കഥ

ആര്യ അല്‍ഫോണ്‍സ്‌

അപരാജിതര്‍

 


താനൊരു സ്വപ്നം കാണുകയാണെന്ന് അവര്‍ക്കൊരിക്കലും തോന്നിയില്ല. മേശപ്പുറത്ത്‌ ആഹാരസാധനങ്ങള്‍ വിളമ്പിവെച്ചതായിരുന്നു. പക്ഷെ, പാത്രങ്ങളില്‍ നിന്നൊക്കെ ചുവന്നുകൊഴുത്ത ഒരു ദ്രാവകം മേശപ്പുറത്തേക്ക്‌ ഒഴുകിപ്പരക്കുകയാണ്‌. മേശവിരിപ്പിനും സൂപ്പുപാത്രത്തിനുമൊക്കെ ഭീതിപ്പെടുത്തുന്ന ചുവപ്പുനിറം.

മിത്രയാണ്‌ നെറ്റിയില്‍ കൈവച്ചുണര്‍ത്തിയത്‌.സ്വപ്നം കാണുകയാണെന്ന് അവര്‍ക്കപ്പോഴും തോന്നിയില്ല. അവര്‍ അങ്ങനെയായിക്കൊണ്ടിരിക്കുകയായിരുന്നു. ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന കടുത്ത രക്തസ്രാവകാലം മുഴുവനും അശാന്തമായ സ്വപ്നങ്ങള്‍. മിക്കപ്പോഴും പാത്രങ്ങള്‍ കവിഞ്ഞൊഴുകി മുറികളുടെ വിരിപ്പുകള്‍ വരെ നനയുകയാണ്‌. ചിലപ്പോള്‍ കൈമുറിയുന്നത്‌... അല്ലെങ്കില്‍ പടി തട്ടി വീഴുന്നത്‌... അവര്‍ ഞെട്ടിയെണീക്കും.സ്നേഹത്തോടെ ആര്‍ത്തലച്ചുവരാറുള്ള രക്തപ്പുഴകള്‍. അവരുടെ പീഡനകാലം അവസാനിക്കുകയാണെന്നുപോലും തോന്നിക്കുന്ന ചില ദിവസങ്ങള്‍.

മിത്ര കുറച്ചുനേരംകൊണ്ട്‌ അവര്‍ക്ക്‌ തുണിമാറ്റിക്കൊടുത്തു. എന്നിട്ട്‌ സൂപ്പുപാത്രം ചുണ്ടിനടുത്തേക്ക്‌ പിടിച്ച്‌ പതുക്കെ കോരിക്കൊടുത്തു. സുഖക്കേടില്ലാത്ത ദിവസമാണെങ്കില്‍ ഇങ്ങനെയായിരുന്നില്ല, അവരതു കുടിക്കുന്നത്‌. മിത്രയാണെങ്കില്‍ സ്പൂണുകൊണ്ട്‌ പാത്രത്തില്‍ തട്ടി എന്തെങ്കിലും ശബ്ദമുണ്ടാക്കും . മിക്കവാറും ഏതെങ്കിലും പരസ്യഗാനത്തിന്റെ താളം. ഇന്ന് എന്തൊരു സുന്ദരമായ ദിവസമാണെന്ന് അവള്‍ അവരോടു പറയുന്നതാണത്‌. അവള്‍ മൊരിച്ച റൊട്ടിക്കഷണങ്ങള്‍ കോരിയെടുത്ത്‌ അവരുടെ വായില്‍ വെച്ചുകൊടുത്തു.

