 |
 |
ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ തിരസ്‌കൃതരാക്കപ്പെടുന്നവര്‍
കാലത്തിന്റെ മൂടുപടം നീക്കി പുറത്തുവരും. ചരിത്രം അത്തരം അനുഭവങ്ങളുടെ
തുടര്‍ച്ചയാണ്. ചിത്രകലാലോകത്ത് ഇത്തരക്കാരെ കണ്ടെത്താനുള്ള ഒരു ശ്രമം;
കാലത്തിനു മുമ്പേ നടന്ന ഒരു കലാകാരനെ അല്ലെങ്കില്‍ കലാകാരിയെ
പരിചയപ്പെടുത്തുന്ന പംക്തി തുടങ്ങുന്നു. ഒപ്പം ചിത്രകാരനും ശില്‍പിയും
ഫോട്ടോഗ്രാഫറുമായ ഷംസുദ്ദീന്‍ മൂസ ഇവരെ വിലയിരുത്തുകയും ചെയ്യുന്നു.
സ്പാനിഷ് നവോത്ഥാനത്തിന്റെ ശില്‍പിയായി അറിയപ്പെടുന്ന എല്‍ ഗ്രീക്കോ ഇരു
വിഭാഗത്തിലും ഉള്‍പ്പെടുത്താവുന്ന വ്യക്തിയാണ്. ഞാന്‍ ഗ്രീക്കുകാരനെന്ന്
വിളിച്ചു പറഞ്ഞ എല്‍ ഗ്രീക്കോ എന്നറിയപ്പെടുന്ന ഡൊമനിക്കോസ്
തിയോറ്റോകോപുലസാണ് ആദ്യ ലക്കത്തില്‍.
ദൃഷ്ടി കണ്ണുകളിലേക്കല്ല, ഉയരങ്ങളിലേക്ക്... രൂപങ്ങള്‍ സധാരണയിലും വലിപ്പം
കൂടിയവ. നിറങ്ങള്‍ രാജകീയം. എല്‍ ഗ്രീക്കോ എന്ന വിഖ്യാത ഗ്രീക്ക്
ചിത്രകാരനെക്കുറിച്ച് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ഇത്ര
മാത്രം. പക്ഷേ ഈ ചിത്രകാരന്‍ സഞ്ചരിച്ച വഴികളിലൂടെ നോക്കിയാല്‍ കിട്ടുന്ന
രേഖാചിത്രം അത്ര എളുപ്പമല്ല.
1541ല്‍ ക്രീറ്റില്‍ ജനിച്ച ഡൊമനിക്കോസ് തിയോറ്റോകോപുലസാണ്
ഗ്രീക്കുകാരന്‍ എന്ന അര്‍ത്ഥം വരുന്ന എല്‍ ഗ്രീക്കോ ആയി പിന്നീട്
അറിയപ്പെടാന്‍ തുടങ്ങിയത്. ബിംബചിത്രരചനയില്‍ പരിശീലനം നേടിയ അദ്ദേഹം
ഇരുപത്തിയാറാം വയസ്സില്‍ വെനീസിലേക്ക് യാത്രയായി. ടിഷ്യന്റെയും
ടിന്റോറിറ്റോയുടെയും ശിക്ഷണത്തില്‍ പാശ്ചാത്യ ചിത്രരചനാരീതി ഇവിടെ നിന്ന്
എല്‍ ഗ്രീക്കോ അഭ്യസിച്ചതായി കരുതപ്പെടുന്നു. ഒരു വര്‍ഷം വെനീസില്‍
ചെലവഴിച്ച ശേഷം റോമിലേക്ക് പോയി. ഇവിടെ വെച്ചാണ് എല്‍ ഗ്രീക്കോയുടെ
കലാജീവിതം മാറിമറിഞ്ഞത്. യഥാതഥാവിഷ്കാരത്തിന്റെ തലത്തില്‍ നിന്നു മാറി
മനോവ്യാപാരമനുസരിച്ചുള്ള രൂപരചനയ്ക്ക് പ്രാധാന്യം നല്‍കുന്ന ശൈലിയില്‍
(മാനറിസം) എല്‍ ഗ്രീക്കോ ആകൃഷ്ടനായി. മൈക്കലാന്‌ജലോയുടെ പാതയെ
വഴികാട്ടിയാക്കി മാനറിസത്തിലൂന്നിക്കൊണ്ടുള്ള ചിത്രരചനയാണ് പിന്നീട്
എല്‍ഗ്രീക്കോ പിന്തുടര്‍ന്നത്. ഇതാണ് ഒടുവില്‍ എല്‍ ഗ്രീക്കോയുടേ
ചിത്രരചനയ്ക്ക് അടിത്തറ പാകിയതെന്ന് പറഞ്ഞാലും തെറ്റില്ല. പക്ഷേ അതിന്
ഗ്രീക്കോയുടേതായ നിറക്കൂട്ടുകളും രൂപപ്രകൃതിയുമൊക്കെയുണ്ടായിരുന്നു.
