അറകളായി
തിരിഞ്ഞ് ചേര്‍ന്നിരിക്കുന്നവയാണ് എന്റെ ഓര്‍മ്മകള്‍. നാടവിരയുടെ ശരീരം
പോലെ. എന്നാല്‍ ഓര്‍മ്മയ്ക്ക് തലയില്ല. ഇടുക്കു വഴികളില്‍ അവ
ചുറ്റിതിരിഞ്ഞു കൊണ്ടിരിക്കുന്നു. ഏതു സ്ഥലത്തു നിന്നും അതു തുടങ്ങും. ഏതു
സ്ഥലത്തും അത് അവസാനിപ്പിക്കും. സ്വന്തം യുക്തിയെ പിന്തുടര്‍ന്ന്
ഓര്‍മ്മകള്‍ അവയുടെ രീതിയില്‍ കടന്നു വരാന്‍ ഞാന്‍ കാത്തിരിക്കണം. മൂടല്‍
മഞ്ഞിലങ്ങനെയാണ്. സൂര്യവെളിച്ചത്തിലാവുമ്പോള്‍ കുറച്ചകലെയായാലും
കാര്യങ്ങള്‍ വ്യക്തമായി തെളിയും. ചില വസ്തുക്കളെ അടുത്തു കാണാന്‍
സൂക്ഷിച്ചു നോക്കാം, തലതിരിക്കാം, നോട്ടത്തിന്റെ ദിശമാറ്റാം. കനത്ത
മൂടല്‍മഞ്ഞുള്ളപ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. എന്താണ് നിങ്ങളുടെ
അടുക്കലേയ്ക്കു വരുന്നതെന്ന് അടുത്തെത്തുന്നതുവരെയും നിങ്ങള്‍ അറിയുകയില്ല.
പക്ഷേ ഒററ്റോറിയോയിലെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്കെല്ലാം
വ്യക്തമായി കാണാം. ചലച്ചിത്രം പോലെ. അതു കുഴമറിയുന്നില്ല. യുക്തിപരമായ ഒരു
തുടര്‍ച്ചയുണ്ട് ആ ഓര്‍മ്മകള്‍ക്ക്.
1943-ല്‍ സൊളാറയിലേയ്ക്ക് കുടിയൊഴിപ്പിക്കപ്പെട്ടതോടെ എന്റെ ജീവിതം പാടേ
മാറിപ്പോയി. അന്നെനിക്ക് 11 വയസ്സായിരുന്നു. പട്ടണത്തില്‍ ഞാനൊരു ദുഃഖിതനായ
കുട്ടിയായിരുന്നു. ദിവസവും കുറച്ചു മണിക്കൂറുകള്‍ മാത്രം കൂട്ടുകാരോടൊപ്പം
കളിച്ചിട്ട്, ബാക്കി സമയങ്ങളില്‍ ഞാന്‍ പുസ്തകങ്ങളുമായി ചുരുണ്ടു കൂടി.
സൊളാറയില്‍, പട്ടണത്തിലെ സ്കൂളിലേയ്ക്ക് എനിക്കു നടന്നു പോകാമായിരുന്നു.
പാടങ്ങളിലും മുന്തിരിത്തോപ്പുകളിലും ഞാന്‍ അലഞ്ഞു നടന്നു. ഞാന്‍
സ്വതന്ത്രനായിരുന്നു. ആരുടെയുമല്ലാത്ത വിശാലസ്ഥലങ്ങള്‍ എനിക്കു മുന്നില്‍
വേലികളില്ലാതെ കിടന്നു. ചുറ്റി നടക്കാന്‍ ധാരാളം കൂട്ടുകാരെയും കിട്ടി.
സഖ്യ കക്ഷികള്‍ പട്ടണത്തില്‍ ബോംബുകളിട്ടപ്പോള്‍, സൊളാറയിലെ വീട്ടിലെ
ജനാലയ്ക്കരികില്‍ നിന്ന് ദൂരെ ആകാശത്തില്‍ അവയുടെ മിന്നായങ്ങള്‍ ഞങ്ങള്‍
കണ്ടു. ഇടിനാദം പോലെ എന്തൊക്കെയോ മുരളുന്നതും കേട്ടു. യുദ്ധം ഞങ്ങളെ
വിധിയില്‍ വിശ്വസിക്കുന്നവരാക്കി തീര്‍ത്തു. കൊടുങ്കാറ്റു പോലെയാണ്
ബോംബുവര്‍ഷം. കുട്ടികളായ ഞങ്ങള്‍ ചൊവാഴ്ച വൈകുന്നേരങ്ങളില്‍ ശാന്തരായി
കളിക്കാറുണ്ട് . ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അങ്ങനെ തന്നെ.
എന്നാല്‍ ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ ശാന്തരായിരുന്നോ? ശവശരീരങ്ങള്‍
ചിതറിക്കിടക്കുന്ന പാടം കടന്നു പോകുന്ന, ജീവനുള്ള ആര്‍ക്കും തോന്നുന്ന
നെടുവീര്‍പ്പ്, ഉത്കണ്ഠ, സ്തബ്ധത അങ്ങനെ ചിലതു കൊണ്ട് സ്വയം
അടയാളപ്പെടുത്താന്‍ ഞങ്ങള്‍ തുടങ്ങിയിരുന്നില്ലേ?
ഒററ്റോറിയോയില്‍ സ്കൂള്‍ സമയത്തിനു ശേഷമുള്ള ഉച്ചകളില്‍ ഞങ്ങള്‍ ഇഷ്ടം പോലെ
കറങ്ങി നടന്നിരുന്നു. മതബോധനക്ലാസിനും അനുഗ്രഹത്തിനുമായി
ആറുമണിയ്ക്കെത്തിയാല്‍ മതി. അതുവരെ ഞങ്ങള്‍ക്ക് സന്തോഷമുള്ള കാര്യങ്ങള്‍
ചെയ്യാം. അവിടെ പൂര്‍ത്തിയാകാത്ത ഒരു മെറിഗോ റൌണ്ട്, കുറച്ച് ഊഞ്ഞാലകള്‍,
ഒരു ചെറിയ തിയേറ്റര്‍ - അതിലാണ് ഞാന്‍ ആദ്യമായി അഭിനയിച്ച ‘പാരീസുകാരി
കൊച്ചു പെണ്‍കുട്ടി’ എന്ന നാടകം അരങ്ങേറിയത് - എന്നിവയുണ്ടായിരുന്നു.
മുതിര്‍ന്നവരും ഒററ്റോറിയോയില്‍ വരുമായിരുന്നു. ഞങ്ങളേക്കാള്‍ പ്രായം കൂടിയ
ആണ്‍കുട്ടികളും. അവര്‍ പിങ്-പോങ്ങും ചീട്ടും കളിച്ചു. പണം വച്ചല്ല.
ഒററ്റോറിയോയുടെ ഡയറക്ടരും നല്ല മനുഷ്യനുമായിരുന്ന ഡോണ്‍ കോഗ്നാസ്സോയ്ക്ക്
അവരെ ആവശ്യമായിരുന്നു. മതവിശ്വാസമില്ലാത്തതിന്റെ പേരിലല്ല, സൈക്കിളില്‍
ബഹളമുണ്ടാക്കിക്കൊണ്ട് പട്ടണത്തിലേയ്ക്കു പോകുന്നതിനു പകരമാണ് അവരവിടെ
എത്തിക്കൊണ്ടിരുന്നത് എന്നതോ ബോംബുകള്‍ വീണു തലചിതറാനുള്ള
സാഹചര്യമുണ്ടായിട്ടും അവര്‍ അതൊട്ടും വകവച്ചില്ല എന്നുള്ളതോ ആയിരുന്നില്ല
പ്രശ്നം. പ്രവിശ്യ മുഴുവന്‍ പ്രസിദ്ധമായിരുന്ന വേശ്യാലയം, കാസറോസ്സയില്‍
കയറുന്നതിനു വേണ്ടിയാണ് അവര്‍ അവിടെ വന്നുകൊണ്ടിരുന്നത്. കോഗ്നാസ്സായ്ക്ക്
അത്രയും മതി.
