കഥ

മലയിടുക്ക്
(ഭാഗം രണ്ട്)
ഉംബെര്‍ട്ടോ ഇക്കോ

വിവര്‍ത്തനം: ആര്‍.പി ശിവകുമാര്‍

 


ഫാസിസ്റ്റ് ആണെങ്കിലും അല്ലെങ്കിലും സാന്‍ മാര്‍ട്ടിനോയിലെ പിള്ളാര് മൃഗങ്ങളേക്കാള്‍ ഒട്ടും മെച്ചമല്ലെന്നാണ് ഞങ്ങള്‍ പറഞ്ഞിരുന്നത്. നിങ്ങള്‍ ഒരു ശപിക്കപ്പെട്ട സ്ഥലത്താണ് ജീവിക്കുന്നതെങ്കില്‍, എല്ലാ ദിവസവും ദ്രോഹബുദ്ധിയോടെ വേണം ഉണര്‍ന്നെഴുന്നേല്‍ക്കാന്‍. അല്ലെങ്കില്‍ ജീവിക്കുന്നു എന്ന തോന്നല്‍ ഉണ്ടാകില്ല. അതാണു സത്യം. സാന്‍ മാര്‍ട്ടിനോയിലെ പിള്ളാര്‍ക്ക് സ്കൂളില്‍ പഠിക്കാന്‍ സൊളാറയിലേയ്ക്കു വരണം. നഗരത്തില്‍ താമസിച്ചിരുന്ന ഞങ്ങള്‍ അവരെ കണ്ടിരുന്നത് പ്രാകൃതരായ നാടോടിക്കൂട്ടങ്ങളെ പോലെയാണ്. ഞങ്ങള്‍ മിക്കവരും റൊട്ടിയും മര്‍മലാഡുമൊക്കെയായി സ്കൂളില്‍ പോകുമ്പോള്‍ അവര്‍ പുഴുവരിച്ച ആപ്പിളൊക്കെയാണ് കൊണ്ടു വരിക.(അത്രയെങ്കിലുമുണ്ടെങ്കില്‍ ഭാഗ്യം!) ചുരുക്കത്തില്‍, അവര്‍ക്കെന്തെങ്കിലുമൊക്കെ ചെയ്യേണ്ടി വന്നു. സൊളാറയിലെ വലിയ ഗേറ്റിനടുത്തു ഞങ്ങളെത്തുന്നതും പാറക്കല്ലുക്കൊണ്ട് അവര്‍ പലപ്രാവശ്യം ഞങ്ങളെ ബോംബാക്രമണം നടത്തിയിട്ടുണ്ട്. അതിനുള്ള വില അവരെ കൊണ്ട് നല്‍കിക്കണം. സാന്‍ മാര്‍ട്ടിനോയില്‍ ചെന്ന്, പിയാസ്സ പള്ളിയില്‍ അവര്‍ പന്തുകളിക്കുന്ന സമയം നോക്കി ആക്രമിക്കാന്‍ ഞങ്ങള്‍ അങ്ങനെയാണ് തീര്‍ച്ചപ്പെടുത്തിയത്.

മലയിലേയ്ക്ക് നേരെ കയറിപോകുന്ന ഒരു റോഡുമാത്രമാണ് സാന്‍ മാര്‍ട്ടിനോയിലേയ്ക്കുള്ള ഏക വഴി. പിയാസ്സ പള്ളിമുറ്റത്തുനിന്നാല്‍ ആ റോഡിലൂടെ ആരു വന്നാലും വ്യക്തമായി കാണാം. അപ്രതീക്ഷിത നീക്കത്തിലൂടെ അവരെ ആക്രമിക്കാം എന്ന പ്രതീക്ഷ ഏതാണ്ട് ഞങ്ങള്‍ ഉപേക്ഷിച്ചിരുന്നു. കൃഷിക്കാരന്റെ മകനും അബിസീനിയക്കാരെപ്പോലെ വലിയ കറുത്ത തലയുമുള്ള ഡുറാന്റേ പറഞ്ഞു. “നമുക്കത് കഴിയും. ആ മലയിടുക്ക് കയറിക്കടക്കാന്‍ പറ്റിയാല്‍..”

അതുവരെ ആരും മലയിടുക്ക് കയറിയിട്ടുണ്ടായിരുന്നില്ല. കയറിയിട്ടു വേണമല്ലോ തിരിച്ചിറങ്ങാന്‍. കുത്തനെയുള്ള പാറയാണ്, ഏതു നിമിഷവും കാലുതെറ്റാം. കുറേദൂരത്തേയ്ക്ക് ഒരു കുറ്റിച്ചെടിപോലുമില്ല, ഭൂമി പിന്‍‌വലിഞ്ഞു കിടക്കുകയാണ്. ഇടയ്ക്ക് അല്പം തുറന്ന സ്ഥലവും അക്കേഷ്യയുടെയും കാട്ടുഞാവല്‍ച്ചെടികളുടെയും കൂട്ടവും കാണുമ്പോള്‍ ഒരു വഴി കണ്ടത്തിക്കഴിഞ്ഞു എന്നു തോന്നും. പക്ഷേ അത് പാറക്കല്ലുകള്‍ക്കിടയ്ക്കുള്ള താത്കാലിക ഭ്രമങ്ങളാണ്. പത്തുചുവടുവയ്ക്കേണ്ടി വരില്ല അതിനു മുന്‍പ് നിങ്ങള്‍ വീണ്ടും വഴുതാന്‍ തുടങ്ങും, ഇരുപതു മീറ്ററെങ്കിലും ആഴമുള്ള വശത്തേയ്ക്കാണ് നിങ്ങള്‍ തലയിടിച്ചു വീഴാന്‍ പോകുന്നത്. എല്ലുകളൊടിയാതെ രക്ഷപ്പെട്ടാലും വശത്തുള്ള ചെടികളുടെ മുള്ളുകള്‍ കണ്ണുകള്‍ കുത്തിക്കീറിയിരിക്കും. മുഴുത്ത അണലിപ്പാമ്പുകള്‍ അതിനു മുകളിലുണ്ടെന്നും പറഞ്ഞുകേട്ടിട്ടുണ്ട്.

മലകയറ്റം കഠിന പരിശീലനം ആവശ്യമുള്ള പണിയായിരുന്നു. കുറെക്കാലമെടുത്തു അതു പൂര്‍ത്തിയാക്കാന്‍. ആദ്യദിവസം ഞങ്ങള്‍ പത്തുമീറ്റര്‍ കയറി. ഓരോചുവടുവയ്പ്പും ഓരോ വിള്ളലും ഓര്‍മ്മിച്ചുകൊണ്ട്, കയറിയപ്പോള്‍ വച്ച അതേ സ്ഥലത്തു തന്നെ കാലുകള്‍ വയ്ക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് തിരിച്ചിറങ്ങി. അടുത്ത ദിവസം അതുപോലെ അടുത്ത പത്തുമീറ്റര്‍ കൂടി. സാന്‍ മാര്‍ട്ടിനോയില്‍ നിന്നു ഞങ്ങളെ കാണാന്‍ പറ്റില്ല. അതുകൊണ്ട് താത്പര്യം തോന്നിയപ്പോഴൊക്കെ പരിശീലനത്തിനു വേണ്ടി ഞങ്ങള്‍ മലയില്‍ ഒത്തുകൂടി. എങ്ങനെയെങ്കിലും ചെയ്തുതീര്‍ക്കാവുന്ന പണിയായിരുന്നില്ല, അത്. മലയിടുക്കിലെ ചരിവുകളില്‍ വീടുണ്ടാക്കുന്ന ജന്തുക്കളെപോലെ ആയി തീരേണ്ടതുണ്ടായിരുന്നു ഞങ്ങള്‍ക്ക്, പാമ്പുകളെ പോലെ അല്ലെങ്കില്‍ തടിയന്‍ പല്ലികളെ പോലെ.



രണ്ടുകൂട്ടുകാര്‍ക്ക് കാലുളുക്കി, വേറൊരുത്തന്‍ മരിച്ചു എന്നു തീര്‍ച്ചപ്പെടുത്താവുന്ന അവസ്ഥവരെയെത്തി. താഴെവീഴാതിരിക്കാന്‍ പാറയില്‍ അള്ളിപ്പിടിച്ചതു കാരണം അവന്റെ കൈപ്പത്തിയിലെ തോലു മുഴുവന്‍ ഉരഞ്ഞുപ്പൊളിഞ്ഞു നാശമായി. പക്ഷേ ഒടുവില്‍ മലയിടുക്ക് കുഴപ്പം കൂടാതെ കയറാന്‍ അറിയാവുന്ന ഒരേ ഒരു കൂട്ടമായി ഞങ്ങള്‍ മാറുകതന്നെ ചെയ്തു. ഒരു ദിവസം ഉച്ചതിരിഞ്ഞ് ഞങ്ങള്‍ അതു ചെയ്തു. ഒരു മണിക്കൂറോ അതില്‍ കൂടുതലോ എടുത്തുകാണും, മലയിടുക്ക് അതിസാഹസികമായി കടന്ന്, ശ്വാസം കിട്ടാതെ കിതച്ചുകൊണ്ട്, സാന്‍ മാര്‍ട്ടിനോയുടെ തുടക്കസ്ഥലമായ കുറ്റിക്കാട്ടില്‍ പൊങ്ങി. അവിടെയുള്ള വീടുകള്‍ക്കും കുത്തനെയുള്ള മലഞ്ചരിവിനുമിടയ്ക്ക് നടപ്പാതയുണ്ട്. രാത്രികാലങ്ങളില്‍ ആളുകള്‍ മലഞ്ചരിവിലേയ്യ്ക്ക് വീണുപോകാതിരിക്കാനായി പാതയോട് ചേര്‍ത്ത് മതിലുക്കെട്ടിവച്ചിരിക്കുന്നു. ഞങ്ങളുടെ വഴി ചെന്നെത്തിയത് മതിലിലുള്ള ഒരു വിള്ളലിനടുത്താണ്. ഞങ്ങള്‍ക്ക് നുഴഞ്ഞു കയറാന്‍ തക്കവണ്ണമുള്ള വലിപ്പം ആ വിടവിനുണ്ടായിരുന്നു. അതിനപ്പുറം ഒരു ഇടവഴിയാണ്. പള്ളിയിലച്ചന്‍ താമസിക്കുന്നിടവും കഴിഞ്ഞ്, വലത്തു തിരിഞ്ഞ് അത് പിയാസ്സ പള്ളിയിലേയ്ക്കു പോകുന്നു.

