പതിനഞ്ചു വയസിലേ ജീവിതത്തിന്റെ പ്രാരാബ്‌ധം അറിഞ്ഞതും ഏതോ ഒരു
സ്വപ്നത്തെ ബാക്കി നിര്‍ത്തി പിന്നീടങ്ങോട്ടുള്ള വെല്ലുവിളികളെ സ്വയം
നേരിട്ടതും തന്നെയായിരിക്കണം അന്നേരവും ഉമ്മ ഓര്‍ത്തിട്ടുണ്ടാവുക.
പിന്നിലേക്ക് തിരിഞ്ഞു നോക്കാതെയാണ് ഉമ്മ നടന്നത്. പറവകള്‍ ഉപേക്ഷിച്ച
ആകാശത്ത് ഇരുള്‍ അസ്വസ്ഥത പരത്തുകയും വിണ്ടുകീറിയ ഭൂമിക്കുമേല്‍ അന്നു
മുഴുവന്‍ പെയ്ത ഉഷ്ണം വെന്തു നില്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നെങ്കിലും
ഉമ്മയുടെ മുഖം തീര്‍ത്തും ശാന്തമായിരുന്നു.ആ ശാന്തതയാണ് എനെ
പേടിപ്പെടുത്തിയത്.

എനാല്‍ ക്യാമ്പിലെത്തിയപ്പോഴേക്കും ഉമ്മയുടെ മുഖം മാറി. ഏറെ നേരം നിന്നതു
കാരണം മടക്കാന്‍ കഴിയാത്ത വിധം കാലുകളില്‍ നീരു തടിച്ചു വീര്‍ത്തിരുന്നു.
സൗകര്യപ്രദമായ ഒരിടം അന്വേഷിക്കാന്‍ മിനക്കെടാതെ അവര്‍ ആദ്യം കണ്ട
കട്ടിലിലേക്ക് വീണു.
ഇടയ്ക്കുണ്ടായിരുന്ന മതിലുകള്‍ തട്ടി വേര്‍തിരിവ് ഒഴിവാക്കിയ നാലോ അഞ്ചോ
ജീര്‍ണ്ണിച്ച കെട്ടിടങ്ങളെയാണ് ആഭയാര്‍ത്ഥി ക്യാമ്പ് എന്നു
വിളിച്ചിരുന്നത്. രണ്ടുമുറികളും തോരാനിടാന്‍ ചെറിയ ഇടനാഴിയും
അടുക്കളയുമൊഴിച്ചാല്‍ കുളിമുറിയോ കക്കൂസോ അവിടെ ഉണ്ടായിരുന്നില്ല. നിലത്ത്
കെട്ടിയുയര്‍ത്തിയ വാട്ടര്‍ടാങ്കിന്നരികില്‍ ബഹളം വച്ചുകൊണ്ടിരിക്കുന്ന
സ്ത്രീകളും കുട്ടികളും, കട്ടിയേറിയ പാളി പോലെ സദാസമയവും തങ്ങിനില്‍ക്കുന്ന
വിസര്‍ജ്ജ്യങ്ങളുടെയും ചപ്പുചവറുകളുടെ ദുര്‍ഗ്ഗന്ധവും ക്യാമ്പിന്
സ്ഥായിയായ ഒരസ്ഥിത്വം നല്‍കിയിരുന്നു.
നരിച്ചീറുകളും പഴുതാരകളും സ്വൈരവിഹാരം നഷ്ടപ്പെട്ടതിന്റെ ഉറക്കച്ചടവോടെ
കാലുകള്‍ക്കിടയിലൂടെ ഓടിനടക്കുന്നുണ്ടായിരുന്നു. എന്നിട്ടും കാട്
വെട്ടിപ്പിടിക്കുന്നപോലെ ചിലര്‍ മുറിക്കുള്ളില്‍ തന്നെ അതിരുകള്‍
തീര്‍ക്കുന്നതാണ് മനസ്സിലാകാത്തത്. ആപത്തുകള്‍ക്കിടയിലും എന്തിനാണ്
ഇവര്‍ ഇത്രമാത്രം സ്വാര്‍ത്ഥരാകുന്നത്?
