മലിനമായ ജീവിതപരിസരങ്ങളുള്ള ദരിദ്രരും പട്ടിണിപ്പാവങ്ങളുമായ
മനുഷ്യര്‍ പകര്‍ച്ചവ്യാധി ബാധിച്ച് മരിച്ചുകൊണ്ടിരിക്കുന്നതിന്റെ
വാര്‍ത്തകള്‍ക്കിടയിലാണ് കേരളത്തിന്റെ മന്ത്രിമാര്‍ തങ്ങളുടെ വസതികളുടെ
അറ്റകുറ്റപ്പണികള്‍ക്കായി ചെലവാക്കിയ തുകയുടെ കണക്ക്
വി.എസ്.അച്യുതാനന്ദന്‍ ചില പ്രതിപക്ഷ എം.എല്‍.എ.മാരുടെ ചോദ്യങ്ങള്‍ക്കു
മറുപടിയായി നിയമസഭയില്‍ പറഞ്ഞത്. ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍
തന്റെ ഔദ്യോഗികവസതിയായ മന്മോഹന്‍ ബംഗ്ലാവ് മോടിപിടിപിക്കാന്‍ 17,40600
രൂപയും ഭക്ഷ്യപൊതുവിതരണവകുപ്പു മന്ത്രി സി.ദിവാകരന്‍ 11,75300 രൂപയും
ചെലവിട്ടു.
30,000 രൂപയുടെ കടം വീട്ടാനാകാതെ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്ത, നഴ്‌സിംഗ്
പഠിക്കാന്‍ 25,000 രൂപ ലോണ്‍ കിട്ടാതെ ഒരു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത
അതേ കേരളത്തില്‍ അതേ ദിനങ്ങളില്‍ തൊഴിലാളിവര്‍ഗ നേതാക്കളായ രണ്ടു
മന്ത്രിമാര്‍ തങ്ങളുടെ വസതികള്‍ മോടി പിടിപ്പിക്കാന്‍ 29 ലക്ഷത്തിലേറെ രൂപ
ചെലവിട്ട സംഭവം ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖത്ത് തേക്കുന്ന കരി പെട്ടെന്ന്
മായുന്ന ഒന്നല്ല. ഈ കണക്കുകള്‍ നല്‍കുന്ന അപമാനം ഇടതുപക്ഷ സര്‍ക്കാരിന്റേയോ
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയോ മാത്രം പ്രതിസന്ധിയായി
ചുരുങ്ങുന്നുമില്ല.
ഗല്‍ഫിലും ഇന്ത്യയിലെ വന്‍ നഗരങ്ങളിലുമായി ഒരു കിടക്കയുടെ ഇടം കിട്ടാന്‍
കഷ്ടപ്പെടുന്ന അതിനായി അദ്ധ്വാനത്തിന്റെ നല്ലൊരു പങ്ക് ചെലവിടേണ്ടി വരുന്ന
കാല്‍ക്കോടിയോളം മലയാളികളുണ്ട്. ലേബര്‍ക്യാമ്പിലെ മലയാളി
മലര്‍ന്നുനോക്കുമ്പോള്‍ കാണുന്നത് തീവണ്ടി ബെര്‍ത് പോലെ മറ്റൊരു
കിടക്കയാണ്. കേരളത്തിലെ നഗരങ്ങളിലെയും പട്ടണങ്ങളിലെയും ചേരികളില്‍
പാര്‍ക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്. തീരദേശങ്ങളിലെ കൂരകള്‍,
തോട്ടംതൊഴിലാളികളുടെ ചോര്‍ന്നൊലിക്കുന്ന വീടുകള്‍, ആദിവാസിഭവനങ്ങള്‍
ഒക്കെയും കേരളജീവിതത്തിന്റെ ഞെരുക്കവും ദുരിതവും അറിയിക്കുന്നവയാണ്.
ഇതിനപ്പുറം സ്വന്തമായി പാര്‍പ്പിടമില്ലാത്ത ലക്ഷക്കണക്കിന് മനുഷ്യരുടെ ഇടം
കൂടിയാണ് കേരളം.
കേരളത്തില്‍ ജീവിക്കുന്ന ഭൂരിപക്ഷം വരുന്ന മദ്ധ്യവര്‍ഗ്ഗമലയാളി പാര്‍പ്പിടം
നിര്‍മ്മിക്കാന്‍ അഞ്ചു മുതല്‍ പത്തുലക്ഷം വരെ ചെലവഴിക്കുന്നത് അയാളുടെ
ഇരുപത്തഞ്ചു വര്‍ഷത്തെ അദ്ധ്വാനം കൊണ്ടാണ്. സ്വപ്നഗൃഹങ്ങളുണ്ടാക്കുന്ന
ഉപരിവര്‍ഗം കേരളത്തില്‍ പത്തുശതമാനം വരില്ല. പതിനേഴുലക്ഷം കൊണ്ട് വസതി
മോടിപിടിപ്പിക്കുന്ന, ദേശത്തെയും ജനതയെയും തിരിച്ചറിയാത്ത ഒരു ജനപ്രതിനിധി
ധൂര്‍ത്തിലും ആര്‍ഭാടത്തിലും കൂടി ഉപരിവര്‍ഗത്തിന്റെ കൊടിയും
മൂല്യങ്ങളുമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ദരിദ്രരുടെയും
തൊഴിലാലികളുടെയും കര്‍ഷകരുടെയും സഖാവായിരിക്കുന്ന ഒരാള്‍ക്ക് ഇത്ര ഭീമമായ
തുക ചെലവിടാന്‍ എങ്ങനെയാണ് മനസ്സു വരുന്നത്?
