കരാര്‍ തൊഴിലാളികളും ഗാന്ധിജിയും
ബാലസുന്ദരം
(ഗാന്ധിജിയുടെ ആത്മകഥയില്‍ നിന്ന്)
 

 


ഹൃദയത്തിന്റെ അചഞ്ചലവും ശുദ്ധവുമായ ആഗ്രഹം എക്കാലവും നിറവേറും.എന്റെ തന്നെ അനുഭവത്തില്‍ ഈ തത്വം തെളിയിക്കപ്പെട്ടുകണ്ടിട്ടുണ്ട്‌. പാവങ്ങളുടെ സേവനമാണ്‌ എന്റെ ഹൃദയാഭിലാഷം. അത്‌ എന്നെ എപ്പോഴും പാവങ്ങളുടെ ഇടയില്‍ എത്തിക്കുകയും അവരിലൊരാളായി മാറാന്‍ പ്രാപ്‌തനാക്കുകയും ചെയ്തിട്ടുണ്ട്‌. നെറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്സിന്റെ അംഗങ്ങളില്‍ കോളനിയില്‍ പിറന്ന ഇന്ത്യാക്കാരും ഗുമസ്തന്മാരും ഉള്‍പ്പെട്ടെങ്കിലും, അവിദഗ്‌ധ കൂലിപ്പണിക്കാര്‍, അതായത്‌ കരാര്‍ ജോലിക്കാര്‍, അപ്പോഴും അതിര്‍ത്തിക്കു പുറത്തായിരുന്നു. കൊണ്‍ഗ്രസ്സ്‌ അവരുടേതായി ഇനിയും മാറിയിരുന്നില്ല. വരിസംഖ്യ അടച്ച്‌ അംഗത്വമെടുത്ത്‌ അതിന്റെ ഭാഗമാകാന്‍ അവര്‍ക്കു സാധിക്കുമായിരുന്നില്ല. അവര്‍ക്കു സേവനം ചെയ്യുന്നതിലൂടെ മാത്രമേ കോണ്‍ഗ്രസ്സിന്‌ അവരുടെ സ്നേഹം നേടാന്‍ കഴിയുമായിരുന്നുള്ളൂ. കോണ്‍ഗ്രസ്സോ ഞാനോ യഥാര്‍ത്ഥത്തില്‍ സേവനത്തിന്‌ സന്നദ്ധരാകും മുമ്പേ അതിനു പറ്റിയ ഒരവസരം സ്വയം സംജാതമായി. ഞാന്‍ പ്രാക്ടീസ്‌ ചെയ്യാന്‍ തുടങ്ങിയിട്ട്‌ കഷ്‌ടിച്ച്‌ മൂന്നോ നാലോ മാസം ആയിക്കാണും. കോണ്‍ഗ്രസ്സും അതിന്റെ ശൈശവദശയിലായിരുന്നു.


ആ ഘട്ടത്തിലാണ്‌ ഒരു തമിഴന്‍ വിറച്ചും കരഞ്ഞും കൊണ്ട്‌ എന്റെ മുമ്പില്‍ വന്നു നിന്നത്‌. അയാളുടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിരുന്നു. അയാള്‍ തലേക്കെട്ടെടുത്ത്‌ കൈയ്യില്‍ പിടിച്ചിരുന്നു. അയാളുടെ മുന്‍ വശത്തെ രണ്ട്‌ പല്ലുകള്‍ തകര്‍ന്നു വായില്‍ നിന്നും രക്തം ഒലിച്ചിരുന്നു. അയാളുടെ യജമാനന്‍ അയാളെ വല്ലാതെ തല്ലിത്തകര്‍ത്തിരുന്നു. തമിഴനായ എന്റെ ക്ലാര്‍ക്കില്‍ നിന്നും അയാളെക്കുറിച്ചുള്ള എല്ലാ വിവരവും ഞാന്‍ ഗ്രഹിച്ചു. ബാലസുന്ദരം എന്നാണ്‌ ആ വന്നവന്റെ പേര്‌. അയാള്‍ ഡര്‍ബാനിലെ അറിയപ്പെടുന്ന ഒരു യൂറോപ്യന്‍ താമസക്കാരന്റെ കീഴില്‍ കരാര്‍ ജോലി ചെയ്യുകയായിരുന്നു. കോപം വന്ന യജമാനന്‍, ആത്മനിയന്ത്രണം വിട്ട്‌, ബാലസുന്ദരത്തെ ശക്തിയായി അടിച്ചു രണ്ടു പല്ലു തകര്‍ക്കുകയാണുണ്ടായത്‌.