പള്ളിയ്ക്കു മുന്നിലുള്ള തുറസ്സായ ചതുരത്തില്‍ ഞങ്ങള്‍ ചാടി വീഴുമ്പോള്‍ സാന്‍ മാര്‍ട്ടിനോ പിള്ളേര്‍ “കുരുടന്റെ കള്ളം’ കളിയുടെ നടുവിലായിരുന്നു. ഒരു ചെറുക്കനെ കണ്ണു കെട്ടി വിട്ടിട്ടുണ്ട്. ശക്തമായ ഒരടി. അവന്‍ തൊടാതെ മറ്റുള്ളവര്‍ കഴിയുന്നിടത്തോളം ഊക്കില്‍ അവിടെയും ഇവിടെയും ചാടി രക്ഷപ്പെടുന്നു. അതാണു കളി. ഒരുത്തന്റെ തലമണ്ടയ്ക്ക് കൃത്യമായി പറ്റിച്ചു കൊണ്ടാണ് ഞങ്ങള്‍ തുടങ്ങിയത്. ബാക്കിയുള്ളവരെല്ലാം നിലവിളിച്ചുകൊണ്ട് പള്ളിക്കകത്തേയ്ക്കോടി. അച്ചന്റെ സഹായം കിട്ടുമെന്നു വിചാരിച്ചുകൊണ്ട്. അപ്പൊഴത്തേയ്ക്ക് അത്രയും മതിയായിരുന്നു. ഇടവഴി കടന്ന്, മതിലിലെ വിടവു നൂഴ്ന്ന്, കുത്തനെയുള്ള പാറക്കെട്ടിനു താഴെ ഞങ്ങള്‍ തിരിച്ചെത്തി. കുറ്റിക്കാട്ടില്‍ ഞങ്ങളുടെ തലകള്‍ താഴുന്നതു മാത്രം കാണാനേ അച്ചനു കഴിഞ്ഞിരിക്കുകയുള്ളൂ. അങ്ങേര്‍ അവിടെനിന്നും ചില ഭീഷണികള്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ... “വാ‍...ഹ്...” സന്തോഷം സഹിക്കവയ്യാതെ, ഇടതു കൈകൊണ്ട് ശക്തിയായി വലതു തുടയിലടിച്ച് ഡുറാന്റേ ആര്‍ത്തു.

സാന്‍ മാര്‍ട്ടിനോയിലെ പിള്ളാര്‍ക്ക് ഇതോടെ ബുദ്ധിയുദിച്ചു. മലയിടുക്കു കയറി ഞങ്ങള്‍ ആക്രമിക്കാന്‍ വന്ന കാര്യം മനസ്സിലാക്കി അവര്‍ മതിലിന്റെ പിന്‍ഭാഗത്ത് കാവല്‍ക്കാരെയിട്ടു. അവരുടെ കണ്ണില്‍പ്പെടാതെ ഞങ്ങള്‍ക്ക് മതിലിന്റെ ഏതാണ്ട് അടുത്തുവരെ എത്താന്‍ പറ്റും. പക്ഷേ അത്രയേ പറ്റൂ. അവസാന കുറച്ചുഭാഗം തുറന്നു കിടക്കുകയാണ്. കറുത്ത മുള്ളുള്ള കുറ്റിച്ചെടികള്‍ നിറഞ്ഞ ആ ഭാഗം ഞങ്ങളുടെ വേഗതയെ കാര്യമായി തന്നെ ബാധിക്കും. വേണ്ടപ്പെട്ടവര്‍ക്കു അപകടസൂചന നല്‍കാന്‍ കാവല്‍ക്കാര്‍ക്ക് ആവശ്യത്തിനു സമയം ലഭിക്കുകയും ചെയ്യും. ഇടവഴിയുടെ അങ്ങേയറ്റത്ത് വെയിലില്‍ ഉണക്കിയെടുത്ത ഇഷ്ടികക്കഷ്ണങ്ങളുമായി തയ്യാറായി നില്‍ക്കുന്ന ചെറുക്കന്മാര് ഞങ്ങളെ നടപ്പാത തൊടീയ്ക്കില്ല.

മലയിടുക്ക് കയറാന്‍ ഇത്രയും കഷ്ടപ്പെട്ടു പരിശീലിച്ചിട്ട്, ഒറ്റയടിക്ക് എല്ലാം പാഴായിപ്പോവുക ഞങ്ങള്‍ക്ക് വല്ലാത്ത നാണക്കേടായിപ്പോയി. അപ്പോള്‍ ഡുറാന്റേ പറഞ്ഞു “നമ്മള്‍ മൂടല്‍മഞ്ഞുള്ള സമയത്ത് മലകയറാന്‍ പഠിക്കണം”.

ശിശിരകാലത്തിന്റെ ആരംഭമായിരുന്നതുകൊണ്ട് ആഗ്രഹിക്കുന്നത്രയും മഞ്ഞു് ആ ഭാഗങ്ങളില്‍ അപ്പോഴുണ്ടായിരുന്നു. കനത്ത മഞ്ഞുള്ള ദിവസം സൊളാറ മുഴുവന്‍ അപ്രത്യക്ഷമാവും. സാന്‍ മാര്‍ട്ടിനോയിലെ പള്ളിമണിസ്തൂപം മാത്രമാണ് നരച്ചനിറത്തില്‍ ആകെ കാണാനാവുക. ആ സമയം അതില്‍ക്കയറി നില്‍ക്കുന്നത് മേഘങ്ങള്‍ക്കു മുകളില്‍ ഒരു ആകാശക്കപ്പലില്‍ നില്‍ക്കുന്നതിനു തുല്യമാണ്.

സൂര്യപ്രകാശത്തില്‍ മലയിടുക്കു കയറുന്നതു പോലെയല്ല മഞ്ഞുള്ളപ്പോള്‍ കയറുന്നത്. ഓരോ ചുവടുവയ്പ്പും കൂടുതല്‍ ഹൃദിസ്ഥമായിരിക്കണം. ഇന്നയിന്ന പാറക്കല്ലുകള്‍ ഇവിടെ ഇവിടെയുണ്ടെന്നു കൃത്യമായി പറയാന്‍ കഴിയണം. കനത്തമുള്ളുകളുള്ള കുറ്റിച്ചെടികളുടെ അതിര് പ്രത്യേകം ശ്രദ്ധിക്കണം. അഞ്ചു ചുവട് മുന്നോട്ടു നടന്നാല്‍ ‍(ശ്രദ്ധിക്കണം.. അഞ്ച്.. നാലോ ആറോ അല്ല.) തറനിരപ്പ് തീരുകയാണെന്നറിയണം. വഴിമുട്ടിക്കിടക്കുന്ന വലിയ പാറക്കല്ലിന്റെവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞാണു പോകുന്നതെങ്കില്‍ കൊക്കയില്‍ തലയിടിച്ചു വീഴും എന്നറിയണം.. അങ്ങനെ....

കാര്യങ്ങള്‍ സ്വയം വ്യക്തമാവാന്‍ വേണ്ടി ഞങ്ങള്‍, സൂര്യന്‍ തെളിഞ്ഞു നിന്ന ദിവസങ്ങളില്‍ മലയിലേയ്ക്ക് കുറേ യാത്രകള്‍ നടത്തി. അതു കഴിഞ്ഞുള്ള ഒരാഴ്ച മുഴുവന്‍ പരിശീലനം നടന്നത് ഞങ്ങളുടെ തലയ്ക്കുള്ളിലാണ്. ചുവടുകള്‍ എങ്ങനെ വയ്ക്കണം ... എവിടെ വയ്ക്കണം.. അതെല്ലാം കണക്കുകൂട്ടി വച്ചു. സാഹസിക പുസ്തകങ്ങളിലൊക്കെ കാണുന്നതു പോലെ ഞാനൊരു മാപ്പുണ്ടാക്കാന്‍ ശ്രമിച്ചു. പക്ഷേ കൂട്ടത്തിലുള്ള പകുതിയിലധികം പേര്‍ക്കും മാപ്പ് എങ്ങനെ വായിക്കണമെന്നറിഞ്ഞുകൂടാ. വളരെ മോശം! ഞാനത് എന്റെ തലയ്ക്കകത്തു തന്നെ അച്ചടിച്ചു വച്ചു. കണ്ണടച്ചുകൊണ്ട് വേണമെങ്കില്‍ എനിക്കു മലയിടുക്കു കടക്കാം. സത്യത്തില്‍ മൂടല്‍ മഞ്ഞുള്ള രാത്രിയില്‍ മലകടക്കുക എന്നു പറഞ്ഞാലും അതു തന്നെയാണ് അര്‍ത്ഥം.

കുറേ പരീക്ഷണങ്ങള്‍ക്കു ശേഷം ഞങ്ങള്‍ കാര്യമൊപ്പിച്ചു. മലയുടെ മുകളില്‍ കയറിയതെങ്ങനെ എന്നു ഞങ്ങള്‍ക്കു തന്നെ അറിഞ്ഞുകൂടാ. പക്ഷേ ഞങ്ങളതു ചെയ്തു. മൂടല്‍ മഞ്ഞ് ഒഴിവായിപ്പോയ പിയസ്സയില്‍ ഇളംകാറ്റേറ്റു കൊണ്ട് അവര്‍ പള്ളിമുറ്റത്തിരിപ്പുണ്ടായിരുന്നു. കാരണം സാന്‍ മാര്‍ട്ടിനോ പോലൊരു സ്ഥലത്ത് നിങ്ങള്‍ക്ക് കവലയില്‍ കറങ്ങി നടക്കുകയോ റൊട്ടിയും പാലും ചേര്‍ന്ന അത്താഴം കഴിച്ച് ഉറങ്ങാന്‍ പോവുകയോ അല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടാവില്ല.

