ഭര്‍ത്താവിന്റെ മരണത്തില്‍ അനുശോചിച്ച് എത്തിയവരുടെ കൂട്ടത്തില്‍
ഹരിദാസിനെ കണ്ടിട്ടില്ലല്ലോ എന്ന് ഊര്‍മ്മിള ആലോചിച്ചു. ഊര്‍മ്മിള
കിടപ്പുമുറിയിലെ മെത്തയില്‍ കിടക്കുകയായിരുന്നു. കുളിക്കാതെ, ഭക്ഷണം
കഴിക്കാതെ, മുടി കെട്ടാതെ, മുഖത്ത് അവളുടെ മുഴുവന്‍ പ്രായവുമായി.
മറ്റു പല ആലോചനകളും ഊര്‍മ്മിളയുടെ മനസ്സിലുണ്ടായിരുന്നു. നാട്ടില്‍
പഠിക്കുന്ന മകള്‍ ജ്യോതിയുടെ വിവാഹം. വിദേശത്തു പഠിക്കുന്ന മകന്‍
കാര്‍ത്തിക്കിന്റെ ഉപരിപഠനം. നാട്ടിലെ അവരുടെ വീടിന്റെ പണി
പൂര്‍ത്തിയാക്കല്‍.
ആശുപത്രിയിലെ മോര്‍ച്ചറിയില്‍ തണുത്ത് വിറച്ചു കിടക്കുന്ന അവളുടെ
ഭര്‍ത്താവ് ദിവാകരനെപ്പറ്റിയും ഊര്‍മ്മിള ആലോചിച്ചു. കമ്പനി, ആശുപത്രിയിലെ
ബില്‍ സെറ്റില്‍ ചെയ്ത് ബോഡി എംബാം ചെയ്ത് പെട്ടിയിലാക്കി കിട്ടാന്‍ എത്ര
ദിവസമെടുക്കുമെന്ന് അവള്‍ ആലോചിച്ചു.
ഹരിദാസ് വീണ്ടും അവളുടെ മനസ്സിലേക്ക് കടന്നു വന്നു. അയാള്‍ എന്താണ്
വരാതിരുന്നത്? അഥവാ വന്നിട്ട് തിരക്കില്‍ അവള്‍ കാണാതിരുന്നതാണോ? രാവിലെ
വീടു നിറയെ ആളുകളായിരുന്നു. അവരുടെ സുഹൃത്തുക്കളും പരിചയക്കാരും
ദിവാകരന്റെയും അവളുടെയും ഓഫീസിലെ സഹപ്രവര്‍ത്തകരും.
വന്നിട്ടുണ്ടായിരുന്നുവെങ്കില്‍ ഹരിദാസ് അവളെ കാണാതെ പോകില്ലായിരുന്നു.
മുറിയില്‍ വന്ന് കണ്ണുകളില്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും മാത്രം
മനസ്സിലാവുന്ന കുറേ ഓര്‍മ്മകളുമായി അവളെ നോക്കി നില്‍ക്കുമായിരുന്നു.
തിരക്കുപിടിച്ച അടുത്ത ദിവസങ്ങളെപ്പറ്റി ഊര്‍മ്മിള ആലോചിച്ചു. ഓഫീസില്‍
നിന്നും അവധിയെടുത്ത് യാത്രയ്ക്കു തയ്യാറായി ഇരിക്കണം. പെട്ടിയിലടച്ച
ദിവാകരനെ നാട്ടിലെത്തിക്കണം. മൃതദേഹം മാന്യമായി സംസ്കരിക്കണം. പരേതന്റെ
ആത്മശാന്തിക്ക് ബലികര്‍മ്മങ്ങള്‍ ചെയ്യണം. പണ്ടൊക്കെ പതിനാറ്
ദിവസമായിരുന്നു. ഇപ്പോള്‍ എത്ര ദിവസമാണെന്ന് നാട്ടില്‍ ചെല്ലുമ്പോള്‍
അറിയാം.

