കവിതകള്‍

ഇമാന്‍ മെര്‍സെല്‍ ( ഈജിപ്റ്റ്‌)
 

 



നിനക്ക്‌ വിവേകം നഷ്ടപ്പെട്ടു

ഒരിക്കല്‍ നീ സ്നേഹിച്ചിരുന്ന
പെണ്‍കുട്ടിയെപ്പോലെയാകാന്‍
ഞാന്‍ എന്റെ മുടി പിറകില്‍ കെട്ടി വച്ചു.
വര്‍ഷങ്ങളോളം
വീട്ടിലേക്ക്‌ മടങ്ങും മുമ്പ്‌
ഞാനെന്റെ വായിലെ ബിയറിന്റെ മണം
കഴുകിക്കളഞ്ഞു
നിന്റെ സാന്നിദ്ധ്യത്തില്‍
ഞാന്‍ ദൈവത്തെ വിളിച്ചിട്ടില്ല
നിന്റെ മാപ്പിന്‌ അര്‍ഹയാകാന്‍
ഞാനൊന്നും ചെയ്തിട്ടില്ല
ദയാലുവായിരുന്നെങ്കിലും
നിനക്ക്‌ വിവേകം നഷ്ടപ്പെട്ടിരുന്നു
കാരണം
ലോകം ഒരു പെണ്‍പള്ളിക്കൂടം പോലെയാണെന്ന്
നീയെന്നെ വിശ്വസിപ്പിച്ചു.
പഠിപ്പിക്കുന്നവരുടെ കണ്ണിലുണ്ണിയാവാന്‍
ഞാനെന്റെ ആഗ്രഹങ്ങള്‍
അടക്കേണ്ടതുണ്ടെന്നും



നിലവിളികള്‍


നിന്നിലേക്കുള്ള ഇടനാഴിയില്‍
വന്നുനിറയുന്ന
നിശബ്ദരായ സ്ത്രീകള്‍
അവരുടെ തൊണ്ടകളില്‍ അടിഞ്ഞ
തുരുമ്പിന്റെ അട്ടി നീക്കുന്ന
ഒരനുഷ്ഠാനത്തിന്‌ തയ്യാറെടുക്കുന്നു.
അവരുടെ കൂട്ടനിലവിളി
എത്തുന്ന ദൂരം മാത്രമേ
അതുകൊണ്ട്‌ പരീക്ഷിക്കാനാവൂ.


ഞാനെനിക്കു ചുറ്റും നോക്കുന്നു


മരണം പ്രതീക്ഷിക്കുന്ന
ഒരു ജന്തുവിന്റെ ജാഗരൂകതയോടെ
ഞാനെനിക്കു ചുറ്റും നോക്കുന്നു
അതുകൊണ്ടാകണം
ഉടലിനില്ലാത്ത ശക്തി
എന്റെ കഴുത്തിനുണ്ടായത്‌.
വിജനമായ തെരുവുകളില്‍ നിന്നുള്ള
ജീവനുള്ള വെടിയുണ്ടകളെ
മുന്‍ കൂട്ടി കാണാനാവാത്തത്‌
എന്നെ അല്‍ഭുതപ്പെടുത്തുന്നു
കൊലയുടെ നിശബ്ദ മാര്‍ഗ്ഗമായ
കത്രികകളേയും.
എന്നാല്‍ ഞാന്‍ ശ്രദ്ധിക്കാത്ത
കണ്ണുകളില്‍ നിന്നുള്ള നോട്ടങ്ങള്‍ക്ക്‌
വേണ്ടതു ചെയ്യാനാവും.



കണ്ണാടികളുടെ വീട്‌

നമ്മളൊരുമിച്ച്‌
അമ്യൂസ്‌മെന്റ്‌ പാര്‍ക്കുകളില്‍ പോകും
നിനക്കു നീ
വാപ്പയുടെ ഈന്തപ്പനയേക്കാള്‍ വലുതാകും
ഞാന്‍
ഒടിഞ്ഞു മടങ്ങി
കുള്ളന്‍ മരമായ്‌ അരികില്‍ നില്‍ക്കും.
തീര്‍ച്ചയായും
നമ്മളൊരുപാട്‌ ചിരിക്കും
നമുക്കിടയില്‍ കരുണ പടരും
അമ്യൂസ്‌മെന്റ്‌ പാര്‍ക്കുകള്‍
സന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു ബാല്യകാലം
ചുമലില്‍ പേറുന്നുണ്ടെന്ന്
നാമിരുവരും അറിയും.

അതു നല്ലതു തന്നെ

നിങ്ങളുടെ
തൊട്ടടുത്ത കിടക്കയിലെ മനുഷ്യനെ
പൊതുശ്മശാനത്തിലേക്ക്‌
സന്നദ്ധസേവകര്‍
ചുമലിലേറ്റിക്കൊണ്ടുപോയി

ഒരേ മുറിയില്‍
ഒരേ വൈകുന്നേരം
മരണത്തിന്‌
അതിന്റെ ദുഷ്‌ ചെയ്തി
ആവര്‍ത്തിക്കാനാവാത്തത്‌
നിങ്ങള്‍ക്കു നല്ലതു തന്നെ.
 

comments