പുതിയ പുസ്തകം / ആമുഖം


അധികം മധുരമില്ലാത്ത
ഈന്തപ്പഴങ്ങളുമായി
കോണിപ്പടികളിലൊന്നില്‍
(ഭാഗം മൂന്ന്)

കരുണാകരന്‍

 

കഴിഞ്ഞലക്കം തുടര്‍ച്ച

(ടി.പി. അനില്‍കുമാറിന്റെ കവിതകളെപ്പറ്റി, പുതിയ കവിതയിലെ ചില സന്ദര്‍ഭങ്ങളെപ്പറ്റിയും. ഒലിവ് പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന രണ്ട് അധ്യായങ്ങളുള്ള നഗരം എന്ന കവിതാസമാഹാരത്തിന്റെ അവതാരിക)
 


എനിക്കു പരിചയമുള്ള ഒരെഴുത്ത്‌ അതേ സംവാദങ്ങളെ, അതേ കാത്തിരിപ്പുകളെ, അതേ നിമിഷങ്ങളെത്തന്നെ അസംബന്ധമാക്കുന്നു. എന്നാല്‍, അനിലിന്റെ കവിതകള്‍ ഏകാന്തതയെ അര്‍ത്ഥപൂര്‍ണ്ണമായ ചില വിനിമയങ്ങളുടെ സാദ്ധ്യത ആരായുന്നതിലേക്കും നയിക്കുന്നു.ഇതാകാം നമ്മുടെ പുതിയ കവിതയുടെ ഒരു സന്ദര്‍ഭം.

നഗര കേന്ദ്രീകൃതമായ ഒരു വികസനമാതൃക ലക്ഷ്യമാക്കിക്കൊണ്ട്‌ ഓരോ ഭാഷാദേശീയതകളും അവയുടെ ഗ്രാമങ്ങളെ ഉപേക്ഷിക്കാന്‍ തുടങ്ങുന്ന അതേ കാലത്താണ്‌ നമ്മുടെ കലയും സാഹിത്യവും ആധുനികതയെ പരിചയപ്പെടുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. അതുകൊണ്ടു തന്നെ, ആ കാലത്തെ പല രചനകളിലും പൗരജീവിതത്തിലെ അത്തരം പിളര്‍പ്പുകള്‍ പ്രമേയങ്ങളാവുന്നുണ്ടായിരുന്നു. 'നഗരത്തിലെ യക്ഷന്‍' എന്ന കവിത മുറ്റുന്ന ഒരു സങ്കല്‍പം തന്നെ നമുക്കു കിട്ടുന്നത്‌ ആ കാലത്താണ്‌. എന്നാല്‍ അതേ ഗ്രാമങ്ങളില്‍ നിന്ന് എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇന്ത്യയുടെ പുറത്തേക്ക്‌ ഗള്‍ഫിലേക്കും അമേരിക്കന്‍ ഐക്യനാടുകളിലേക്കും മറ്റും കുടിയേറുന്ന മലയാളികളില്‍ ഇന്ത്യന്‍ എന്ന അവസ്ഥയോട്‌ എന്നതിനേക്കാള്‍ തനിക്കേറ്റവും അപരിചിതമായ വേറൊരു ദേശസ്വത്വത്തോടാണ്‌ കൂടുതല്‍ ഇടപഴകുന്നത്‌.അവരുടെ കൂട്ടത്തിലെ എഴുത്തുകാര്‍ തങ്ങളുടെ മലയാളി സ്വത്വത്തെ ഏറെയും ഗൃഹാതുരത്വത്തോടെയാണ്‌ നോക്കിക്കണ്ടത്‌ എന്നത്‌ ശ്രദ്ധേയമായിരുന്നു.

