കവിത
അന്ധവിശ്വാസത്തിന്റെ
അഞ്ചു കവിതകള്‍
ടി.പി വിനോദ്

 
1.

 ഇലത്തുമ്പില്‍
 തുളുമ്പി വിറച്ചുള്ള
 നില്‍പ്പിനെപ്പറ്റി
 ഭാരമുള്ള ഒരു ഉപമ
 ആര്‍ക്കെങ്കിലും
 തോന്നുമ്പോഴാണ്
 മഞ്ഞുതുള്ളി
 താഴേക്കു വീഴുന്നത്.

2.

തണുപ്പിന്റെ
ചില്ലുനൂലുകള്‍
സംഗീതമാവുന്നതു കേട്ട്
ആരെങ്കിലും
അതേ ഈണത്തില്‍
മൂളിനോക്കുമ്പോഴാണ്
ആകാശം മഴയെ
മേഘങ്ങളിലേക്ക്
പിന്‍വലിക്കുന്നത്.

3.

കാറ്റിലലിഞ്ഞ
കരച്ചിലുകള്‍
വന്നു തൊടുമ്പോഴാണ്
മുളങ്കാട്ടില്‍ നിന്ന്
ഭാഷയിലില്ലാത്ത
ഞരക്കങ്ങളുണ്ടാകുന്നത്.

4.
മണ്‍മറഞ്ഞവരുടെ
പറഞ്ഞുതീരാത്ത
വാക്കുകള്‍ മണത്താണ്
വേരുകള്‍
വളഞ്ഞു തിരിഞ്ഞ്
വിചിത്ര ലിപികളാവുന്നത്

5.
ഉറക്കത്തിന്റെ ഭൂപടം
വൃത്തത്തിലായതു കൊണ്ടാണ്
സ്വപ്നങ്ങളിലെ ഓട്ടം
ഓടിയാലും ഓടിയാലും
തീര്‍ന്നു കിട്ടാത്തത്.


 

comments