1943 സെപ്റ്റംബര്‍ 8 -നു ശേഷമാണ് ഞാന്‍ ആദ്യമായി ഒളിപ്പോരാളികളെക്കുറിച്ച്
കേള്‍ക്കുന്നത്. ഒററ്റോറിയോയില്‍ വച്ച്. ‘സോഷ്യല്‍ റിപ്പബ്ലിക്കാ’യുടെ
പുതിയ രേഖകളെയോ ജര്‍മ്മനിയില്‍ ജോലിചെയ്യാന്‍ വേണ്ടി യുവാക്കളെ പിടിച്ച്
കയറ്റി അയയ്ക്കുന്ന നാസി സംഘങ്ങളെയോ അംഗീകരിക്കാത്ത കുറച്ചു മുതിര്‍ന്ന
ആണ്‍കുട്ടികളുടെ കൂട്ടമായിരുന്നു അത്, കുറച്ചു കാലത്തേയ്ക്ക്. പിന്നീട്
ആളുകള്‍ അവരെ റിബലുകള്‍ എന്നു വിളിക്കാന്‍ തുടങ്ങി. ഔദ്യോഗിക രേഖകളില്‍
അവര്‍ അങ്ങനെയാണ് അറിയപ്പെട്ടത്. അതാണ് കാരണം. സൊളാറയില്‍ നിന്നുള്ള
ഒരാളുള്‍പ്പടെ അവരില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു എന്നു കണ്ടെത്തുകയും
പ്രത്യേക സന്ദേശങ്ങള്‍ അവര്‍ക്കു കൈമാറിയിരുന്നു എന്ന് റേഡിയോ ലണ്ടന്‍ വഴി
കേള്‍ക്കുകയും ചെയ്തപ്പോഴാണ് അവര്‍ തന്നെ ആഗ്രഹിച്ചിരുന്ന പോലെ
ഒളിപ്പോരാളികള്‍ എന്നും ദേശസ്നേഹികളെന്നും അവരെ ഞങ്ങള്‍ വിളിക്കാന്‍
തുടങ്ങിയത്. സൊളാറയില്‍ ആളുകള്‍ക്ക് ഒളിപ്പോരാളികളോട് പ്രത്യേക
സ്നേഹമുണ്ട്. കാരണം ആണ്‍കുട്ടികളില്‍ കൂടുതല്‍ പേരും ആ ഭാഗത്തു
വളര്‍ന്നവരാണ്. തിരിച്ചു വന്നപ്പോഴേയ്ക്കും അവര്‍ പേരുകള്‍ മാറ്റിയിരുന്നു.
ഹെഡ്ജെഹോക്, ഫെറൂസിയോ, മിന്നല്‍, നീലക്കിളി... പക്ഷേ ആളുകള്‍ അവരെ പഴയ
പേരുകള്‍ തന്നെ വിളിച്ചു. ഒററ്റോറിയോയില്‍ ഞാന്‍ കണ്ടിട്ടുള്ള മെലിഞ്ഞ
കൈകളുള്ള, പിഞ്ഞിയ, വിലകുറഞ്ഞ ജാക്കറ്റിട്ടു നടന്ന പഴയ പയ്യന്മാര്‍,
വട്ടത്തൊപ്പി വച്ച്, മെഷീന്‍ ഗണുകള്‍ കൈയില്‍ പിടിച്ചും വെടിയുണ്ട
പിടിപ്പിച്ച ബെല്‍റ്റുകള്‍ തോളില്‍ തൂക്കിയിട്ടും ഗ്രനേഡുകള്‍ ഘടിപ്പിച്ച
ബെല്‍റ്റുകള്‍ ധരിച്ചുമാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. തുകലില്‍ പൊതിഞ്ഞ
കൈത്തോക്കുകളും അവര്‍ കരുതിയിരുന്നു. ഇംഗ്ലീഷു സൈന്യത്തിന്റെ ജാക്കറ്റോ
ചുവന്ന ഷര്‍ട്ടോ ആണ് അവര്‍ ധരിച്ചിരുന്നത്. അല്ലെങ്കില്‍ പാന്റ്സും
രാജസൈന്യത്തിന്റെ ശരായിയും. അവര്‍ സുന്ദരന്മാരായിരുന്നു.

ഫാസിസ്റ്റുകളായ കരിമ്പട്ടാളം ദൂരെയായിരിക്കുന്ന സമയം നോക്കി ചെറിയതരം
ആക്രമണങ്ങളും റെയ്‌ഡുകളും നടത്തിക്കൊണ്ട് 1944 ആയപ്പോഴേയ്ക്കും
ഒളിപ്പോരാളികള്‍ സോളാറയിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഒളിപ്പോരാളികളുടെ
ഇടയിലും വിഭജനങ്ങളുണ്ടായിരുന്നു. ചില അവസരങ്ങളില്‍ കഴുത്തില്‍ നീല
ഉറുമാലുകള്‍ ചുറ്റിയ ബഡോഗ്ലിയാനികള്‍ താഴേയ്ക്കിറങ്ങി വന്നു. ഏകാധിപത്യത്തെ
പിന്തുണയ്ക്കുന്ന അവര്‍ “സാവോയ്..” എന്നു വിളിച്ചുകൂവിക്കൊണ്ട് ഇപ്പോഴും
യുദ്ധരംഗത്തേയ്ക്ക് കവാത്തു നടത്തുകയാണെന്ന് ആളുകള്‍ വിശ്വസിച്ചു. മറ്റു
ചിലപ്പോള്‍ കഴുത്തില്‍ ചുവന്ന ഉറുമാലു ചുറ്റി, രാജാവിനും അദ്ദേഹത്തിന്റെ
വലതു കൈയായ ബഡോഗ്ലിയയ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട്
ഗാരിബാള്‍ഡിനികള്‍ വന്നു. ബഡോഗ്ലിയാനികളുടെ കൈവശമുള്ള ആയുധങ്ങള്‍
മെച്ചപ്പെട്ടവയായിരുന്നു. ഇംഗ്ലീഷുകാര്‍ അവര്‍ക്ക് സഹായമെത്തിച്ചിരുന്നു
എന്നൊരു സംസാരമുണ്ടായിരുന്നു. ആ സൌകര്യം കമ്മ്യൂണിസ്റ്റുകളായ മറ്റു
പോരാളികള്‍ക്ക് കിട്ടിയിരുന്നില്ല. ഗാരിബാള്‍ഡിനികള്‍ക്ക് കരിമ്പട്ടാളത്തെ
പോലെ സബ് മെഷീന്‍ ഗണ്ണുകളുണ്ട്. അവ ഇടയ്ക്കിടെയുള്ള ലഹളകളില്‍ നിന്ന്
പിടിച്ചെടുത്തതോ ആയുധപ്പുരകള്‍ അപ്രതീക്ഷിതമായി ആക്രമിച്ച് കൈക്കലാക്കിയതോ
ആണ്. ബഡോഗ്ലിയാനികള്‍ക്ക് ഏറ്റവും പുതിയ മോഡല്‍ ഇംഗ്ലീഷ്
സ്റ്റണ്‍ഗണ്ണുകളാണുണ്ടായിരുന്നത്. ഒരിക്കല്‍ ഒരു ബഡോഗ്ലിയാനി എന്നെ ഒരു
റൌണ്ട് വെടി വയ്ക്കാന്‍ അനുവദിച്ചു. മിക്ക സമയവും അവര്‍ പരിശീലനത്തിനു
വേണ്ടി അല്ലെങ്കില്‍ പെണ്ണുങ്ങളെ സുഖിപ്പിക്കാന്‍ വെടിവയ്പ്പു
നടത്തിക്കൊണ്ടിരിക്കും.