ഞാനയാളെ ഒരു ഡോക്ടറുടെ അടുത്തേക്കയച്ചു. അക്കാലത്ത്‌ വെള്ളക്കാരായ ഡോക്ടര്‍മാരേ ഉണ്ടായിരുന്നുള്ളൂ. ബാലസുന്ദരത്തിനു പറ്റിയ പരുക്കിന്റെ സ്വഭാവം കാണിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്‌ എനിക്കാവശ്യമായിരുന്നു. ഞാനാ സര്‍ട്ടിഫിക്കറ്റും വാങ്ങി പരുക്കേറ്റ ആളെ നേരെ മജിസ്ട്രേറ്റിന്റെ അടുത്ത്‌ കൊണ്ടുചെന്ന് അയാളുടെ സത്യവാങ്ങ്‌മൂലം അദ്ദേഹത്തിനു സമര്‍പ്പിച്ചു. അതു വായിച്ചപ്പോള്‍ മജിസ്‌ട്രേറ്റിന്‌ ധര്‍മ്മിക രോഷം തോന്നുകയും ബാലസുന്ദരത്തിന്റെ മുതലാളിക്ക്‌ സമന്‍സ്‌ അയക്കുകയും ചെയ്തു.



ആ മുതലാളി ശിക്ഷിക്കപ്പെടണമെന്നതായിരുന്നില്ല എന്റെ ആഗ്രഹം. ബാലസുന്ദരത്തെ അയാളില്‍ നിന്ന് വിടുവിക്കുകയായിരുന്നു എന്റെ ആവശ്യം. കരാര്‍ ജോലിയെക്കുറിച്ചുള്ള നിയമം ഞാന്‍ വായിച്ചു നോക്കി. ഒരു സാധാരണ ജോലിക്കാരന്‍ മുന്നറിയിപ്പു നല്‍കാതെ ജോലി ഉപേക്ഷിച്ചാല്‍ അയാളുടെ മുതലാളിക്ക്‌ അയാള്‍ക്കെതിരെ സിവില്‍ കോടതിയില്‍ നടപടി എടുക്കാമായിരുന്നു. എന്നാല്‍ കരാര്‍ ജോലിക്കാരന്റെ കാര്യം വളരെ വ്യത്യസ്തമായിരുന്നു. ഇതുപോലുള്ള സാഹചര്യത്തില്‍ അയാള്‍ക്കെതിരെ ക്രിമിനല്‍ കോടതിയില്‍ നടപടി എടുക്കാനും അയാളെ ജയില്‍ ശിക്ഷക്കു വിധേയനാക്കാനും കഴിയുമായിരുന്നു.അതുകൊണ്ടാണ്‌ സര്‍ വില്യം ഹണ്ടര്‍ കരാര്‍ ജോലി സമ്പ്രദായത്തെ ഒരു തരം അടിമത്തം എന്നു വിളിച്ചത്‌. അടിമയെപ്പോലെ കരാര്‍ ജോലിക്കാരനും ഉടമസ്ഥന്റെ സ്വത്താണ്‌.

