മണ്ണും മനുഷ്യരും

കലയും
കാര്‍ഷിക ജീവിതവും
(ഭാഗം മൂന്ന്)

സര്‍ജു
 

 

കഴിഞ്ഞ ലക്കം തുടര്‍ച്ച



കൃഷിയുടെ
ആധുനികവല്‍ക്കരണം ഇടശ്ശേരിയുടെ 'ലിഫ്റ്റ്‌ ഇറിഗേഷന്‍' പോലുള്ള അപൂര്‍വ്വം രചനകളിലാണ്‌ പരിഗണിക്കപ്പെട്ടിട്ടുള്ളത്‌. ആധുനികവല്‍ക്കരണ ശ്രമങ്ങളിലെ ആസൂത്രണ പാളിച്ചകളാണ്‌, ആത്മാര്‍ത്ഥയില്ലായ്മയാണ്‌ ഈ കവിതയുടെ പ്രമേയം. സാങ്കേതികജ്ഞാനം കേരളീയ സമൂഹത്തില്‍ ആര്‌ എങ്ങനെ ഉപയോഗിക്കുന്നു എന്ന പ്രധാന ചോദ്യം ഇടശ്ശേരി ഉന്നയിക്കുന്നുണ്ട്‌. പോംവഴികള്‍ക്കായി കര്‍ഷകരുടെ ഭാര്യമാര്‍ എഞ്ചിനീയര്‍മാരെ പ്രസവിക്കും വരെ കാത്തിരിക്കേണ്ടി വരുമോ എന്ന കവിതാന്ത്യത്തിലെ കടുത്ത പരിഹാസം ഇന്നത്തെ കേരളീയ സമൂഹം ഉന്നയിക്കുന്ന സജീവരാഷ്ട്രീയപ്രശ്നമായി മാറിയിരിക്കുന്നു എന്നതുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌.

ചെളിയും അഴുക്കും

പള്ളിക്കൂടവഴി മലയാളിക്ക്‌ ചെളിയില്‍ നിന്നും കൃഷിയില്‍ നിന്നും രക്ഷപ്പെടാനുള്ളതായിരുന്നു. വിദ്യാസമ്പന്നനും പരിഷ്കാരിയും നാഗരികനും ആവുക എന്നാല്‍ ആകെ വെടിപ്പാക്കുക എന്നാണ്‌. അങ്ങനെയാണ്‌ മണ്ണും ചെളിയും അഴുക്കിനോട്‌ ചേര്‍ത്തു പറയുന്ന രീതി വ്യാപമാവുകയും വൃത്തിയെക്കുറിച്ചുള്ള വേവലാതി മനോരോഗത്തിന്റെ വക്കോളമെത്തുകയും ചെയ്തത്‌. ചെളി മാലിന്യമായി കരുതാന്‍ മാത്രം കേരളീയ കാര്‍ഷികസ്വത്വം ദുര്‍ബ്ബലമായിരുന്നു. സ്വന്തമായി ഭൂമി ഇല്ലാത്ത കര്‍ഷകത്തൊഴിലാളിക്കും കൃഷിയുടെ നടത്തിപ്പുകാരായ ജന്മിമാര്‍ക്കും ഒരേ സമയം വേറെ വഴികളുണ്ടായി. എല്ലാറ്റിന്റേയും നടത്തിപ്പുകാരാകാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ സ്വന്തമായി പുതിയ ചുമതലകളൊന്നും ഏറ്റെടുത്തുമില്ല. പണിക്ക്‌ ആളെ കിട്ടാനില്ല എന്നത്‌ ഉച്ചഭാഷിണിയെക്കാള്‍ വലിയ ഒച്ചയില്‍ മുഴങ്ങി. ഇതു പറയുന്നവര്‍ക്ക്‌ എന്താണ്‌ പണി എന്ന് ആരും ചോദിച്ചില്ല.

മധ്യവര്‍ഗ്ഗനാഗരികത കൊടിയ നിസ്സംഗതകളിലും ആത്മനിന്ദകളിലും പെട്ടുപോയപ്പോള്‍ നിലം തൊടാതെ അതിജീവനം അസാദ്ധ്യമായി. അങ്ങനെയാണ്‌ കാര്‍ഷികമായ ഇടങ്ങള്‍ നഷ്ടമായതിനെക്കുറിച്ച്‌ അന്വേഷണങ്ങളുണ്ടായത്‌.ആധുനികതയെ തിരുത്തുന്ന ഈ പുതുബോധം പ്രബലമായിട്ടുള്ള കൃതികളിലൊന്ന് കെ.ആര്‍.ടോണിയുടെ 'സമനില' എന്ന കവിതാസമാഹാരമാണ്‌. എണ്‍പതുകളിലെഴുതപ്പെട്ട കെട്ടിക്കിടപ്പ്‌, ചളി, സമനില, വിഷു, കര്‍ഷകന്‍, വിത്തുപൂക്കള്‍, തോട്ടം, കൃഷി, തുടങ്ങിയ കവിതകള്‍ ആധുനികതയില്‍ സംഭവിച്ച കാര്‍ഷികസ്വത്വനഷ്ടത്തിന്റെയും അതിന്റെ വീണ്ടെടുപ്പിന്റെയും വിചാരമേഖലയാണ്‌.