ഞങ്ങള്‍ പിയസ്സായില്‍ ചെന്നു വളഞ്ഞു നിന്ന് അവരെ കല്ലെറിഞ്ഞു. നിലവിളിച്ചുകൊണ്ട് അവറ്റകള്‍ വീടുകളിലേയ്ക്കോടി മറയുന്നതുവരെ കൂക്കിവിളിച്ചു. മലയിറങ്ങി തിരിച്ചു വന്നു. ഉല്ലസിച്ച്, വിജയോന്മത്തരായി.

ഞങ്ങള്‍ അത്രയും സാഹസികത കാണിച്ചതു കാരണം, ഇരുട്ടായാല്‍ കാവല്‍ക്കാരെ നിര്‍ത്താനുള്ള ധൈര്യം പിന്നീട് അവര്‍ക്കുണ്ടായിട്ടില്ല. നരകപ്പൂച്ചകള്‍ കാരണം ഭൂരിഭാഗത്തിനും ഇരുട്ടിനെ പേടിയായിരുന്നു. ഒററ്റോറിയോയില്‍ നിന്നുള്ള ഞങ്ങള്‍ക്ക് അതത്ര പ്രശ്നമായിരുന്നില്ല, കാരണം വിശുദ്ധ മറിയം അവയെ ചലനമില്ലാതാക്കി നിര്‍ത്തുമെന്നു ഞങ്ങള്‍ക്കറിയാമായിരുന്നു. കുറേ മാസങ്ങള്‍ ഞങ്ങള്‍ ഈ പരിപാടി തുടര്‍ന്നു. പിന്നെ ഞങ്ങള്‍ക്കു തന്നെ മുഷിഞ്ഞു. ഏതു കാലാവസ്ഥയായാലും മലയിടുക്കു കയറുക എന്നതു വെല്ലുവിളി തീരെയില്ലാത്തൊരു പ്രവൃത്തിയായി മാറി.

അതൊരു ഞായറാഴ്ച ദിവസമായിരുന്നു. ഉച്ച സമയം. എന്തോ സംഭവിക്കാന്‍ പോകുകയാണെന്ന തോന്നല്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു. നിറയെ പട്ടാളക്കാരുമായി രണ്ടു ജര്‍മ്മന്‍ ട്രക്കുകള്‍ സൊളാറയില്‍ വന്നു നിന്നു. പട്ടണം ഒന്നോടിച്ചു പരിശോധിച്ചു, എന്നിട്ട് സാന്‍ മാര്‍ട്ടിനോയിലേയ്ക്കുള്ള റോഡില്‍ കയറി.

കനത്ത മൂടല്‍ മഞ്ഞ് രാവിലെ മുതല്‍ പട്ടണത്തെ ആവേശിച്ചിരുന്നു. മരക്കൊമ്പുകളിലെ കുരുവികളുടെ കരച്ചില്‍ പോലും കമ്പിളിക്കെട്ടുകൊണ്ടു മൂടിയതു പോലെയിരുന്നു. അന്ന് അവിടെ ഒരു ശവസംസ്കാരച്ചടങ്ങ് നടക്കേണ്ടതുണ്ടായിരുന്നു. മൃതദേഹത്തെ അനുഗമിക്കേണ്ട ആളുകള്‍ റോഡിലിറങ്ങിയില്ല. ആ ദിവസം ആരെയും മറവു ചെയ്യാന്‍ താന്‍ ഒരുക്കമല്ലെന്ന് കുഴിവെട്ടുകാരന്‍ പറഞ്ഞു. കുഴിയിലേയ്ക്ക് ശവപ്പെട്ടി താഴ്ത്തുന്ന സമയം, തന്റെ തന്നെ ശവക്കുഴിയായി പോവും അതെന്നു പേടിച്ചിട്ട്.

സൊളാറയില്‍ നിന്ന് രണ്ടുപേര്‍ ജര്‍മ്മന്‍‌കാര്‍ എന്തിനാണ് മുകളിലേയ്ക്ക് പോകുന്നതെന്നറിയാന്‍ വാഹനങ്ങളെ പിന്തുടര്‍ന്നു. അവര്‍ വളരെ പതുക്കെയാണ് പൊയ്ക്കൊണ്ടിരുന്നത്. ഹെഡ്‌ലൈറ്റുകള്‍ കത്തിക്കിടന്നു, പക്ഷേ ഒരു മീറ്ററിനപ്പുറം റോഡുകാണുക പ്രയാസമായിരുന്നു. സാന്‍ മാര്‍ട്ടിനോയിലേയ്ക്കുള്ള റോഡ് കയറാന്‍ തുടങ്ങിയപ്പോള്‍ തന്നെ മുന്നോട്ട് ഓടിക്കാന്‍ ധൈര്യമില്ലാതെ വണ്ടികള്‍ നിന്നു. വാഹനങ്ങളുടെ കുഴപ്പമായിരുന്നില്ല, കുത്തനെയുള്ള കയറ്റത്തിന്റെ രണ്ടു വശത്തും എന്താണെന്ന് അവര്‍ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. കൊക്കയില്‍ വീണുരുളാന്‍ ജര്‍മ്മന്‍‌കാര്‍ക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. മുന്നോട്ട് ഒന്നും കാണാന്‍ വയ്യാത്ത റോഡില്‍ കൊടും വളവുകളും അവര്‍ പ്രതീക്ഷിച്ചിരിക്കണം. റോഡ് എങ്ങിനെയാണെന്ന് അറിയാന്‍ വയ്യാത്തതുകൊണ്ടു നടന്നു പോകാനും അവര്‍ ധൈര്യപ്പെട്ടില്ല. സാന്‍ മാര്‍ട്ടിനോയിലേയ്ക്കു പോകാന്‍ ഈ റോഡു മാത്രമേയുള്ളൂ എന്നും മലയിടുക്കുള്ളതു കൊണ്ട് ഈ കാലാവസ്ഥയില്‍ മറ്റൊരു വഴിയെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ പോലും സാദ്ധ്യമല്ലെന്നും ആരെങ്കിലും അവരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയിരിക്കും. അതുകൊണ്ടവര്‍ ബാരിക്കേഡുകള്‍ റോഡില്‍ നിരത്തി വച്ച് അവിടെ കാത്തു നിന്നു. ഹെഡ്‌ലൈറ്റുകള്‍ കത്തിക്കിടന്നു. ആരും അവരെ കടന്നു പോകാത്ത വിധം തോക്കുകള്‍ സ്ഥാപിച്ചു. കൂടുതല്‍ പട്ടാളക്കാരെ അയയ്ക്കാന്‍ വേണ്ടിയായിരിക്കും തുടര്‍ച്ചയായി അവര്‍ ടെലിഫോണിലൂടെ വിളിച്ചുകൂവിക്കൊണ്ടിരുന്നു. പിന്നാലെ പോയ ഞങ്ങളുടെ ആള്‍ക്കാര്‍ പറഞ്ഞത് നിരവധി പ്രാവശ്യം അവര്‍ “വോള്‍സുന്‍ഡേ.....വോള്‍സുന്‍ഡേ...” എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു എന്നാണ്. ഗ്രഗ്‌നോള പെട്ടെന്നു തന്നെ അതു വിശദീകരിച്ചു. “ അവര്‍ വിളിച്ചു പറഞ്ഞത് വോള്‍ഫ്‌ഷുന്‍ഡേ എന്നായിരിക്കും. .. ജര്‍മ്മന്‍ ആട്ടിടയന്മാര്‍..എന്നാണ് അതിന്റെ അര്‍ത്ഥം”
 


ഏതാണ്ട് നാലുമണിവരെ ജര്‍മ്മന്‍‌കാര്‍ അവിടെ കാത്തു നിന്നു. ചുറ്റും എല്ലാം നരച്ചു തന്നെ കിടന്നു , എങ്കിലും അപ്പോഴും അവിടെ പ്രകാശമുണ്ടായിരുന്നു. അപ്പോള്‍ ആരോ സൈക്കിളില്‍ താഴേയ്ക്കു വരുന്നത് അവര്‍ കണ്ടു. അതു സാന്‍ മാര്‍ട്ടിനോ പള്ളിയിലെ അച്ചനായിരുന്നു. വര്‍ഷങ്ങളായി അദ്ദേഹം ഈ വഴി ഉപയോഗിക്കുന്നു, സ്വന്തം കാലുകള്‍ ബ്രേക്കുകളാക്കി പോലും അദ്ദേഹത്തിനിതുവഴി സുഖമായി വരാന്‍ പറ്റും. ഒരു പാതിരിയെ കണ്ടപ്പോള്‍ ജര്‍മ്മന്‍‌കാര്‍ തോക്കുകള്‍ മാറ്റിപ്പിടിച്ചു. കാരണം പിന്നീട് ഞങ്ങള്‍ മനസ്സിലാക്കിയ പോലെ അവര്‍ കസോക്കുകളെയല്ല കൊസാക്കുകളെയാണ് നോട്ടമിട്ടിരുന്നത്. സൊളാറയ്ക്കടുത്ത് ഒരു പാടത്തില്‍ ഒരു മനുഷ്യന്‍ മരിക്കാന്‍ കിടക്കുകയാണെന്ന് അച്ചന്‍ വാക്കുകളേക്കാള്‍ കൂടുതലായി ആംഗ്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പറഞ്ഞു. അയാള്‍ക്ക് അന്ത്യ കൂദാശ നല്‍കാന്‍ താന്‍ പോകുന്നത്. സൈക്കിളിന്റെ ഹാന്‍ഡില്‍ ബാറില്‍ തൂക്കിയിട്ടിരിക്കുന്ന ബാഗില്‍ നിന്നും അച്ചന്‍ തെളിവുകള്‍ എടുത്തുകാട്ടി. ജര്‍മ്മന്‍‌കാര്‍ അച്ചനെ വിശ്വസിച്ചു. പോകാന്‍ അനുവാദം നല്‍കി. അച്ചന്‍ നേരെ ഒററ്റോറിയോയിലേയ്ക്ക് പോയി ഡോണ്‍ കോഗ്‌നാസ്സോയോട് രഹസ്യമായി കാര്യങ്ങള്‍ പറഞ്ഞു.