ആത്മീയതയുടെ തലത്തില്‍ നിന്നുകൊണ്ടുള്ള രചനാരീതി പക്ഷെ കാലത്തിനും മുമ്പെ
ചരിക്കുന്നതായിരുന്നു. ഒരു പക്ഷെ എല്‍ ഗ്രീക്കോ പോലും അത്
തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.
 |
 |
മൈക്കലാന്‌ജലോ ചിത്രങ്ങളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് എല്‍ ഗ്രീക്കോ
അക്കാലത്ത് അത്മീയതയുടെ സിരാകേന്ദ്രമായിരുന്ന സ്പെയിനിലേക്ക് യാത്രയായി.
പക്ഷെ താനൊരു ഗ്രീക്കുകാരനാണെന്ന യാഥാര്‍ത്ഥ്യം ഒരിക്കലും അദ്ദേഹം
മറന്നില്ല.
വെറുമൊരു തുടക്കക്കാരനാണെന്ന ലേബലില്‍ നിന്ന് പരീക്ഷണകുതുകിയായ
ചിത്രകാരന്റെ പദവിയിലേക്ക് ഗ്രീക്കോ ഉയര്‍ന്നു. ആത്മീയതയുടെ
സിരാകേന്ദ്രമായിരുന്ന സ്പെയിനിലെ ടോലിഡോയില്‍ കുടിയേറിയ ഗ്രീക്കോയെ
തുടര്‍ന്നിങ്ങോട്ട് സ്വാധീനിച്ചത് ക്രിസ്തുമതവും ക്രിസ്തീയ
ഛായാചിത്രങ്ങളുമാണ്. അന്ന് വരയ്ക്കാനുണ്ടായിരുന്നതും ക്രിസ്തീയതയെ
അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളായിരുന്നു. മാനറിസത്തിന്റെ വഴി സ്വീകരിച്ച്
ഭാവാവിഷ്കാരത്തിന്റെ അത്യുന്നതികളിലെത്തിയ ഗ്രീക്കോയെയാണ് പിന്നീട്
കാണുന്നത്.

സ്പാനിഷ് നവോത്ഥാന നായകനായ ഗ്രീക്കോയെ പ്രശസ്തിയിലേക്കുയര്‍ത്തിയത്
അദ്ദേഹത്തിന്റെ ചിത്രങ്ങളിലെയും ശില്‍പങ്ങളിലെയും ഗ്രീക്ക് സ്പര്‍ശമാണ്.
അതുകൊണ്ടു തന്നെ തന്റെ സൃഷ്ടികളിലെന്ന പോലെ തന്റെ പേരിനൊപ്പവും ഗ്രീക്ക്
സ്പര്‍ശം മുദ്രണം ചെയ്ത് എല്‍ ഗ്രീക്കോ എന്നറിയപ്പെടാനാണ്
ചിത്രങ്ങള്‍ക്കൊപ്പം എല്‍ ഗ്രീക്കോ എന്ന പേര് നല്‍കിയത്.
ചിത്രകലയ്ക്ക് നിയതമായ സങ്കേതങ്ങളും അളവുകോലുമുണ്ടായിരുന്ന ഒരു കാലത്തെ
ചട്ടക്കൂടുകള്‍ ഭേദിച്ച് അദ്ദേഹം രചിച്ച ചിത്രങ്ങള്‍ വിപ്ലവകാരിയായ
കലാമനസ്സാണ് വെളിവാക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുണ്ടായിരുന്ന
കൂച്ചുവിലങ്ങുകളില്‍ വീഴാതെ സ്വന്തമായ വഴിയിലൂടെ ചിത്രരചനയില്‍
ശ്രദ്ധയൂന്നിയ എല്‍ ഗ്രീക്കോ ചായക്കൂട്ടുകളിലൂടെ നവോത്ഥാനചരിതമെഴുതി.
