കഴിഞ്ഞ ലക്കം തുടര്‍ച്ച
മറ്റുള്ളവര്‍ പിയസ്സയ്ക്കു ചുറ്റും പട്ടികളുമായി വിശദമായ
പരിശോധന നടത്തുമ്പോള്‍ പ്രദേശം നോക്കി വരാന്‍വേണ്ടി
നിയോഗിക്കപ്പെട്ടവരായിരുന്നു ഈ രണ്ടു ജര്‍മ്മന്‍കാര്‍. തോക്കു
നീട്ടിപ്പിടിച്ച്, പെരുവിരലുമാത്രം നിലത്തൂന്നിയാണ് അവര്‍ നടന്നിരുന്നത്.
അവിടെ ഒരു ഇടവഴിയുണ്ടെന്ന കാര്യം പോലും അവര്‍ കണ്ടില്ല. കൊസാക്കുകള്‍ രണ്ടു
നിഴലുകളിലേയ്ക്കാണ് ചാടിവീണത്, ആ ജോലിയില്‍ അവന്മാരെത്ര
മിടുക്കന്മാരാണെന്ന് ഒരു നിമിഷം കൊണ്ടവര്‍ തെളിയിച്ചു. ഒരൊറ്റ
മിന്നായത്തില്‍ ജര്‍മ്മന്‍കാര്‍ വായില്‍ തിരുകികയറ്റിയ തുണിയുമായി തറയില്‍
കിടന്നു ഞരങ്ങി. രണ്ടുപേരുചേര്‍ന്നു പിടിച്ചു വച്ചാണ് ആ
പിശാചുപിടിച്ചവന്മാരുടെ കൈകള്‍ പിന്നിലാക്കിക്കെട്ടിയത്.
“നമ്മളതു ചെയ്തു.” ഗ്രഗ്‌നോള പറഞ്ഞു. “യാംബോ... അവന്മാരുടെ തോക്കെടുത്ത്
മതിലിനപ്പുറത്തിട്, നീ....ഇവന്മാരുടെ പിന്നില്‍ നിന്ന് ഉന്തിക്കൊണ്ടു
വാ..താഴേയ്ക്ക്.”

ഞാന്‍ ഭയന്നു പോയി. ഇപ്പോള്‍ ഗ്രഗ്‌നോളയായി കഴിഞ്ഞു നേതാവ്. മതിലിന്റെ
വിടവിലൂടെ എളുപ്പം ഇപ്പുറം കടന്നു. അയാള്‍ കയറുകള്‍ നല്‍കി.
അവിടെയായിരുന്നു കുഴപ്പം. വരിയുടെ ആദ്യം അവസാനവും നില്‍ക്കുന്ന
ആളുകളൊഴിച്ച് മറ്റെല്ലാവര്‍ക്കും കയറുപിടിക്കാന്‍ രണ്ടു കൈകളും
ഉപയോഗിക്കണം. പിന്നിലും മുന്നിലുമായി. ഇപ്പോള്‍ ചുമക്കാന്‍ രണ്ടു
ജര്‍മ്മന്‍കാരുകൂടിയുണ്ട്. അവരെ പിന്നില്‍ നിന്നു തള്ളി നടത്തിക്കുന്ന
ആളിന് കയറുപിടിക്കാന്‍ കഴിയില്ല. ആദ്യത്തെ പത്തുച്ചുവട് ഞങ്ങള്‍ ചേര്‍ന്നു
നടന്നു. കുറ്റിക്കാടിന്റവിടെ വച്ച് വഴുതാനാരംഭിച്ചപ്പോള്‍ ഗ്രഗ്‌നോള
കയറുപിടിക്കുന്ന രീതി മാറ്റാന്‍ നോക്കി. ജര്‍മ്മന്‍കാരുടെ മുന്നില്‍
നടക്കുന്നവര്‍ അവരുടെ കയറുകളെ തടവുകാരുടെ ബല്‍റ്റുമായി ബന്ധിപ്പിച്ചു.