ഡോണ്‍ കോഗ്‌നാസ്സോ രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെട്ടിരുന്നില്ല. പക്ഷേ അയാള്‍ക്ക് എന്തെല്ലാം, എവിടെയെല്ലാം എന്ന് നല്ല ബോദ്ധ്യമുണ്ടായിരുന്നു. ഗ്രഗ്‌നോളയെയും കൂട്ടാളികളെയും വിവരം അറിയിക്കാന്‍ വളരെ ചുരുങ്ങിയ വാക്കുകളില്‍ നിര്‍ദ്ദേശിച്ചു, എന്താണ് പറയേണ്ടതെന്നും വിശദീകരിച്ചു കൊടുത്തു. അയാള്‍ക്ക് നേരിട്ടിറങ്ങി ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുമായിരുന്നില്ല, അങ്ങനെ അയാള്‍ ആഗ്രഹിക്കുന്നുമില്ല.

യുവാക്കളുടെ സംഘം വളരെ പെട്ടെന്ന് ചീട്ടുമേശയ്ക്കു മുന്നില്‍ കൂടി. ശ്രദ്ധ എന്റെ നേരെ വരാതിരിക്കാനായി ഏറ്റവും പിന്നില്‍ നിന്നവരുടെ പിറകിലേയ്ക്ക് ഞാന്‍ നീങ്ങി.

അച്ചന്‍ പറഞ്ഞതനുസരിച്ച് ജര്‍മ്മന്‍ സൈന്യത്തിനുള്ളില്‍ തന്നെ കൊസാക്കുകളുടെ ഒരു ചെറിയ സൈന്യവുമുണ്ടായിരുന്നു. അവര്‍ തടവുകാരെ റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യുന്നതിനായി കൊണ്ടുപോയിരുന്നു. അവരുടേതായ കാരണങ്ങള്‍ കൊണ്ട് കൊസാക്കുകള്‍ പക്ഷേ യുദ്ധം ചെയ്തത് സ്റ്റാലിനു വേണ്ടിയാണ്. അവരില്‍ ഭൂരിഭാഗവും സഹായസേനയില്‍ പേരു ചേര്‍ക്കാന്‍ പ്രേരിപ്പിക്കപ്പെട്ടവരാണ്. പ്രലോഭനങ്ങള്‍ പലതായിരുന്നു. പണം, സോവിയറ്റുകളോടുള്ള വെറുപ്പ്, തിരിച്ച് തടവറകളിലേയ്ക്ക് പോകാതിരിക്കാനുള്ള അഭിലാഷം, കുതിരകളെയും, വാഹനങ്ങളെയും കുടുംബത്തെയും ഒപ്പം കൂട്ടി അവരുടെ സോവിയറ്റ് പറുദീസ വിടാനുള്ള അവസരം.... അങ്ങനെ. കൊസാക്കുകളില്‍കൂടുതല്‍ പേരും യുദ്ധം ചെയ്തിരുന്നത്, കാര്‍ണിയ പോലുള്ള കിഴക്കന്‍ മേഖലയിലാണ്. പരുക്കന്‍ പെരുമാറ്റവും ക്രൂരതയും കൊണ്ട് അവരവിടെ പേരു കേള്‍പ്പിച്ചിരുന്നു. ആളുകള്‍ മംഗോളിയന്മാര്‍ എന്നു വിളിച്ചുവന്ന ഒരു തുര്‍ക്കി ഡിവിഷനും പാവിയ പ്രദേശത്തുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ കൊസാക്കുകളല്ലാത്ത പഴയ റഷ്യന്‍ തടവുകാരും പിയഡ്‌മോണ്ടില്‍ ഒളിപ്പോരാളികളുമായി കറങ്ങി നടന്നിരുന്നു.

യുദ്ധം എങ്ങിനെയാണ് അവസാനിക്കാന്‍ പോകുന്നതെന്ന് എല്ലാവരും മനസിലാക്കിക്കഴിഞ്ഞു. ജര്‍മ്മന്‍‌കാര്‍ ഇപ്പോള്‍ അന്വേഷിച്ചു നടക്കുന്ന എട്ടു കൊസാക്കുകള്‍ മതവിശ്വാസം കാര്യമായി തന്നെയുള്ളവരായിരുന്നു. രണ്ടോ മൂന്നോ പട്ടണങ്ങളെ പൂര്‍ണ്ണമായി കത്തിച്ചതും ഡസന്‍ കണക്കിനു പാവപ്പെട്ടവരെ തൂക്കിലിട്ടതും വൃദ്ധരെയും കുട്ടികളെയും വെടിവച്ചു കൊല്ലാന്‍ മടിച്ചതിന് കൂട്ടത്തിലുള്ള രണ്ടുപേരെ കൊന്നതും നേരിട്ട് കണ്ടതുകൊണ്ട് ഇനി എസ്.എസുമായി യാതൊരു ബന്ധവും വേണ്ട എന്നവര്‍ തീരുമാനിക്കുകയായിരുന്നു. “അതുമാത്രമല്ല..” ഗ്രഗ്‌നോള വിശദീകരിച്ചു. “ജര്‍മ്മന്‍‌കാര്‍ യുദ്ധത്തില തോല്‍ക്കുകയാണെങ്കില്‍, ഇപ്പോള്‍ തന്നെ അവര്‍ തോറ്റു കഴിഞ്ഞു, ‍എന്തായിരിക്കും അമേരിക്കക്കാരും ഇംഗ്ലീഷുകാരും ചെയ്യുക? അവര്‍ കൊസാക്കുകളെ പിടിച്ച് അവരുടെ സഖ്യകക്ഷിയായ റഷ്യക്കാരെ ഏല്‍പ്പിക്കും. റഷ്യയില്‍ ഇവര്‍ നശിച്ചവരാണ്. അതുകൊണ്ട് ഇവര്‍ സഖ്യകക്ഷികളുമായി ചേരാനാണ് ഇപ്പോള്‍ നോക്കുന്നത്, യുദ്ധത്തിനു ശേഷം സ്റ്റാലിന്റെ കൈയെത്താത്ത എവിടെയെങ്കിലും ഇവര്‍ക്ക് അഭയാര്‍ത്ഥികളായി പോകാം.”
“അതെ” അച്ചന്‍ പറഞ്ഞു. “ ഈ എട്ടുപേരും അമേരിക്കക്കാരും ഇംഗ്ലീഷുകാരുമായി ചേര്‍ന്ന് യുദ്ധം ചെയ്യുന്ന ഒളിപ്പോരാളികളെക്കുറിച്ച് കേട്ടിട്ടുണ്ട്. അവരുടെ അടുക്കല്‍ എത്താണാണ് ഇപ്പോഴത്തെ ശ്രമം. അവര്‍ക്ക് സ്വന്തം ആശയങ്ങളുണ്ട്. നല്ല വിവരവുമുണ്ട്. അവര്‍ക്ക് ഗാരിബാള്‍ഡിനികളുമായി ചേരാനല്ല, ബഡോഗ്ലിയാനികളാവാനാണ് താത്പര്യം.

അവര്‍ സൈന്യത്തില്‍ നിന്ന് ഒളിച്ചോടി. പിന്നീട് ബഡോഗ്ലിയാനികള്‍ ഇവിടെയാണെന്ന് കേട്ടറിഞ്ഞ് അവര്‍ സൊളാറയിലേയ്ക്കു തിരിച്ചു. പ്രധാന റോഡു വിട്ട് അവര്‍ കിലോമീറ്ററുകള്‍ നടന്നു. രാത്രികള്‍ മാത്രം. ശരിക്കും നടക്കേണ്ട ദൂരത്തിന്റെ പലയിരട്ടി. എസ്. എസുകള്‍ പലയിടത്തും കാത്തു നിന്നു. വെളിമ്പ്രദേശത്തെ കാവല്‍പ്പുരകളില്‍ ഭക്ഷണമിരന്ന്, അവരാല്‍ കഴിയുന്നിടത്തോളം നന്നായി ആളുകളോട് സംസാരിച്ച്, ( മുറി ജര്‍മ്മനാണ് അവരെല്ലാം സംസാരിക്കുന്നത്. ഒരാള്‍ക്കു മാത്രം ഇറ്റാലിയന്‍ അറിയാം) ചാരന്മാരായിരിക്കാന്‍ ഇടയുള്ള ആളുകളുടെ കണ്‍‌വെട്ടത്തു നിന്ന് കഷ്ടിച്ച് ഓടിമറഞ്ഞ് ഒടുവില്‍ അവര്‍ എങ്ങനെയോ നമ്മുടെ അടുക്കല്‍ തന്നെ എത്തിച്ചേര്‍ന്നു എന്നത് വല്ലത്തൊരു അദ്ഭുതമാണ്.

ഒരു ദിവസം മുന്‍പ്, എസ്. എസ് എങ്ങനെയോ അവരെ പിടിക്കും എന്ന കാര്യം തിരിച്ചറിഞ്ഞിട്ട് അവര്‍ സാന്‍ മാര്‍ട്ടിനോയിലേയ്ക്കു പോയി. അവിടെയാകുമ്പോള്‍ കുറച്ചു ദിവസത്തേയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയും എന്ന തോന്നലവര്‍ക്കുണ്ടായിരുന്നു. അന്തസ്സോടെ മരിക്കുകയും ചെയ്യാം. ഒപ്പം അവിടെ പ്രത്യേക മനുഷ്യനായ ഒരു താലിനോ താമസിക്കുണ്ടെന്നും അയാള്‍ക്ക് അവരെ സഹായിക്കാന്‍ കഴിവുള്ള ആരെയോ അറിയാമെന്നും ആരോ അവരോട് പറഞ്ഞിരുന്നു. അവരപ്പോള്‍ ദുഃഖിതരായ ഒരു കൂട്ടമായിരുന്നു. ഇരുട്ടിന്റെ മറവു പറ്റി, അവര്‍ സാന്‍ മാര്‍ട്ടിനോയിലെത്തി താലിനോയെ കണ്ടുപിടിച്ചു. സാന്‍ മാര്‍ട്ടിനോ പോലുള്ള ചെറിയ ഗ്രാമത്തിന് രഹസ്യങ്ങള്‍ അധികകാലം സൂക്ഷിക്കാനാവില്ലെന്നും ഒരു ഫാസിസ്റ്റു കുടുംബം അവിടെ താമസിക്കുന്നുണ്ടെന്നും അയാള്‍ അറിയിച്ചു. അവര്‍ക്കു താമസിക്കാന്‍ പറ്റിയയിടമായി അയാള്‍ക്ക് തോന്നിയത് പള്ളീലച്ചന്റെ സ്ഥലമാണ്.
പാതിരി അവരെ അകത്തേയ്ക്കു ക്ഷണിച്ചു. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടോ അവരുടെ മനസ്സിലെ നന്മ മനസ്സിലാക്കിയതു കൊണ്ടോ അല്ല, അവരെ അങ്ങനെ അവിടെ അലഞ്ഞുതിരിയാന്‍ വിടുന്നത് ഒളിച്ചിരുത്തുന്നതിനേക്കാള്‍ അപകടമാണെന്നു മനസ്സിലാക്കിയതു കൊണ്ട്. ഒരുപാടു ദിവസം അവരെ അവിടെ താമസിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയില്ല. എട്ടുപേര്‍ക്കുള്ള ആഹാരം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നില്ല. ജര്‍മ്മന്‍‌കാര്‍ വരികയാണെങ്കില്‍ തന്റെ ഭവനമുള്‍പ്പടെ എല്ലാ വീടുകളും ഒരു നിമിഷം പോലും പാഴാക്കാതെ അവര്‍ അരിച്ചുപെറുക്കും, അതോര്‍ത്ത് അദ്ദേഹത്തിനു വല്ലാത്ത ഭയവുമുണ്ടായിരുന്നു.

