മണ്ണും മനുഷ്യരും

കലയും
കാര്‍ഷിക ജീവിതവും
(ഭാഗം രണ്ട്‌)

സര്‍ജു
 

 

കഴിഞ്ഞ ലക്കം തുടര്‍ച്ച

പ്രകൃതിയും പ്രവൃത്തിയും

ഗോതമ്പ്‌ പാടത്തേക്ക്‌ ഇറങ്ങിനിന്നുകൊണ്ട്‌ സ്വന്തം ശിരസ്സിലേക്ക്‌ നിറയൊഴിച്ച ഒരാള്‍ ജീവിതത്തിലെന്നപോലെ മരണത്തിലും തുറസ്സുകളാഗ്രഹിച്ചിരിക്കണം. അല്ലെങ്കില്‍ തന്നെത്തന്നെ ചിതറിച്ച ക്രൂരവും ദു:ഖപൂര്‍ണ്ണവുമായ മറ്റൊരു വിതയായിരുന്നു അത്‌. വാന്‍ ഗോഗ്‌ ചെന്നു വീണ കാലങ്ങള്‍ പലതാണ്‌. പ്രപഞ്ചം പ്രകാശപൂരിതമാണെന്നും കറുപ്പ്‌ ഒരു നിറമേ അല്ലെന്നും വാദിച്ച തന്റെ സമകാല കലാകാരന്മാരോട്‌ കലഹിച്ച വാന്‍ ഗോഗ്‌ ഒരു നൂറ്റാണ്ടിനപ്പുറം നിന്ന് ദരിദ്രകര്‍ഷകരുടെ കഴുത്തില്‍ കുരുങ്ങുന്ന ഇരുട്ടിനെ പേരെടുത്ത്‌ വിളിക്കുന്നു. ആളൊഴിഞ്ഞ പ്രകൃതിയോട്‌ അദ്ദേഹത്തിന്‌ പ്രിയമുണ്ടായിരുന്നില്ല. നിശ്ചലമായ ചുറ്റുപാടുകളെ നിറം പിടിപ്പിച്ചതുമില്ല. പഴയ മുന്തിരിത്തോട്ടം വരയ്ക്കുമ്പോഴും അവിടെ ഒരു കര്‍ഷകസ്ത്രീ ഉണ്ടായിരുന്നു. കല വരേണ്യയായത്‌ അതൊഴിഞ്ഞ നേരങ്ങളില്‍ നിന്ന് അലസതകളില്‍ നിന്ന് ആരംഭിക്കുന്നതുകൊണ്ടാണ്‌. സാധാരണ പ്രവൃത്തികള്‍ കലയിലേക്കു പ്രവേശിച്ചതേയില്ല. അനക്കമറ്റ അവസ്ഥയെ, ജഢതയെ, പൂക്കളാലും സുഗന്ധങ്ങളാലും എന്നും അലങ്കരിച്ച്‌ പരിപാലിച്ചു. കൃഷിയും, ഖനിത്തൊഴിലും, നൂല്‍നൂല്‍പ്പും, നെയ്ത്തും, മീന്‍പിടുത്തവും കലാവിഷയമാകാതിരുന്നത്‌ കായികമായതൊന്നും കലാപരമല്ലെന്ന മിഥ്യാസങ്കല്‍പത്താലാണ്‌. അധസ്ഥിതരും സാധാരണക്കാരുമായ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളുടെ ഇടമായി മാറിയ പ്രകൃതി വാന്‍ ഗോഗിന്റെ കലയില്‍ ഇന്ദ്രിയങ്ങള്‍ തുറക്കുന്നത്‌ സവിശേഷമായ പരിണതിയാണ്‌.

ഛായാചിത്രങ്ങള്‍: യാഥാര്‍ത്ഥ്യവും യാന്ത്രികതയും


കലാചരിത്രത്തിന്റെ ഗ്യാലറികളില്‍ കാണുന്നത്‌ രാജാക്കന്മാരുടെയും പടയാളികളുടെയും പുണ്യവാളന്മാരുടെയും ഛായാചിത്രങ്ങളാണ്‌. സാധാരണക്കാരുടെ പോര്‍ട്രെയ്റ്റുകളിലൂടെ നിറം കെട്ട ജീവിതങ്ങളുടെ കലയ്ക്ക്‌ വാന്‍ ഗോഗ്‌ അടിത്തറയിട്ടു. അദ്ദേഹം വരച്ച കര്‍ഷകശിരസ്സുകള്‍ മാത്രം അമ്പതിലേറെവരും. കാര്‍ഷികവൃത്തികളില്‍ നിന്ന്, കൃഷിയിടങ്ങളില്‍ നിന്ന് അകന്ന സമയങ്ങളില്‍ വാന്‍ ഗോഗ്‌ കൃഷിക്കാരെ അടുത്തു കാണുന്നത്‌ ഈ ഛായാചിത്രങ്ങളിലൂടെയാണ്‌. അവരുടെ മുഖച്ചുളിവുകളിലും ഇരുട്ടിലും സങ്കടങ്ങളുടെയും പ്രത്യാശകളുടെയും നിറഭേദങ്ങളുണ്ട്‌. ഈ പൊര്‍ട്രെയ്റ്റുകളില്‍ നിന്നാണ്‌ വാന്‍ ഗോഗിന്റെ വിഖ്യാതരചനകളിലൊന്നായ 'ഉരുളക്കിഴങ്ങു തിന്നുന്നവര്‍' പിറവി കൊള്ളുന്നത്‌.