ജര്‍മ്മന്‍കാര്‍ക്കു തൊട്ടു പിന്നാലെ വരുന്നവര്‍ വലതുകൈകൊണ്ട് അവരുടെ
കോളറില്‍ പിടിക്കാം, ഇടതു കൈകൊണ്ട് പിന്നിലേയ്ക്കുള്ള കയറിലും.
തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ കോളറില്‍ പിടിച്ചു പിന്നില്‍
നിന്നവനെകൂടി തള്ളിയിട്ടുകൊണ്ട്, ജര്‍മ്മന്‍കാരിലൊരുത്തന്‍ കാലിടറി
തൊട്ടു മുന്നില്‍ നിന്ന കൊസാക്കിന്റെ മുകളിലൂടെ വീണു. കിതപ്പിനിടയിലും
കൊസാക്കുകള്‍ പതിഞ്ഞശബ്ദത്തില്‍ എന്തോ പറഞ്ഞു. അവരുടെ ഭാഷയിലുള്ള കടുത്ത
ശാപവാക്കുകളായിരിക്കണം. നിലവിളിക്കാതെ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍
അവന്മാര്‍ മിടുക്കന്മാരാണ്.
ആദ്യത്തെ വീഴ്ചയ്ക്കു ശേഷം ജര്‍മ്മന്‍കാരന്‍ സഹായത്തിനു ശ്രമിച്ചുകൊണ്ട്,
സംഘവുമായി കുറച്ച് അകലം പാലിച്ചാണ് നടന്നത്. പോകുന്നത് എങ്ങോട്ടാണെന്ന്
അറിയില്ല, ജര്‍മ്മനെ വിശ്വസിക്കാനും വയ്യ. അതു കൊണ്ട് അവന്റെ പിന്നാലെ വന്ന
രണ്ടു കൊസാക്കുകള്‍ വഴി സ്വയം തപ്പിയും തടഞ്ഞും നീങ്ങി. കുറച്ചു ചുവടുകള്‍
വച്ചു കഴിഞ്ഞപ്പോഴേയ്ക്കും ജര്‍മ്മന്‍ വീണ്ടും വഴുതി മുന്നിലേയ്ക്കാഞ്ഞു.
കൊസാക്കുകള്‍ അവനെ പിടിച്ചു. ബഹളത്തിനിടയില്‍ അവന്റെ ഹെല്‍മറ്റ് താഴെ പോയി.
അതവിടെ ഇട്ടിട്ടു പോകാന്‍ പറ്റില്ലെന്നു കൊസാക്കുകളുടെ നേതാവ് പറഞ്ഞു.
പട്ടികള്‍ മണം പിടിച്ചെത്തും. വളരെയെളുപ്പം ജര്‍മ്മന്‍കാര്‍ക്ക്
താഴേയ്ക്ക് അവര്‍ പോയ വഴി കണ്ടുപിടിക്കാന്‍ പറ്റും. അപ്പോള്‍ മാത്രമാണ്
ഞങ്ങള്‍ ശ്രദ്ധിച്ചത് മറ്റേ ജര്‍മ്മന് ഹെല്‍മറ്റില്ലെന്ന കാര്യം.
“തന്തയില്ലാ കഴുവേറികള്‍ ... ഗ്രഗ്‌നോള മുരണ്ടു. “ ഇടവഴിയില്‍ വച്ച്
നമ്മള്‍ ഇവനെ പിടിച്ചപ്പോള്‍ പോയതായിരിക്കുമത്. പട്ടികളുമായി എത്തിയാല്‍
അവര്‍ക്കു മണം കിട്ടും! ”
ഒന്നും ചെയ്യാനില്ല. ഞങ്ങള്‍ ഏതാനും മീറ്ററുകള്‍ മുന്നോട്ട്
നീങ്ങിയിട്ടേയുണ്ടാവൂ.. മുകളില്‍ നിന്നും ശബ്ദങ്ങള്‍ കേട്ടു തുടങ്ങി.