സന്ധ്യയായാല്‍ ബാല്‍ക്കണിയില്‍പ്പോയി മേഘങ്ങള്‍ ഓടിപ്പോകുന്നതു നോക്കി അങ്ങനെ നില്‍ക്കും. അല്ലെങ്കില്‍ എന്നും കാണാറുള്ള വസ്തുക്കളെക്കുറിച്ച്‌ 'ഓ ഇവ ഇങ്ങനെയായിരുന്നോ' എന്ന്‌ അപ്പോള്‍ മാത്രം കണ്ടുപിടിച്ച മട്ടില്‍ പ്രസ്താവനകള്‍ നടത്തും. പുറത്തുനിന്നൊരാള്‍ അതു കണ്ടാല്‍, അവര്‍ സന്തോഷം അഭിനയിക്കുകയാണോ എന്നു പോലും സംശയിച്ചുപോകും. പക്ഷേ, അവര്‍ സന്തോഷിക്കുകതന്നെയായിരുന്നു. സന്തോഷം എങ്ങനെയായിരുന്നുവെന്ന് ഓര്‍ത്തെടുക്കുകയായിരുന്നു.



മിത്ര

പറയേണ്ടവയില്‍ കുറേ കാര്യങ്ങള്‍ വിട്ടുകളയേണ്ടിവരികയും പറയുന്നതില്‍ കുറച്ച്‌ നിങ്ങള്‍ക്ക്‌ മനസ്സിലാവാതെവരികയും ചെയ്യുമെന്ന് എനിക്കറിയാം. എന്തോ ഒരു വാല്‍സല്യം എന്നോട്‌ തോന്നുന്നുവെന്ന് നിങ്ങള്‍ പറഞ്ഞതുകൊണ്ടുമാത്രം.

ജീവിതം ( മൂടല്‍മഞ്ഞുവീണുകിടക്കുന്ന, ആളൊഴിഞ്ഞ നടപ്പാത) സ്വപ്നത്തിനും സ്വപ്നത്തിനും ഇടയ്ക്കുള്ള ഒരു നിമിഷം. നിങ്ങളുടെ വീടിനു കുറച്ചപ്പുറത്ത്‌ ഇടുങ്ങിയ ഒരു വാടകമുറിയിലാണ്‌ ഞങ്ങള്‍. ദീദിയും ഞാനും. ഇരുട്ടുവീഴുമ്പോള്‍, ഞാന്‍ ജോലികഴിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍, ഞങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നു. ഒരുമിച്ച്‌ പാചകം ചെയ്യുന്നത്‌...രാവേറെചെല്ലുംവരെ സംസാരിച്ചിരിക്കുന്നത്‌...(ദീദിയുടെ സുഖക്കേട്‌ തുടങ്ങിയിട്ട്‌ കുറച്ചു മസങ്ങളേ ആയിട്ടുള്ളൂ. അനാഥമായ ഒരു ഗര്‍ഭപാത്രത്തിന്റെ ദു:ഖം, അങ്ങനെയാണ്‌ ദീദി പറയാറ്‌) അവര്‍ ഒരു വിധവയണ്‌. അല്ല, ഭര്‍ത്താവ്‌ ഉപേക്ഷിച്ചു പോയ ഒരു സ്ത്രീയെ വിളിക്കുന്ന ഒറ്റവാക്ക്‌ അറിയാത്തതുകൊണ്ട്‌ ഞാന്‍ അങ്ങനെയാണ്‌ വിചാരിക്കാറ്‌. ഒറ്റവാക്കില്‍ തപ്പിത്തടയുന്ന ജീവിതം, അതാണ്‌ എന്റെ അരികില്‍ , എന്റെ ഹൃദയത്തിന്നടുത്ത്‌.



ദീദി

കട്ടിലിന്റെ വിരിപ്പില്‍ വരച്ചുവെച്ച മങ്ങിയ ചിത്രം പോലെ കിടക്കുന്നു. അവര്‍ക്കു തലപൊക്കാന്‍ കൂടി കഴിയുന്നുണ്ടായിരുന്നില്ല. കണ്‍പോളകള്‍ നീരുവച്ചിരുന്നു. എന്നിട്ടും മിത്ര, സ്പൂണ്‍ കൊണ്ടു സൂപ്പുപാത്രത്തില്‍ പഴയൊരു ട്യൂണ്‍ വായിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പുഞ്ചിരിച്ചു. അവള്‍ക്കു സമാധാനമായി.

'നിന്റെ സൂരജ്‌ ഇന്നെന്തു പറഞ്ഞു, മിത്രാ?'

ദീദി പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.