കെട്ടിക്കിടപ്പ്‌ എന്ന കവിതയില്‍ ആധുനികജീവിതത്തിന്റെ പ്രധാന ഇടങ്ങളിലൊന്നായ ഹോട്ടാലിനു മുന്നില്‍ ചെളി ചാലായി കിടക്കുന്നു. ഹോട്ടലില്‍ കയറുന്നവര്‍ക്ക്‌ അത്‌ മനം മടുപ്പുണ്ടാക്കുന്നു. പരാതി പറയുമ്പോള്‍ ഹോട്ടല്‍ നടത്തിപ്പുകാരന്‍ അയാള്‍ പുകയ്ക്കുന്ന തിരികളെക്കുറിച്ച്‌ വാചാലനാകുന്നു. ഊണു കഴിഞ്ഞിറങ്ങുമ്പോള്‍ ചെളിക്കുണ്ടില്‍ നീന്തുന്ന താറാവുകളെക്കാണുന്നു. ' ആഹാ, ശരിക്കു കണ്ടില്ല, ചളിക്കുണ്ടില്‍ നീന്തുന്നു രണ്ടു താറാക്കള്‍....' താറാവുകളുടെ ദൃശ്യം ചെളിയെ ഇതരജീവികളുടെ ഇടമാക്കി, ആവാസവ്യവസ്ഥയാക്കി മാറ്റുന്നു. ചെളി മലിനവും അമാന്യവുമല്ലാതാവുകയും നഗരത്തിലേക്കു നീങ്ങി ആധുനികതയുടെ ആക്രമണങ്ങളെ നേരിടുന്ന ഒന്നാവുകയും ചെയ്യുന്നു. ഹോട്ടല്‍ നില്‍ക്കുന്നതുതന്നെ ചെളിയിലാണ്‌. ഒന്നും വിളയുന്നില്ലെങ്കില്‍ വയ്ക്കലും വിളമ്പലും വില്‍പനയുമില്ല. തീന്മേശമേല്‍ വിശിഷ്ടഭോജ്യമാകുന്ന താറാവും ചെളിക്കുണ്ടിന്റേതുതന്നെ.

ടോണിയുടെ കവിതകളില്‍ പ്രണയത്തിന്റെ ഭൂപ്രദേശം ഉദ്യാനമല്ല, കൃഷിത്തോട്ടമാണ്‌. കവിതകളിലാവര്‍ത്തിച്ചുവരുന്ന പ്രധാന ഇടവും തോട്ടമാണ്‌. കൊഴുമുന പുല്ലിംഗത്തിന്റെ രൂപകമാവുമ്പോള്‍ രതിപോലെ കൃഷിയും നിലനില്‍പിനെ തുണയ്ക്കുന്ന അത്മാര്‍ത്ഥവും വികാരനിര്‍ഭരവുമായ പ്രവൃത്തിയാകുന്നു. 'കൃഷി' എന്ന കവിത സ്ത്രീ പുരുഷ ബന്ധത്തില്‍ വന്നുപെടുന്ന വിലക്കുകള്‍ പ്രകൃതിയുമായുള്ള സ്വാഭാവികബന്ധങ്ങളുടെ തകര്‍ച്ചയോടു ചേര്‍ത്തു വെക്കുന്നു. പ്രണയമലസിപ്പോകുമ്പോള്‍ തോട്ടത്തില്‍ ശവങ്ങള്‍ മുളയ്ക്കുന്നു.

വികലമായിപ്പോയ കാര്‍ഷികസ്വത്വത്തെ എങ്ങനെ വീണ്ടെടുക്കും എന്ന ചോദ്യമുന്നയിക്കുന്ന രചനയാണ്‌ 'ചളി'. കാലിലെ ചളി മാറ്റാന്‍ ഒരാള്‍ കാലു മുറിക്കുന്നു. കാരണം അയാളുടെ ചുവടുകള്‍ തടയുന്നത്‌ ചളിയാണ്‌. മുന്‍ കാലില്‍ അള്ള്‌ തറച്ച മദയാന പോലെ അയാളുടെ തറഞ്ഞുനില്‍പ്‌. കാലു മുറിക്കുമ്പോള്‍ ചീറിയൊഴുകുന്ന ചോരയില്‍ കുതിര്‍ന്ന് ചളി ചോരക്കുഴമ്പാകുന്നു. ആളുകള്‍ കൂടി ബലമായി അയാളെ ആശുപത്രിയിലെത്തിക്കുന്നു. അവിടെ കാല്‍ തുന്നിച്ചേര്‍ക്കപ്പെടുന്നു.