പട്ടികള്‍ കുരയ്ക്കുന്നു. “അവര്‍ ഇടവഴിയില്‍ എത്തിയിട്ടുണ്ട്. ജന്തുക്കള്‍
ഹെല്‍മറ്റ് മണപ്പിച്ചു കാണും. ഞങ്ങള്‍ ഈ വഴിയിലൂടെയാണ് പോയിട്ടുള്ളത്
എന്നാണ് അവര്‍ പറയുന്നത്.“
“ ബഹളമുണ്ടാക്കാതെ ശാന്തരായിരിക്കൂ..അവര്‍ക്ക് മതിലിലെ വിടവ് ആദ്യം
കണ്ടുപിടിക്കണം. അതു എളുപ്പമല്ലെന്നു നിനക്കറിഞ്ഞുകൂടേ..പിന്നെ
താഴെയിറങ്ങണം. പട്ടികള്‍ ശ്രദ്ധിച്ച് പതുക്കെയാണിറങ്ങുന്നതെങ്കില്‍ അവരും
പതുക്കെ മാത്രമേ ഇറങ്ങൂ.. പട്ടികള്‍ ചാടിയാണിറങ്ങുന്നതെങ്കില്‍ അവര്‍ക്ക്
അവറ്റകളോടൊപ്പം ഓടാന്‍ പറ്റില്ല. ചന്തിയിടിച്ചു വീഴും. അവന്മാര്‍ക്ക്
നീയില്ലല്ലോ.. യാംബോ.. പെട്ടെന്ന് നടക്ക്..”
“ശ്രമിക്കാം. പക്ഷേ ഞാന്‍ ആകെ പേടിച്ചിരിക്കുകയാണ്.”
“ നീ പേടിച്ചതല്ല, അസ്വസ്ഥനായതാണ്. നല്ലവണ്ണം ശ്വാസം വലിച്ചെടുത്തോ.
എന്നിട്ട് നടക്ക്..”
അച്ചന്റെ അവസ്ഥയായി എനിക്ക്. മൂത്രമൊഴിക്കണമെന്നു തോന്നുന്നു. അതേ സമയം
എല്ലാ കാര്യങ്ങളും എന്നെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്ന് എനിക്കു
മനസ്സിലായി. പല്ലുകള്‍ കടിച്ചു പിടിച്ചു. ആ നിമിഷം ഞാന്‍ ജിറാഫോണോ ജോജോയൊ
ആയി. ഹൊറെയ്സ് ഹോര്‍സ് കോളര്‍, ക്ലരാബെല്‍ കൌ അല്ലെങ്കില്‍ സിഞ്ഞ്യോര്‍
പാംപുര്‍നോ. എന്തായാലും റൊമാനയോ മിക്കി മൌസോ ഫ്ലാഷ് ഗോര്‍ഡനോ അല്ല.
നിങ്ങള്‍ നൃത്തവേദിയിലായിരിക്കുമ്പോള്‍ നൃത്തം ചെയ്യുകയല്ലാതെ മറ്റൊന്നും
ചെയ്യാനില്ല. ഓര്‍മ്മയിലുള്ള ഓരോ ചുവടും വായിച്ചു കൊണ്ട് ഞാന്‍ മലയിടുക്ക്
ഇറങ്ങാന്‍ തുടങ്ങി, എനിക്കു കഴിയുന്നിടത്തോളം വേഗത്തില്‍.
തടവുകാര്‍ രണ്ടുപേരും ഞങ്ങളുടെ യാത്രയുടെ വേഗതയെ കാര്യമായി കുറച്ചു.