ഗ്രഗ്‌നോള ഒററ്റോറിയയില്‍ സ്ഥിരമായി വന്നിരുന്നു. ‘ഗ്രാഗ്‌നൊള’ എന്നാണ്
തന്റെ പേരുച്ചരിക്കേണ്ടത് എന്ന് അയാള്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. പക്ഷേ
ആളുകള്‍ ഗ്രഗ്‌നോള എന്നു തന്നെ വിളിച്ചു. വെടിവയ്പ്പിനെ സ്തുതിക്കുന്ന
ഒരര്‍ത്ഥമാണ് ആളുകളുടെ ഉച്ചാരണം മനസ്സില്‍ കൊണ്ടു വന്നിരുന്നത്. ‘ഞാന്‍
സമാധാന പ്രിയനായ മനുഷ്യനാണ് ‘ അയാള്‍ പറഞ്ഞു. “ കളഞ്ഞേക്കുക... അതെല്ലാം
ഞങ്ങള്‍ക്കറിയാം...” കൂട്ടുകാര്‍ പ്രതിവചിച്ചു. കുന്നിന്‍ മുകളിലെ
ഗാരിബാള്‍ഡിനി സംഘവുമായി അയാള്‍ക്ക് ചില ബന്ധങ്ങളുണ്ടെന്ന് രഹസ്യ
സംസാരമുണ്ടായിരുന്നു. ‘അയാള്‍ മഹാനായ ഒരു നേതാവാണ്‘. ആരോ പറഞ്ഞു.
ഒളിച്ചിരിക്കുന്നതിനു പകരം നഗരത്തിലിറങ്ങി കറങ്ങി നടക്കുന്നതിലൂടെ സ്വന്തം
ജീവന്‍ അയാള്‍ കൂടുതല്‍ അപകടത്തിലാക്കി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍
തിരിച്ചറിയപ്പെട്ടിരുന്നെങ്കില്‍ ആ നിമിഷം അയാള്‍ വെടികൊണ്ടു വീണേനേ.
‘പാരീസുകാരി കൊച്ചു പെണ്‍കുട്ടി‘യില്‍ എന്നോടൊപ്പം ഗ്രഗ്‌നോള
അഭിനയിച്ചിട്ടുണ്ട്. അതിനു ശേഷം അയാള്‍ക്ക് എന്നോട് കൂടുതല്‍ കാര്യമായി.
എന്നെ ട്രസ്സറ്റ കളിക്കാന്‍ പഠിപ്പിച്ചത് അയാളാണ്. ഒററ്റോറിയയിലെ മറ്റു
മുതിര്‍ന്നവരുമായി അടുക്കാന്‍ എന്തോ വിമുഖത അയാള്‍ക്കുള്ളതു പോലെ തോന്നി.
എന്നാല്‍ മണിക്കൂറുകള്‍ എന്നോടു സംസാരിച്ചു കൊണ്ട് കഴിച്ചുകൂട്ടുകയും
ചെയ്തു. താന്‍ പറയുന്നത് മറ്റുള്ളവര്‍ കേട്ടാല്‍ ക്രിസ്തുവിനെതിരെ
സംസാരിക്കുന്നവന്‍ എന്നു പേരു പതിയും എന്നുറപ്പുള്ളതുകൊണ്ടാവണം, അയാള്‍ ഒരു
കുട്ടിയെ മാത്രം വിശ്വസിച്ചത്.
അയാളെനിക്ക് രഹസ്യമായി കൈമാറുന്ന ലഘുലേഖകള്‍ കാട്ടിത്തന്നു. പക്ഷേ അവ
കയ്യില്‍ വയ്ക്കാന്‍ എന്നെ അനുവദിച്ചില്ല. കാരണം ആ രേഖകളോടെ
പിടിക്കപ്പെടുന്ന ആള്‍ തത്ക്ഷണം കൊല്ലപ്പെടും എന്നു തീര്‍ച്ചയായിരുന്നു.
അങ്ങനെയാണ് ഞാന്‍ റോമിലെ ആര്‍ഡിയാറ്റിന്‍ കൂട്ടക്കൊലയെക്കുറിച്ചു
കേള്‍ക്കുന്നത്. “നമ്മുടെ സഖാക്കള്‍ കുന്നിന്‍ മുകളില്‍ നിരന്നു നിന്നു.“
ഗ്രഗ്‌നോള എന്നോടു പറയാറുണ്ടായിരുന്നു. “മേലില്‍ ഇവയൊന്നും
ആവര്‍ത്തിക്കാന്‍ പാടില്ല. നശിച്ച ജര്‍മ്മന്‍കാര്‍ .”
ഒരു തൊഴില്‍ പാഠശാലയില്‍ അദ്ധ്യാപകനായിരുന്നു ഗ്രഗ്‌നോള. എന്തായിരുന്നു
അയാള്‍ പഠിപ്പിച്ചിരുന്നത് എന്നറിയില്ല. എല്ലാ ദിവസവും രാവിലെ അയാള്‍
സ്കൂളിലേയ്ക്ക് തന്റെ സൈക്കിളില്‍ പുറപ്പെടും, ഉച്ചതിരിഞ്ഞ് വീട്ടിലെത്തും.
ആ ജോലി അയാള്‍ക്ക് നിര്‍ത്തേണ്ടി വന്നു. അയാളുടെ ഹൃദയവും ആത്മാവുമെല്ലാം
ഒളിപ്പോരാളികള്‍ക്ക് വേണ്ടി ഉഴിഞ്ഞു വച്ചതുകൊണ്ടാണ് എന്ന് ആരോ പറഞ്ഞു.
ചിലരു പിറുപിറുത്തതു വേറൊരു കാരണമാണ്, അയാള്‍ക്ക് ക്ഷയരോഗമാണെന്ന്. സത്യം.
ഗ്രഗ്‌നോളയെ കണ്ടാല്‍ രോഗം ബാധിച്ചവനെപ്പോലെയുണ്ടായിരുന്നു. ചാരനിറമുള്ള
മുഖം ഉന്തിനില്‍ക്കുന്ന ഇളംചുവപ്പുള്ള കവിളെല്ലുകള്‍, കുഴിഞ്ഞ കവിള്‍,
വിട്ടുമാറാത്ത ചുമ. ചീത്ത പല്ലുകളായിരുന്നു അയാള്‍ക്കുണ്ടായിരുന്നത്. ചെറിയ
കൂനും മുടന്തുമുണ്ടായിരുന്നു. തോള്‍പ്പലകകള്‍ കൂടിച്ചേര്‍ന്നിരുന്നു.
അയാളുടെ ജാക്കറ്റിന്റെ കോളര്‍ കഴുത്തില്‍ തൊടാതെ
അകന്നുനില്‍ക്കുന്നതുകൊണ്ട് വസ്ത്രം ആ ശരീരത്തില്‍ ചാക്കുക്കഷ്ണം പോലെ
തൂങ്ങിക്കിടക്കുകയാണെന്നേ തോന്നൂ. ഈ പ്രത്യേകതകള്‍ കൊണ്ട് നാടകത്തില്‍
അയാള്‍ക്ക് എപ്പോഴും ചീത്ത കഥാപാത്രങ്ങളേ കിട്ടിയുള്ളൂ. അല്ലെങ്കില്‍
രഹസ്യക്കൊട്ടാരത്തിലെ ഒട്ടും പ്രാധാന്യമില്ലാത്ത മുടന്തന്‍ കാവല്‍ക്കാരന്റെ
റോള്‍.
അയാള്‍ ശരിക്കും നല്ല ശാസ്ത്രജ്ഞാനമുള്ള ആളായിരുന്നു എന്നാണ് എല്ലാവരുടെയും
അഭിപ്രായം. ഇടയ്ക്കിടയ്ക്ക് യൂണിവേഴ്സിറ്റികളില്‍ നിന്ന് പ്രഭാഷണത്തിനായി
അയാള്‍ക്ക് ക്ഷണം കിട്ടുമായിരുന്നു. സ്വന്തം വിദ്യാര്‍ത്ഥികളോടുള്ള ഇഷ്ടം
കാരണം മുറയ്ക്ക് ക്ഷണങ്ങളെ നിരസിച്ചുകൊണ്ടുമിരുന്നു. “കുതിരച്ചാണകം”
പിന്നീട് ഗ്രഗ്‌നോള എന്നോട് പറഞ്ഞു.” യാംബോ.. ഞാന്‍ പാവപ്പെട്ട കുട്ടികളുടെ
സ്കൂളില്‍ മാത്രമേ പഠിപ്പിച്ചിട്ടുള്ളൂ, അതും പകരക്കാരനായി മാത്രം. ഈ നാശം
പിടിച്ച യുദ്ധം കാരണം എനിക്ക് ബിരുദമെടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.