“കുട്ടികളേ.. കാര്യം മനസ്സിലാക്കുക” അച്ചന്‍ പറഞ്ഞു. “ കെസ്സെല്‍‌റിംഗിന്റെ മാനിഫെസ്റ്റോ നിങ്ങള്‍ കണ്ടിരിക്കും. എല്ലാടത്തും അവരത് ഒട്ടിച്ചു വച്ചിട്ടുണ്ട്. നമ്മുടെ ഏതെങ്കിലും വീട്ടില്‍ നിന്ന് അവരെ പിടിച്ചാല്‍ ഗ്രാമം മുഴുവന്‍ ജര്‍മ്മന്‍‌കാര്‍ കത്തിയ്ക്കും. കാര്യങ്ങള്‍ അതിലും മോശമാവും ഇവരിലാരെങ്കിലും തിരിച്ചു വെടിവച്ചാല്‍, നമ്മളെ ഒറ്റയൊരുത്തനെ അവന്മാര്‍ പിന്നെ ജീവനോടെ വച്ചേക്കില്ല.”

നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ ഫീല്‍ഡ് മാഷല്‍ കെസ്സെല്‍‌റിംഗിന്റെ മാനിഫെസ്റ്റോ കണ്ടിട്ടുണ്ടായിരുന്നു. അതു കൂടാതെ തന്നെ ഞങ്ങള്‍ക്കറിയാം എസ്. എസ് അത്ര നിസ്സാരന്മാരൊന്നുമല്ലെന്ന്. അവര്‍ അതിനകം തന്നെ എത്രയോ ഗ്രാമങ്ങള്‍ മൊത്തമായി കത്തിച്ചിരിക്കുന്നു!

“ ശരി.. അതുകൊണ്ട്....” ഗ്രഗ്‌നോള ചോദിച്ചു.
“അതുകൊണ്ട്...ഈ മൂടല്‍മഞ്ഞ് നമ്മളിലേയ്ക്കിറങ്ങി വന്ന ദൈവാനുഗ്രഹമാണ് എന്നു കണ്ടു കൊണ്ട്, ജര്‍മ്മന്‍‌കാര്‍ക്ക് ഈ സ്ഥലം ഒട്ടും പരിചയമില്ല എന്നു മനസ്സിലാക്കിക്കൊണ്ട് സൊളാറയില്‍ നിന്ന് ആരെങ്കിലും വന്ന് ആ അനുഗൃഹീതരായ കൊസ്സാക്കുകളെ ഇങ്ങോട്ടു കൊണ്ടുവന്ന് ബഡോഗ്ലിയാനിയെ ഏല്‍പ്പിക്കണം.”
“അതിന് സൊളാറയില്‍ നിന്നു തന്നെ ആളുവരണോ?”
“തുറന്നു തന്നെ പറയാം, ഒന്നാമത്, ഇക്കാര്യം സാന്‍ മാര്‍ട്ടിനോയിലെ ആരോടെങ്കിലും ഞാന്‍ പറഞ്ഞാല്‍ രഹസ്യം പെട്ടെന്ന് പരസ്യമാകും. ഇക്കാലത്ത് കുറച്ചു വാക്കുകളാണ് കൂടുതല്‍ ചുറ്റിക്കറങ്ങുന്നത്‍. രണ്ടാമത്തെ കാര്യം, ജര്‍മ്മന്‍‌കാര്‍ റോഡടച്ചതു കൊണ്ട് ആര്‍ക്കും ആ വഴി സാന്‍ മാര്‍ട്ടിനോയില്‍ നിന്നു ഇറങ്ങി വരാന്‍ കഴിയില്ല. ഒരു വഴിയേ മുന്നിലുള്ളൂ അത് മലയിടുക്കു കയറുക എന്നതാണ്.”

“ ഞങ്ങളെന്താ ഭ്രാന്തന്മാരാണോ..” മലയിടുക്കിന്റെ പേരു കേട്ടപാടെ ആളുകള്‍ വിളിച്ചുകൂവി. “അതും ഇതുപോലുള്ള മഞ്ഞത്ത്.. താലിനോ ദേഹത്തിന് ഇതു ചെയ്യാന്‍ പറ്റില്ലേ?“ ബഹളം ഒതുങ്ങിയപ്പോള്‍ പാതിരി താലിനോയ്ക്ക് എണ്‍പതു വയസ്സായ കാര്യം അവരെ ഓര്‍മ്മിപ്പിച്ചു. സൂര്യന്‍ കത്തിനില്‍ക്കുന്ന സമയത്തു് പുറത്തുവരാനും വേണമെന്നു വിചാരിച്ചാല്‍ പോലും അദ്ദേഹത്തിനു കഴിയില്ല. എനിക്കു തോന്നിയത് അച്ചന്‍ പകരം തീര്‍ക്കുകയാണ് എന്നാണ്.. ഞങ്ങള്‍ ഒറന്റോറിയോയിലെ ആണ്‍പിള്ളാര്‍ അങ്ങേര്‍ക്കു കൊടുത്ത ഭയത്തിനു പ്രതികാരം. “ മൂടല്‍മഞ്ഞില്‍ പോലും മലയിടുക്കു കടക്കുന്നതെങ്ങനെയെന്നറിയാവുന്ന ആകെയുള്ള മനുഷ്യര്‍ നിങ്ങളുടെ കുട്ടികളാണ്. അതവര്‍ പരിശീലിച്ചതു കുഴപ്പമുണ്ടാക്കാന്‍ വേണ്ടിയാണ്. പക്ഷേ ഇപ്പോള്‍ കുട്ടികള്‍ അവരുടെ കഴിവ് ഒരു നല്ലകാര്യത്തിനു വേണ്ടി ഉപയോഗിക്കട്ടെ. ഏതെങ്കിലും ഒരു കുട്ടിയുടെ സഹായത്തോടെ ആ കൊസാക്കുകളെ താഴെ കൊണ്ടു വാ..”

“യേശുവേ..” ഗ്രഗ്‌നോള പറഞ്ഞു.”അതു സത്യമാണെങ്കില്‍ തന്നെ, അവരെ താഴെക്കൊണ്ടുവന്നിട്ട് ഞങ്ങള്‍ പിന്നെ എന്തു ചെയ്യും? തിങ്കളാഴ്ച രാവിലെ ജര്‍മ്മന്‍‌കാര്‍ക്ക് കണ്ടുപിടിക്കാന്‍ വേണ്ടി അവരെ സൊളാറയില്‍ സൂക്ഷിക്കണം. അതായത് നിങ്ങളുടെ ഗ്രാമം കത്തിക്കുന്നതിനു പകരം ജര്‍മ്മന്‍‌കാര്‍ ഞങ്ങളുടെ പട്ടണം കത്തിക്കട്ടെ എന്ന്. അല്ലേ?”

കൂട്ടത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള രണ്ടു ചെറുപ്പകാര്‍ സ്റ്റിവുലുവും ഗിജിയോയുമുണ്ടായിരുന്നു. “സമാധാനിക്ക്..” രണ്ടുപേരില്‍ വച്ച് കുശാഗ്രനായ സ്റ്റിവുലു പറഞ്ഞു. “ഞങ്ങള്‍ സംസാരിച്ചപ്പോള്‍ ബഡോഗ്ലിയാനി ഒര്‍ബെഗ്നോയിലാണ്. എസ്.എസോ കരിമ്പട്ടാളമോ അവിടെ അവരെ തൊടാന്‍ ധൈര്യം കാണിക്കില്ല. അദ്ഭുതങ്ങള്‍ കാണിക്കാന്‍ പറ്റുന്ന ഇംഗ്ലീഷ് മെഷീന്‍ ഗണ്ണുകളുമായി നല്ലപൊക്കമുള്ള സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നതുകൊണ്ട് താഴ്വരയുടെ മൊത്തം നിയന്ത്രണവും അവരുടെ കൈകളിലാണ്. ഗിജിയോയെപ്പോലെ റോഡ് നല്ലവണ്ണം അറിയാവുന്ന ഒരാള്‍ക്ക്, മഞ്ഞിലും വഴി കാണാന്‍ കഴിയുന്ന തരം പ്രത്യേക ഹെഡ്‌ലൈറ്റുകളുള്ള ബെര്‍സെല്ലിയുടെ ട്രക്കുപയോഗിച്ചാല്‍, ഈ കാലാവസ്ഥയില്‍ പോലും അങ്ങേയറ്റം രണ്ടു മണിക്കൂറു മാത്രമേ എടുക്കൂ, ഇവിടെ നിന്ന് ഒര്‍ബെഗ്നോയിലെത്താന്‍. നേരം ഇപ്പോള്‍ തന്നെ ഇരുണ്ടു കഴിഞ്ഞു, അതുകൊണ്ടു മൂന്നുമണിക്കൂര്‍ എന്നു വയ്ക്കാം. ഇപ്പോള്‍ സമയം അഞ്ചു് മണി. ഗിജിയോ എട്ടുമണിയോടെ അങ്ങെത്തും. കാര്യങ്ങള്‍ അവരെ അറിയിച്ചാല്‍ അവര്‍ കുറച്ചു താഴോട്ട് ഇറങ്ങി വിഗ്നോലെറ്റാ കവലയില്‍ കാത്തു നിന്നോളും. പത്തു മണിയാവുമ്പോഴേയ്ക്കും ട്രക്ക് ഇവിടെ തിരിച്ചെത്തും. കുറച്ചുകൂടി നീട്ടി പതിനൊന്നു മണി എന്നു പറയാം. മലയിടുക്കിന്റെ തുടക്കത്തിലുള്ള കുറ്റിക്കാട്ടില്‍, മഡോണയുടെ ചെറിയ പള്ളിയ്ക്കരികില്‍ നമുക്ക് ട്രക്കിനെ ഒളിപ്പിച്ചു വയ്ക്കാം. നമ്മളിലൊരാള്‍ പതിനൊന്നു മണിയ്ക്കു ശേഷം മലയിടുക്കു കടന്ന് അച്ചന്റെ ഭവനത്തില്‍ നിന്ന് കൊസാക്കുകളെ താഴെ കൊണ്ടുവരണം. അവരെ ട്രക്കില്‍ കയറ്റണം. പ്രഭാതത്തിനു മുന്‍പ് അവര്‍ ബാഡൊഗ്ലിയാനികളോടൊപ്പം ചേര്‍ന്നിരിക്കും.”