വായില്‍ തുണിക്കഷ്ണങ്ങള്‍ തിരുകിക്കയറ്റി വച്ചിരുന്നതു കാരണം
ശ്വാസമെടുക്കാന്‍ വേണ്ടി ഓരോ ചുവടിലും നിന്നു. 15 മിനിട്ട് കഴിഞ്ഞപ്പോള്‍
ഞങ്ങള്‍ വലിയ പാറയുടെ അടുത്തെത്തി. അതെവിടെയാണെന്ന് എനിക്ക് നല്ല ഉറപ്പുള്ള
കാരണം കാണുന്നതിനു മുന്‍പ് നീട്ടിപ്പിടിച്ച കൈകൊണ്ട് ഞാനതില്‍ തൊട്ടു.
അതിനെചുറ്റി പോകാന്‍ ഒന്നിച്ചു ചേര്‍ന്നു നീങ്ങണം. ആരെങ്കിലും മാറി
ചുവടുവച്ചാല്‍ പാറയിലിടിച്ച് അവന്‍ കൊക്കയില്‍ വീഴും. മുകളില്‍ നിന്നുള്ള
ശബ്ദം ഇപ്പോഴും ദൂരെ നിന്നാണ് കേള്‍ക്കുന്നത്. അത് ജര്‍മ്മന്‍കാര്‍
അവരുടെ മടിയന്‍ പട്ടികളെ ഉത്തേജിപ്പിക്കാനായി കാറിവിളിക്കുന്നതാണോ മതില്
എങ്ങനെയെങ്കിലും കടന്ന് അടുത്തു വന്നുകൊണ്ടിരിക്കുന്നതിന്റെയാണോ എന്നു തീരെ
വ്യക്തമല്ല.
തടവുകാര്‍ രണ്ടുപേരും അവരുടെ സഖാക്കളുടെ ശബ്ദം കേട്ടതോടെ കള്ളത്തരങ്ങള്‍
തുടങ്ങി. വീഴുന്നതു പോലെ അഭിനയിക്കുക, വശങ്ങളില്‍ ചെന്നിടിച്ച് മറിയാന്‍
നോക്കുക ഇതൊക്കെയായി പരിപാടി. പരിക്കു പറ്റുന്നതൊന്നും കണക്കാക്കിയില്ല.
ശബ്ദം കേള്‍ക്കും എന്നുള്ളതു കൊണ്ട് ഞങ്ങള്‍ക്കവരെ വെടിവയ്ക്കാന്‍
പറ്റില്ലെന്ന് അവര്‍ക്കറിയാം. പട്ടികള്‍ അവരെ കണ്ടെത്തിക്കൊള്ളും എന്നു
കരുതിക്കാണും. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. നഷ്ടപ്പെടാന്‍
ഒന്നുമില്ലാതാവുമ്പോള്‍ ആളുകള്‍ അപകടകാരികളാവും.
പെട്ടെന്ന്, മെഷീന്‍ ഗണിന്റെ ഒച്ച ഞങ്ങള്‍ കേട്ടു. താഴെ ഇറങ്ങാന്‍
പറ്റില്ലെന്നു മനസ്സിലാക്കിയ ജര്‍മ്മന്‍കാര്‍ വെടി വയ്ക്കാന്‍
തീരുമാനിച്ചതാണ്. 180 ഡിഗ്രിയില്‍ മുന്‍പില്‍ മലയിടുക്ക് കിടക്കുന്നു, ഏതു
വഴിയാണ് ഞങ്ങള്‍ പോയിരിക്കുക എന്ന് തിരിച്ചറിയുക എളുപ്പമല്ല. അതുകൊണ്ട്
അവര്‍ എല്ലായിടത്തേയ്ക്കും വെടിവയ്ക്കുകയാണ്. മലയുടെ ഇറക്കം എത്രയാണെന്നും
അവന്മാര്‍ക്ക് പിടിയില്ല, അതുകൊണ്ട് മൂക്കിനു നേരെ പിടിച്ചാണ് ഉണ്ടകള്‍
പായിക്കുന്നത്. ഒടുവില്‍ താഴെ ഞങ്ങള്‍ നിന്ന ദിശയിലേയ്ക്കും അവര്‍
വെടിവയ്ക്കാന്‍ തുടങ്ങി. തലയ്ക്കുമുകളില്‍ മരണം ചീറുന്നതിന്റെ സീല്‍ക്കാരം
ഞങ്ങള്‍ കേട്ടു.