കലയുടെ ഉള്ളടക്കങ്ങളില്‍ സംഭവിച്ച അട്ടിമറികളെ ഫ്രഞ്ച്‌ റിയലിസം എന്നു കളമിരുത്തുന്നത്‌ നീതിയല്ല. പ്രമേയങ്ങളിലെ ജനാധിപത്യവല്‍ക്കരണം യാഥാര്‍ത്ഥ്യത്തിന്റെ കടന്നു വരവായി വിശേഷിപ്പിക്കപ്പെടുമ്പോള്‍ മേല്‍ക്കോയ്മ ലഭിക്കുന്നത്‌ യാഥാസ്ഥിതിക ദര്‍ശനങ്ങള്‍ക്കാണ്‌. ഇത്‌ കലയിലെ യാഥാര്‍ത്ഥ്യം എന്നു പറയുമ്പോള്‍ കല മറ്റെവിടെയോ ആകുന്നു. ഫ്രഞ്ച്‌ റിയലിസത്തെ മുന്‍ നിര്‍ത്തിയുള്ളകലാനിരൂപണങ്ങളില്‍ പ്രകോപിപ്പിക്കപ്പെട്ട വരേണ്യധാരണകളുടെ അസഹിഷ്ണുതയും അതേ അളവിലുള്ള ഉദാരതയും പ്രകടമാണ്‌. പിന്നീടുണ്ടായ കലാപ്രസ്ഥാനങ്ങള്‍ സര്‍ റിയലിസം മുതല്‍ ആധുനികത വരെ കല യാഥാര്‍ത്ഥ്യമല്ല എന്നു സ്ഥാപിക്കാനുള്ള തത്രപ്പാടുകളെ കൊണ്ടു നടന്നു. യാഥാര്‍ത്ഥ്യം സ്ഥിരമായ ഒന്നല്ലെന്നും കാലത്തിന്റെ ചെറിയ ഇടവേളകളില്‍ പോലും ഓരോ സമൂഹത്തിലും അത്‌ മാറിമറിയുമെന്നുള്ള അടിസ്ഥാനബോധം ആധുനികതയ്ക്കു ശേഷമാണ്‌ പ്രബലമായത്‌.
 


ടെക്നോളജിയോടുള്ള ഭയവും സംശയങ്ങളും കലാകാരന്മാരില്‍ താരതമ്യേന കൂടുതലാണ്‌. ഫോട്ടോഗ്രാഫിയുടെ കണ്ടെത്തലാണ്‌ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഒരു അങ്കലാപ്പ്‌ സൃഷ്ടിച്ചത്‌. യാഥാര്‍ത്ഥ്യത്തെ സൂക്ഷ്മമായും വിശദമായും അതാവിഷ്കരിക്കും എന്നതുകൊണ്ട്‌ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ പിന്തുടരല്‍ യാന്ത്രികമാണെന്ന വാദം പ്രബലമായി. പക്ഷെ ക്യാമറകള്‍ ഭീകരമായി ഇരുട്ട്‌ സൃഷ്ടിക്കാന്‍ തുടങ്ങിയതോടെ ഈ വാദം നിലനില്‍ക്കാതായി. പോര്‍ട്രെയ്റ്റ്‌ വരയ്ക്കല്‍ കലാപരമായ ഒരു പ്രവൃത്തിയേ അല്ല എന്ന ആക്ഷേപത്തെ നേരിട്ടുകൊണ്ടാണ്‌ ജീവിതത്തിലുടനീളം വാന്‍ ഗോഗ്‌ നൂറുകണക്കിന്‌ ഛായാചിത്രങ്ങള്‍ വരച്ചത്‌. വാസിലി കാന്റിന്‍സ്കിയെ പോലെ അമൂര്‍ത്തതകളെ ആഘോഷിച്ചവരില്‍ നിന്ന് ചിത്രകല ഘടനകളിലേക്ക്‌ മടങ്ങുമ്പോള്‍ വാന്‍ ഗോഗും നൂറ്റാണ്ടുകള്‍ കടന്നു വരുന്നുണ്ട്‌. തലകുമ്പിട്ടിരിക്കുന്ന നഗ്നയായ സ്ത്രീ വാന്‍ ഗോഗിന്റെ കലയില്‍ ദു:ഖത്തിന്റെ മൂര്‍ത്ത രൂപമാണ്‌.