ഇരുട്ടിന്റെ പാടകള്‍ക്കുള്ളില്‍ ചേരി ഭീകരമായ ശാന്തതയില്‍ അമര്‍ന്നു പോയ
നിമിഷം മുതലാവണം സ്വന്തം വീടും നാടും ഉപേക്ഷിച്ച് അന്യമായ ഒരിടത്തേക്ക്
പോകേണ്ടിവരുമെന്ന് ഏതാണ്ട് എല്ലാവര്‍ക്കും ഉറപ്പായത്.സ്ത്രീകല്‍ക്കും
കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത വിധം ചേരി അതിനുമുമ്പേ ചില
കറുത്ത ചിട്ടകളിലേക്ക് നീങ്ങിയിരുന്നു. നിയമമോ, ആളുകള്‍ കൂട്ടം ചേരുന്നതും
ഒരുമിച്ചിരിക്കുന്നതും വിലക്കിയിട്ടുമുണ്ടായിരുന്നു.
സ്വകാര്യതകളിലേക്കുള്‍വലിഞ്ഞ് ഓരോരുത്തരും ലോകത്തിന്റെ വിസ്‌തൃതിയെ ഒരു
ചതുരത്തിലേക്ക് അധികം താമസിയാതെ വെട്ടിച്ചുരുക്കേണ്ടി വരുമെന്ന്
ഏതാണ്ടുറപ്പായ പോലെയാണ് എല്ലാവരും പിന്നീട് പെരുമാറിയത്. നിരന്തരം
വെല്ലുവിളിയുണര്‍ത്തി നില്‍ക്കുന്ന ഒരു ഏകാന്തത അവരെ മൗനത്തിലേക്ക്
പെട്ടെന്ന് തള്ളിയിട്ട പോലെ തോന്നിച്ചു.
നഗരം പുറത്തേക്ക് തള്ളുന്ന, അപരിഷ്‌കൃതരുടെ കറുത്ത മുദ്രകള്‍ വീണ
കുടിയേറ്റക്കാരുടേതായിരുന്നു ചേരി. നാനാതരം സംസ്‌കാരങ്ങള്‍ കൂടിക്കുഴഞ്ഞ
അസ്വസ്ഥതകളുടെ ഒരു ലോകം. രാത്രിയിലാണ് ചേരി സജീവമാകുന്നത്. വലയേന്തി
ആളുകള്‍ കടലിലേക്ക് നീങ്ങുന്ന സമയം എല്ലാവരും പുറത്തേക്കിറങ്ങുക പതിവാണ്.
പെട്രോമാക്സിന്റെ വെളിച്ചം കടലില്‍ അരഞ്ഞാണം പോലെ അന്നേരം തിളങ്ങുന്നതു
കാണാം.ജാലകം തുറക്കുന്ന ആ കാഴ്ച നോക്കി നില്‍ക്കുന്നത് സ്ത്രീകളുടെ
മാത്രമല്ല, കുട്ടികളുടെയും വിനോദമാണ്.
പകുതിയോളം വരുന്ന വീടുകളിലേ കറണ്ടുണ്ടായിരുന്നുള്ളൂ. അതിനാല്‍ ഇരുട്ട്
വളരെ വേഗം ചേരിയെ വിഴുങ്ങിത്തുടങ്ങും. വീട്ടിലെ മുതിര്‍ന്ന ആരെങ്കിലും
എത്തുന്നതുവരെ ഞങ്ങള്‍, സ്ത്രീകള്‍ക്ക് പരസ്പരം പരിചയം പുതുക്കാനോ
എന്തെങ്കിലും സംസാരിച്ചിരിക്കാനോ സമയം കിട്ടാറുണ്ട്. എന്നാല്‍
ക്യാമ്പിലെത്തിയതിനുശേഷം ആരും പരസ്പരം സംസാരിക്കുന്നതു കണ്ടിട്ടില്ല.
അപരിചിതമായ ഒരു ലോകത്തെത്തിപ്പെട്ടതുപോലെ പരസ്പരം തിരിച്ചറിയാന്‍
കഴിയാത്തവരായി തീരുന്നതെന്തുകൊണ്ടാണ്?ചിലരുടെയെങ്കിലും ഉള്ളില്‍
എന്തിന്റെയോ പക, പേടിസ്വപ്നങ്ങളില്‍ നമ്മെ പിടികൂടുന്ന കരുത്തു പോലെ
മുഖത്ത് കല്ലിച്ച് കിടപ്പുണ്ട്. ചിലര്‍ തുറിച്ചു നോക്കുകയോ മറ്റു
ചിലപ്പോള്‍ പാരുഷ്യത്തോടെ സംസാരിക്കുകയോ ചെയ്യും.