“വേഗം... വേഗം...“ ഗ്രഗ്‌നോള പറഞ്ഞു. “ഇപ്പോഴും അവര്‍ക്ക് നമ്മെ
കിട്ടിയിട്ടില്ല.”
പക്ഷേ ഈ സമയം കൊണ്ട് ആദ്യം വന്നവന്മാര്‍ മലയിറങ്ങാന്‍ തുടങ്ങിയിരിക്കും.
ഇറക്കത്തെപ്പറ്റി ഏതാണ്ട് ഒരു ധാരണയും കിട്ടിയിരിക്കണം. പട്ടികളും ഏറ്റവും
എളുപ്പമുള്ള ദിശ നോക്കി പുറപ്പെട്ടുക്കഴിഞ്ഞിരിക്കും. ഇപ്പോള്‍ അവര്‍
താഴേയ്ക്കാണ് വെടി വയ്ക്കുന്നത്. നമ്മുടെ നേരെ തന്നെ. തൊട്ടടുത്തുള്ള
കുറ്റിച്ചെടികളിലൂടെ വെടിയുണ്ട പായുന്ന ശബ്ദം കേട്ടു.
“പേടി വേണ്ട..” കൊസാക്ക് പറഞ്ഞു “ അവരുടെ ‘മെഷീനണിന്റെ റെയ്ച്ചുവെയിറ്റ്’
എനിക്കറിയാം”.
“മെഷീന്‍ ഗണിന്റെ ഷൂട്ടിങ് പരിധി അറിയാമെന്നാണ് പറയുന്നത്” ഗ്രഗ്‌നോള
വിശദീകരിച്ചു.
“അതെ. അവര് കുറച്ചുകൂടെ താഴെയിറങ്ങി വന്നില്ലെങ്കില്‍ നമ്മള്‍ വേഗം
മുന്നോട്ടു പോകും. വെടിയുണ്ട നമ്മുടെയടുത്ത് എത്തില്ല. അതുകൊണ്ട് വേഗം
പോകാം.”
“ഗ്രഗ്‌നോളാ...” ഞാന്‍ പറഞ്ഞു. കണ്ണില്‍ കണ്ണീരു നിറഞ്ഞു നിന്നിരുന്നു.
“എനിക്കു വേഗം പോകാന്‍ പറ്റും. ബാക്കിയുള്ളവര്‍ക്ക് പറ്റില്ല.
എങ്ങനെയെങ്കിലും താഴെയെത്താന്‍ നോക്കുമ്പോള്‍ നമ്മളെ ഇവിടെ പിടിച്ചു
നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ രണ്ടെണ്ണത്തിനെ കൂടെ ചുമക്കേണ്ട
ഒരു കാര്യവുമില്ല. നമുക്കിവരെ ഇവിടെ വിടാം. അല്ലെങ്കില്‍ ഉറപ്പായി
പറയുകയാണ്. ഞാന്‍ എന്റെ കാര്യം നോക്കും.”
“ഇവരെ വിട്ടിട്ടു പോയാല്‍ ഒരു നിമിഷം കൊണ്ട് ഇവര്‍ കെട്ടഴിച്ച് മറ്റുള്ളവരെ
വിളിച്ചു വരുത്തും.“ ഗ്രഗ്‌നോള പറഞ്ഞു.