അവന്റെ കാര്യമെന്തെങ്കിലും പറയാന്‍ അവള്‍ തുടങ്ങുകയായിരുന്നു. മിത്ര എന്നത്തെയും പോലെ കലപില തുടങ്ങി. ഇന്ന് ഒരുമിച്ച്‌ 'ബൈസിക്കിള്‍ തീവ്‌സ്‌' കാണാന്‍ ടാക്കീസില്‍ പോയത്‌... അസ്ലുക്കയുടെ കടയില്‍ നിന്ന് ബദാം മില്‍ക്ക്‌ കുടിച്ചത്‌... അങ്ങനെ എന്തൊക്കെയോ. സൂരജിനെപ്പറ്റി പറയുമ്പോള്‍, ദീദി ചാടിയെണീറ്റിരിക്കുമെന്ന് അവള്‍ ഭയപ്പെട്ടു. അവര്‍ അവളോട്‌ പറയാറുണ്ട്‌, എന്തൊരു തീക്ഷണമായ പേരാണ്‌ സൂരജ്‌ എന്നതെന്ന്... തീ കത്തുന്നതുപോലെ. ഒരു മിന്നല്‍ പോലെ... അപ്പോള്‍ അവള്‍ പറയും, അവന്‍ അങ്ങനെതന്നെയാണെന്ന്.

ദീദി കട്ടിലില്‍ ചാരിക്കിടക്കുമ്പോള്‍ അരികത്തിരുന്നു സംസാരിക്കാന്‍ അവള്‍ ഇഷ്ടപ്പെട്ടിരുന്നു. അവന്റെ മേല്‍ചുണ്ടിന്റെ സുന്ദരമായ വളവും കൈത്തണ്ടയിലെ ത്രസിച്ചുനില്‍ക്കുന്ന ഞരമ്പുകളും ആ കണ്ണുകളിലെ കാരുണ്യവും അവള്‍ വിശദീകരിക്കുമ്പോള്‍, ഞാന്‍ ആദ്യമായി ഒരു പുരുഷനെ ഇഷ്ടപ്പെടുന്നുവെന്ന് ദീദി മനസ്സില്‍ പറയുന്നത്‌ അവള്‍ പിടിച്ചെടുത്തിരുന്നു. അവനെപ്പറ്റി കേള്‍ക്കാനാണ്‌ അവര്‍ ജീവിച്ചിരിക്കുന്നതെന്നു പോലും അവള്‍ക്കു തോന്നി.

അവന്റെ ശരീരത്തെ സംബന്ധിച്ച്‌ നിഗൂഢമായ ചിലതുണ്ടെന്ന് ഒരിക്കല്‍ ഒരു വെളിപാടു പോലെ അവള്‍ അവരോടു പറഞ്ഞു. മെല്ലിച്ച്‌ ചെറുതായി പനിക്കുന്ന ശരീരം.അതില്‍ പല ജന്മങ്ങളില്‍ പകരാനുള്ള ചൂടുണ്ടെന്ന് അവന്‍ പറഞ്ഞത്‌ .. . ഓരോ വേരിലും ഞരമ്പിലും ചില്ലയിലും സ്നേഹം തുടിച്ച ഒരു വേനല്‍ മരം..

ദീദി മച്ചിലേക്ക്‌ നോക്കിക്കിടന്ന് വിഷാദപൂര്‍വം മന്ദഹസിക്കുകയായിരുന്നു.

'അവന്‍ എങ്ങനെയാണ്‌ നിന്നെ ചുംബിക്കുന്നത്‌?'

ഒരു ചോദ്യം ചോദിക്കുന്നതുപോലെയല്ല, അബോധത്തില്‍ എന്തോ ആലോചിക്കുന്നതുപോലെ അവര്‍ ചോദിച്ചു. അവര്‍ കുറച്ചുനേരം സംസാരിച്ചില്ല. പിന്നെ അവള്‍ പറഞ്ഞു.

'കണ്ണുകള്‍ കൊണ്ട്‌.... എന്റെ നെറ്റിയിന്മേല്‍.'