ഇരുപതു വയസ്സുള്ളപ്പോഴാണ് ഗ്രീസിന്റെ പിന്‍ഭാഗ സൈന്യത്തെ നേരിടാന്‍
അവരെന്നെ ഇവിടെനിന്നു പറഞ്ഞയയ്ക്കുന്നത്. അവിടെ വച്ച് എന്റെ മുട്ടു
തകര്‍ന്നു. ഉറപ്പിച്ചു പറയാന്‍ ഒക്കുകയില്ലെങ്കിലും ആ ചെളിയിലെവിടുന്നോ ആണ്
എനിക്ക് ഈ വൃത്തിക്കെട്ട അസുഖം കിട്ടിയത്. അതിനു ശേഷം
ചോരതുപ്പിക്കൊണ്ടേയിരിക്കുന്നു. ആ പെരും തലയനെ (മുസ്സോളിനിയ്ക്ക് അയാളിട്ട
പേര്) എന്റെ കൈയിലെന്നെങ്കിലും കിട്ടിയാല്‍, കൊല്ലില്ല, കാരണം ഞാന്‍
അത്രയ്ക്ക് ഭീരുവാണ്. പക്ഷേ നിയമം അയാള്‍ക്ക് ജീവിക്കാന്‍
അനുവദിച്ചുകൊടുക്കുന്ന അത്രയും കാലം ആ ജൂദാസിന്റെ ചന്തിയ്ക്കിട്ടു
ചവിട്ടും“.
ഒററ്റോറിയോയില്‍ വന്നതെന്തിനാണെന്നു ഒരിക്കല്‍ ഞാന്‍ ചോദിച്ചു. അയാള്‍
ഈശ്വരനില്‍ വിശ്വസിക്കാത്ത ആളാണെന്നു ആളുകള്‍ക്കിടയില്‍
സംസാരമുണ്ടായിരുന്നു. മനുഷ്യരെ കാണാന്‍ കഴിയുന്ന ഏകസ്ഥലം ഇതാണെന്നായിരുന്നു
അതിനു മറുപടി. പുറമെ താന്‍ നിരീശ്വരവാദി അല്ലെന്നും അരാജകവാദിയാണെന്നും
അയാള്‍ പറഞ്ഞു. അന്ന് ‘അരാജകവാദി’ എന്താണെന്ന് എനിക്കറിയില്ലായിരുന്നു.
യജമാനന്മാരില്ലാത്ത, രാജാക്കന്മാരില്ലാത്ത, ഭരണകൂടമില്ലാത്ത,
പുരോഹിതന്മാരില്ലാത്ത, സ്വാതന്ത്ര്യം മാത്രം ഇഷ്ടപ്പെടുന്ന മനുഷ്യര്‍..
എന്ന് എനിക്കത് വിശദീകരിച്ചു തന്നു. “ ഭരണകൂടമില്ലാത്ത... അതാണ് ഏറ്റവും
പ്രധാനമായത്.” അയാള്‍ പറഞ്ഞു. “പക്ഷേ അത് ആ റഷ്യയെപ്പോലെയല്ല, എപ്പോഴാണ്
നിങ്ങള്‍ കാഷ്ടം ഉപയോഗിക്കേണ്ടത് എന്ന് അവിടെ ഭരണകൂടമാണ് അവര്‍ക്ക് പറഞ്ഞു
കൊടുക്കുന്നത് ”.
കമ്മ്യൂണിസ്റ്റുകള്‍ക്ക് എതിരാണെങ്കില്‍, കമ്മ്യൂണിസ്റ്റുകളായ
ഗാരിബാള്‍ഡിനികളുമായി കൂട്ടുചേരുന്നതെന്തിനാണെന്ന് ഞാന്‍ ഗ്രഗ്‌നോളയോട്
ചോദിച്ചു. നമ്പര്‍ ഒന്ന്, എല്ലാ ഗാരിബാള്‍ഡിനികളും കമ്മ്യൂണിസ്റ്റുകളല്ല,
സോഷ്യലിസ്റ്റുകളും അരാജകക്കാരും അവര്‍ക്കിടയിലുണ്ട്. നമ്പര്‍ രണ്ട്,
ഇപ്പോഴത്തെ ശത്രുക്കള്‍ നാസികളും ഫാസിസ്റ്റുകളുമാണ്, കമ്മ്യൂണിസ്റ്റുകളല്ല.
തലമുടിയിഴ പിരിച്ചുകൊണ്ടിരിക്കാന്‍ നമുക്കധികം സമയമില്ല. ആദ്യം ഒന്നിച്ച്
നിന്ന് ജയിക്കും, വ്യത്യസ്തതകളൊക്കെ പറഞ്ഞ് രാജിയാകുന്നത് പിന്നീടാകാം.”
അദ്ദേഹം മറുപടി പറഞ്ഞു.
ഒററ്റോറിയോയില്‍ വരാന്‍ കാരണം അതൊരു നല്ല സ്ഥലം കൂടിയായതാണെന്നു അയാള്‍
കൂട്ടിച്ചേര്‍ത്തു. പുരോഹിതന്‍മാര്‍ ഗാരിബാള്‍ഡിനികളെപ്പോലെയാണ്.
തിന്മയിലാണ് അവര്‍ കഴിഞ്ഞുകൂടുന്നത്, എങ്കിലും ആദരിക്കേണ്ട നല്ല മനുഷ്യരും
അവര്‍ക്കിടയിലുണ്ട്. " നമ്മുടെ കുട്ടികള്‍ക്ക് എന്തുസംഭവിക്കും എന്നു
പ്രവചിക്കാന്‍ ആര്‍ക്കും കഴിയാത്ത ഈ സമയത്ത്, പ്രത്യേകിച്ച്. കഴിഞ്ഞ
വര്‍ഷം വരെ പുസ്തകങ്ങളും നാടന്‍ തോക്കുകളും നല്ല ഫാസിസ്റ്റുകളെ
നിര്‍മ്മിക്കുന്നു എന്നാണ് അവരെ പഠിപ്പിച്ചുകൊണ്ടിരുന്നത്. പട്ടികളുടെ
അടുത്തേയ്ക്ക് പോകാന്‍ അവരെ എന്തായാലും ഒററ്റോറിയോയില്‍ അനുവദിക്കില്ല.
അങ്ങേയറ്റത്തെ കുഴപ്പങ്ങളുണ്ടായാല്‍ പോലും മാന്യമായി പെരുമാറിക്കൊള്ളാനാണ്
അവരെ പഠിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ കുഴപ്പമുണ്ടാക്കുമെന്നുള്ളത് ഒരു
വലിയ കാര്യമല്ല. നിങ്ങളെല്ലാം ചിലപ്പോഴൊക്കെ കുഴപ്പങ്ങളില്‍ ചെന്നു
ചാടാറുണ്ട്. പിന്നീട് കുറ്റം ഏറ്റു പറഞ്ഞ് കാര്യം അവസാനിപ്പിക്കും.
അതുകൊണ്ട് ഞാന്‍ ഇവിടെ വന്ന് കോഗ്‌നാസ്സോയെ സഹായിക്കുന്നത് കുട്ടികളെ
കളിക്കാന്‍ അനുവദിക്കുന്നതിനു വേണ്ടിയാണ്. പള്ളിയില്‍ ഞങ്ങള്‍
പ്രാര്‍ത്ഥനയ്ക്കു പോകുമ്പോള്‍ ഏറ്റവും പിന്‍ നിരയില്‍ ഞാന്‍ നിശ്ശബ്ദനായി
ഇരിക്കും. ദൈവത്തെ അംഗീകരിക്കുന്നില്ലെങ്കിലും ഞാന്‍ യേശുവിനെ
ബഹുമാനിക്കുന്നു.”

ഗ്രാഗ്‌നോളയും ഞാനും പല കാര്യങ്ങളെ പറ്റിയും സംസാരിച്ചു.
വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തെപ്പറ്റി ഞാന്‍ അയാളോടു പറയും.
താത്പര്യത്തോടെ അയാള്‍ അക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യും.
“സല്‍ഗാരിയെക്കാള്‍ നല്ല എഴുത്തുകാരനാണ് വെര്‍ണേ“ അയാള്‍ പറയും. “കാരണം
അയാള്‍ക്ക് ശാസ്ത്രീയയുക്തിയുണ്ട്. പ്രേമിക്കുന്ന ഏതോ പതിനഞ്ചുകാരി
പെണ്‍കുട്ടിയ്ക്കുവേണ്ടി കൈനഖങ്ങളാല്‍ സ്വന്തം നെഞ്ചു മാന്തിപ്പൊളിക്കുന്ന
സന്‍ഡോകനെക്കാള്‍, സൈറസ് സ്മിത്ത് നിര്‍മ്മിക്കുന്ന നൈട്രോഗ്ലിസറിനാണ്
കൂടുതല്‍ യഥാര്‍ത്ഥം.”