ഗ്രീക്കോയുടേ വരകളില്‍ നിറഞ്ഞു നിന്ന മാനറിസമെന്ന ഭാവതീവ്രത തിരിച്ചറിയാതെ,
സാധാരണയിലും കവിഞ്ഞ നീളവും വണ്ണവുമൊക്കെയുണ്ടായിരുന്ന രൂപങ്ങള്‍, എന്തോ
ദൃഷ്ടിവൈകല്യത്തിന്റെ ഫലമാണെന്ന് കരുതാനായിരുന്നു അക്കാലത്ത് പലര്‍ക്കും
താല്‍പര്യം. കണ്ടു പരിചയിച്ചിട്ടില്ലാത്ത വരകളും ചായക്കൂട്ടുകളും അതുകൊണ്ടു
തന്നെ ഗ്രീക്കോയുടെ കാലത്ത് തിരിച്ചറിയപ്പെടാതെ പോയി.

ഗ്രീക്ക് കഥാപാത്രസൃഷ്ടിയെന്നപോലെ ക്രീറ്റന്‍ സ്വാധീനതയിലും എല്‍ ഗ്രീക്കോ
ചിത്രങ്ങള്‍ വരച്ചു. ബൈസന്റാനിയന്‍ മാതൃകയിലുള്ള അത്തരം ചിത്രങ്ങള്‍ വളരെ
കുറച്ചു മാത്രമെ അവശേഷിച്ചിട്ടുള്ളൂ. ഇറ്റാലിയന്‍ കാലഘട്ടത്തില്‍ വരച്ച
ചിത്രങ്ങളില്‍ അവശേഷിക്കുന്നത് വാഷിംഗ്‌ടണിലെ മിനപോളിസ്
ഇന്‍സ്റ്റിറ്റൂട്ട് ഒഫ് ആര്‍ട്സില്‍ സൂക്ഷിച്ചിട്ടുള്ള 'പ്യൂരിഫിക്കേഷന്‍
ഒഫ് ദ ടെംപിള്‍', നേപ്പിള്‍സിലെമ്യൂസിയത്തിലെ ഗുലിയോ ക്ലോവിയോ ഛായാചിത്രം
എന്നിവയാണ്.
റോമില്‍ നിന്ന് ടോലിഡോയില്‍ 1577ല്‍ എത്തിയ എല്‍ ഗ്രീക്കോ ശേഷിച്ച കാലം
ചെലവഴിച്ചത് അവിടെയായിരുന്നു. പ്രശസ്തമായ പല അള്‍ത്താര ചിത്രങ്ങളും ജന്മം
കൊണ്ടത് ഇവിടെയായിരുന്നു. ചിത്രകാരനെന്ന നിലയില്‍ ഗ്രീക്കോ പൂര്‍ണ്ണത
പ്രാപിച്ചതും ഇവിടെയായിരുന്നു. ടൊലിഡോ കത്തീഡ്രലില്‍ 1577- 79 കാലയളവില്‍
വരച്ച ക്രൈസ്റ്റ് സ്ട്രിപ്പ്‌ട് ഒഫ് ഹിസ് ഗാര്‍മെന്റ്‌സ്, ചിക്കാഗോ
ആര്‍ട്ട് ഇന്‍സ്റ്റിറ്റൂട്ടില്‍ വരച്ച 'ദ അസംപ്ഷന്‍ ഒഫ് ദ വേര്‍ജിന്‍',
1586-88 കാലയളവില്‍ വരച്ച 'ദ ബറിയല്‍ ഒഫ് കൗണ്ട് ഓര്‍ഗാസ്' തുടങ്ങി
ഒട്ടനവധി അള്‍ത്താര ചിത്രങ്ങള്‍ അദ്ദേഹം വരച്ചു. അള്‍ത്താരയുടെ മുഖമുദ്ര
തന്നെ മാറ്റി മറിച്ച ശില്‍പിയായും ഇദ്ദേഹം മാറി. അതുപോലെ മികച്ച
ഛായാചിത്രകാരനെന്ന ഖ്യാതിയും ഇക്കാലയളവില്‍ ആദേഹം നേടി. അനുഗ്രഹീത
കലാകാരനെന്ന പൊതു ജനസമ്മതിയെക്കാള്‍ കിറുക്കനായ എന്തൊക്കെയോ വൈകല്യമുള്ള
ഒരു ചിത്രമെഴുത്തുകാരന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. പക്ഷെ കാലം
അദ്ദേഹത്തെ ആര്‍ക്കിട്ടെക്റ്റ്, ശില്‍പി, ഛായാചിത്രകാരന്‍, കലാകാരന്‍,
കലാവിമര്‍ശകന്‍, എല്ലാത്തിലുമുപരി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ
മുഖമുദ്രയായ എക്സ്പ്രഷനിസം അഥവാ ഭാവാവിഷ്‌കാരത്തിന്റെ ഉപജ്ഞാതാവാക്കി. എല്‍
ഗ്രീക്കൊ ഇന്ന് മാനറിസത്തിന്റെയല്ല എക്സ്പ്രഷനിസത്തിന്റെ ആചാര്യനാണ്.