കേരള ജിമ്നേഷ്യം

കൃഷിയും ആരോഗ്യവും തമ്മിലുള്ള ബന്ധം അധികമൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. കാര്‍ഷികമായ തകര്‍ച്ച ഭൂമിയെ എന്നപോലെ നമ്മുടേ ശരീരങ്ങളെയും തകര്‍ത്തു. മള്‍ട്ടിസ്പെഷ്യാലിറ്റി ആഷുപത്രികളുടെ വ്യവസായ ശൃംഖല, നികത്തിയ നെല്‍ വയലുകളിലല്ല, നാമാവശേഷമായിക്കഴിഞ്ഞ കാര്‍ഷിക സംസ്കാരത്തിലാണ്‌ വ്യപിച്ചുകിടക്കുന്നത്‌. ആയുധ വ്യവസായം കഴിഞ്ഞാല്‍ ലോകത്തിലെ വലിയ കച്ചവടമായ ഔഷധ വ്യവസായം ആരോഗ്യമെന്നത്‌ ആശുപത്രികളില്‍ നിന്ന് കിട്ടുന്നതാണെന്ന് മലയാളിയെക്കൊണ്ട്‌ സമ്മതിപ്പിച്ചു കഴിഞ്ഞു. ഏറ്റവും രോഗാതുരമായ ഒരു സമൂഹം. മാനസിക ആരോഗ്യതകര്‍ച്ചയുടെ കണക്ക്‌ കൂടി ഉള്‍പ്പെടുത്തിയാല്‍ രോഗാതുരതയുടെ ചിത്രം കൂടുതല്‍ സങ്കീര്‍ണ്ണമാകും. മനോരോഗികളില്ലാത്ത വീടുകള്‍ക്കായി നാം മഷിയിട്ടു നോക്കണം .സ്വയം നിശ്ചലരാക്കിയവരുടെ ശരീരത്തെക്കുറിച്ചുള്ള വേവലാതികള്‍ പുതിയൊരു പകര്‍ച്ചവ്യാധിയാണ്‌. നാഗരികര്‍ ജിമ്നേഷ്യങ്ങളിലും ഹെല്‍ത്ത്‌ ക്ലബ്ബുകളിലും പോയി അദ്ധ്വാനിക്കുന്നുണ്ട്‌. ഉത്തരാധുനിക പുണ്യപുരാണനിഷ്കാമകര്‍മമാണ്‌ ഈ വ്യായാമം. വീടു വിട്ടിറങ്ങാത്തവര്‍ക്ക്‌ ടെലിബ്രാന്റ്‌ ഉല്‍പന്നം വി.പി.പി.ആയി വരും. വിയര്‍ക്കുക എന്നത്‌ മരണകരമായ പാപമാണെന്ന് സെന്റ്‌ കച്ചവടക്കാര്‍ പരസ്യപ്പെടുത്തിക്കഴിഞ്ഞു. സമനില പെട്ടെന്ന് വീണ്ടെടുക്കാന്‍ ആവുകയില്ല.

'ചേറു പുരണ്ടൊരെന്‍ മേനി കണ്ടിട്ടു നീ
പൊട്ടിച്ചിരിക്കുകയായി
നാലുപേര്‍ കാണട്ടെയെന്നു പറഞ്ഞിട്ട്‌
കൂകിത്തുടങ്ങുകയായി
-കാലുപിടിക്കാത്ത പാടവരമ്പത്ത്‌
കാറ്റുപോല്‍ നീ പാഞ്ഞുപോയി
മുങ്ങിക്കുളിക്കാനൊരു തൃക്കുളം നോക്കി
മെല്ലെക്കിഴക്കോട്ടു ഞാനും...' (സമനില)

സഞ്ചയനം ഒരു സാഹിത്യ വാക്കാണ്‌.കുളി എന്നാണ്‌ പച്ചയായ പ്രയോഗം. ഈ തൃക്കുളങ്ങള്‍ മലയാളിയെ എന്നേക്കുമായി കുളിപ്പിച്ചുകിടത്തി തലയ്ക്കല്‍ തിരിവെച്ചു കഴിഞ്ഞു. പാരച്ചൂട്ടുകള്‍ പോലെ കൃത്രിമക്കാലുകള്‍ വന്നുവീഴുന്ന ദൃശ്യം 'കാണ്ഡഹറിലേക്കുള്ള പാത'യിലുണ്ട്‌. നമ്മുടെ പാദങ്ങള്‍ മണ്ണില്‍ പതിയാതെ മറ്റെങ്ങോ നില്‍ക്കുന്നു.തൂങ്ങി മരിച്ചവരുടെ ചുവടുകളായി. ശൂന്യതയെ ചവിട്ടിത്തള്ളാനാകാതെ.

comments