എഡിറ്റോറിയല്‍

കേരളം ഭരിക്കാന്‍
കോടതി
റിസീവറെ വയ്ക്കുമോ?
 

 


നാം രാഷ്ട്രീയ നേതൃത്വങ്ങളെയും ബ്യൂറോക്രസിയേയും പ്രതിസ്ഥാനത്തു നിര്‍ത്തിയാണ്‌ ഇതുവരെ അഴിമതി ചര്‍ച്ച ചെയ്തിരുന്നതെങ്കില്‍ ഇന്നത്‌ ഇന്ത്യന്‍ ജുഡീഷ്യറിയിലേക്കും മാധ്യമരംഗത്തേക്കും വലിയ തോതില്‍ വ്യാപിച്ചു കഴിഞ്ഞു. ഇന്ത്യന്‍ കോടതികളിലെ ജഡ്‌ജിമാരില്‍ ഗണ്യമായൊരു വിഭാഗം അഴിമതിക്കാരായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി കുറച്ചുകാലം മുമ്പ്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ തന്നെ പരസ്യമായി ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുകയുണ്ടായി. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഇന്ത്യന്‍ ജുഡീഷ്യറി വഹിച്ചിട്ടുള്ള പങ്ക്‌ ചരിത്രപരമാണ്‌. എന്നാല്‍ ഇന്ന് ദേശത്തിന്റെയും ജനങ്ങളുടെയും പൊതുനന്മയ്ക്ക്‌ എതിരായ വിധിപ്രഖ്യാപനങ്ങള്‍ അടിക്കടി കോടതികളില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നു.

കോടതികള്‍ ജനങ്ങളില്‍ ഒരു വലിയവിഭാഗത്തിന്‌ അപ്രാപ്യമായിരിക്കുകയും വ്യവഹാരങ്ങളുടെ കാലദൈര്‍ഘ്യം മരണക്കുരുക്കായി ഭയപ്പെടുത്തുകയും ചെയ്യുമ്പോള്‍, മറുവശത്ത്‌ സമ്പത്ത്‌ വലിയ തോതില്‍ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു തരം കോര്‍പ്പറേറ്റ്‌ നീതിയും ന്യായവും നിലവില്‍ വന്നുകൊണ്ടിരിക്കുന്നു. ഒരു കോടതി ജീവപര്യന്തം ശിക്ഷിക്കുന്നവരെ മറ്റൊരു കോടതി വെറുതേ വിടുമ്പോള്‍ ആര്‍ക്കും ഒരല്‍ഭുതവും ഉണ്ടാവുന്നില്ല. മടിശ്ശീലയ്ക്കു കനമുള്ള സ്വന്തം കക്ഷികള്‍ക്ക്‌ അനുകൂലമായി നിയമത്തെ വ്യാഖ്യാനിച്ചെടുക്കാനുള്ള ഒരു പ്രത്യേക വിഭാഗം അഭിഭാഷകരുടെ അമാനുഷിക സിദ്ധിയായി അത്‌ വാഴ്‌ത്തപ്പെടുന്നു.

ഇന്ത്യയിലെ നീതിന്യായസംവിധാനത്തില്‍ മൗലികമാറ്റങ്ങള്‍ക്കും ഘടനാപരമായ പരിഷ്കാരങ്ങള്‍ക്കും വേണ്ടിയുള്ള മുറവിളി ഉയരുന്ന കാലഘട്ടത്തില്‍ത്തന്നെയാണ്‌ കോടതികള്‍ ജനകീയ സര്‍ക്കാരുകളുടെ ദൈനംദിന തീരുമാനങ്ങളിലും നിയമനിര്‍മ്മാണങ്ങളിലും ഇടപെട്ടുകൊണ്ട്‌ ദേശത്തെയും കാലത്തെയും വ്യവഹാരങ്ങളുടെ അനിശ്ചിതത്വത്തിലേക്കും മരവിപ്പിലേക്കും നയിക്കുന്നത്‌. കോളയും പെപ്‌സിയും സര്‍ക്കാര്‍ നിരോധിച്ച തീരുമാനം കേരളഹൈക്കോടതി റദ്ദാക്കുമ്പോള്‍ സാങ്കേതികമായ ചില മുട്ടുന്യായങ്ങളെ മുന്‍ നിര്‍ത്തുകയും പൊതുജനാരോഗ്യം എന്ന വിശാലതാല്‍പര്യത്തെ അവഗണിക്കുകയും ചെയ്യുന്നു. സ്വാശ്രയനിയമത്തിന്റെ കാര്യത്തില്‍ കോടതി നേരിട്ട്‌ നിയമം റദ്ദാക്കിയില്ലെങ്കിലും ഫലത്തില്‍ അതിനെ നിര്‍വീര്യമാക്കുന്ന നടപടികളാണ്‌ സ്വീകരിച്ചത്‌. ദരിദ്രരും സാധാരണക്കാരുമായ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍തീരുമാനങ്ങളും നിയമങ്ങളുമാണ്‌ ഒരു ഹര്‍ജിയെ മുന്‍ നിര്‍ത്തി കോടതികള്‍ തടയുകയോ മരവിപ്പിക്കുകയോ ചെയ്യുന്നത്‌.

ഒരു വശത്ത്‌ നീതിന്യായസംവിധാനം സാധാരണജനതയ്ക്ക്‌ അപ്രാപ്യമായിരിക്കുക, മറുവശത്ത്‌ ജനകീയസര്‍ക്കാരുകളുടെ ദൈനംദിനപ്രവര്‍ത്തനങ്ങളെ പോലും തടസപ്പെടുത്തുന്ന രീതിയില്‍ കോടതികള്‍ ഇടപെടുക , ഇത്‌ അതീവ ഗൗരവമുള്ള പ്രശ്നമാണ്‌. നിയമനിര്‍മ്മാണസഭകള്‍ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടി തന്നെ ഉള്ളവയാണ്‌.നീതിയും ന്യായവും തീരുമാനിക്കുമ്പോള്‍ നിലവിലുള്ള നിയമങ്ങളെ പരിശോധിക്കുകയാണ്‌ കോടതികളുടെ കടമ.സ്വന്തം വ്യവഹാരമണ്ഡലത്തില്‍ തന്നെ നില്‍ക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കിക്കൊണ്ട്‌ പലപ്പോഴും കോടതികള്‍ നിയമനിര്‍മ്മാണസഭകളുടെ അധികാര പരിധികളിലേക്ക്‌ അതിക്രമിക്കുന്നു.ഈ പ്രവണതയെ ശക്തമായി അപലപിച്ചവരാണ്‌ കേരള അസംബ്ലിയില്‍ സ്പീക്കറായിരുന്ന വക്കം പുരുഷോത്തമനും ലോകസഭാസ്പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജിയും. ജനങ്ങള്‍ നിയോഗിക്കുന്നതാണ്‌ നിയമനിര്‍മ്മാണസഭകള്‍. അവയെ നിര്‍വീര്യമാക്കി അവിടെ റിസീവര്‍ ഭരണം സാദ്ധ്യമല്ല. ചില തീരുമാനങ്ങളെ താല്‍കാലികമായി തടയാം എന്നല്ലാതെ, അടിസ്ഥാനമാറ്റങ്ങള്‍ക്ക്‌ വഴിയൊരുക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെടുന്ന സകലനിയമങ്ങളേയും തടഞ്ഞുവെയ്ക്കാം എന്നത്‌ ഒരു മിഥ്യാധാരണയാണ്‌.

 

comments