എഡിറ്റോറിയല്‍

ഗാന്ധിജി
(ഒക്ടോബര്‍ 2, 2006)

 


ഇന്ത്യയുടെ സാമൂഹിക ജീവിതത്തില്‍ ഒരു ഇടക്കാലത്തേക്കെങ്കിലും ഇടപെട്ട ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക്‌, തീര്‍ച്ചയായും, നിര്‍മ്മാണോന്മുഖമായ ഒരു പാത്രധര്‍മ്മം തന്നെ ഉണ്ടായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിയോളം നീളുന്ന ആ ചരിത്രത്തിന്റെ മൂന്നു ദശകത്തോളം ആ ആശയങ്ങള്‍ അല്‍ഭുതകരമാം വിധം ഇന്ത്യയുടെ പൊതുജീവിതത്തെ തൊട്ടു.

ഒരു രാഷ്ട്രസങ്കല്‍പത്തിന്റെ നിര്‍മ്മിതിയിലും അതിന്റെ ഭൗതികാവശ്യത്തിലും ഗാന്ധിജി അര്‍പ്പിച്ച വിശ്വാസം അക്കാലത്തെ ഇന്ത്യ ഏറെയും ഒരു പോലെ അനുഭവിക്കുന്നുണ്ടായിരുന്നു. ബ്രിട്ടീഷ്‌ ആധിപത്യത്തെക്കുറിച്ചു പറയുമ്പോള്‍, വാള്‍ കൊണ്ടാണ്‌ തങ്ങള്‍ ഇന്ത്യ കീഴടക്കിയതെന്നും ഭരിക്കുന്നതെന്നും ഇംഗ്ലീഷുകാര്‍ പറയുമ്പോള്‍ ഗാന്ധിജി വിയോജിക്കുമായിരുന്നു. അദ്ദേഹം പകരം നെപ്പോളിയനെ ഉദ്ധരിച്ചുകൊണ്ട്‌ ബ്രിട്ടീഷുകാര്‍ ഷോപ്പ്‌കീപ്പേഴ്‌സ്‌(shop keepers) എന്നു പറയുമായിരുന്നു. ഒരു പക്ഷെ തന്റെ 'സ്വരാജ്യ' സങ്കല്‍പത്തിലേക്ക്‌ ഗാന്ധിജി എത്തുന്നതും ഈ വഴിയിലൂടെയാണ്‌. അറുപത്തിയഞ്ചോളം അദ്ധ്യായങ്ങളില്‍ 'സ്വദേശി'യുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്നതുതന്നെ ഇന്ത്യയുടെ ചരിത്രത്തെയും ജീവിതത്തെയും മനസ്സിലിട്ടുകൊണ്ടാണ്‌.

നമ്മുടെ വിഭവങ്ങളിലും വിഭവസമാഹരണത്തിലും അവയുടെ ക്രയവിക്രയങ്ങളിലും തദ്ദേശീയജീവിതത്തെ മുമ്പില്‍ നിര്‍ത്തിക്കൊണ്ടാണ്‌ രാഷ്ട്രീയസ്വാതന്ത്ര്യത്തിന്റെ ആവശ്യം അദ്ദേഹം ഉന്നയിക്കുന്നതുതന്നെ. അങ്ങനെ നമ്മുടെ ഗ്രാമങ്ങളെ തൊടുന്ന ഒരു കാര്‍ഷികസമ്പദ്ക്രമത്തിന്റെ പ്രയോജനം പാശ്ചാത്യ വ്യവസായ സങ്കല്‍പങ്ങളോട്‌ നിര്‍ബന്ധബുദ്ധിയോടെ തന്നെ വഴങ്ങാതെ ഗാന്ധിജി പറഞ്ഞു. തന്റെ പ്രസിദ്ധമായ 'ഹോം റൂള്‍' എന്ന സങ്കല്‍പത്തെപ്പറ്റി പറയുമ്പോള്‍, ബ്രിട്ടീഷുകാര്‍ പോകുന്നതോടെ, ഭരണം ഇന്ത്യാക്കാര്‍ക്കു കിട്ടുന്നതോടെ, കാര്യങ്ങള്‍ നേരെയാവുമോ എന്ന ചോദ്യത്തോട്‌, ഗാന്ധിജി പ്രതികരിക്കുന്നത്‌ ഭരണകര്‍ത്താക്കള്‍ ജനങ്ങളുടെ സേവകരാണെന്ന ബോധ്യത്തിന്റെ പ്രാധാന്യത്തെ ഓര്‍മ്മിച്ചുകൊണ്ടാണ്‌. അല്ലെങ്കിലുള്ള ഖേദവും നിരര്‍ത്ഥകതയും സൂചിപ്പിച്ചു. ഭരണകൂടങ്ങളുടെ രൂപപരിണാമങ്ങളില്‍ നിശ്ചയമായും കടന്നുവരുന്ന ഹിംസാത്മകത അക്കാലത്തെ ആരെക്കാളും ഉള്‍ക്കാഴ്ചയോടെ ഗാന്ധിജി തിരിച്ചറിഞ്ഞു. അത്‌ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ വീണ്ടും വീണ്ടും പരിശോധിക്കാന്‍ പ്രേരിപ്പിച്ചു.

ആത്മകഥയെ സാമൂഹ്യകഥയോടടുപ്പിച്ചുകൊണ്ട്‌ ഇന്ത്യയുടെ ഒരു വലിയ കാലവും ഒരു വ്യക്തിയുടെ പൊതുജീവിതവും ഗാന്ധിജി അടയാളപ്പെടുത്തുമ്പോള്‍ തന്നെ, അതില്‍ ചേര്‍ന്നുകൊണ്ട്‌, അതില്‍ വിയോജിച്ചുകൊണ്ട്‌, അതില്‍നിന്നും വേര്‍പെട്ടുകൊണ്ട്‌ ഇന്ത്യയും ലോകവും നീങ്ങുന്നുണ്ടായിരുന്നു. പുതിയ ലോകക്രമങ്ങള്‍, പുതിയ സമ്പദ്ശക്തികള്‍, പുതിയ ആധിപത്യവ്യവസ്ഥകള്‍, പുതിയ ഇച്ഛകള്‍, പുതിയ അന്വേഷണങ്ങള്‍, ലോകസമൂഹം ആ ഒന്നിനോടുതന്നെ (ഭരണകൂടം) നേരിട്ടും തുടര്‍ന്നു....

അമ്പത്തെട്ടു വര്‍ഷം കഴിഞ്ഞിട്ടും ആ കാലത്തേക്കു നാം വീണ്ടും വീണ്ടും നോക്കുന്നു എന്നു പറയുമ്പോള്‍ തന്നെ ഗാന്ധിജി നമ്മെ എത്ര മാത്രം കരുതലിലെടുത്തിരുന്നു എന്ന് സ്നേഹത്തോടും ആഹ്ലാദത്തോടും മാത്രമേ ഓര്‍ക്കാനാവൂ.

 

comments