കുഞ്ഞിരാമന്‍ നായരെ ദളിത്‌വാദിയും പരിസ്ഥിതിവാദിയും സ്വത്വരാഷ്ട്രീയക്കാരനും ഉത്തരാധുനികനും ഒക്കെയായി വേഷം മാറ്റി സാംസ്കാരികരംഗത്തിന്റെ കേന്ദ്രസ്ഥാനത്ത്‌ പ്രതിഷ്ഠിക്കാന്‍ സംഘടിതശ്രമം നടക്കുന്നു'

മനുഷ്യനെ ഏകകോശജീവിയായി സങ്കല്‍പ്പിക്കുന്നതുപോലെ ഭീകരമായ ലളിതവല്‍കരണമാണ്‌ സര്‍ഗ്ഗാത്മകമായ ഒരായുസ്സിന്‌ എതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ ലേബല്‍ ഒട്ടിച്ചുകൊടുക്കല്‍. ബാലചന്ദ്രന്‍ അറുമുഖനാണെങ്കില്‍ കുഞ്ഞിരാമന്‍ നായര്‍ക്ക്‌ സഹസ്രദളങ്ങളുണ്ട്‌. അത്രയേറെ ഉള്‍പ്പിരിവുകളുള്ള, ഒരു ചാപ്പയും ചേരാത്ത മനുഷ്യന്‍. ഒരു കവിജന്മം പോയിട്ട്‌ ഒരു കവിതാസമാഹാരത്തിലെ കവിതകള്‍ പോലും ഒന്നായ്‌ നില്‍ക്കുന്നില്ല. അവ പല കാലങ്ങളുടെ, സമയങ്ങളുടെ അനുഭവങ്ങള്‍, ചിന്തകള്‍, വികാരങ്ങള്‍, നോട്ടങ്ങള്‍. ഒരേ സമയം എണ്ണമറ്റ വഴികളിലെ സഞ്ചാരികള്‍.

'കവിതകള്‍ സമാഹരിക്കരുത്‌,
ഒരു പുസ്തകത്തില്‍
ഒരുമിച്ച്‌ തുറന്നുവിട്ടാല്‍
പുല്ലെന്ന കവിതയെ
പശു എന്ന കവിത തിന്നും
പശു എന്ന കവിതയെ
പുലി എന്ന കവിത പിടിക്കും
പുലി എന്ന കവിതയെ
വേട്ടക്കാരന്‍ എന്ന കവിത കൊല്ലും'

(കവിതകള്‍ അരുത്‌-ടി.പി.രാജീവന്‍)



ചേര്‍ത്തുവെയ്ക്കപ്പെട്ട ഈ അനുഭവകാലങ്ങളെയാണ്‌ ബുദ്ധന്‍ ഇഴപിരിച്ചു പറഞ്ഞതും:

'ഓരോ ക്ഷണത്തിലും ഓരോ ചന്ദ്രന്‍.ഓരോ ക്ഷണത്തിലും ഓരോ പ്രപഞ്ചം.ഓരോ ക്ഷണത്തിലും ഓരോ ജീവിതം...'


കള്ളന്‍ ആള്‍ക്കൂട്ടത്തില്‍ ചേര്‍ന്ന് കള്ളനെ പിടിക്കാന്‍ ഓടുന്ന പോലെയാണ്‌ ബാലചന്ദ്രന്റെ പ്രവൃത്തി. കുഞ്ഞിരാമന്‍ നായരേക്കാള്‍ പതിന്മടങ്ങ്‌ സവര്‍ണ്ണ ജീവിതബിംബങ്ങളുടെ കലവറയും കാവല്‍പ്പുരയുമാണ്‌ ബലചന്ദ്രന്റെ കവിത. അതൊരു പഠനവിഷയമായതിനാല്‍ ഇവിടെ വിസ്തരിക്കുന്നില്ല. കൂലിപ്പണിക്കാരന്റെ ചിരി വായിച്ചാല്‍ ബാലചന്ദ്രന്റെ ശരണംവിളി കുഞ്ഞിരാമന്‍ നായരെ കരയിപ്പിക്കും. പി.യുടെ ജീവിതകഥയെ 'കവിയുടെ കാല്‍പാടുകള്‍'ആയി വായിക്കുമ്പോള്‍ ബാലചന്ദ്രന്റേത്‌ ചിദംബരസ്മരണയാണ്‌.സ്വയം വിറ്റു തീര്‍ത്ത, സ്വന്തം ചിതാഭസ്മത്താല്‍ ത്രിപുന്ത്രങ്ങള്‍ ചാര്‍ത്തി നില്‍ക്കുന്ന ഒരാള്‍, ആത്മകഥയിലെ മൂന്നു വാക്യങ്ങള്‍ കൊണ്ട്‌ കുഞ്ഞിരാമന്‍ നായരെപ്പോലൊരു കവിയെ ബാര്‍ക്കോഡ്‌ ചെയ്യാന്‍ ശ്രമിക്കുന്നത്‌ അപഹാസ്യമാണ്‌.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ബാലചന്ദ്രന്‍ പി. കുഞ്ഞിരാമന്‍ നായരെ ഓര്‍ത്ത്‌ ചിദംബര സ്മരണയില്‍ ഇങ്ങനെ എഴുതി, 'ബാല്യം മുതല്‍ പി.കുഞ്ഞിരാമന്‍ നായരുടെ ആരാധകനായ എനിക്ക്‌ ആ കവിയെ നേരിട്ട്‌ കാണാന്‍ കഴിഞ്ഞിരുന്നില്ല. കവിതകളും കവിയെക്കുറിച്ചുള്ള ലേഖനങ്ങളും വായിച്ചും ചിത്രങ്ങള്‍ കണ്ടും കേട്ടുകേള്‍വികളിലൂടെയും എല്ലാറ്റിനുമുപരി 'കവിയുടെ കാല്‍പാടുകള്‍' എന്ന വിശ്വോത്തരമായ ആത്മകഥ വായിച്ചും എന്റെ ഹൃദയത്തില്‍ പി.കുഞ്ഞിരാമന്‍ നായര്‍ എന്ന കവിയുടെ ജീവിതവിഗ്രഹം പ്രതിഷ്ഠിതമായിരുന്നു.

അന്നൊരു പ്രഭാതത്തില്‍ എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഹോസ്റ്റലിന്റെ വാതില്‍ക്കല്‍ ഞാന്‍ നില്‍ക്കുമ്പോള്‍ ശിവക്ഷേത്രത്തിലേക്കുള്ള വഴി തിരിഞ്ഞ്‌ മുഷിഞ്ഞ ജുബ്ബയും ഉത്തരീയവും മുണ്ടും കൈയ്യില്‍ സഞ്ചിയും നെറ്റിയില്‍ ചന്ദന പൊട്ടുമായ്‌ ആജാനബാഹുവായ ഒരു കരിങ്കല്‍ പ്രതിമ നടന്നു വരുന്നു. തേര്‍വാഴ്ച കണ്ട നിശാസഞ്ചാരിയെപ്പോലെ ഞാനൊന്ന് പ്രകമ്പനം കൊണ്ടു. അത്‌ പി. കുഞ്ഞിരാമന്‍ നായരായിരുന്നു. പരമപുരുഷാര്‍ത്ഥദായിനിയും നിത്യകന്യകയുമായ കവിതയെതേടിയലയുന്ന ഭ്രഷ്ട കാമുകനായ മഹാകവി.'

comments