അത്രയും ദിവസം പഠിപ്പുമുടക്കി നില്‍ക്കാന്‍ കാര്‍ത്തിക്കിന് കഴിയുമോ?
മൃതദേഹം എന്തിന് നാട്ടില്‍ കൊണ്ടുപോകുന്നു അവിടെത്തന്നെ സംസ്കരിച്ചാല്‍
പോരേ എന്നാണ് ടെലഫോണില്‍ വിവരം അറിയിച്ചപ്പോള്‍ കാര്‍ത്തിക്ക്
ചോദിച്ചത്.
അവന്‍ ചോദിച്ചത് ശരിയല്ലേ എന്ന് ഊര്‍മ്മിളയ്ക്കും തോന്നി. മരിച്ചവരുടെയും
ജീവിച്ചിരിക്കുന്നവരുടെയും ലോകങ്ങള്‍ രണ്ടാണ്. ജീവിച്ചിരിക്കുന്നവരുടെ
തിരക്കുകള്‍ പോലെ മരിച്ചവര്‍ക്കും തിരക്കുകള്‍ ഉണ്ടായിക്കൂടേ?
മൃതശരീരത്തിന് ഭര്‍ത്താവോ അച്ഛനോ ആവാന്‍ ഇനിയൊരിക്കലും കഴിയില്ല. ജീവിതം
നഷ്ടപ്പെട്ട ആ രൂപത്തെ എത്രയും പെട്ടെന്ന് നശിപ്പിച്ചുകളയുകയാണ് വേണ്ടത്.
'മരിച്ച' അച്ഛനെ കാണാന്‍ ആഗ്രഹമില്ലെന്ന് ജ്യോതി പറഞ്ഞതും
ഇതുകൊണ്ടുതന്നെയാവണം.
ഊര്‍മ്മിള വീണ്ടും ഹരിദാസിനെക്കുറിച്ചാലോചിച്ചു. മരണം ചിലപ്പോള്‍ അയാള്‍
അറിഞ്ഞിട്ടില്ലെന്നുവരുമോ? അഥവാ അയാള്‍ അവധിക്ക് നാട്ടില്‍
പോയതായിരിക്കുമോ? വളരെയേറെ വര്‍ഷങ്ങളായി ഹരിദാസിനെ കണ്ടിട്ടെന്ന് അപ്പോള്‍
അവള്‍ക്കു തോന്നി. അയാളെ പരിചയപ്പെട്ട കാലം മുതല്‍ അവള്‍ക്ക് അങ്ങനെ
തോന്നിയിരുന്നു.അയാളെ കാണാത്ത ദിവസത്തിന്റെ ഇടവേളകള്‍ വര്‍ഷങ്ങളുടെ
ദൈര്‍ഘ്യം.
ജോലിയും താമസസൗകര്യവും നഷ്ടപ്പെട്ട് മറ്റൊരു ജോലി അന്വേഷിച്ചുകൊണ്ടിരുന്ന
കാലത്ത് ഹരിദാസ് അവരുടെ ഫ്ലാറ്റില്‍ കുറച്ചുകാലം താമസിച്ചിരുന്നു.
ദിവാകരന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ഹരിദാസ്.
തകര്‍ന്ന ഒരു പ്രേമബന്ധമാണ് അയാള്‍ അവിവാഹിതനായി ജീവിക്കുന്നതിന്
കാരണമെന്ന് ഹരിദാസ് ഊര്‍മ്മിളയോട് പറഞ്ഞിട്ടുണ്ടായിരുന്നു.
പുതിയ ജോലി കിട്ടി പുതിയ താമസസ്ഥലത്തേക്ക് മാറിയതിനുശേഷവും പതിവായി അയാള്‍
അവരുടെ ഫ്ലാറ്റില്‍ വന്നുകൊണ്ടിരുന്നു. വരാത്ത ദിവസങ്ങളില്‍ ടെലഫോണ്‍
ചേയ്തു.