അവര്‍ കണ്ണുകളടച്ചു. അവന്‍ മൃദുവായി സംസാരിക്കുമ്പോള്‍, താന്‍ ആലിംഗനം ചെയ്യപ്പെട്ടുവെന്ന് തോന്നാറുണ്ടെന്ന് അവള്‍ ഒരിക്കല്‍ പറഞ്ഞതോര്‍ത്തുകൊണ്ട്‌.പിന്നെ അവളുടെ വിരലുകളില്‍ ചുംബിച്ചു. അവള്‍ക്ക്‌ കരയാനായി അപ്പുറത്തേക്ക്‌ എണീറ്റു പോകണമെന്നുണ്ടായിരുന്നു. വാക്കുകള്‍ക്കിടയിലുള്ള കനത്ത നിശബ്ദത അവളെ ശ്വാസം മുട്ടിച്ചു.

 


'എന്നെ ഭര്‍ത്താവ്‌ ഉപേക്ഷിച്ചു പോയതെന്തിനാണെന്ന് ഇപ്പോഴും എനിക്കറിയില്ല.'

അതു പറയുമ്പോള്‍ എന്നത്തെക്കാളും ക്ഷീണിതയായി കാണപ്പെട്ടു. അവര്‍ ഇപ്പോള്‍ മരിച്ചുപോവുമെന്ന് തോന്നി.

'സന്ദര്‍ശകരില്ലാത്ത ശവകുടീരങ്ങള്‍ പോലുള്ള എന്റെ ജീവിതം'.

അവളുടെ വസ്ത്രങ്ങള്‍ ചുവന്ന കണ്ണുനീരില്‍ കുതിര്‍ന്നു. ഒരു സ്ത്രീ എന്നാലെന്തെന്ന് ഒരിക്കലും ഒരു പുരുഷനും കണ്ടെത്തുകയില്ല. മാസത്തില്‍ ഒരു തവണ വേദന വരുമ്പോള്‍ ,'ഞാന്‍ നിന്നെ സ്നേഹിക്കുന്നു', എന്നൊന്നു കേട്ടാല്‍ മതി, അവള്‍ക്ക്‌. വല്ലപ്പോഴും കണ്ണുകളില്‍ ഒരു ചുംബനം കിട്ടിയാല്‍ മതി, അവള്‍ക്ക്‌. എന്നിട്ടും പീഢിതമായി ... പീഢിതമായി.

അവര്‍ എന്തെങ്കിലും ഒരു സ്വപ്നം പ്രതീക്ഷിച്ചു കിടന്നു. മുഴുവനായും തകര്‍ന്നു പോയിട്ടുണ്ടെന്ന് അവള്‍ക്ക്‌ മനസ്സിലായി. ഉള്‍വശം ദ്രവിച്ചു തീര്‍ന്നുവെന്ന്, എന്നെന്നേക്കുമായി അവര്‍ നഷ്ടപ്പെടുകയാണെന്ന്.

മിത്ര

നിങ്ങള്‍ വിചാരിക്കുന്നത്ര ദു:ഖിതയല്ല ഞാന്‍. കുട്ടിക്കാലത്ത്‌ ദൈവം കുറച്ചുപേരെ മാത്രം കഷ്ടപ്പെടുത്തുന്നതും കൈവിട്ടുകളയുന്നതും എന്തിനെന്നു ഞാന്‍ സങ്കടപ്പെട്ടിരുന്നു.പക്ഷേ, അദ്ദേഹത്തിനും അത്രയൊക്കെയേ കഴിയൂ എന്ന് വളര്‍ന്നപ്പോള്‍ മനസ്സിലാക്കി. എന്തൊക്കെയാണെങ്കിലും ജീവിതം സുന്ദരമാണ്‌. ഒരു മൂടല്‍മഞ്ഞ്‌ പൊതിഞ്ഞിരിക്കുന്നതു പോലെ. ഒരു സ്വപ്നത്താല്‍ ചുറ്റപ്പെട്ടതുപോലെ.