“അപ്പോള്‍, ഇന്നലെ വരെ എസ്. എസുകളുടെ കൂടെയായിരുന്ന ഈ എട്ടു മാമലൂക്കുകളോ, കല്‍മിക്സുകളോ മംഗോളിയന്‍മാരോ എന്തു പണ്ടാരമോ ആയ ഈ എട്ടെണ്ണത്തിനു വേണ്ടി സ്വന്തം കഴുത്തു പണയപ്പെടുത്തി ഇത്രയും കുഴപ്പങ്ങളിലൂടെ പോണമെന്നാണോ..?” ചുവന്ന തലമുടിക്കാരനായ ഒരു മനുഷ്യന്‍ -അയാളുടെ പേര് മിഗ്ലിയവാക്ക എന്നായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്- എഴുന്നേറ്റു നിന്നു ചോദിച്ചു.

“ചങ്ങാതീ, ഈ മനുഷ്യര്‍ അവരുടെ മനസ്സു മാറ്റിക്കഴിഞ്ഞു.” ഗ്രഗ്‌നോള പറഞ്ഞു. “അതൊരു നല്ല കാര്യമല്ലേ? പിന്നെ അവര്‍ എട്ടുപേരും നല്ല വണ്ണം ആയുധം പ്രയോഗിക്കാനറിയാവുന്ന കരുത്തന്മാരാണ്. അതുകൊണ്ട് അവര്‍ ഉപയോഗമുള്ളവരാണ്. ബാക്കിയെല്ലാം പോട്ടെ.”

“അവര്‍ ഉപയോഗമുള്ളവരാണ്,... ബഡോഗ്ലിയാനിയ്ക്ക്.” മിഗ്ലിയവാക്ക മുരണ്ടു.
“ബഡോഗ്ലിയാനിയോ ഗാരിബാള്‍ഡിനിയോ ആരായാലും അവര്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയല്ലേ യുദ്ധം ചെയ്യുന്നത്? എല്ലാവരും പറയാറുള്ളതു പോലെ കണക്കുകള്‍ തീര്‍ക്കേണ്ടത് പെട്ടെന്നല്ല, പിന്നീടാണ്. നമ്മളിപ്പോള്‍ കൊസാക്കുകളെ സഹായിക്കുകയാണ് വേണ്ടത്.“

“നിങ്ങള്‍ പറഞ്ഞതാണ് അതിന്റെ ശരി. മാത്രവുമല്ല അവര്‍ സോവ്യറ്റ് പൌരന്മാരാണ്. അതുകൊണ്ടവര്‍ സോഷ്യലിസത്തിന്റെ മഹത്തായ പിതൃരാജ്യവുമായി ബന്ധമുള്ളവരാണ്.” ആളുകളുടെ നിമിഷം തോറും ഉടുപ്പുമാറ്റുന്നതിനെപ്പറ്റി അധികമൊന്നും അറിയാന്‍ വയ്യാത്ത മാര്‍ട്ടിനെന്‍‌ഗോ എന്നു പേരുള്ള മനുഷ്യന്‍ പറഞ്ഞു. പക്ഷേ മാസങ്ങളായി ആളുകള്‍ ഇത്തരം വേഷംകെട്ടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കരിമ്പട്ടാളത്തിലുണ്ടായിരുന്ന ജിനോയുടെ കാര്യമെടുക്കുക. അവര്‍ക്കിടയിലെ ഭ്രാന്തമാരില്‍ ഒരുത്തന്‍. അവിടുന്ന് ഓടിപ്പോയി ഒളിപ്പോരാളികളോടൊപ്പം ചേര്‍ന്നു. ചുവന്ന ഉറുമാല്‍ കഴുത്തില്‍ ധരിച്ച് സൊളാറയില്‍ തിരിച്ചു വന്നു. പിന്നെയും അയാള്‍ക്ക് അടങ്ങിയിരിക്കാന്‍ പറ്റുമായിരുന്നില്ല. ഒളിച്ചുകഴിയുമ്പോഴും ഒരു പെണ്ണിനെകാണാനായി വന്നു കൊണ്ടിരുന്നു. ഒടുവില്‍ ഒരു പ്രഭാതത്തില്‍, കരിമ്പട്ടാളം പിടിച്ച് വെടിവച്ചു കൊന്നു. അസ്തിയില്‍ വച്ച്.

“അപ്പോള്‍ നമുക്കതു ചെയ്യാം.”ഗ്രഗ്‌നോള പറഞ്ഞു.
“പക്ഷേ ഒരു കുഴപ്പമുണ്ട്.” മിഗ്ലിയവാക്ക പറഞ്ഞു. “പിള്ളാര്‍ക്കു മാത്രമേ മലയിടുക്കു കയറാന്‍ അറിയാവൂ എന്ന് അച്ചന്‍ പറഞ്ഞെങ്കിലും ഇത്രയും ഗൌരവമുള്ള ഒരു പ്രശ്നത്തില്‍ ഏതെങ്കിലും ഒരു കുട്ടിയെ ഞാന്‍ വലിച്ചിഴച്ചുകൊണ്ടുവരില്ല. നീതിയുടെ പ്രശ്നം ഒരു വശത്ത്. പിള്ളാരാവുമ്പോള്‍ ഇതൊക്കെ പറഞ്ഞു നടന്ന് ആകെ കുഴപ്പമാക്കുകയും ചെയ്യും.”

“ഇല്ല.” സ്റ്റിവുലു പറഞ്ഞു.”ഉദാഹരണത്തിന് യാംബോവിനെ എടുക്ക്. നിങ്ങളാരും അവനെ ശ്രദ്ധിച്ചിട്ടില്ല. പക്ഷേ അവന്‍ ഇവിടെയിരുന്ന് എല്ലാം കേള്‍ക്കുകയായിരുന്നു. മലയിടുക്ക് സ്വന്തം പുറംകൈ പോലെ അവനറിയാം. കഴുത്തിനു മുകളില്‍ ചിന്തിക്കാനറിയാവുന്ന ഒരു തലയും കിട്ടിയിട്ടുണ്ട്. വേറെന്താ വേണ്ടത്? അവന്‍ അധികം സംസാരിക്കുന്ന ടൈപ്പ് അല്ല. വേണമെങ്കില്‍ ഞാന്‍ എന്റെ ജീവിതം പന്തയം വയ്ക്കാം. കൂടാതെ കുടുംബത്തില്‍ എല്ലാവരും നമ്മുടെ വശവും. അതുകൊണ്ട് ഇക്കാര്യത്തില്‍ ഒരപകടവുമില്ല.”

തണുപ്പിലും എനിക്കു വിയര്‍ത്തു. ഒരുപാട് വൈകി. വീട്ടില്‍ പോകണം എന്നു ഞാന്‍ പറയാന്‍ തുടങ്ങുകയായിരുന്നു.

ഗ്രഗ്‌നോള എന്നെ വശത്തേയ്ക്ക് തള്ളിമാറ്റി നിര്‍ത്തി കുറേ കാര്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു. ഇത് സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്, പാവപ്പെട്ട എട്ടു തകര്‍ന്ന പോരാളികളെ രക്ഷിക്കാന്‍ വേണ്ടിയാണ്.., എന്റെ പ്രായത്തിലുള്ള കുട്ടികള്‍ക്കും ഹീറോ ആകാവുന്നതാണ്.., എല്ലത്തിനും പുറമേ ഞാന്‍ പല പ്രാവശ്യം മലയിടുക്ക് കയറിയിട്ടുണ്ട്. ഇപ്രാവശ്യവും കാര്യങ്ങള്‍ വ്യത്യസ്തമൊന്നുമല്ല, ഒരുകാര്യമൊഴിച്ച്, എട്ടു കൊസാക്കുകളാണ് എനിക്കു പിന്നാലെ വരുന്നത്, ഏതു വിധേനയും അവരെ ഞാന്‍ നഷ്ടപ്പെടുത്താതെ നോക്കണം. റോഡിന്റെ അറ്റത്ത് മലയിടുക്ക് എവിടെയാനെന്നറിയാതെ മിഴിച്ചു നോക്കിക്കൊണ്ട് ജര്‍മ്മന്‍‌കാര്‍ തനി വങ്കന്മാരായി നില്‍പ്പുണ്ട്. തീരെ വയ്യെങ്കിലും അയാളും എനിക്കൊപ്പം വരാം, കാരണം ചുമതലകള്‍ വന്നു വിളിക്കുമ്പോള്‍ നമ്മള്‍ പുറം തിരിഞ്ഞു നിന്നുകൂടാ..നമ്മള്‍ പതിനൊന്നു മണിക്കല്ല കുറെക്കൂടിക്കഴിഞ്ഞ് എന്റെ വീട്ടിലുള്ള എല്ലാവരും ഉറക്കമായിക്കഴിഞ്ഞ്, അര്‍ദ്ധരാത്രിയ്ക്കാണ് പുറപ്പെടുക. ആരും ശ്രദ്ധിക്കാതെ എനിക്കങ്ങനെ കാര്യം നടത്താം, രാവിലെ ഒന്നും സംഭവിക്കാത്തതുപോലെ കിടക്കയില്‍ കിടന്നുറങ്ങുന്ന എന്നെയാണ് വീട്ടുകാര്‍ കാണുക.. അങ്ങനെ കുറേ കാര്യങ്ങള്‍... അയാള്‍ എന്നെ സംസാരിച്ചു മയക്കി.