സോക്രട്ടീസിനെയും ജിയോര്‍ഡാനോ ബ്രൂണോയെയും എനിക്കു പഠിപ്പിച്ചു തന്നത്
ഗ്രഗ്‌നോളയാണ്. ജീവിതത്തെയും കൃതികളെയും പറ്റി വളരെ കുറച്ചുമാത്രം എനിക്ക്
അറിയാമായിരുന്ന ബകുനിനെയും. ശാസ്ത്രീയ തത്ത്വങ്ങള്‍ പ്രചരിപ്പിക്കാന്‍
ശ്രമിച്ചതിന് പുരോഹിത വര്‍ഗ്ഗം തടവിലിടുകയും ഭീകരമായി പീഡിപ്പിക്കുകയും
ചെയ്ത കാമ്പനെല്ലയെയും സാര്‍പ്പിയെയും ഗലീലിയോയെയും പറ്റി അയാള്‍ പറഞ്ഞു.
ആര്‍ഡിഗോയെപ്പോലെ സ്വന്തം കഴുത്തു മുറിച്ചവരെക്കുറിച്ചും ഗ്രഗ്‌നോള
പറഞ്ഞിരുന്നു. പ്രഭുക്കന്മാരും വത്തിക്കാനും ഇവരെ ചവിട്ടിത്താഴ്താന്‍
നോക്കിയിരുന്നതിനെപ്പറ്റി. പാന്‍തീയിസ്റ്റ് സ്കൂളില്‍ വച്ചു് വായിച്ച
ഹെഗലിനെപ്പറ്റി ഞാന്‍ ഗ്രെഗ്‌നോളയോടു ചോദിച്ചു. “ഹെഗല്‍ ബ്രഹ്മവാദിയേ
അല്ലായിരുന്നു. നിന്റെ സ്കൂളുകാര്‍ വിവരദോഷികളാണ്”. അയാള്‍ പറഞ്ഞു.
ജിയോഡാര്‍നോ ബ്രൂണോ ഒരു പക്ഷേ ബ്രഹ്മവാദി ആയിരുന്നിരിക്കാം. ഒരു ബ്രഹ്മവാദി
ദൈവം എല്ലായിടത്തും സ്ഥിതി ചെയ്യുന്നു എന്നു വിശ്വസിക്കുന്ന ആളാണ്. ദാ
അവിടെ കാണുന്ന ഈച്ചയുടെ മൂക്കിന്‍തുമ്പത്തു പോലും. എത്ര നല്ല കാര്യമാണ്
അതെന്നു ആലോചിച്ചു നോക്കിയാല്‍ മനസ്സിലാകും. എല്ലായിടത്തും ഉണ്ടായിരിക്കുക
എന്നാല്‍ ഒരിടത്തും ഇല്ലാതിരിക്കുക. പക്ഷേ ഹെഗല്‍ പറഞ്ഞത് ദൈവമല്ല,
സ്റ്റേറ്റ് ആണ് എല്ലായിടത്തുമുള്ളത് എന്നാണ്. അതുകൊണ്ട് അയാളൊരു
ഫാസിസ്റ്റായിരുന്നു.”
“പക്ഷേ നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പല്ലേ അദ്ദേഹം ജീവിച്ചിരുന്നത്?”
“അതുകൊണ്ടെന്ത്? ആളുകളുടെ ആദരവ് നേടിയെടുത്ത മറ്റൊരു ഫാസിസ്റ്റാണ് ജോണ്‍
ഓഫ് ആര്‍ക്ക്. ഫാസിസ്റ്റുകള്‍ എപ്പോഴുമുണ്ട്. ദൈവത്തിന്റെ കാലം
മുതല്‍.....ദൈവത്തിന്റെ കാര്യമെടുക്ക്.. ഒരു ഫാസിസ്റ്റാണ്..”
“ദൈവമില്ല എന്നു വാദിക്കുന്ന കൂട്ടരില്‍ ഒരാളല്ലേ നിങ്ങളും..?”
“ആരാണ് അതു പറഞ്ഞത്? നിസ്സാരകാര്യങ്ങള്‍ പോലും ഇനിയും മനസ്സിലാക്കാന്‍
കഴിയാത്ത ഡോണ്‍ കോഗ്‌നാസ്സയോ? ദൈവം ഉണ്ട് എന്നു തന്നെ ഞാന്‍
വിശ്വസിക്കുന്നു. നിര്‍ഭാഗ്യവശാല്‍, അതു നിലനില്‍ക്കുന്നു. പ്രശ്നം ദൈവം
ഫാസിസ്റ്റാണ് എന്ന കാര്യത്തിലാണ്.“
“ദൈവം എന്തുകൊണ്ടാണ് ഫാസിസ്റ്റാവുന്നത്?”
“എന്റെ ദൈവശാസ്ത്ര പ്രഭാഷണം മനസ്സിലാക്കാന്‍ വേണ്ടിയുള്ള പ്രായമായില്ല
നിനക്ക്. നിനക്കു മനസ്സിലാവുന്ന കാര്യം വച്ചു നമുക്ക് തുടങ്ങാം. എനിക്കു
വേണ്ടി പത്തു കല്‍പ്പനകള്‍ ഒന്നു പറയ്. നോക്കട്ടെ, ഒററ്റോറിയോ നിന്നെ
ഓര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോ എന്നറിയട്ടെ.”
ഞാനവ ഉറക്കെ ചൊല്ലി. “കൊള്ളാം” അയാള്‍ പറഞ്ഞു. “ഇനി ശ്രദ്ധിക്ക്, ഈ പത്തു
കല്പനകളില്‍ നാലെണ്ണം.. വെറും നാലെണ്ണം മാത്രമാണ് നല്ല കാര്യങ്ങളെ
പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളത്. ആലോചിച്ചു നോക്ക്. നമുക്ക് അവയെ
ഒന്നുകൂടി നോക്കാം. കൊല്ലരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷി പറയരുത്,
അന്യന്റെ ഭാര്യയെ വ്യഭിചരിക്കരുത്. ഈ അവസാനത്തെ കല്‍പ്പന, അന്തസ്സ്
എന്താണെന്ന് അറിയാവുന്ന ആണുങ്ങള്‍ക്കുള്ളതാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍,
നിന്റെ കൂട്ടുകാരനെ വഞ്ചിക്കരുത്. വേറൊരു രീതിയില്‍, നിന്റെ
കുടുംബജീവിതത്തെ സംരക്ഷിക്കുക. കാരണം അതിലാണ് സുഖമിരിക്കുന്നത്. അരാജകത്വം
കുടുംബങ്ങളെയും ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ എല്ലാം കൂടി ഒന്നിച്ചു
നേടിയെടുക്കാന്‍ നമ്മള്‍ക്കു കഴിയില്ല. ഏതു സാമാന്യ ബുദ്ധിയ്ക്കും
പറയാവുന്ന കാര്യങ്ങളെ ഈ മൂന്നു കല്പനകളിലുള്ളൂ. എങ്കിലും അവയുടെ ഭാരം
നോക്കുക. നമ്മളെല്ലാം ചില സമയം കള്ളങ്ങള്‍ പറയും, ചിലപ്പോള്‍ നല്ലതിനു
വേണ്ടി. എന്നാല്‍ കൊല... അതൊരിക്കലും ചെയ്യാന്‍ പാടില്ല.”
“രാജാവ് യുദ്ധം ചെയ്യാന്‍ അയച്ചാലും....?”
“അവിടെയാണ് മര്‍മ്മം. പുരോഹിതന്മാര്‍ പറയും രാജാവാണ് നിന്നെ
യുദ്ധത്തിനയയ്ക്കുന്നതെങ്കില്‍ നിനക്കു തീര്‍ച്ചയായും ശത്രുക്കളെ കൊല്ലാം.