ദിവാകരന് വിദേശയാത്രകളുടെ കാലമായിരുന്നു അത്. മുതിര്‍ന്ന കുട്ടികള്‍
അവരുടെ മുറികളില്‍ കതകടച്ചിരുന്നു പഠിച്ചു. ഫ്ലാറ്റില്‍ അവള്‍ തനിച്ചായ പല
വൈകുന്നേരങ്ങളിലും ഊര്‍മ്മിള ഹരിദാസിന് ടെലഫോണ്‍ ചെയ്തിട്ടുണ്ട്. ചില
വൈകുന്നേരങ്ങളില്‍ അയാള്‍ അവളെ സന്ദര്‍ശിക്കാനെത്തി. അയാളോടു
സംസാരിക്കുമ്പോള്‍ അവള്‍ ഏകയാണെന്ന സങ്കടം ഹൃദയത്തില്‍ നിന്നും
അലിഞ്ഞുപോകുന്നതായി ഊര്‍മ്മിളയ്ക്കു തോന്നാറുണ്ടായിരുന്നു.
ദിവാകരന്റെ വിദേശയാത്രകള്‍ കുറഞ്ഞപ്പോള്‍ ഹരിദാസിന്റെ സന്ദര്‍ശനങ്ങള്‍
വല്ലപ്പോഴുമായി. കുട്ടികള്‍ അടുത്തില്ലാതായപ്പോള്‍ അവള്‍ കൂടുതല്‍
അമ്മയായി. ഹരിദാസിന് ടെലഫോണ്‍ ചെയ്യരുതെന്ന് അവള്‍ തീരുമാനിച്ചു.പിന്നീട്
കുറേക്കാലം അയാളെ കാണാതായി. അക്കങ്ങള്‍ തിരിച്ചും മറിച്ചും ഓര്‍മ്മിച്ച്
അയാളുടെ മൊബൈല്‍ നമ്പര്‍ മനസ്സില്‍ നിന്നും മായ്ച്ചു കളയാന്‍ അവള്‍
ശ്രമിച്ചു.
ജനല്‍ വിരിക്കു പിറകില്‍ വെയിലിന്റെ നിറം ചുവന്നപ്പോള്‍ ആ ദിവസം
അവസാനിക്കുകയാണെന്ന് ഊര്‍മ്മിളയ്ക്കു മനസ്സിലായി.രാത്രിയിലെ മരണത്തിനുശേഷം
അനുശോചനം അറിയിക്കാന്‍ എത്തുന്നവര്‍ക്കുവേണ്ടി അവള്‍ ഫ്ലാറ്റിന്റെ
വാതിലുകള്‍ തുറന്നിട്ടിരിക്കുകയായിരുന്നു. വിവരമറിയാന്‍ വൈകി എത്തിയവരില്‍
ചിലര്‍ അപ്പോഴും മുറിയില്‍ കടന്നു വന്ന് ശാന്തയായി കിടക്കുന്ന അവളെ
കൂടുതല്‍ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
ദിവാകരന്റെ മറ്റൊരു സുഹൃത്ത് സതീശനും ഭാര്യ ഹൈമയും രാവിലെ മുതല്‍
ഫ്ലാറ്റില്‍ തന്നെയുണ്ട്. ഹൈമ ഇടയ്ക്കിടെ വന്ന് അവളെ ഭക്ഷണം കഴിക്കാന്‍
നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഒരു ചില്ലുഗ്ലാസു നിറയെ ഓറഞ്ച് ജൂസുമായാണ്
അപ്പോള്‍ ഹൈമ അവളുടെ അടുത്ത് നില്‍ക്കുന്നത്. ദിവാകരന്റെ ശവമടക്കം
കഴിഞ്ഞ് തിരിച്ചുവന്ന് ആ ഫ്ലാറ്റില്‍ തനിച്ചു താമസിക്കുന്നതിനെക്കുറിച്ച്
ചിന്തിക്കുകയായിരുന്നു ഊര്‍മ്മിള. ജോലിയുപേക്ഷിച്ച് നാട്ടില്‍ പോകാനൊനും
അവള്‍ക്ക് കാലമായിട്ടില്ല. ഇനിയും കുറച്ചു ചെറുപ്പം ബാക്കിയുണ്ട്.