ഉപ്പ വീട്ടിലുണ്ടാവാത്ത അവസരങ്ങള്‍ ഇപ്പോള്‍ പതിവാണ്. മിക്കവാറും
എല്ലാദിവസങ്ങളിലും ചര്‍ച്ചകള്‍ ഉണ്ടാവും. അരയസഭ, പൗരസമിതി, ജനകീയസംഘം
തുടങ്ങി പല രാഷ്ട്രീയ പര്‍ട്ടികളും ചര്‍ച്ചകളില്‍ സജീവമായി
പങ്കെടുക്കുന്നുണ്ട്. സ്ഥലവും കാലവും, അപൂര്‍വം ചിലപ്പോള്‍ ആളുകളും
മാറിയതല്ലാതെ ചര്‍ച്ചകള്‍ എങ്ങുമെത്താതെ വഴിമുട്ടി നില്‍ക്കുകയാണ്.
വിയര്‍പ്പില്‍ കുതിര്‍ന്ന് തിരിച്ചെത്തുന്ന ഉപ്പ ചായ്പിലെത്തുമ്പോഴെ തണുത്ത
വെള്ളം ആവശ്യപ്പെടും.ഉമ്മറപ്പടിയിലിരുന്ന് അതു മുഴുവന്‍ കുടിച്ച്
തീര്‍ക്കുമ്പോള്‍ അകത്തെ മുറിയില്‍ നിന്നും ഉമ്മയുടെ ചോദ്യം വരും,
' എന്തായി ചര്‍ച്ച, ഞമ്മളെന്നാ പോണേ?'
അല്‍പനേരത്തിനുള്ളില്‍ മറുപടി ഒന്നും കിട്ടാതിരുന്നാല്‍ പിന്നെ
കേള്‍ക്കുന്നത് നേര്‍ത്ത ഒരു തേങ്ങലും അകമ്പടിയായി ചങ്കു പറിഞ്ഞു പോകുന്ന
ചുമയും.
'നിക്കറിയാം, ന്റെ അവസാനം ഇവ്‌ടെന്നെ. ന്റെ തമ്പ്‌രാനെ ഇവ്‌ട്ന്ന്
മയ്യത്തായാ ഈമാന്‍ പോലും കിട്ട്ല്ലല്ലാ'.
പിന്നെ അതൊരു കരച്ചിലാകും. നഗരത്തിന്റെ വിസര്‍ജ്ജ്യങ്ങളില്‍ തട്ടിയും വീണും
കടന്നെത്തുന്ന കാറ്റിന്റെ അഴുക്കില്‍ അത് നേര്‍ത്ത് വിലയം പ്രാപിക്കും.
അന്‍പതിനോടടുത്ത് പ്രായമേ ഉള്ളെങ്കിലും അകെ ചുക്കിച്ചുളിഞ്ഞ് കോലം
കെട്ടുപോയിട്ടുണ്ട് ഉമ്മ. ബഷീറിക്കായുടെ കൂടെ ഞാന്‍ വീട്ടിലേക്ക്
വരുമ്പോള്‍ പട്ടില്‍പൊതിഞ്ഞ ഒരു സ്ത്രീ രൂപമായിരുന്നു ഉമ്മ. കാതില്‍
ചിറ്റും കഴുത്തില്‍ ഏലസ്സും അരക്കത്തും ലോലാക്കും കമ്മത്തുമൊക്കെയണിഞ്ഞ ഒരു
സ്ത്രീ. വളരെ സൗമ്യമായ പെരുമാറ്റമായിരുന്നു ഉമ്മയുടേത്.സ്നേഹത്തോടെ
മാത്രമേ അവര്‍ സംസാരിച്ചിരുന്നുള്ളൂ. ഇഷ്ടപ്പെടാത്ത എന്തെങ്കിലും
കേള്‍ക്കുമ്പോള്‍ മുഖം വല്ലാതെ ചുവന്നു തുടുക്കുമെന്നല്ലാതെ ഒരക്ഷരം
മറുത്തു പറഞ്ഞിരുന്നില്ല. ബഷീറിക്കാ ഗള്‍ഫിലേക്ക് പോകാനുള്ള മോഹം ആദ്യമായി
അറിയിച്ച ദിവസം അവര്‍ കരഞ്ഞതോര്‍ക്കുന്നു.