അവിടെ ഉത്തരവാദിത്വം രാജാവോടു ചേര്‍ന്നു കിടക്കുകയാണ്. അങ്ങനെയാണ് അവര്‍
പൈശാചികമായ യുദ്ധത്തെ ന്യായീകരിക്കുന്നത്. പെരുംതലയനും അതാണു ചെയ്തത്.
പക്ഷേ കല്പനകള്‍ യുദ്ധത്തില്‍ കൊല്ലുന്നത് ശരിയാണെന്നു പറയുന്നില്ല. അവര്‍
പറയുന്നു, കൊല്ലരുത്.. പിന്നെ..”
“പിന്നെ..”
“നമുക്ക് മറ്റു കല്പനകള്‍ നോക്കാം. ആദ്യ കല്പന പറയുന്നു നിനക്ക് മറ്റു
ദൈവങ്ങള്‍ പാടില്ല എന്ന്. അങ്ങനെയാണ് ദൈവം നിന്നെ ചിന്തിക്കുന്നതില്‍
നിന്നു തടയുന്നത്. ഉദാഹരണത്തിന് അല്ലാഹുവോ, ബുദ്ധനോ, അല്ലെങ്കില്‍ വീനസ്
ആയിക്കൊള്ളട്ടെ, സത്യസന്ധമായി പറഞ്ഞാല്‍ നിന്റെ ദേവതയായി ചിന്തയില്‍ കടന്നു
വരുന്നത് ഒരിക്കലും മോശമായ കാര്യമല്ല. പക്ഷേ കല്പന പറയുന്നത് നീ ഒരിക്കലും
തത്ത്വചിന്തയിലോ ശാസ്ത്രത്തിലോ വിശ്വസിക്കരുതെന്നാണ്. അല്ലെങ്കില്‍
മനുഷ്യന്‍ ആള്‍ക്കുരങ്ങില്‍ നിന്നു കയറിവന്നതാണെന്നു പറയുന്ന ഒന്നിനെയും
കണക്കിലെടുക്കരുതെന്ന്‍. ദൈവം മാത്രം. അത്രേയുള്ളൂ. ശ്രദ്ധിക്ക്, നിലനിന്ന
സമൂഹത്തെ അങ്ങനെതന്നെ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്ന ഫാസിസ്റ്റ്
കല്പനകളാണ് എല്ലാം. ശാബത്തു ദിനത്തെ പുണ്യദിനമായി കണക്കാക്കണം എന്നു
പറഞ്ഞുള്ള ഒന്ന് ഓര്‍ത്തു നോക്ക്. നിനക്കെന്താണതിനെപ്പറ്റിയുള്ള
അഭിപ്രായം?”
“ഞായറാഴ്ചകളില്‍ പ്രാര്‍ത്ഥനയ്ക്കു പള്ളിയിലെത്തണം എന്നു പറയുന്നതില്‍
എന്തു തെറ്റാണ് ഉള്ളത്?”
“ അതാണ് ഡോണ്‍ കോഗ്‌നാസ്സോ നിന്നോടു പറയുന്നത്. മറ്റെല്ലാ പാതിരിമാരെയും
പോലെ. ബൈബിളിനെപ്പറ്റിയുള്ള ആദ്യത്തെ കാര്യം അയാള്‍ക്കറിഞ്ഞുകൂടാ. നോക്ക്,
നിങ്ങള്‍ നിങ്ങളുടെ ആചാരങ്ങള്‍ നിരീക്ഷിക്കണം എന്നായിരുന്നു മോശയോടൊപ്പം
നടന്ന പ്രാചീനഗോത്രത്തില്‍ ഇതിന്റെ അര്‍ത്ഥം. ത്യാഗത്തിനു വേണ്ടി മുകളില്‍
നിന്നുള്ള ആദേശമായാലും ശരി, പിയെസ്സ വനെസിയായിലെ പെരുംതലയന്റെ റാലിയായാലും
ശരി ആചാരങ്ങളെല്ലാം മനുഷ്യന്റെ തലച്ചോറു ചീത്തയാക്കാന്‍
ഉദ്ദേശിച്ചുള്ളവയാണ്. പിന്നെയെന്താണ്..? നിങ്ങള്‍ പിതാവിനെയും മാതാവിനെയും
ബഹുമാനിക്കണം എന്ന്. ബഹുമാനിക്കുക എന്നുവച്ചാല്‍ മുതിര്‍ന്നവരുടെ
ആജ്ഞകളെയും ആശയങ്ങളെയും ശിരസ്സാ വഹിക്കുക. പാരമ്പര്യത്തെ എതിര്‍ക്കരുത്.
ഗോത്രങ്ങളുടെ ജീവിത രീതിയെ തടയാന്‍ ശ്രമിക്കരുത്. കണ്ടോ? സ്വന്തം സൈന്യത്തെ
ചതിക്കുകയും തന്റെ ഉദ്യോഗസ്ഥരെ മരണത്തിലേയ്ക്ക് പറഞ്ഞയയ്ക്കുകയും ചെയ്ത ആ
കുള്ളന്‍ സാവോയെപ്പോലുള്ള രാജാവിന്റെ ശിരസ്സു മുറിയ്ക്കരുത് എന്ന്. അത്
നമ്മുടെ കഴുത്തിനു മുകളില്‍ തലയുണ്ടെങ്കില്‍ നമ്മളത് ചെയ്യും എന്നു ദൈവം
അറിഞ്ഞു വച്ചുകൊണ്ട് പറയുകയാണ്. ഇനി ‘മോഷ്ടിക്കരുത്” എന്ന കല്പന നോക്കുക.
കാണുമ്പോലെ അതത്ര നിഷ്കളങ്കമായ ഒന്നല്ല എന്നു മനസ്സിലാവും. കാരണം നിന്റെ
വസ്തുക്കള്‍ മോഷ്ടിച്ച് ധനവാനായ ഒരുത്തന്റെ സ്വകാര്യമായ വസ്തുക്കളില്‍
തൊടരുത് എന്നാണ് അത് ആജ്ഞാപിക്കുന്നത്. ഇനി മൂന്ന് കല്പനകള്‍ ബാക്കി
കിടക്കുന്നു. ‘വ്യഭിചരിക്കരുത് ‘എന്ന കല്പന നോക്കുക. ഈ ലോകത്തിലെ ഡോണ്‍
കോഗ്‌നാസ്സോകള്‍ നിങ്ങളെ പറഞ്ഞു പഠിപ്പിക്കുന്നത് ‘നീ പരിശുദ്ധിയില്ലാത്ത
കാര്യങ്ങള്‍ ചെയ്യരുത്‘ എന്നു മാത്രമാണ് ഇതിന്റെ അര്‍ത്ഥം
എന്നായിരിക്കും.പക്ഷേ അതിന്റെ ശരിയായ ഉദ്ദേശ്യം, നിന്റെ കാലുകള്‍ക്കിടയില്‍
തൂങ്ങിക്കിടക്കുന്ന ആ സാധനത്തെ ആട്ടിക്കളിക്കുന്നതില്‍ നിന്നും നിന്നെ ദൂരെ
നിര്‍ത്തുക എന്നുള്ളതാണ്. ഇടയ്ക്കിടയ്ക്കുള്ള സ്വയംഭോഗത്തെപ്പോലും ഒരു
ശിലാലിഖിതത്തിലിലേയ്ക്ക് വലിച്ചിഴയ്ക്കുക അല്പം കടന്ന കൈയായിപ്പോയി. ഒരു
പരാജയമായ എന്നെ പോലൊരാള്‍ പിന്നെ എന്താണു ചെയ്യേണ്ടത്? എന്റെ അമ്മയെന്ന
സുന്ദരിയായ സ്ത്രീ എന്നെ സുന്ദരനായല്ല സൃഷ്ടിച്ചത്. പോരാത്തതിന് മുടന്തനും.
ഒരു പെണ്ണിനെയും ഞാന്‍ ഇതുവരെ തൊട്ടിട്ടില്ല. പെണ്ണായിട്ട് ഒന്നിനെയും.
അപ്പോള്‍ ആ ആശ്വാസം പോലും എനിക്കു പാടില്ല എന്നാണോ?