കാര്‍ത്തിക്കിന്റെ പഠിപ്പിനും ജ്യോതിയുടെ വിവാഹത്തിനും വീടിന്റെ ബാക്കി
പണികള്‍ക്കും പണം വേണം.

ജീവിച്ചിരിക്കുന്നവര്‍ക്ക് അവരുടെ ജീവിതം, മരിച്ചവര്‍ക്ക് അവരുടെ മരണം.
മരിച്ചയാള്‍ക്ക് നല്‍കാന്‍ കഴിയുന്നത് കുറേ ഓര്‍മ്മകളും ഒരു വിധവയുടെ
വേഷവും മാത്രമാണെന്ന് ഊര്‍മ്മിളയ്ക്ക് അറിയാമായിരുന്നു.
ഇവിടെ കുറച്ചു കഴിയുമ്പോള്‍ അവള്‍ ദിവാകരന്റെ ഭാര്യയായിരുന്നെന്ന കാര്യം
എല്ലാവരും മറക്കും. ഊര്‍മ്മിള മാത്രമായി മാറാനും ജീവിക്കാനും അവള്‍ക്കു
സാധിക്കും. ഒരു ഊര്‍മ്മിളയ്ക്കും ഒരു ഹരിദാസ് സുഹൃത്തായി ഉണ്ടാവുന്നത്
ആരും തെറ്റായി കാണുകയില്ല. ഇവിടെ ജീവിതത്തിന് സാദ്ധ്യതകളും
രക്ഷാമാര്‍ഗ്ഗങ്ങളും പലതുണ്ട്.
അവള്‍ക്ക് വേണമെങ്കില്‍ ഹരിദാസിന്റെ ഫ്ലാറ്റില്‍ പോകാം. അയാള്‍ക്ക്
അവളുടെ ഫ്ലാറ്റില്‍ വരാം. വേണമെങ്കില്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും ഒരു
ഫ്ലാറ്റില്‍ താമസിക്കാം. മൂന്നാമതൊരു കാതിനെക്കുറിച്ച് ചിന്തിക്കാതെ
എന്തും അവര്‍ക്ക് പരസ്പരം സംസാരിക്കാം. അമ്മയ്ക്ക് കൂട്ടും സ്നേഹവും
നല്‍കേണ്ട ബാധ്യത തീര്‍ന്നു കിട്ടിയതില്‍ കുട്ടികള്‍ സന്തോഷിക്കുകയേ ഉള്ളൂ.
ഹൈമയുടെ കൈയ്യില്‍ നിന്ന് ഓറഞ്ച് ജൂസ് വാങ്ങിക്കുടിച്ച് ഗ്ലാസ്സ്
തിരിച്ചുകൊടുക്കുമ്പോള്‍ ശബ്ദം താഴ്ത്തി അവള്‍ ചോദിച്ചു:
' നമ്മുടെ ഹരിദാസ് വന്നില്ലേ...? ഇനി അറിഞ്ഞില്ലായിരിക്കുമോ?'
ഹൈമ ഒന്നു പരിഭ്രമിക്കുന്നത് ഊര്‍മ്മിള കണ്ടു.
'നമ്മുടെ ഹരിദാസ്...ദിവാകരന്റെയും സതീശന്റെയും ഒക്കെ സുഹൃത്ത്...'
അറിയാമെന്ന് ഹൈമ തലയാട്ടി.