“ തോക്കിന്റെ പാത്തി വച്ച് ഞാന്‍ കൊന്നോളാം രണ്ടിനെയും, ശബ്ദമുണ്ടാവില്ല.”
കൊസാക്ക് പറഞ്ഞു.
രണ്ടെണ്ണത്തിനെ കൊല്ലുന്ന കാര്യം കേട്ട് ഞാന്‍ മരവിച്ചു. സമനില കിട്ടിയത്
ഗ്രഗ്‌നോള പിറുപിറുക്കുന്നതു കേട്ടപ്പോഴാണ്. “അതു വേണ്ട. ദൈവശാപം കിട്ടുന്ന
കാര്യം. കൊന്ന് ഇവിടെ ഇട്ടിട്ടു പോയാലും പട്ടികള്‍ മണപ്പിച്ചെത്തും.
നമ്മള്‍ ഏതു വഴിയാണ് പോയതെന്നു കണ്ടെത്തുകയും ചെയ്യും. ഒരു കാര്യമേ
ചെയ്യാനുള്ളൂ. മറ്റേ വഴിയിലൂടെ പോകാന്‍ അനുവദിച്ച് ഇവരെ താഴെ വീഴ്ത്തുക.
പട്ടികള്‍ ആ വഴി പിന്തുടര്‍ന്നോളും. നമുക്ക ങ്ങനെ പത്തോ അതിലധികമോ
മിനിട്ടുകള്‍ കൂടുതലായി കിട്ടും. യാംബോ.. ഇവിടുന്ന്
വലത്തോട്ട്...കൊക്കയിലേയ്ക്ക് തിരിയുന്ന ഒരു കള്ളവഴി ഇവിടെയല്ലേ...
നല്ലത്.. നമുക്കിവരെ അങ്ങോട്ട് തള്ളി വിടാം. നീ പറഞ്ഞത് അതു വഴി
പോകുന്നവര്‍ പാറയുള്ള കാര്യം ശ്രദ്ധിക്കില്ലെന്നും കൊക്കയില്‍ എളുപ്പം
വീണുപോകുമെന്നുമല്ലേ..? അവിടെ നിന്നു വീണാല്‍ ചാവും എന്നുറപ്പാണല്ലോ
അല്ലേ?“
“ചാവും എന്ന് ഉറപ്പൊന്നുമില്ല. പക്ഷേ എല്ലൊടിയും. ഭാഗ്യമില്ലെങ്കില്‍
തലപൊട്ടുകയും ചെയ്യും.”
“നാശം...നീ നേരത്തെ ഒന്നു പറഞ്ഞു, ഇപ്പോള്‍ വേറൊന്നു പറയുന്നു. താഴെ
വീഴുമ്പോള്‍ ഇവന്മാരുടെ കെട്ടുകള്‍ അയഞ്ഞാല്‍ അലറി വിളിക്കാനുള്ള ശ്വാസം
മിച്ചമുണ്ടെങ്കില്‍ ഇവന്മാര്‍ മറ്റവന്മാര്‍ക്ക് മുന്നറിയിപ്പു കൊടുക്കും,
ഇവിടെ ഇങ്ങനെയൊരു ചതിക്കുഴിയുണ്ടെന്ന്.“
“ എങ്കില്‍ ഇവര്‍ മരിച്ചതിനു ശേഷം വീഴുന്നതാണ് നല്ലത്..” ഈ ചീത്ത
ലോകത്തില്‍ കാര്യങ്ങള്‍ നടക്കുന്നതെങ്ങനെ എന്നറിയാവുന്ന കൊസാക്ക്
അഭിപ്രായപ്പെട്ടു.
ഗ്രഗ്‌നോളയുടെ തൊട്ടടുത്തു നിന്ന എനിക്ക് അയാളുടെ മുഖം വ്യക്തമായി കാണാന്‍
കഴിഞ്ഞു. എപ്പോഴും വിളറിയിരിക്കുന്ന മുഖം ഇപ്പോള്‍ കൂടുതല്‍ വെളുത്തു.
