
ചമ്രവട്ടത്തപ്പനുള്ളോ-
രമ്പലത്തിന്റെ മേപ്പുറം
നദിയ്ക്കിടം തീരമാകും
തടം തൊട്ടു വളര്‍ന്നിതാ
ശാഖോപശാഖമായിട്ടു
നെല്‍പാടങ്ങളിലൂടവേ,
ഇന്നോളമൊറ്റപ്പൂ പോലും
വിടരാത്തതു കാരണം
മത്തവള്ളിപ്പടര്‍പ്പെന്ന
തോന്നലിന്നിടയെന്നിയേ
നീണ്ടു നീണ്ടു കിടപ്പൂ, 'ലിഫ്-
ടിറിഗേഷന്‍ കനാലുകള്‍'.
പരന്നൊരാറ്റിന്‍ മണല്‍മേ-
ലുച്ചക്കനാലൊഴുക്കുകള്‍
ഇതിലൂടെ തള്ളിയേന്തി-
പ്പുഞ്ചപ്പാടം നനയ്ക്കലാല്‍
സമൃദ്ധി കുന്നുകൂടുന്ന
പത്തായം മുദ്രവെച്ചു നാം.

നാറ്റത്തോടു പുഴുക്കേടും
ചോര്‍ച്ചയും ഗണിയാതെ താന്‍
തന്നാളൂണരി സൂക്ഷിപ്പൂ
റേഷന്‍പീടിക തോറുമേ!
കല്ലരിയ്ക്കു കണക്കിട്ടി-
സ്സര്‍ക്കാരിന്നും ഗ്രഹപ്പിഴ!
കേരളത്തിന്നു തനതാ-
യൊരു സര്‍ക്കാര്‍ പിറക്കവേ
നെഞ്ഞത്തടിച്ച നാടിന്റെ
കൈ ഞരമ്പു കണക്കിനെ
വര്‍ഷാകാലത്തു നിറയെ-
ദ്ദുര്‍ന്നീര്‍ക്കെട്ടാലെ നീലമായ്
ഇതിപ്പോഴും കിടക്കുന്നൂ
തവനൂര്‍ക്കുന്നിനിപ്പുറം.
'എലക്ട്രിസിറ്റി' കിട്ടാഞ്ഞി-
ട്ടത്രേ പാഴായതിപ്പണി.
അതു 'വഞ്ചി' വഴിക്കിങ്ങോ-
ട്ടെത്താനാണ്ടുകള്‍ പോരുമോ?
തേക്കിന്‍ കാലുമിരുമ്പിന്റെ
കമ്പിയോടെഞ്ചിനീയറും
ഇന്നാട്ടിലുണ്ടോ? സര്‍ക്കാരെ-
പ്പഴി ചൊല്ലുന്നു കശ്മലര്‍.
മുളയ്ക്കാണ്ടകള്‍ പൊട്ടീട്ടു
തേക്കിന്‍ കാല്‍ വളരുന്ന നാള്‍
ചകിരിക്കയറില്‍ക്കൂടി-
ക്കറന്റോടി വരുന്ന നാള്‍
അന്നേ പെറൂ കര്‍ഷകന്റെ
ഭാര്യമാരെഞ്ചിനീയറെ:
അദ്ദിനം വന്നെത്തുവാനി-
സ്സര്‍ക്കാരപ്പനെ വാഴ്ത്തുവിന്‍!
comments