'ഞാന്‍ മയ്യത്തായിട്ട് പോരേ അന്റെ ഒടുക്കത്തെ പൂതി' എന്നു പറഞ്ഞു
കൊണ്ടായിരുന്നു കരച്ചില്‍. ബഷീറിക്ക പോയിക്കഴിഞ്ഞതിനുശേഷം അവര്‍ വീടിന്റെ
ചായ്പിലേക്ക് ഒതുങ്ങിക്കൂടി. പ്രാര്‍ത്ഥനയും ഖുറാനോത്തുമായി,
ജീവിതത്തിന്റെ നല്ലൊരു ഭാഗം അവസാനിച്ചു എന്ന തോന്നലോടെ.
ചേരിയിലേക്ക് ആരൊക്കെയോ കടല്‍ കടന്ന് വന്ന ദിവസമാണ് ഉമ്മാക്ക്
ശ്വാസതടസ്സം നേരിട്ടത്. അവര്‍ നാലഞ്ചു പേരുണ്ടായിരുന്നു. ചന്തയില്‍ നിന്ന്
ഉപ്പ വരുമ്പോള്‍ അയല്‍ വാസികള്‍ ഒത്തുകൂടുക പതിവാണ്. കുറച്ചുകാലങ്ങളായി
ചേരിയിലേക്ക് അപരിചിതരായ പലരും വരുന്നത് ചിലരൊക്കെ ശ്രദ്ധിച്ചിരുന്നു.
പഴയ കേസന്വേഷിക്കാന്‍ പൊലീസുകാര്‍ വേഷം മാറിവന്നതാണെന്നാണ് എല്ലാവരും
വിചാരിച്ചത്. ശരീരവടിവില്‍ അവര്‍ക്ക് പൊലീസുകാരോടാണ് ഏറെ സാമ്യമെന്ന്
ഉപ്പയും ഉറപ്പിച്ചു പറഞ്ഞു.
തവിട് കിഴിയിലാക്കി നെഞ്ചില്‍ വച്ചപ്പോള്‍ ഉമ്മാക്ക് അല്‍പം ആശ്വാസം
കിട്ടി. എങ്കിലും ഭീതിപ്പെടുത്തും വിധം അവരുടെ നെഞ്ചിന്‍ കൂട് ഉയര്‍ന്നു
താഴുന്നത് എല്ലാവരേയും വിഷമിപ്പിച്ചു. കണ്ണുകള്‍ക്കാവട്ടെ മുട്ടയുടെ
കുഞ്ചി പോലെ മഞ്ഞ നിറമായിരുന്നു. നേരം വെളുത്താലുടനെ ആസ്പത്രിയില്‍ കൊണ്ടു
പോകാമെന്ന് ഉപ്പ ഇടയ്ക്കിടെ ഉമ്മായെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.
അന്നേരമാണ് ആരോ വാതിലില്‍ ശക്തിയായി മുട്ടുന്ന ശബ്‌ദം കേട്ടത്. പുറത്ത്
ഇരുട്ട് മൂടിയിരുന്നു. പകലെപ്പോഴോ പോയ കറണ്ട് വന്നിരുന്നില്ല. ഉപ്പ
വാതിലിനരികിലേക്ക് നീങ്ങിയപ്പോള്‍ ഉമ്മ ഒരു നിലവിളിയോടെ ഉപ്പായെ വിലക്കി.
വാതിലിലെ മുട്ട് അപ്പോഴും തുടര്‍ന്നുകൊണ്ടിരുന്നു.