“പകരം ദൈവത്തിന് ഇങ്ങനെ പറയാമായിരുന്നു :‘നിനക്കു ഭോഗിക്കാം, പക്ഷേ
കുട്ടികളെ ഉണ്ടാക്കാനായി മാത്രം.‘ ലോകത്ത് അധികം ജനങ്ങള്‍
ഇല്ലാതിരുന്നുല്ലോ അക്കാലത്ത്. പത്തുകല്പനകള്‍ അതു മിണ്ടുന്നതേയില്ല. ഒരു
വശത്ത് നിന്റെ കൂട്ടുകാരന്റെ ഭാര്യയെ വ്യഭിചരിക്കാന്‍ പാടില്ല, മറ്റേവശത്ത്
വൃത്തികേടുള്ള പ്രവൃത്തിയും പാടില്ല. പിന്നെ എപ്പോഴാണ് ഭോഗം
അനുവദനീയമാകുന്നത്? മുഴുവന്‍ ലോകത്തിനും പാകമാവുന്ന ഒരു നിയമമുണ്ടാക്കാനാണ്
നീ ശ്രമിക്കുന്നത്. അല്ലേ? അതേ സമയം റോമാക്കാര്‍, - ശ്രദ്ധിക്കണം, ദൈവമല്ല
- നിര്‍മ്മിച്ച നിയമങ്ങള്‍ നോക്ക്, ഇന്നും പ്രസക്തമാണവ. എന്നാല്‍ ദൈവം
നിനക്ക് കല്പനകള്‍ എറിഞ്ഞു തരുന്നു, അതില്‍ ഏറ്റവും പ്രധാനപ്പെട്ട
കാര്യങ്ങളെയെല്ലാം ഒഴിവാക്കിയിരിക്കുന്നു.

“ഇനി അവസാനത്തെ കല്പനയിലേയ്ക്കു വരാം. ‘മറ്റൊരാളുടെ സാധനങ്ങള്‍
ആഗ്രഹിക്കരുത്’. ‘മോഷ്ടിക്കരുത്’ എന്നൊരു കല്പന നേരത്തെയുള്ളപ്പോള്‍
എന്തിനാണ് വീണ്ടും ഇങ്ങനെയൊരെണ്ണം എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
നിന്റെ കൂട്ടുകാരന്റേതു പോലെ ഒരു സൈക്കിള്‍ നിനക്കും
വേണമെന്നാഗ്രഹിക്കുന്നത് അത്ര വലിയ പാപമാണോ? നീ അവനില്‍ നിന്നു അത്
മോഷ്ടിക്കുന്നതല്ല. ഈ കല്പന വെറും അധമവികാരമായ അസൂയയെ ഇല്ലാതാക്കാന്‍
ഉദ്ദേശിച്ചുള്ളതാണെന്ന് ഡോണ്‍ കോഗ്‌നാസ്സോ നിനക്ക് വ്യാഖ്യാനിച്ചു
തന്നിട്ടുണ്ടാവും. നിന്റെ സുഹൃത്തിന് സൈക്കിളുണ്ട്, നിനക്ക് ഇല്ല,
അതുകൊണ്ട് കുന്നില്‍ ചെരുവില്‍ വച്ച് അതു ഓടിച്ചു വരുമ്പോള്‍ താഴെ വീണ്
അവന്റെ കഴുത്തൊടിയും എന്നു നീ വിചാരിക്കുന്നെങ്കില്‍ അതു ചീത്ത അസൂയയാണ്.
നിന്റെ കൂട്ടുകാരനുള്ളതു പോലെ ഒരു സൈക്കിള്‍ -അതു ഉപയോഗിച്ചതാണെങ്കിലും
വേണ്ടില്ല, വാങ്ങിക്കാന്‍ വേണ്ടി നീ ചന്തി നോവുന്നതു വരെ
പണിയെടുക്കുകയാണെങ്കില്‍ അതു നല്ല അര്‍ത്ഥത്തിലുള്ള അസൂയയാണ്. ലോകം
മുന്നോട്ടുരുളുന്നത് അങ്ങനെയുള്ള വികാരങ്ങളാലാണ്. വേറൊരുതരം അസൂയയുമുണ്ട്.
നീതിയ്ക്കു വേണ്ടിയുള്ള അസൂയ എന്നു വിളിക്കുന്നത്. ഈ ലോകത്ത്,
കുറച്ചാളുകള്‍ എല്ലാ സൌകര്യങ്ങളോടെയും രമിക്കുമ്പോള്‍ വലിയൊരു വിഭാഗം
മനുഷ്യര്‍ പട്ടിണികിടന്ന് ചാവുന്നതിന് ഒരു കാരണം കണ്ടെത്താന്‍ നിനക്ക്
കഴിയാതെ വരുമ്പോഴാണ് അതുണ്ടാവുന്നത്. മികച്ച ഒരു മാനുഷിക ഭാവമായ ഈ
സോഷ്യലിസ്റ്റ് അസൂയ നിന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നീ ഒരു
പുതിയ ലോകം നിര്‍മ്മിക്കുന്ന തിരക്കിലായിരിക്കും എപ്പോഴും. കൂടുതല്‍
ധനികരായ ആളുകളുള്ള, അവര്‍ സമൂഹത്തില്‍ നന്നായി വിന്യസിക്കപ്പെട്ടിട്ടുള്ള,
ഒരു ലോകം. ഈ പ്രവര്‍ത്തനത്തിനാണ് പത്താം കല്പന കൃത്യമായി തടയിടുന്നത്. അത്
സാമൂഹിക വിപ്ലവങ്ങളെ തടയുന്നു. എന്റെ കുഞ്ഞേ, നിന്നെ പോലുള്ള പാവപ്പെട്ട
കുട്ടികളെ കൊല്ലരുത്, അവരില്‍ നിന്നും ഒന്നും മോഷ്ടിക്കരുത് .ശരി. എന്നാല്‍
മറ്റുള്ളവര്‍ നിന്നില്‍ നിന്നും കവര്‍ന്നെടുത്തത് തിരിച്ചെടുക്കാന്‍ നീ
മുന്നോട്ടു തന്നെ പോകുക തന്നെ വേണം. അതാണ് ഇനി വരാന്‍ പോകുന്ന കാലത്തിന്റെ
സൂര്യന്‍. അതിനുവേണ്ടിയാണ് നമ്മുടെ സഖാക്കള്‍ മലമുകളില്‍
അണിനിരന്നിരിക്കുന്നത്. കാര്‍ഷികഭൂവുടമകളുടെയും ഹിറ്റ്ലറുടെ
പിണിയാളുകളുടെയും പണം കൊണ്ട് അധികാരത്തില്‍ കയറിയ പെരുംതലയനെ
പറഞ്ഞയയ്ക്കാന്‍. ഇത്രേം നീളത്തില്‍ കോളറും വച്ചു നടക്കുന്ന ആ നശിച്ച
ജര്‍മ്മന്‍കാരന്‍ ഹിറ്റ്ലര്‍ ലോകം കീഴടക്കാന്‍
തുനിഞ്ഞതെന്തിനാണെന്നറിയാമോ.. കൂടുതല്‍ പീരങ്കികള്‍ വിറ്റു
പണമുണ്ടാക്കാന്‍. അനുസരണയുടെ പ്രതിജ്ഞാപാഠങ്ങളും മുസ്സോളിനിയുടെ ആജ്ഞകളും
ഉരുവിട്ട് കാണാതെ പഠിച്ചു വളരുന്ന നിനക്കിതെല്ലാം എങ്ങനെ മനസ്സിലാവാനാണ്?”
“ എനിക്കു മനസ്സിലാവുന്നുണ്ട്.. എല്ലാം ഇല്ലെങ്കിലും ചിലതൊക്കെ.”
“എന്ന് ഞാനും ആശിക്കുന്നു.”
ഗ്രഗ്‌നോള സദാസമയവും തോലില്‍ പൊതിഞ്ഞ, നീണ്ട് കട്ടികുറഞ്ഞ എന്തോ ഒന്ന്
കഴുത്തിലിട്ട് ഷര്‍ട്ടിനുള്ളില്‍ ധരിച്ചു നടക്കുന്നതു ഞാന്‍
ശ്രദ്ധിച്ചിട്ടുണ്ട്.
“എന്താണത് ?”
“ലാന്‍സെറ്റ്”
“താങ്കള്‍ ഡോക്ടറാവാന്‍ പഠിക്കുകയാണോ?”