 |
 |
ആത്മീയതയുടെ ചിത്രഭാഷമാത്രമല്ല
- ഷംസുദ്ദീന്‍ മൂസ
എല്‍ ഗ്രീക്കോയുടെ ചിത്രങ്ങളെക്കുറിച്ചു പറയുമ്പോള്‍ എടുത്തു പറയേണ്ടത്
പശ്ചാത്താപവിവശനായ സെന്റ് പീറ്ററിന്റെ ചിത്രമാണ്. സെന്റ് പീറ്ററിനെ ഇത്ര
ഭംഗിയായി മറ്റൊരു ചിത്രകാരനും വരച്ചതായി തോന്നുന്നില്ല. അ കരുണ മുറ്റി
നില്‍ക്കുന്ന കണ്ണുകളും പശ്ചാത്താപത്താല്‍ വിവശനുമായ പീറ്ററിനെ മറ്റൊരു
പീറ്റര്‍ ചിത്രത്തിലും കാണുവാന്‍ സാധിക്കില്ല. യേശുവിന്റെ പീഡിതരൂപം
ക്രൈസ്റ്റ് സ്ട്രിപ്‌ട് ഒഫ് ഹിസ് ഗാര്‍മെന്റ്‌സ് നല്‍കുന്നു.
പീഡിതരൂപത്തിലെ ആത്മീയത, ചൈതന്യം ഒക്കെ ഗ്രീക്കോ വരച്ചത് ഇന്നും ആര്‍ക്കും
ഇത്ര തീവ്രമായി ആവിഷ്‌കരിക്കാന്‍ സാധിച്ചിട്ടില്ല. ആത്മീയത ആദ്യമായി
കൈകാര്യം ചെയ്യുന്ന വ്യക്തിയുമല്ല എല്‍ ഗ്രീക്കോ. പക്ഷെ ഗ്രീക്കോയുടെ
ആത്മീയതയുടെ തലം തികച്ചും വ്യത്യസ്തമായ രീതിയിലാണെന്നു മാത്രം. വക്രിച്ച
രൂപങ്ങള്‍; അത്രയൊന്നും എടുപ്പില്ലെന്നു തോന്നുന്ന, എന്നാല്‍ പ്രൗഢമായ
നിറക്കൂട്ടുകള്‍.
ആത്മീയതയ്ക്കു ചിത്രഭാഷ്യം ചമയ്ക്കുക മാത്രമല്ല അന്നുവരെ
കിട്ടിയിട്ടില്ലാത്ത രൂപസൃഷ്ടിയും ഗ്രീക്കോ നടത്തി. ആത്മീയരൂപങ്ങള്‍
സാധാരണഗതിയില്‍ ചൈതന്യം നിറഞ്ഞ് മൃദുലമായ, കൂടുതല്‍ സ്ത്രൈണമെന്നു
തോന്നിക്കുന്ന വിധത്തിലാണ് രചിക്കപ്പെടാറുള്ളത്. പക്ഷേ ഗ്രീക്കോയുടെ
കൈകളിലത് പുരുഷത്വത്തിന്റെ കൂടി പ്രതീകമായി. ദൃഢമായ പേശികള്‍, അതേസമയം
വലിച്ചുനീട്ടിയോ സ്ഥൂലമാക്കിയതോ ആയ രൂപങ്ങള്‍.

അക്കാലത്തെ ചിത്രരചന കമ്മിഷന്‍ ചെയ്ത വര്‍ക്കുകളാണ്. അതായത് ചിത്രകാരന്
സ്വന്തം ആഗ്രഹത്തിനനുസരിച്ച് വരയ്ക്കുക ബുദ്ധിമുട്ടാണ്.
ആവിഷ്കാരസ്വാതന്ത്ര്യത്തെക്കാള്‍ ആവിഷ്കാര മാനദണ്ഡങ്ങള്‍ക്ക് മുന്‍ഗണന
ഉണ്ടായിരുന്ന കാലത്തും തന്റേതായ വഴിയിലൂടെ തന്നെ എല്‍ ഗ്രീക്കോ സഞ്ചരിച്ചു.
ആത്മീയത മാത്രം വിഷയീഭവിച്ച കാലത്ത് ആ തലത്തില്‍ നിന്നുകൊണ്ട്
ചിത്രകലയിലെ വിപ്ലവകാരിയായി ഗ്രീക്കോ.
comments