മേല്‍ച്ചുണ്ടിന്റെ സുന്ദരമായ വളവും കൈത്തണ്ടയിലെ ത്രസിച്ചു നില്‍ക്കുന്ന ഞരമ്പുകളും കനത്ത താടിയെല്ലും കണ്ണുകള്‍ ചെറുതാക്കി കൂര്‍പ്പിച്ച തുളഞ്ഞു കയറുന്ന നോട്ടവും... പുരുഷന്റെ ഓരോ പ്രത്യേകതയും സൗന്ദര്യമാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. നിനക്ക്‌ എന്നെ വിശ്വാസമില്ലേയെന്ന് ഒരു പുരുഷന്‍ മുഖം അടുപ്പിച്ചു നിന്ന് തീവ്രമായി ചോദിക്കുന്നത്‌- തീവ്രമായി സ്നേഹിക്കപ്പെടുന്നത്‌ - അതാണ്‌ ഭൂമിയിലെ ഏറ്റവും സുന്ദരമായ കാര്യമെന്ന് ഞാന്‍ വിചാരിച്ചിരുന്നു.

പക്ഷേ, സ്നേഹമെന്ന സാമ്രാജ്യം എന്നും അതിന്റെ അതിരുകള്‍ സംരക്ഷിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അവയോട്‌ പൊരുതിപ്പൊരുതി ക്ഷീണിച്ചു. പ്രളയത്തിലകപ്പെട്ട ഒരു ദ്വീപു പോലെ ഞാന്‍ അകലേക്ക്‌ ഒഴുകിപ്പോയി. പിന്നീട്‌ സ്വപ്നം കൊണ്ട്‌ ഒരു ജീവിതം നിര്‍മ്മിച്ചു. സൂരജ്‌ വെറും ഒരു സ്വപ്നമാണ്‌. ഹൃദയം പൊട്ടുന്ന വേദനയില്‍ എത്രയോ രാത്രികള്‍ കൊണ്ട്‌ നെയ്‌തെടുത്ത ഒരു സ്വപ്നം. ദീദി അവനെ പ്രേമിക്കുന്നുവെന്ന് ഞാന്‍ ഭയപ്പെടുന്നു. അവനെപ്പറ്റി കേള്‍ക്കുന്ന നിമിഷങ്ങളില്‍, അവരുടെ ചുണ്ടുകള്‍ വിറകൊള്ളുന്നത്‌ ഞാന്‍ അറിഞ്ഞിരുന്നു. എനിക്കു ദു:ഖമില്ല. . ഒന്നുമില്ലെങ്കിലും നഷ്ടപ്പെടുന്നതിനുമുമ്പ്‌ നമ്മളറിയുമല്ലോ... നഷ്ടപ്പെടുകയാണെന്ന്.

ഇരുട്ടായിക്കഴിഞ്ഞിരിക്കുന്നു. പുറത്തെ ആരവങ്ങള്‍ പെട്ടെന്ന് നിലച്ചുപോയതുപോലെ. കാലുകള്‍ക്ക്‌ നേരിയ തളര്‍ച്ചയുണ്ട്‌. ഇനിയും സഞ്ചരിക്കാന്‍ ഏറെ ദൂരമൊന്നുമില്ലെന്ന് അവര്‍ മനസ്സിലാക്കി. കുട്ടിക്കാലത്ത്‌ കേള്‍ക്കാറുണ്ടായിരുന്ന തരം ശബ്ദങ്ങള്‍ മുറിയില്‍ പെരുകി വന്നു. കുഞ്ഞുജീവികള്‍ ചെറിയ ശബ്ദം ഉണ്ടാക്കിക്കൊണ്ട്‌ അവരെ വലയം ചെയ്തു. എന്തിനെയോ പ്രതിരോധിക്കാന്‍, എന്തൊക്കെയോ മറക്കാനെന്നപോലെ, ദീദിയും അവളും മുറുകെ കെട്ടിപ്പിടിച്ചുകിടന്നു.

നിരത്തിലെ കട്ടപിടിച്ച ഇരുട്ടില്‍ ചാരനിറം പൂണ്ട ആകാശത്തിനുകീഴെ ജീര്‍ണ്ണിച്ച ആ കെട്ടിടം പോലെ അനങ്ങാതെ കിടന്നു.
 

comments