ഇത്‌ അവരെ തൊട്ടുമുമ്പത്തെ തലമുറയിലെ എഴുത്തുകാരില്‍ നിന്നും വേര്‍പെടുത്താന്‍ പോന്നതുമായിരുന്നു. അതുകൊണ്ടു തന്നെ ആധുനികതയോടൊപ്പം തന്നെ പ്രശസ്തമായ പ്രവാസം എന്ന അകാല്‍പനികവും രാഷ്ട്രീയവുമായ ഒരു സാമൂഹ്യസന്ദര്‍ഭത്തെ തങ്ങളുടെ കുടിയേറ്റ ജീവിതത്തിലെ വിരഹവ്യാപ്തികൊണ്ട്‌ പൂരിപ്പിക്കാനുള്ള ശ്രമവും നടന്നു.തൊണ്ണൂറുകള്‍ക്കൊടുവില്‍ ദൃശ്യമാധ്യമങ്ങള്‍ നമ്മുടെ സാംസ്കാരികരൂപീകരണങ്ങളിലെ പ്രധാന സ്ഥാപനങ്ങളായതോടെ ഈ ശ്രമം തന്നെ ഏറെയും ഔദ്യോഗികമായി. ഇത്‌ വിശേഷിച്ചും നമ്മുടെ കവിതയിലേക്ക്‌ പുതിയൊരു അനുഭവക്രമത്തെ പ്രകടിപ്പിക്കാന്‍ പോന്നതായിരുന്നു. സര്‍ജു, രാം മോഹന്‍, കമറുദ്ദീന്‍, ലാസര്‍ ഡിസില്‌വ, മുസഫര്‍ അഹമ്മദ്‌, ടി.പി. അനില്‍കുമാര്‍ തുടങ്ങിയവരുടെ ഒരു നിര വേറെ വേറെ കാവ്യരുചികളോടെ നമ്മുടെ പുതിയ കവിതയുടെ സ്വരപ്പകര്‍ച്ചയില്‍ പങ്കുചേര്‍ന്നു. നാട്ടിലും നാടിനു പുറത്തും അലയുന്ന വേറൊരു യക്ഷന്‍ ഈ കവിതകളിലും വന്നു.



'വിപണി' പോലുള്ള കവിതകളില്‍ ഗ്രാമം, വിട്ടുജീവിതം ഒക്കെക്കൊണ്ടാണ്‌ ഈ അന്യം നിന്ന ജീവിതത്തെ നേരിടുന്നതു തന്നെ. വേറിട്ടു പാര്‍ക്കല്‍ എന്ന അവസ്ഥ, സ്വയം നിര്‍മ്മിക്കുന്ന പ്രതിരോധങ്ങള്‍, അങ്ങനെ മറ്റൊരര്‍ത്ഥത്തില്‍ വിലാപങ്ങളുടെ നേര്‍ത്ത ശബ്ദവും കേള്‍പ്പിക്കുന്നു. നഷ്ടപ്പെടുന്ന എന്തിനോടുമുള്ള ആഭിമുഖ്യം തന്നെ വിഫലമായ തിരച്ചിലാകുന്നുവെന്ന അറിവാണ്‌ വേറിട്ടു പാര്‍ക്കലിന്റെ സ്ഥായിയായ ഭാവം തന്നെ. അങ്ങനെ നഷ്ടമാകുന്ന പ്രകൃതിയോടും കാലത്തോടും സംവദിക്കാന്‍ പിന്നെ ബാക്കിയാവുന്നത്‌ ഓര്‍മ്മയാണ്‌. ഓര്‍മ്മയെ വസ്തുക്കള്‍ കൊണ്ടും ബന്ധങ്ങള്‍ കൊണ്ടും തന്റെ തന്നെ ഏകാന്തത കൊണ്ടും അഭിമുഖീകരിക്കുക, അങ്ങനെ അതേ നഷ്ടപ്രദേശത്തിന്റെ ബദല്‍ രൂപങ്ങള്‍ നിര്‍മ്മിക്കുക, ഗൃഹാതുരത്വം എന്ന മനോനിലയുടെ കരണീയമായ പ്രവൃത്തിപോലും പിന്നീട്‌ അതാണ്‌ എന്നു തോന്നും. ആ നഷ്ടപ്പെടലില്‍ നിന്ന് അപ്പോഴും വേറിടുന്നുമില്ല. 'വിരല്‍ത്തുമ്പു വിട്ടുപോകുന്നു', ഇങ്ങനെയൊക്കെയാണ്‌ ഉറപ്പുവരുത്തുന്നത്‌' എന്നീ കവിതകളിലേതുപോലുള്ള അനുഭവത്തിലൂടെ ആ വേറിടല്‍, അതിന്റെ ദൂരം, ദൂരമില്ലായ്മ, ഒപ്പം സഞ്ചരിക്കുന്നു.