ഒടുവില്‍ ഞാന്‍ സമ്മതിച്ചു. ഒന്നുമില്ലെങ്കിലും ഇതൊരു സാഹസിക സാധനമാണ്. എനിക്കു പിന്നീട് അതു വച്ച് കഥകള്‍ ഉണ്ടാക്കാം. ഗംഭീരന്‍ ഒരു ഒളിപ്പോരാളി സംഭവം. അര്‍ബോറിയാ കാട്ടില്‍ ഫ്ലാഷ് ഗോര്‍ഡന്‍ ചെയ്തികളേക്കാള്‍, കറുത്ത കാട്ടില്‍ ട്രെമല്‍ നായിക്ക് കാട്ടിക്കൂട്ടിയതിനേക്കാള്‍, തികച്ചും വ്യത്യസ്തം. എന്തായാലും രഹസ്യ ഗുഹയിലെ ടോം സായറേക്കാള്‍ മെച്ചം.

പക്ഷേ നല്ലൊരു തല, കഴുത്തിനു മുകളില്‍ എനിക്കുണ്ടായിരുന്നതു കൊണ്ട് ചില കാര്യങ്ങള്‍ പെട്ടെന്നു ഗ്രഗ്‌നോളയോട് ചര്‍ച്ച ചെയ്യാന്‍ പറ്റി.
അയാള്‍ പറഞ്ഞത് എട്ടു കൊസാക്കുകളെ കൊണ്ടുവരാനുണ്ടെന്നാണ്, താഴേയ്ക്കുള്ള വഴിയില്‍ അവരെ നഷ്ടപ്പെടാന്‍ പാടില്ലെന്നും. അതുകൊണ്ട് മലകയറ്റക്കാര്‍ ചെയ്യുന്നതു പോലെ അവരെയെല്ലാം നല്ല നീണ്ട ഒരു കയറുകൊണ്ട് നമ്മള്‍ ബന്ധിപ്പിക്കണം. അങ്ങനെ അവര്‍ക്ക് ഓരോരുത്തര്‍ക്കും എങ്ങോട്ടാണ് പോകുന്നതെന്നറിയാതെ തന്നെ തൊട്ടു മുന്നിലുള്ള ആളിനെ കൃത്യമായി പിന്തുടരാന്‍ സാധിക്കും. ഞാന്‍ അതു വേണ്ടെന്നു പറഞ്ഞു. ആദ്യത്തെയാള്‍ ഒരു പക്ഷേ വീഴുകയാണെങ്കില്‍, കെട്ടിലുള്ള എല്ലാവരും അയാള്‍ക്കൊപ്പം കൊക്കയില്‍ വീഴും. പകരം നമുക്കു വേണ്ടത് കയറിന്റെ പത്തു കഷ്ണങ്ങളാണ്. മുന്നിലുള്ള ആളിന്റെ കയറിന്റെ അറ്റം പിന്നിലുള്ള ആള്‍ മുറുക്കെ പിടിക്കണം. അതുപോലെ നമ്മുടെ കയറിന്റെ അറ്റം നമ്മുടെ പിന്നിലുള്ള ആളും. തൊട്ടു മുന്നിലെ ആളു വീഴുകയാണ് എന്നു മനസ്സിലാക്കിയാല്‍, നമ്മുടെ കൈയിലുള്ള കയറിന്റെ അറ്റം വിടുകയാണ് വേണ്ടത്, കാരണം എല്ലാവരും മരിക്കുന്നതിനേക്കാള്‍ നല്ലതാണ് ഒരാള്‍ പോകുന്നത്.
“ നീ ബുദ്ധിമാനാണ്” ഗ്രഗ്‌നോള പറഞ്ഞു.

ആയുധം വല്ലതും കൈയില്‍ കരുതുന്നുണ്ടോ എന്നു ഉത്സാഹത്തോടെ ഞാന്‍ ഗ്രഗ്‌നോളയോട് ചോദിച്ചു. ഇല്ലെന്നു അയാള്‍ പറഞ്ഞു. അയാള്‍ ഒരു ഈച്ചയെ കൊല്ലാന്‍ പോലും ആഗ്രഹിക്കുന്നില്ല. ഇനി ദൈവം കൈയൊഴിഞ്ഞ്, വല്ല ഏറ്റുമുട്ടലും സംഭവിച്ചാല്‍, കൊസാക്കുകളുടെ കൈയില്‍ ആയുധമുണ്ട്. ഈ സംഭവത്തിടയ്ക്കെങ്ങാനും പിടിക്കപ്പെട്ടാല്‍ കൈയില്‍ ആയുധമില്ലാത്ത ഒരുത്തനെ ഉടനെ അവര്‍ മതിലിനു മുഖം ചേര്‍ത്തു നിര്‍ത്തില്ല.

കാര്യങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞെന്നും ഒരു മണിയോടെ കൊസാക്കുകള്‍ തയ്യാറായി നില്‍ക്കണമെന്നും നില്‍ക്കണമെന്നും ഞങ്ങള്‍ തിരിച്ചുച്ചെന്ന് അച്ചനെ അറിയിച്ചു.

ഏഴുമണിയോടെ അത്താഴത്തിനു ഞാന്‍ വീട്ടില്‍ പോയി. അര്‍ദ്ധരാത്രിയ്ക്ക് മഡോണയുടെ ചെറിയ പള്ളിക്കടുത്തു വച്ചായിരുന്നു കൂടിച്ചേരാമെന്നു പറഞ്ഞിരുന്നത്. ധൃതിപിടിച്ചു നടന്നാല്‍ 45 മിനിട്ടെടുക്കും എനിക്ക് അവിടെയെത്താന്‍. “നിന്റെ കൈയില്‍ വാച്ചുണ്ടോ?” ഗ്രഗ്‌നോള ചോദിച്ചു. “ഇല്ല. പതിനൊന്നു മണിയ്ക്ക് എല്ലാവരും ഉറങ്ങാന്‍ പോകുന്ന സമയം നോക്കി ഞാന്‍ ഊണുമുറിയില്‍ കാത്തുനില്‍ക്കും. അവിടെ ഒരു ക്ലോക്കുണ്ട്.” ഞാന്‍ പറഞ്ഞു.

കത്തുന്ന മനസ്സുമായിരുന്നു അത്താഴം കഴിച്ചു. അതിനുശേഷം വീട്ടുകാര്‍ കാണാന്‍ വേണ്ടി റേഡിയോ വാര്‍ത്ത കേട്ടു. എന്റെ സ്റ്റാമ്പുകള്‍ നോക്കി. പതിനൊന്നു മണിക്ക് വീട് കനത്ത നിശ്ശബ്ദതയില്‍ മുഴുകിയപ്പോള്‍, ഞാന്‍ ഊണുമുറിയില്‍ നില്‍ക്കുകയായിരുന്നു, ഇരുട്ടത്ത്. ഇടയ്ക്കിടെ ഞാന്‍ തീപ്പെട്ടിയുരച്ച് ക്ലോക്കു നോക്കി. 11.15 ആയപ്പോള്‍ പതുക്കെ ഇറങ്ങി മൂടല്‍ മഞ്ഞിലൂടെ മഡോണയുടെ ചെറിയ പള്ളി ലാക്കാക്കി നടക്കാന്‍ തുടങ്ങി.

ഗ്രഗ്‌നോള അവിടെ ഉണ്ടായിരുന്നു. ഞാന്‍ വൈകിപ്പോയി എന്നു പരാതിപ്പെട്ടു. അയാള്‍ വിറയ്ക്കുന്നതു ഞാന്‍ കണ്ടു. ഞാന്‍ വിറയ്ക്കുന്നില്ല. ഞാന്‍ എന്റെ ചുമതല നിര്‍വഹിക്കാന്‍ പോകുകയാണ്. അയാള്‍ കയറിന്റെ അറ്റം എന്നെ ഏല്‍പ്പിച്ചു. ഞങ്ങള്‍ മലയിടുക്ക് കയറാന്‍ തുടങ്ങി.

തലയ്ക്കുള്ളില്‍ എനിക്കെന്റെ മാപ്പുണ്ട്. പക്ഷേ ഗ്രഗ്‌നോള കരഞ്ഞുകൊണ്ടേയിരുന്നു.”ദൈവമേ ഞാന്‍ വീഴാന്‍ പോകുകയാണ്!“ ഒരു ശ്രുതി പിന്തുടരുന്നതുപോലെ ഞാന്‍ കാലുകള്‍ വച്ചു. ഇങ്ങനെതന്നെയായിരിക്കണം പിയാനിസ്റ്റുകള്‍ കട്ടകളില്‍ അവരുടെ വിരലോടിക്കുന്നത്. അതെ വിരലുകള്‍, കാലുകളല്ല. ഒരു ചുവടും എനിക്കു പിഴച്ചില്ല. പക്ഷേ അയാള്‍, എന്നെ പിന്തുടരുകയായിട്ടുപോലും തുടര്‍ച്ചയായി കാലിടറുകയും ചുമയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് തിരിഞ്ഞ് കൈകള്‍കൊണ്ട് എനിയ്ക്കു് അയാളെ പിടിക്കേണ്ടി വന്നു. കനത്ത മൂടല്‍മഞ്ഞ്. എങ്കിലും അരമീറ്ററിനകത്താണെങ്കില്‍ പരസ്പരം കാണാം. ഞാന്‍ കയര്‍ ഒന്നു വലിച്ചാല്‍ കനത്തുമൂടിക്കിടക്കുന്ന നീരാവിയില്‍ ഗ്രഗ്‌നോള ഇരുട്ടും മഞ്ഞുമെല്ലാം തകര്‍ത്ത് പെട്ടെന്ന് എന്റെ മുന്നില്‍ തെളിഞ്ഞു വരും. ലാസറസ് ശവക്കച്ച നീക്കി എഴുന്നേറ്റു വന്നതു പോലെ..