വളരെപ്പെട്ടെന്നാണ്, വാതില്‍പ്പാളി തകര്‍ത്ത് ഒരാള്‍ ഉപ്പയുടെ
കാല്‍ക്കലേക്ക് വന്നു വീണത്. ഉപ്പ വിറച്ചു പോയി. കഴുത്തിലൂടെ ഒരു
വാള്‍മുന അതിശീഘ്രം കടന്നുപോയതുപോലെ ഒരു ടോര്‍ച്ചിന്റെ മൂര്‍ച്ചയേറിയ
പ്രകാശം മുറിയെ കീറിമുറിച്ച് പൊടുന്നനെ അണഞ്ഞു. പിന്നീട് ഇരുട്ട്
വെളിച്ചവുമായി കൂടിക്കുഴഞ്ഞപ്പോഴാണ് എല്ലാവരും അയാളെ നോക്കിയത്.
കൈയ്യാറ്റിനിലെ രാമനായിരുന്നു അത്. അയാളാകെ രക്തത്തില്‍
കുതിര്‍ന്നിരുന്നു. കണ്ണുകളില്‍ ഭയം നിശബ്ദമാക്കിയ നിലവിളി. ആരൊക്കെയോ
അയാളുടെ പിറകെയുണ്ടെന്ന് തോന്നി. പക്ഷേ കട്ട പിടിച്ച ഇരുട്ടിലൊന്നും
കാണാനാകുമായിരുന്നില്ല. ഓടിമറയുന്ന ചുവടുകള്‍ക്കിടയില്‍ കുരുങ്ങി മണല്‍
കരയുന്നതിന്റെ ശബ്ദം മാത്രം..
വരണ്ട ചുണ്ടുകള്‍ ചലിപ്പിച്ച് അയാള്‍ എങ്ങനെയോ വെള്ളം എന്നു
പറഞ്ഞൊപ്പിച്ചു. അടുക്കളയില്‍ പോയി വെള്ളവുമായി വന്നപ്പോഴേക്കും മരണത്തെ
കണ്ട ഭീതിയില്‍ വക്രിച്ച കണ്ണുകളോടെ ഒരു വശത്തേക്ക് അയാള്‍ മുഖം
തിരിച്ചിരുന്നു.
പുറത്ത് ആരൊക്കെയോ ഓടുന്നതിന്റെയും നിലവിളിക്കുന്നതിന്റെയും ശബ്ദങ്ങള്‍
പരസ്പരം കൂടിക്കുഴഞ്ഞു. ഇരുട്ട് എല്ലാറ്റിനും മീതെ ഭീകരമായ കരിനിഴല്‍
വീഴ്ത്തി വിറച്ചു നിന്നു.
താമസിയാതെ കലാപം നിറഞ്ഞ ഭൂമിയെ പോലെ ചേരി കൂട്ടനിലവിളി മത്രമായി.
സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളികള്‍. കത്തിയുടെ വായ്‌ത്തലക്കു
മുമ്പില്‍ അത് ചിലപ്പോള്‍ ഭീതിയോടെ മുറിഞ്ഞു. ഓരോ നിലവിളിയും
ഇടനെഞ്ചിലേക്ക് കനല്‍ കോരിയിടുന്നതുപോലെയാണ് അനുഭവപ്പെട്ടത്.
ഇടയ്ക്കെപ്പോഴോ ആര്‍പ്പുവിളികളിലേക്ക് ഉപ്പയും ഇറങ്ങിയോടി.
ഇരുട്ടിന്റെ ഏതോ ഗുഹാമുഖത്തെന്നപോലെ ഉമ്മയുടെ നെഞ്ചും തടവിയിരിക്കുമ്പോള്‍
ഉമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പഴയ ഏതോ ചിത്രത്തെ
പൊടിതട്ടിയെടുക്കും പോലെ അവരുടെ മുഖത്ത് മിന്നിമറയുകയും ഒടുക്കം
ചില്ലുകളേറ്റ് മുറിഞ്ഞ പോലെ ശബ്ദം ഇടറുകയും ചെയ്തു. കൈത്തണ്ടയില്‍ അവര്‍
ബലമായി പിടിക്കുന്നുണ്ടായിരുന്നെങ്കിലും ശരീരത്തിന്റെ മറ്റുഭാഗങ്ങള്‍
കുഴഞ്ഞ് ചുമലില്‍ കനത്ത ഭാരം എടുത്തു വച്ചു.