ആധുനികതയുടെ അലംഭാവങ്ങള്‍.

ആത്മഹത്യ ചെയ്ത ഏതൊരു കലാകാരന്റേയും രചനകള്‍ക്കുമേല്‍ അയാളുടെ ജീവിതം നേടുന്ന മേല്‍ക്കൈ മറ്റൊരു ദുരന്തമാണ്‌. കൃതികളിലൂടെ എന്നതിനേക്കാള്‍ ആത്മകഥകളിലൂടെ അറിയപ്പെടല്‍ കേരളീയമായൊരു നടപ്പുദീനവും. മാധ്യമങ്ങളുടെ തമ്പ്‌ സദാ കലയുടെ പിന്നാമ്പുറത്തായിരിക്കുന്നത്‌ ഇതിഹാസങ്ങളുടെ ഇതിഹാസമെഴുതാന്‍ എഴുത്തുകാരെ പ്രേരിപ്പിക്കുന്നുമുണ്ട്‌. ആധുനിക മലയാള നോവലുകളിലെ പ്രധാന കഥാപാത്രങ്ങള്‍ എവിടുത്തുകാരാണ്‌ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ അവരുടെ പെരുമാറ്റരീതികളെ തുണയ്ക്കുന്ന ജീവിതസാക്ഷ്യങ്ങള്‍ വേണമായിരുന്നു. അങ്ങനെയാണ്‌ ജീവിതകഥകള്‍ കൃതികളേക്കാള്‍ പ്രാധാന്യം നേടിയത്‌. വിന്‍സെന്റ്‌ വാന്‍ ഗോഗ്‌ എന്നു കേള്‍ക്കുമ്പോള്‍ കാറ്റാടിമരങ്ങളെ, സൂര്യകാന്തിപ്പൂക്കളെ, മെരുക്കിയ മഞ്ഞയെ, വേശ്യയോടുള്ള പ്രണയത്തെ, ഉന്മാദത്തെ, മുറിച്ച ചെവിയെക്കുറിച്ച്‌ ഇനി പറയല്ലേ പറയല്ലേ എന്നാരും തൊഴുതുപോകും. വാന്‍ ഗോഗ്‌ സാഹിത്യത്തിന്‌ മടുപ്പിക്കുന്ന പ്രചാരം ഉണ്ടാക്കിയത്‌ പൊതുവേ ദുര്‍ബ്ബലമായ മലയാളിയുടെ ആത്മവിശ്വാസത്തിന്‌ പിടിവള്ളിയായ ഒരു ആത്മകഥയാവണം. ഫൈന്‍ ആര്‍ട്‌സ്‌ കോളേജില്‍ നിന്ന് പഠിച്ചിറങ്ങുന്നവരുടെ പ്രധാന മാധ്യമം വായ്‌മൊഴിയായത്‌ മറ്റൊരു കാരണം. കാതോര്‍ത്താല്‍ കള്ളുഷാപ്പിലിപ്പോഴും 'ഇമ്പ്രഷനിസം','പോസ്റ്റ്‌ ഇമ്പ്രഷനിസം' കേള്‍ക്കാം. ദുര്‍ബ്ബലമായ ചിത്രകലാസംസ്കാരത്തെ ആധുനികതയുടെ അജണ്ടകള്‍ നിയന്ത്രിക്കുകയായിരുന്നു. ഉപജീവനാര്‍ത്ഥം വലിയ നഗരങ്ങളില്‍ ജീവിച്ചുകൊണ്ട്‌ ആധുനിക സാഹിത്യം എഴുതിയവര്‍ക്ക്‌ ഗ്രാമീണജീവിതം അവരുടെ ഓര്‍മ്മയുടെ ഭൂപടമായിരുന്നു. കൃഷി ഒരു ഉപവിഷയമായിപ്പോലും എഴുത്തില്‍ വന്നില്ല. കാരണവന്മാരും പൂര്‍വ്വാധുനികരും പെരുമാറിയ ഇടം എന്ന നിലയില്‍ അത്‌ ഉപേക്ഷിക്കപ്പെട്ടു. 'കാടെവിടെ മക്കളേ.. മേടെവിടെ മക്കളേ.. ' എന്നത്‌ ഒരുതരം അഴകു തിരയലായി, ഇക്കോടൂറിസത്തിന്റെ ആരംഭം. ഭഷയില്‍ കാല്‍പനികതയെ നേരിട്ടവര്‍ സൃഷ്ടിച്ചെടുത്ത കാല്‍പനികദേശങ്ങളുടെ വിസ്‌തൃതി ഖസാക്കിലും മയ്യഴിയിലും മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല.

തുടരും..

 

comments