കയറ്റം തീരാന്‍ ഒരു മണിക്കൂറെടുത്തു. അത് ശരാശരിയാണ്. ആകെ ഞാന്‍ ഗ്രഗ്‌നോളയ്ക്ക് താക്കീതു നല്‍കിയത് കുത്തനെയുള്ള വലിയ പാറക്കല്ലിനടുത്തെത്തിയപ്പോള്‍ മാത്രമാണ്. അതിനെചുറ്റി നടപ്പാതയിലേയ്ക്ക് നിരങ്ങിയിറങ്ങുന്നതിനു പകരം വെള്ളാരങ്കല്ലുകളെ ചവിട്ടി ഇടത്തോട്ടു പോയാല്‍, കഥ അവസാനിക്കുന്നത് കൊക്കയിലായിരിക്കും.

ഞങ്ങള്‍ മുകളില്‍ മതിന്റെ വിടവിനടുത്തെത്തി. സാന്‍ മാര്‍ട്ടിനോ കാണാന്‍ വയ്യാത്ത ഒരൊറ്റ കഷ്ണമായിക്കിടക്കുന്നു. “ഇടവഴിയിലൂടെ നമ്മള്‍ നേരെ നടക്കും“. ഞാന്‍ പറഞ്ഞു. “20 ചുവടുകള്‍... എണ്ണിക്കോ... നമ്മള്‍ അച്ചന്റെ വീട്ടു വാതില്‍ക്കല്‍ എത്തിയിരിക്കും.”

പറഞ്ഞു വച്ചിരുന്നതുപോലെ ഞങ്ങള്‍ വാതിലില്‍ മുട്ടി. മൂന്നു മുട്ട്.. ഒരു നിര്‍ത്തിനു ശേഷം വീണ്ടും മൂന്നു മുട്ട്. അച്ചന്‍ കതകു തുറന്ന് ഞങ്ങളെ അകത്തു കയറ്റി. വേനല്‍ക്കാലത്തെ പൊടിപറ്റി വിളര്‍ത്ത വയല്‍ച്ചെടിയെ പോലെയിരുന്നു, അദ്ദേഹത്തിന്റെ നിറം. എട്ടു കൊസാക്കുകളും അവിടെ തന്നെയുണ്ട്. കൊള്ളക്കാരെപ്പോലെ കൈകളില്‍ തോക്കൊക്കെയായി, പക്ഷേ കൊച്ചുകുട്ടികളെ പോലെ പേടിച്ചു വിറച്ചുകൊണ്ട്. ഇറ്റാലിയന്‍ ഭാഷ അറിയാവുന്നവനോട് ഗ്രഗ്‌നോള സംസാരിച്ചു. ഉച്ചാരണം ഭീകരമായിരുന്നെങ്കിലും അവന്‍ നന്നായി ഇറ്റാലിയന്‍ പറയുന്നുണ്ട്, പക്ഷേ ഗ്രഗ്‌നോള വിദേശികളോട് ആളുകള്‍ സംസാരിക്കുമ്പോള്‍ ചെയ്യുന്നതുപോലെ കേവലക്രിയകള്‍ മാത്രം ഉപയോഗിച്ചു.

“നിങ്ങള്‍ കൂട്ടുകാരുടെ മുന്നില്‍ നടക്കണം. എന്നെയും കുട്ടിയെയും പിന്തുടരണം. നിങ്ങള്‍ ഞാന്‍ പറയുന്നത് കൂട്ടുകാര്‍ക്ക് പറഞ്ഞുകൊടുക്കണം. ഞാന്‍ പറയുന്നത് അവര്‍ ചെയ്യണം. മനസ്സിലായോ?”
“എനിക്കു മനസ്സിലായി. ഞങ്ങള്‍ റെഡിയാണ്.”

“മൂത്രം മുട്ടി നില്‍ക്കുന്നതു പോലെ അച്ചന്‍ വാതിലു തുറന്ന് ഞങ്ങളെ ഇടവഴിയിലേയ്ക്കിറക്കി. ആ നിമിഷം തന്നെ മേലേയ്ക്കുള്ള റോഡു വന്നുചേരുന്ന ഗ്രാമത്തിന്റെ ഭാഗത്തു നിന്ന് ജര്‍മ്മന്‍ ഭാഷയിലുള്ള ബഹളവും പട്ടിയുടെ ശക്തമായ കുരയും ഞങ്ങള്‍ കേട്ടു.
“നശിച്ച നരകം.” ഗ്രഗ്‌നോള മുരണ്ടു. അച്ചന്‍ ഇമവെട്ടികൂടിയില്ല. “കാല്‍നക്കി ചെറ്റകള്‍ ഇങ്ങ് മുകളിലെത്തിക്കഴിഞ്ഞു. അവന്മാരുടെ കൂടെ പട്ടികളുണ്ട്. അവറ്റയ്ക്ക് മഞ്ഞൊന്നും പ്രശ്നമല്ല. മണപ്പിച്ച് മണപ്പിച്ച് ഇങ്ങെത്തിക്കോളും. നാശം. നമ്മളിനി എന്തു ചെയ്യും? ”

കൊസാക്കുകളുടെ നേതാവ് പറഞ്ഞു.”അവന്മാര്‍ എന്തു ചെയ്യും എന്ന് എനിക്കറിയാം. അഞ്ചാളുകള്‍ക്ക് ഒരു പട്ടിയാണ് കണക്ക്. നമുക്ക് തീരുമാനിച്ചപോലെ തന്നെ മുന്നോട്ടു പോകാം. പട്ടിയില്ലാതെ ഒറ്റയ്ക്കു കിട്ടുന്നവരെ കൈകാര്യം ചെയ്തേക്കാം.”
“കൂടുതല്‍ ആലോചന വേണ്ട” കാര്യം മനസ്സിലായ ഗ്രഗ്‌നോള പറഞ്ഞു. “പതുക്കെ പോയാല്‍ മതി. വെടിവയ്ക്കുന്നതു ഞാന്‍ പറഞ്ഞതിനുശേഷം മാത്രം. തൂവാലയും തുണിക്കഷ്ണങ്ങളും കയറും തയ്യാറാക്കി വയ്ക്കാം.” പിന്നെ വിശദീകരിക്കുന്ന മട്ടില്‍ എന്നോട് പറഞ്ഞു. “ നമ്മള്‍ ഇടവഴിയുടെ അറ്റത്ത് പെട്ടെന്ന് എത്തണം. അവിടെ മൂലയില്‍ പാത്തു നില്‍ക്കാം. അവിടെ ആരും ഇല്ലെങ്കില്‍ നമ്മള്‍ വലത്തോട്ട് തിരിഞ്ഞ് മതിലിന്റെ വിടവു വഴി താഴേയ്ക്കിറങ്ങും. ആരെങ്കിലും പട്ടികളുമായി വന്നാല്‍ നമ്മുടെ കഥ തീര്‍ന്നു. അങ്ങനെ സംഭവിച്ചാല്‍, എത്രപേരുണ്ടെന്നു നോക്കിയിട്ട് നമ്മളവന്മാരെ വെടിവയ്ക്കും, പട്ടികളെയും. കൂടെ പട്ടികളില്ലെങ്കില്‍ അവരു നമ്മെ കടന്നു പോട്ടെ, അവരെ പിന്നില്‍ നിന്നു പിടികൂടാം, കൈകള്‍ പിറകില്‍ കെട്ടി വായില്‍ തുണിതിരുകാം. പിന്നെ ഒച്ചയുണ്ടാക്കില്ല.”
“എന്നിട്ട് അവന്മാരെ അവിടെ ഇട്ടിട്ടു പോകാമെന്നോ?”
“ഇല്ല. മലയിടുക്കിലേയ്ക്ക് കൊണ്ടുപോകാം. വേറൊന്നും ചെയ്യാനില്ല.”
അയാള്‍ പെട്ടെന്നത് കൊസാക്കിനു വിവരിച്ചുകൊടുത്തു. അവന്‍ മറ്റുള്ളവര്‍ക്കും. അച്ചന്‍ കുറച്ചു തുണിക്കഷ്ണങ്ങളും തിരുവസ്ത്രത്തില്‍ നിന്നുള്ള നാടകളും തന്നു. “പൊയ്ക്കോള്ളൂ..പൊയ്ക്കോള്ളൂ... ദൈവം നിങ്ങളെ രക്ഷിക്കും” അദ്ദേഹം പറഞ്ഞു.

ഇടവഴിയിലൂടെ ഞങ്ങള്‍ മുന്നോട്ട് നടന്നു. മൂലയിലെത്തിയപ്പോള്‍ ജര്‍മ്മന്‍ ഭാഷയിലുള്ള സംസാരം ഇടത്തു ഭാഗത്ത് നിന്നും കേട്ടുതുടങ്ങി. എന്നാല്‍ കുരയോ മുരള്‍ച്ചയോ ഇല്ല. ഞങ്ങളെല്ലാം മതിലിനോട് ചേര്‍ന്ന് നിന്നു. പരസ്പരം സംസാരിച്ചു കൊണ്ട് രണ്ടുപേര്‍ വരുന്നുണ്ടായിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് തിരിച്ചറിയാന്‍ വയ്യാത്ത ഇരുട്ടിനെ ശപിക്കുകയായിരുന്നിരിക്കണം അവര്‍. “രണ്ടുപേര്‍ മാത്രം” ഗ്രഗ്‌നോള ആംഗ്യം കാണിച്ചു. “അവരാദ്യം കടന്നു പോകട്ടെ, എന്നിട്ടു ചാടിവീഴാം.”


തുടരും....

comments