പുലര്‍ച്ചെയാണ് ഉപ്പ വന്നത്. മുഖം മ്ലാനമായിരുന്നു. ഭീകരമായ
ദൃശ്യങ്ങളില്‍ നടുങ്ങിയ കണ്ണുകള്‍. ഷര്‍ട്ടില്‍ മാങ്ങാച്ചുനപോലെ
ഉണങ്ങിപ്പിടിച്ച രക്തക്കറ. ആള്‍ക്കൂട്ടത്തെ മുറിച്ചുകടക്കാനാവാതെ
പിന്തിരിഞ്ഞോടിയതിന്റെ വിറയല്‍ കാലുകളില്‍ അപ്പോഴും നിലച്ചിരുന്നില്ല.
ആളുകള്‍ ഉച്ചത്തിലുള്ള സംസാരം മതിയാക്കി തങ്ങളുടെ സ്വകാര്യതകളിലേക്ക്
ഉള്‍വലിഞ്ഞു. ഇരുട്ടിന്റെ മറവില്‍ കൊച്ചുവര്‍ത്തമാനം പറയുന്ന ചെറിയ ചെറിയ
സംഘങ്ങളായി അവര്‍ രൂപാന്തരം പ്രാപിച്ചു. ഇരുട്ടിന്റെ അവ്യക്തതകളിലേക്ക്
പലരും കടല്‍ കടന്നെത്തി. വള്ളങ്ങള്‍ക്ക് പിറകില്‍ മറകെട്ടി പെട്രോമാക്സ്
വിളക്കുകളുടെ വെളിച്ചത്തില്‍ അവര്‍ കൊച്ചു കൊച്ചു തുരുത്തുകളായി. ഒരു
കാറ്റ് എല്ലാറ്റിനെയും തുടച്ചുനീക്കുകയും മറ്റൊന്നിനെ വളരെ വേഗത്തില്‍
സ്ഥാപിക്കുകയുംചെയ്യുന്ന പോലെ ഭീകരത ചേരിയെ അപരിചിതവും വിചിത്രവുമായ
വ്യവസ്ഥകളിലേക്ക് വലിച്ചുകൊണ്ടുപോയതുപോലെ തോന്നിച്ചു. ആയുധങ്ങളുമേന്തി
ചിലര്‍ തെരുവുകളിലൂടെ നടന്നു.
ചര്‍ച്ച പതിവില്‍ കൂടുതല്‍ നീണ്ടു പോയിരിക്കണം. നേരമേറെ ചെന്നിട്ടും ഉപ്പയെ
കാണാതായപ്പോള്‍ ഉമ്മ ഇടയ്ക്കിടെ അന്വേഷിച്ചുകൊണ്ടിരുന്നു. ചര്‍ച്ചയുള്ള
ദിവസമാണ് എന്ന ഉത്തരം അവരെ ഇപ്പോള്‍ സമാധാനിപ്പിക്കാറില്ല.
ഒത്തുതീര്‍പ്പുകളില്‍ കലങ്ങിയ ചില പ്രതീക്ഷകള്‍ മാത്രമാണ് ഇപ്പോള്‍
അവശേഷിക്കുന്നതെന്ന് ഉമ്മയും തിരിച്ചറിഞ്ഞതു പോലെ. നനഞ്ഞ ബഡ്ഷീറ്റും
പുതപ്പും മാറ്റിയിട്ടപ്പോള്‍ ഉമ്മ ദയനീയതയോടെ എന്നെ നോക്കി..
'ഇന്നത്തെ ചര്‍ച്ചീം എവിട്യത്തൂല്ല, അതാ ത്ര നേരം വൈകിണത്.'
'ഇവിടെ കെടന്ന് മയ്യത്താവാനാ ന്റെ വിധി', ഉമ്മയെ ആശ്വസിപ്പിക്കുന്നത്
ശ്രമകരമായജോലിയാണെന്ന് എനിക്ക് നേരത്തേ അറിയാം. ഉമ്മയും
ചോദ്യങ്ങള്‍ക്കൊന്നും മറുപടി പ്രതീക്ഷിക്കാറില്ല.
രാത്രിയുടെ നിലവിളികള്‍ക്കു മീതെ പതിഞ്ഞ കാലടികളോടെയാണ് ഉപ്പ വന്നത്.