'അപ്പോള്‍ ഊര്‍മ്മിള ഒന്നും അറിഞ്ഞില്ലേ...?'
ഹൈമ മെത്തയില്‍ അവളുടെ അടുത്തിരുന്നു.
'ഹരിദാസ് മരിച്ചിട്ട് ഒരാഴ്ചയാവുന്നു...കാര്‍ ആക്സിഡന്റായിരുന്നു...രണ്ടു
ദിവസം ആശുപത്രിയില്‍ കിടന്നിട്ടാണ് മരിച്ചത്. ദിവാകരനായിരുന്നല്ലോ എല്ലാ
കര്യങ്ങള്‍ക്കും മുന്നിലുണ്ടായിരുന്നത്....'
'എന്നോടൊന്നും പറഞ്ഞില്ല.'
മനസ്സില്‍ രണ്ടാമതൊരു മൃതശരീരം കൂടി വെക്കാന്‍ ഇടമന്വേഷിക്കുമ്പോള്‍
ഊര്‍മ്മിള പറഞ്ഞു.
'നിന്നെ വിഷമിപ്പിക്കേണ്ടെന്നു കരുതി പറയാതിരുന്നതാവും... അവര്‍ അത്ര
അടുത്ത സുഹൃത്തുക്കളായിരുന്നില്ലേ... ഡെഡ്‌ബോഡി നാട്ടില്‍ കൊണ്ടുപോയില്ല...
ഇവിടെത്തന്നെയാണ് സംസ്കരിച്ചത്...'
ദിവാകരന്‍ വരുന്നതു വരെ ഹരിദാസ് വഴിയില്‍ കാത്തുനിന്നിരിക്കും എന്നു
രാവിലെ ഭര്‍ത്താവു പറഞ്ഞത് ഹൈമയുടെ മനസ്സിലുണ്ടായിരുന്നു.
ജനല്‍ വിരിക്കു പിറകില്‍ പകല്‍ വറ്റി മുറിയില്‍ ഇരുട്ടാവാന്‍
തുടങ്ങിയിരുന്നു. ഒഴിഞ്ഞ ഗ്ലാസ്സുമായി ഡൈനിംഗ് റൂമിലേക്ക് പോവുന്ന ഹൈമ
മുറിയിലെ ലൈറ്റിട്ടു.
എത്ര മറക്കാന്‍ ശ്രമിച്ചിട്ടും ഹരിദാസിന്റെ മൊബൈല്‍ നമ്പര്‍ മനസ്സില്‍
നിന്ന് മാഞ്ഞുപോയിട്ടില്ലെന്ന് ഊര്‍മ്മിളയ്ക്കറിയാമായിരുന്നു.
തലയണക്കീഴില്‍ നിന്നും അവള്‍ അവളുടെ സെല്‍ഫോണ്‍ തപ്പിയെടുത്തു.
ഹൈമ അവളെ അറിയില്ല മരണം മറ്റൊരു ഹരിദാസിന്റേതായിക്കൂടേ എന്ന് ഊര്‍മ്മിള
ആലോചിച്ചു.
അവള്‍ക്ക് പരിചയമുള്ള ഹരിദാസിന്റെ അപകടവും മരണവും ശവസംസ്കാരവും എന്തിനിത്ര
രഹസ്യമായി സംഭവിക്കണം? ദിവാകരന്‍ എന്തിനത് അവളില്‍ നിന്നും
മറച്ചുവെക്കണം...?
സെല്‍ഫോണില്‍ ഹരിദാസിന്റെ നമ്പര്‍ ഡയല്‍ ചെയ്ത് അവള്‍ കാതില്‍ ചേര്‍ത്തു
പിടിച്ചു. മറ്റൊരു കാലത്തില്‍ അവളുടെ വിളി മറുപടിയില്ലാതെ മുഴങ്ങുന്നത്
ഊര്‍മ്മിള കേട്ടുകൊണ്ടിരുന്നു.
comments