ബാലസുന്ദരത്തെ മോചിപ്പിക്കാന്‍ രണ്ടു മാര്‍ഗ്ഗങ്ങളേ ഉള്ളൂ. ഒന്നുകില്‍ കരാര്‍ തൊഴിലാളികളുടെ രക്ഷകനായ ഉദ്യോഗസ്ഥനെക്കൊണ്ട്‌ അയാളുടെ കരാര്‍ റദ്ദാക്കിക്കുകയോ അയാളെ മറ്റൊരാളുടെ ജോലിക്കാരനായി മാറ്റുകയോ ചെയ്യുക. അതല്ലെങ്കില്‍ ബാലസുന്ദരത്തിന്റെ മുതലാളിയെക്കൊണ്ട്‌ അയാളെ മോചിപ്പിക്കുക.

ഞാനാ മുതലാളിയെ ചെന്നുകണ്ട്‌ അയാളോട്‌ പറഞ്ഞു: ' നിങ്ങള്‍ക്കെതിരായി നടപടി എടുക്കണമെന്നും നിങ്ങളെ ശിക്ഷിക്കണമെന്നും എനിക്കാഗ്രഹമില്ല. നിങ്ങള്‍ അയാളെ കഠിനമായി പ്രഹരിച്ചെന്ന് നിങ്ങള്‍ക്ക്‌ മനസ്സിലായിക്കാണുമല്ലോ.അയാളെ മറ്റാരുടെയെങ്കിലും കീഴിലേക്ക്‌ മാറ്റിയാല്‍തന്നെ ഞാന്‍ സംതൃപ്തനായിരിക്കും.' ഇതിന്‌ അയാള്‍ വേഗം സമ്മതിച്ചു. അനന്തരം ഞാനാ ഉദ്യോഗസ്ഥനെ പോയി കണ്ടു. പുതിയൊരു മുതലാളിയെ ഞാന്‍ കണ്ടുപിടിക്കണമെന്ന വ്യവസ്ഥയില്‍ അദ്ദേഹവും അതു സമ്മതിച്ചു.

അതിനാല്‍ ഞാനൊരു മുതലാളിയെ തേടിയിറങ്ങി. അതൊരു യൂറോപ്യന്‍ ആയിരിക്കണം.ഇന്ത്യാക്കാര്‍ക്ക്‌ കരാര്‍ ജോലിക്കാരെ നിയമിക്കാന്‍ പാടില്ല. ആ സമയത്ത്‌ വളരെക്കുറച്ച്‌ യൂറോപ്യന്മാരെ മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ. അവരിലൊരാളെ ഞാന്‍ കണ്ടു. അദേഹം ബാലസുന്ദരത്തെ എടുക്കാമെന്ന് വളരെ കാരുണ്യത്തോടെ സമ്മതിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ദയാദാക്ഷിണ്യത്തിന്‌ നന്ദി പറഞ്ഞു. മജിസ്ട്രേറ്റ്‌ ബാലസുന്ദരത്തിന്റെ മുതലാളി കുറ്റക്കാരനാണെന്ന് വിധിക്കുകയും ബാലസുന്ദരത്തിന്റെ കരാര്‍ മറ്റാര്‍ക്കെങ്കിലും വിട്ടു കൊടുക്കാന്‍ പ്രതി ഏറ്റിരിക്കുന്നതായി രേഖപ്പെടുത്തുകയും ചെയ്തു.

ബാലസുന്ദരത്തിന്റെ കേസ്‌ എല്ലാ കരാര്‍ പണിക്കാരുടേയും ചെവികളിലെത്തുകയും അവര്‍ എന്നെ ഒരു സ്നേഹിതനായി കണക്കാക്കുകയും ചെയ്തു. ഈ ബന്ധത്തെ ഞാന്‍ സസന്തോഷം സ്വാഗതം ചെയ്തു. കരാര്‍ ജോലിക്കാരുടെ ഒരു പ്രവാഹം തന്നെ എന്റെ ഓഫീസിലേക്ക്‌ ഉണ്ടാകാന്‍ തുടങ്ങി. അതുമൂലം അവരുടെ ദു:ഖങ്ങളും സന്തോഷങ്ങളും മനസ്സിലാക്കാന്‍ എനിക്ക്‌ നല്ല അവസരം കിട്ടി.