ടോര്‍ച്ചിന്റെ നക്ഷത്രവെളിച്ചം കണ്ണുകളില്‍ തിരയിളക്കമായി നിറഞ്ഞപ്പോള്‍
ഏതോ സ്വപ്നത്തില്‍ നിന്നും ഞെട്ടിയിരുന്നതുപോലെ നടുങ്ങി. ചിരിച്ചുനിന്ന
ഉപ്പയുടെ മുഖത്ത് പതിവില്ലാത്തവിധം തെളിച്ചം മിന്നുന്നുണ്ടായിരുന്നു.
'താമസിയാണ്ട് മ്മക്ക് വീട്ടില് പോകാം .പറഞ്ഞേക്ക് അന്റെ ഉമ്മാനോട്';
എന്ന് തെല്ല് സന്തോഷത്തോടെ പറഞ്ഞ് ഉപ്പ അകത്തേക്ക് കയറി. വിശദാംശങ്ങള്‍
അറിയാന്‍ ആഗ്രഹിച്ചെങ്കിലും ഒന്നും ചോദിച്ചില്ല.
കട്ടിലിനോട് പുറംചാരി തിരിഞ്ഞ് കിടക്കുന്ന ഉമ്മയുടെ ശോഷിച്ച ശരീരം
ജീവിതത്തിലെ ഏറ്റവും സന്തോഷപ്രദമായ നിമിഷങ്ങളെ എങ്ങിനെയാവും
അതിജീവിക്കുകയെന്ന് ചിന്തിച്ചുകൊണ്ടാണ് കട്ടിലിലേക്കിരുന്നത്.ഉമ്മയുടെ
നഗ്നമായ കഴുത്തില്‍ ഞരമ്പുകള്‍ കെട്ടിപ്പിണഞ്ഞ് കിടന്നു. ചുമലില്‍
കൈവച്ചപ്പോള്‍ ജീവന്റെ അവസാനത്തെ കണികയും പിടഞ്ഞമരുന്നതിന്റെ ത്രസിപ്പുകള്‍
സിരകളിലേക്ക് പടര്‍ന്നതും ഒരു നിലവിളി തൊണ്ടയില്‍ ചലം പോലെ പൊട്ടിയൊഴുകി.
ആരൊക്കെയോ പിടിച്ചെഴുന്നേല്‍പ്പിക്കുമ്പോഴും അടുത്ത മുറിയുടെ ഇരുളില്‍
സ്വയം നഷ്ടപ്പെടുമ്പോഴും ഉമ്മറത്ത് പതിയുന്ന കാല്‍പാടുകളില്‍ പലതും
രൗദ്രത്തോടെ മുരളുന്നുണ്ടെന്ന് തോന്നി. ഉപ്പയോട് അടുത്തവര്‍ പോലും അകലെ
നിസ്സംഗരായി നോക്കി നില്‍ക്കുന്ന കാഴ്ച..
ഇപ്പോള്‍ എല്ലാവരും തിരിച്ചുപോക്കിനൊരുങ്ങി നില്‍ക്കുകയാണ് കറ വീണ
മനസ്സുകള്‍ക്കിനി സൗഹൃദത്തോടെയും വിശ്വാസത്തോടെയും കഴിയാനാവുമോ? ഉമ്മ
പറഞ്ഞത് ശരിയാണ്. ഒരിക്കല്‍ അഭയാര്‍ഥിയായവര്‍ക്ക് പിന്നീടൊരിക്കലും
ജീവിതത്തിലേക്കൊരു തിരിച്ചുപോക്കില്ല. അവര്‍ക്ക് പോകുവാനുള്ളത്
മറ്റൊരിടമാണ്..
ഹക്കിം ചോലയില്‍-
മലപ്പുറം ജില്ലയിലെ മമ്പാട് സ്വദേശി. ജിദ്ദയില്‍ ഒരു സ്വകാര്യ കമ്പനിയില്‍
അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. ആദ്യ ചെറുകഥാസമാഹരം 'ഫലൂജ' കോഴിക്കോട്
പാപ്പിയോണ്‍ ബുക്സ് പ്രസിദ്ധീകരിച്ചു.
e-mail: hakkimcholayil@yahoo.com
comments