തന്നെ മോഹിപ്പിക്കുന്നതെന്തും, മോഹിപ്പിച്ചതും എല്ലാം മറ്റൊരാളിലൂടെ കൂടിയാകുന്നുവെന്ന് തോന്നുന്നതുതന്നെ ഏകാന്തതയുടെ ഒരു രൂപഭേദം ആണ്‌. തന്റെ തന്നെ സ്വത്വത്തിലേക്ക്‌ ചേര്‍ത്തു നിര്‍ത്തുന്ന മറ്റൊരാള്‍. എങ്കിലും ഏകാകിയാണ്‌ എന്ന നിശ്ചയം, മനുഷ്യാവസ്ഥയുടെ ഈ നിശ്ചയം മറ്റെന്തിനേക്കാളും സര്‍ഗ്ഗാത്മകതയുടെ വിഷയമാകുന്നത്‌ ആധുനികതയുടെ കാലത്താണ്‌. അനില്‍കുമാറിന്റെ കവിതകളുടെ ആന്തരിക ഭാവം ഇത്തരമൊരു സൂക്ഷ്‌മാനുഭവത്തിന്റേതുകൂടിയാണ്‌.അതേ സമയം അതിന്റെ ചരിത്രപരവും രാഷ്ട്രീയപരവുമായ അവസരത്തോട്‌ വിമുഖമാവുന്ന ഭാവന അതേ ഏകാന്തതയെ വൈകാരികമായ ഒരഭയം പോലെ, കുടിയൊഴിപ്പിക്കപെട്ടവര്‍ ചെന്നു പാര്‍ക്കുന്ന മറ്റൊരിടത്തെ, മറ്റൊരു സമയത്തെ ക്യാമ്പു പോലെ അവതരിപ്പിക്കുന്നു: ചുവന്ന സാരിയുടുത്ത്‌ കണ്ണെഴുതി കനകാംബരം ചൂടി കുടയെടുക്കാതെ പോയവള്‍ മഴയില്‍ അലിഞ്ഞു പോയെന്ന് തോന്നുന്നു എന്നു ഒരേ സമയം ആകുലപ്പെടുകയും ശാന്തമാകാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആ അഭയം തന്റെ തന്നെ സ്വത്വത്തില്‍ അലിഞ്ഞ്‌ അഭയം അല്ലാതാവുന്നു. ആ ക്യാമ്പിലെ ഏകാകിയായ ഒരാള്‍ക്കു വേണ്ടി അയാള്‍ തന്നെത്തന്നെ ഓര്‍മ്മിക്കുന്നു. കവിതയിലെ ഈ ഭാവുകത്വം നമ്മുടെ കാലത്തിന്റെ കൂടി ഒരു സ്വഭാവമാകുന്നു.

പ്രണയമാണ്‌ ഏകാന്തതയുടെ വേറൊരു അഭയം: നിറയും കണ്ണുകളില്‍ പ്രണയം മാന്‌കൂട്ടമായ്‌ വന്ന് കണ്ണാടി നോക്കുന്നു. പിന്നെ ഉമ്മവയ്ക്കില്ലൊരിക്കലും നിന്നെ ഞാനെന്ന് ചിരിച്ച്‌ തോരും മഴയ്ക്കൊപ്പം പുറത്തു പോകുന്നു. (ഇടത്തോട്ടെഴുതുന്നത്‌) വേറിട്ടു പാര്‍ക്കലിലെ ഖേദകരമായ ഒരവസ്ഥയായി വിരഹം കടന്നു വരുന്നു. ചിത്ര സദൃശ്യങ്ങളായ ബിംബങ്ങള്‍, അവയുടെ പശ്ചാത്തലത്തില്‍ അത്രയും ദൃഷ്ടിപഥത്തിലല്ലാത്ത ഋതുഭേദങ്ങള്‍ എല്ലാം വീണ്ടും അയാളെ ഏകാകിയും വിരഹിയുമായി ഉപേക്ഷിക്കുന്നു.

