കവിത

പരീക്ഷണശാല

പി. ശിവപ്രസാദ്‌
 

 


അഞ്ചും പരിശോധനയ്‌ക്കയക്കാമെന്ന്
ഡോക്ടറുടെ പേന പറഞ്ഞു
നാരിമണി കണ്ണു നീട്ടിത്തുറിച്ചത്‌
വായിച്ച നേരത്ത്‌ നാണം മുട്ടി
ഞാനൊരു ചാവറ്റ ശവമായ്‌
ശിവ...ശിവ... എന്നുരുവിട്ട്‌ തകര്‍ന്നു നിന്നു.
കാല്‍ശരായി താഴ്‌ത്തി
പ്രാര്‍ത്ഥിച്ചു പാടി
അര്‍ശസ്സേ... ശാന്തി..
അനര്‍ഘ ശാന്തി!



ദഹിക്കാത്ത അമ്ലരസമെഴുതിയ കവിതയായ്‌
ലല്ലലം പാടിയെന്‍ വയറൊഴിഞ്ഞു.
പകര്‍ന്ന നാറ്റത്തെയും
ഫലിത മൂത്രത്തെയും
വിമര്‍ശച്ചുമക്കെട്ടിലിടറിയ കഫത്തെയും
ഖിന്ന ബീജങ്ങള്‍ തളര്‍ന്ന കാലത്തെയും
ടപ്പിയിലടച്ചു സമര്‍പ്പിച്ച ശേഷവും...
ചോപ്പിഴയുമാത്മാവ്‌ കൈയ്യിലേന്തി
രോഗമറിയാനുള്ള കാത്തിരിപ്പ്‌.

സൂക്ഷ്മദര്‍ശിനികളില്‍ പകലൊടുങ്ങി
ഊഷ്മള രാവിന്റെ തകില്‍ തുടങ്ങി
രാസാത്മകങ്ങളാം മിശ്രിതങ്ങള്‍
പല രൂപഭേദങ്ങളായ്‌ വഴിയളന്നു.
ഒരു കുരങ്ങ്‌
ഒരു സിംഹം
ഒരു കാട്ടുപോത്ത്‌
ഒരു രാജവെമ്പാല
ഒരു കഴുത ഇങ്ങനെ...
പിരിയുന്നൊരുടലിന്‍ പുറന്തോടിലല്ലയോ
അവശിഷ്ടമാകുന്നു രോഗശാന്തി.

 

comments