ഒരാള്‍ ഏതു തരക്കാരനാണെന്ന് തിരിച്ചറിയാനുള്ള എളുപ്പവഴി അയാളുടെ മതവും
രാഷ്ട്രീയവുമല്ല. അയാളുടെ സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കുകയേ വേണ്ടൂ.
കൊടിയേരി ബാലകൃഷ്ണന്‍ ദീര്‍ഘകാലം നിയമസഭാംഗമായിരുന്നെങ്കിലും ആദ്യമായി
മന്ത്രിസഭയിലെത്തിയ ഒരാളാണ്. സി.ദിവാകരനാവട്ടെ ആദ്യ നിയമസഭാ
പ്രവേശനത്തില്‍ തന്നെ മന്ത്രിയാകാന്‍ അവസരമുണ്ടായി. ചില കമ്മ്യൂണിസ്റ്റ്
നേതാക്കളുടെ മനോഭാവങ്ങള്‍ക്കും പ്രവര്‍ത്തനരീതികള്‍ക്കും
ജീവിതവീക്ഷണത്തിനും അപ്പുറം ഇന്ത്യയിലെ പ്രധാന രണ്ടു കമ്മ്യൂണിസ്റ്റ്
പാര്‍ട്ടികള്‍ ചെന്നുപെട്ട പ്രതിസന്ധികളുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുകയും
ചില പ്രധാന ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന ഒരു സംഭവമാണിത്.
1. ആരാണ് ഒരു നല്ല കമ്മ്യൂണിസ്റ്റ്, അയാളുടെ വിശ്വാസവും ജീവിതവും എങ്ങനെ
ബന്ധപ്പെടുന്നു?
2. കേരളത്തിന്റെ പൊതുധാര്‍മ്മികബോധവും സാമാന്യജനതയുടെ വിചാരശേഷിയും
ഇല്ലാത്തവര്‍ എങ്ങനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍
എത്തിച്ചേരുന്നു?
3. കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കാളില്‍ വലിയൊരു വിഭാഗം ബൂര്‍ഷ്വാ
ജീവിതം നയിക്കുകയും ഇതിനെ തിരുത്താന്‍ പ്രസ്ഥാനങ്ങള്‍ക്ക് കെല്‍പില്ലാതെ
വരികയും ചെയ്യുമ്പോള്‍ എന്തുതരം സാമൂഹ്യ മാറ്റങ്ങളുടെ സാദ്ധ്യതയാണ്
മുന്നിലുള്ളത്?
ശ്രീബുദ്ധന്റെ കുട്ടിക്കാലം കൊട്ടാരത്തിലായിരുന്നു. എന്നാല്‍
ആര്‍ഭാടങ്ങളുടെ അര്‍ഥമില്ലായ്മ ബോദ്ധ്യപ്പെട്ടത് രാജകുമാരനായതുകൊണ്ടു
മാത്രമല്ല. സിദ്ധാര്‍ഥന്‍ തന്റെ പുറം കാഴ്‌ചകളെ സൂക്ഷ്മമായി
ശ്രദ്ധിക്കുകയും അവയെക്കുറിച്ച് വിചാരപ്പെടുകയും ചെയ്യുമായിരുന്നു.
വിചാരശേഷിയില്ലാത്ത ഒരാള്‍ പല ആയുസുകള്‍ കൊട്ടാരത്തില്‍ കഴിച്ചുകൂട്ടിയാലും
അയാള്‍ക്ക് ആര്‍ഭാടങ്ങളുടെ അസ്സംബന്ധം ബോദ്ധ്യപ്പെടില്ല.
ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള ഒളിവില്‍ താമസിച്ച ഭവനം ഇപ്പോഴുമുണ്ട്. അവിടെ
ഓരോ വര്‍ഷം സകുടുംബം ജീവിക്കാന്‍ കൊടിയേരിബാലകൃഷ്ണനോടും സി.ദിവാകരനോടും
നിര്‍ദ്ദേശിക്കാനും അവരെ മന്ത്രിഭവനങ്ങളില്‍ നിന്ന് കുടിയിറക്കാനും
മാര്‍ക്സിന്റെ ജീവിതകഥ മുന്‍ നിര്‍ത്തിയെങ്കിലും കമ്മ്യൂണിസ്റ്റ്
പ്രസ്ഥാനങ്ങള്‍ക്ക് കഴിയേണ്ടതാണ്.
ഈ വാര്‍ത്ത്ട ജനങ്ങളറിഞ്ഞ് ഇത്രദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവരെ പരസ്യമായി
ശാസിക്കാന്‍ പോലും കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് കഴിയാത്തത്
കേരളത്തിലെ ഇടതു വലത് രാഷ്ട്രീയമുന്നണികള്‍ തമ്മിലുള്ള വ്യത്യാസം
നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായിക്കഴിഞ്ഞു എന്ന വിമര്‍ശനത്തിന് പിന്തുണ
പ്രഖ്യാപിക്കുന്നതിന് തുല്യമാണ്. നേതാക്കള്‍ വര്‍ഗശത്രുവിന്റെ ജീവിതവേഷം
കെട്ടിയാടുമ്പോള്‍ ഇപ്പോഴും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍
സൂക്ഷിക്കുന്ന വര്‍ഗരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ
അപഹാസ്യമാകും.
comments