ഒരു മുങ്ങാംകുഴിയില്‍
പുഴയെനിക്കെല്ലാം
മണലില്‍
കാല്‍കുത്തിക്കുതിക്കലില്‍
പുഴയെനിയ്ക്കന്യം. (ജലമോടുന്ന ചില സിരകള്‍)

മറ്റൊരു കവിതയില്‍( നനഞ്ഞ ആകാശം) തന്റെ പ്രമേയങ്ങള്‍, ഏകാന്തത, വിശപ്പ്‌, കാമം, പ്രണയം, തിരസ്കാരം ആര്‍ക്ക്‌ സമര്‍പ്പിക്കും എന്നു ചോദിക്കുന്നു. തന്റെ ഓര്‍മ്മയെ, ഹതാശമായ ചെന്നു ചേര്‍ന്ന അപരത്വത്തോട്‌, അതിന്റെ രൂപകങ്ങളോട്‌ എല്ലാം ആരായുന്നു. നനഞ്ഞ ആകാശത്തിലേക്കു തന്നെ വീണ്ടും അഴിയുന്നു.

തൊണ്ടയടഞ്ഞ കടല്‍
ദൈവത്തിന്‍ കൈയ്യിലെ
കറയില്‍ കുഴഞ്ഞ തിരകള്‍ (ഒഴിവുകാലം)



നീയാണെന്നു കരുതി
തിരകള്‍ എന്നെത്തൊടും
എന്നെയെന്നു കരുതി
ഞാന്‍ നനഞ്ഞു നില്‍ക്കും. (പ്രണയം)

ഈ കുറിപ്പ്‌ അവസാനിപ്പിക്കുമ്പോള്‍ എപ്പോഴോ ഞാന്‍ അയാളെയും പരിചയപ്പെട്ടതുപോലെ തോന്നുന്നു. അധികം മധുരമില്ലാത്ത ഈന്തപ്പഴങ്ങളുമായി കോണിപ്പടിയില്‍ ഒറ്റയ്ക്ക്‌ ഇരിക്കുന്ന ആള്‍: ഓര്‍മ്മകളിലേക്ക്‌ തന്റെ തന്നെ ജീവിതം വാങ്ങാന്‍ പോയ ഒരാള്‍, തൊട്ടപ്പുറത്ത്‌ ഒരാള്‍ക്ക്‌ കൂടി സ്ഥലമിട്ട്‌ നീങ്ങി ഇരുന്ന ആള്‍, ദൂരത്തെയും സമയത്തെയും തന്റെ തന്നെ ദൈനംദിന ജീവിതചര്യയിലെ പ്രവൃത്തിപദങ്ങള്‍ കൊണ്ട്‌ പരിചയപ്പെട്ട ഒരാള്‍- കവി. ആ ഒഴിച്ചിട്ട സ്ഥലത്ത്‌ അയാളോടൊപ്പമിരിക്കാന്‍ ആരാണ്‌ വന്നിരിക്കുക? അയാള്‍ പാര്‍ത്ത ഭാഷയല്ലാതെ , സമയമല്ലാതെ, ഭാവനയല്ലാതെ?

ആ കാഴ്ചയായിരുന്നു അന്നും, ഇപ്പോഴും അനില്‍കുമാറിന്റെ കവിതകള്‍ എനിക്കു തന്നുകൊണ്ടിരിക്കുന്ന ആഹ്ലാദം.
 

comments