ബാലസുന്ദരത്തിന്റെ കേസിന്റെ പ്രതിദ്ധ്വനി ദൂരെ മദ്രാസിലും കേട്ടിരുന്നു. മദ്രാസ്‌ പ്രോവിന്‍സിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് നെറ്റാളിലേക്ക്‌ കരാര്‍ ജോലിക്ക്‌ പോയിരുന്ന തൊഴിലാളികള്‍ അവരുടെ സഹോദരങ്ങളായ മറ്റു കരാര്‍ ജോലിക്കാര്‍ വഴി ഈ കേസിനെക്കുറിച്ചറിഞ്ഞു.

ആ കേസില്‍ അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും നെറ്റാളില്‍ അവര്‍ക്കു വേണ്ടി വാദിക്കാനും പരസ്യമായി പ്രവര്‍ത്തിക്കാനും ഒരാളുണ്ടെന്നത്‌ കരാര്‍ ജോലിക്കാര്‍ക്ക്‌ ആഹ്ലാദം കലര്‍ന്ന അല്‍ഭുതം നല്‍കുകയും അവരെ പ്രത്യാശയാല്‍ പ്രചോദിപ്പിക്കുകയും ചെയ്തു.

ബലസുന്ദരം തന്റെ ഓഫീസില്‍ വന്നത്‌ തലേക്കെട്ട്‌ കയ്യിലെടുത്തുകൊണ്ടാണെന്ന് പറഞ്ഞല്ലോ. അ സാഹചര്യത്തിനും ഒരു പ്രത്യേക ദൈന്യത ഉണ്ടായിരുന്നു. അതു നമ്മുടെ അധ:സ്ഥിതാവസ്ഥ കാണിക്കുകയും ചെയ്തു. എന്റെ തലപ്പാവെടുത്തു മാറ്റാന്‍ ആവശ്യപ്പെട്ട സംഭവം ഞാന്‍ മുമ്പ്‌ വിവരിച്ചല്ലോ. എല്ലാ കരാര്‍ ജോലിക്കാരോടും അപരിചിതരായ ഇന്ത്യാക്കാരോടും, ഒരു യൂറോപ്യനെ കാണാന്‍ ചെല്ലുമ്പോള്‍, തലപ്പാവോ, തൊപ്പിയോ, തലക്കെട്ടോ എന്തായാലും ശിരോവസ്ത്രം എടുത്തു മാറ്റാന്‍ അവശ്യപ്പെടുന്ന പതിവ്‌ നിര്‍ബന്ധമാക്കിയിരുന്നു. രണ്ടു കൈയ്യും കൂട്ടിയുള്ള അഭിവാദ്യം പോലും അവര്‍ക്ക്‌ മതിയായിരുന്നില്ല. ആ പതിവ്‌ എന്റടുത്തും കാണിക്കണമെന്ന് ബാലസുന്ദരം വിചാരിച്ചു. എന്റെ അനുഭവത്തിലെ ആദ്യ സംഭവം ആയിരുന്നു അത്‌. എനിക്ക്‌ അപമാനിക്കപ്പെട്ട പോലെ തോന്നുകയും അയാളോട്‌ തലയില്‍ തുണി കെട്ടാന്‍ ഞാന്‍ പറയുകയും ചെയ്തു. മടികൂടാതെ അല്ലെങ്കിലും അയാളങ്ങനെ ചെയ്തു. അയാളുടെ മുഖത്ത്‌ അതിയായ സന്തോഷം കാണാന്‍ എനിക്കു കഴിഞ്ഞു.

സഹോദരങ്ങളെ അപമാനിക്കുന്നതിലൂടെ ആളുകള്‍ക്ക്‌ സ്വയം ബഹുമാനിക്കപ്പെടുന്നതായി തോന്നുന്നതെങ്ങനെയെന്ന കാര്യം എനിക്ക്‌ എക്കാലവും ഒരു പിടികിട്ടാ രഹസ്യമായി അനുഭവപ്പെട്ടിട്ടുണ്ട്‌.


 

comments