“തത്ത്വശാസ്ത്രമാണ് ഞാന്‍ പഠിച്ചിരുന്നത്. ഗ്രീസില്‍ വച്ച് എന്റെ
റെജിമെന്റിലെ ഒരു ഡോക്ടര്‍ മരിക്കുന്നതിനു തൊട്ടു മുന്‍പ് തന്നതാണീ കത്തി.
‘എനിക്കിനി ഇത് ആവശ്യമില്ല’. അദ്ദേഹം എന്നോട് പറഞ്ഞു. ‘ ആ ഗ്രനേഡ് എന്റെ
വയറു പിളര്‍ന്നു കഴിഞ്ഞു. എനിക്കിപ്പോള്‍ ആകെ വേണ്ടത് സ്ത്രീകളുടെ
കൈയിലുള്ളതുപോലെ സൂചിയും നൂലുമുള്ള ഒരു കിറ്റാണ്. തുന്നാന്‍ പോലും
കഴിയാത്തത്ര വലുതായി പോയി ഈ ദ്വാരം. എന്നെ ഓര്‍മ്മിക്കാന്‍ വേണ്ടി ഈ
ലാന്‍സെറ്റ് സൂക്ഷിച്ചു വച്ചേക്കുക .’ അതിനു ശേഷം ഇതു ഞാന്‍ കഴുത്തില്‍
നിന്നൂരിയിട്ടില്ല.“
“കാരണം..?”
“കാരണം, എനിക്കറിയാവുന്നതും ഞാന്‍ ചെയ്തതുമായ കാര്യങ്ങളില്‍ ഞാനൊരു
ഭീരുവാണ്. എസ്.എസ് -ഓ കരിമ്പട്ടാളമോ എപ്പോഴെങ്കിലും എന്നെ പിടിച്ചാല്‍
അവരെന്നെ തല്ലിചതയ്ക്കും. എനിക്കു പിടിച്ചു നില്‍ക്കാനാവില്ല. അതെന്നെ
പേടിപ്പിക്കുന്നു. എന്റെ സഖാക്കളെ ഞാന്‍ കൊലയ്ക്കു കൊടുക്കും. അതുകൊണ്ട്...
എന്നെ പിടിച്ചാലുടന്‍ ഈ കത്തികൊണ്ട് എനിക്കെന്റെ കഴുത്തു മുറിക്കണം. ഇതു
കൊണ്ടാവുമ്പോള്‍ വേദനിക്കില്ല. കുറച്ചു
സെക്കന്റുകള്‍...ഷ്..ഷ്..ഷ്..സ്...സ്...എല്ലാവന്മാരും നാണം കെട്ടു പോകും.
ഫാസിസ്റ്റുകള്‍ ( ഒരു രഹസ്യവും എന്നില്‍ നിന്നു കിട്ടിയില്ല
എന്നുള്ളതുകൊണ്ട്) പാതിരികള്‍ (ഞാന്‍ ആത്മഹത്യ എന്ന പാപം ചെയ്തതു കൊണ്ട്)
ദൈവം...(ഞാന്‍ ചാവുന്നത് അങ്ങോര്‍ തീരുമാനിച്ച സമയത്തല്ല, ഞാന്‍
തെരെഞ്ഞെടുത്ത സമയത്താണ്) അങ്ങനെ എല്ലാറ്റിനെയും ഒറ്റയടിക്ക് ഞാന്‍
വലിപ്പിക്കും.”
ഗ്രഗ്‌നോളയുടെ പ്രസംഗം എന്നെ വല്ലാതെ ദുഃഖിതനാക്കി. അയാള്‍
പറഞ്ഞകാര്യങ്ങളെല്ലാം ചീത്തയായതുകൊണ്ടല്ല, അവ കൊള്ളാവുന്ന കാര്യങ്ങളാണല്ലോ
എന്നു ഞാന്‍ ഭയന്നതു കൊണ്ട്. മോശപ്പെട്ട ഒരു ദൈവം ദുഃഖം നിറച്ചുവച്ച
ലോകത്തിലാണ് അയാള്‍ ജീവിച്ചത്. സോക്രട്ടീസിനെപ്പറ്റിയും യേശുവിനെപ്പറ്റുയും
സംസാരിച്ചപ്പോള്‍ ഒരിക്കല്‍ അയാല്‍ പുഞ്ചിരിക്കുന്നതു ഞാന്‍ കണ്ടു.
അപ്പോള്‍ മാത്രം. എനിക്കു ഓര്‍മ്മിക്കാന്‍ കഴിയുന്നിടത്തോളം, രണ്ടുപേരും
കൊല്ലപ്പെട്ടവരാണ്. അതുകൊണ്ട് അവരെക്കുറിച്ചു പറയുമ്പോള്‍ പുഞ്ചിരിക്കാന്‍
മാത്രം എന്താണുള്ളത് എന്നു ഞാന്‍ സംശയിച്ചു.
അല്പത്തരം തീരെയുണ്ടായിരുന്നില്ല ഗ്രഗ്‌നോളയ്ക്ക്. ചുറ്റുമുള്ള
മനുഷ്യരെയെല്ലാം അയാള്‍ ഇഷ്ടപ്പെട്ടു. ദൈവത്തിനു വേണ്ടി അതുമാത്രമാണ്
അയാള്‍ ചെയ്തത്. മടുപ്പുണ്ടാക്കുന്ന പതിവു നടപടിയായിരുന്നിരിക്കണം
അയാള്‍ക്ക് അത്. കാരണം ആളുകളെ ഇഷ്ടപ്പെടുക എന്നാല്‍ കാണ്ടാമൃഗത്തെ
കല്ലെറിയുന്നതു പോലെയുള്ള പ്രവൃത്തിയാണ്. ഒന്നും ശ്രദ്ധിക്കാതെ, കാണ്ടാമൃഗം
അതിന്റെ കച്ചവടവും കണക്കുകൂട്ടലുമായി പൊയ്ക്കൊണ്ടിരിക്കും. നമ്മള്‍
ദ്വേഷ്യംകൊണ്ടു ചുവന്ന്, ഒരു ഹൃദയാഘാതത്തിന് പാകമാവുകയും ചെയ്യും.
ഞാനും കൂട്ടുകാരും ഒരു വലിയ കളിയ്ക്ക് കോപ്പുകൂട്ടിയത് എപ്പോഴായിരുന്നു?
എല്ലാവരും പരസ്പരം വെടിവച്ചു വീഴ്ത്തുന്ന ഒരു ലോകത്തില്‍ ഞങ്ങള്‍ക്കും ഒരു
ശത്രു വേണമായിരുന്നു. അങ്ങനെ ഞങ്ങള്‍ തൊട്ടു മുന്നിലെ മലയോര ഗ്രാമമായ സാന്‍
മാര്‍ട്ടിനോയിലെ കുട്ടികളെ തെരെഞ്ഞെടുത്തു.
ഞങ്ങളുടെ മനസ്സില്‍ സാന്‍ മാര്‍ട്ടിനോയിലുള്ളവരെല്ലാം
ഫാസിസ്റ്റുകളായിരുന്നതുകൊണ്ട് മാതൃകാ ശത്രുക്കളാവാന്‍ പരമയോഗ്യര്‍
അവരേക്കാള്‍ വേറെ ആരുമില്ല. പക്ഷേ സത്യം അങ്ങനെയല്ലായിരുന്നു. ആകെ രണ്ടു
സഹോദരന്മാര്‍ മാത്രമാണ് കരിമ്പട്ടാളത്തില്‍ പോയി ചേര്‍ന്നത്. അവരുടെ രണ്ട്
ഇളയ സഹോദരന്മാരും ഗ്രാമത്തില്‍ തന്നെയുണ്ടായിരുന്നു. അവര്‍ കുട്ടികളുടെ
സംഘത്തിന്റെ നേതാക്കളുമായിരുന്നു. പട്ടണം യുദ്ധത്തിനുപോയവരോട് കൂടുതല്‍
താത്പര്യം കാണിക്കും. സാന്‍ മാര്‍ട്ടിനോയിലെ ആളുകള്‍ വിശ്വസിക്കാന്‍
കൊള്ളാത്തവരാണെന്ന പിറുപിറുക്കല്‍ സൊളാറയിലെങ്ങുമുണ്ടായിരുന്നു.
തുടരും....
comments