സ്വര്‍ഗ്ഗത്തില്‍ നിന്നും കല്പന വരാന്‍ കാത്തിനില്‍ക്കുന്നതു പോലെ
മുകളിലേയ്ക്കു നോക്കി അയാള്‍ നിന്നു. ആ നിമിഷം വെടിയുണ്ട ഒരാളിന്റെ തലയുടെ
പൊക്കത്തില്‍ ചീറി ഞങ്ങളുടെ അടുത്തുകൂടി പാഞ്ഞു തുടങ്ങി.
ജര്‍മ്മന്‍കാരിലൊരുത്തന്‍ അവന്റെ കാവല്‍ക്കാരനായ കൊസാക്കിനെ ഉന്തി.
രണ്ടുപേരും കൂടി തറയില്‍ വീണുരുണ്ടു. തന്റെ പല്ലില്‍ അവന്‍
തലകൊണ്ടിടിച്ചെന്നു കൊസാക്ക് പരാതി പറയാന്‍ തുടങ്ങി. ഒത്താലൊക്കട്ടെ എന്നു
വച്ച് ജര്‍മ്മന്‍കാര്‍ കളിക്കുകയാണ്. എങ്ങനെയെങ്കിലും കുറേ ബഹളമുണ്ടായാല്‍
അവരുടെ കാര്യം നടക്കും. അപ്പോഴാണ് ഗ്രഗ്‌നോള തീരുമാനമെടുത്തത്. “ഒന്നുകില്‍
അവര്‍ അല്ലെങ്കില്‍ നമ്മള്‍. യാംബോ...വലത്തോട്ട് പോയാല്‍ എത്ര ചുവടുകള്‍
വേണം പാറയിലെത്താന്‍..” അയാള്‍ ചോദിച്ചു
“പത്ത്.. എന്റെ കാലു വച്ച് പത്ത്.. നിങ്ങള്‍ക്ക് ചിലപ്പോള്‍ എട്ടു
മതിയാവും.മുന്‍പില്‍ വയ്ക്കുന്ന കാലു അമര്‍ത്തി നോക്കി നടന്നാല്‍ എവിടെയാണ്
ചരിവ് ആരംഭിക്കുന്നതെന്ന് പറയാന്‍ പറ്റും. അവിടെനിന്ന് നാലാമത്തെ ചുവടില്‍
കുഴിയാണ്. അപകടമൊഴിവാക്കാന്‍ മൂന്നു ചുവടു വച്ചാല്‍ മതി.“
“ശരി.”ഗ്രഗ്‌നോള പറഞ്ഞു. “ഞാന്‍ മുന്‍പേ പോകുകയാണ്. നിങ്ങളില്‍ രണ്ടുപേര്‍
ഈ തെണ്ടികളെ ഉന്തിത്തള്ളികൊണ്ടുവരണം. തോളില്‍ മുറുക്കെ പിടിക്കാന്‍
മറക്കരുത്. ബാക്കിയുള്ളവര്‍ ഇവിടെ നിന്നാല്‍ മതി.”
“നിങ്ങള്‍ എന്തു ചെയ്യാനാണ് പോകുന്നത്?” പല്ലുകള്‍ കൂട്ടിയിടിച്ചു കൊണ്ട്
ഞാന്‍ ചോദിച്ചു.
“നീ വായടയ്ക്ക്.. ഇതു യുദ്ധമാണ്. മറ്റുള്ളവരോടൊപ്പം ഇവിടെ നില്‍ക്കുക. ഇതു
കല്പനയാണ്.”
പാറയുടെ വലത്ത് മൂടല്‍ മഞ്ഞില്‍ അവര്‍ അപ്രത്യക്ഷരായി. കുറെയേറെ
മിനിട്ടുകള്‍ ഞങ്ങള്‍ അവിടെ നിന്നു. കല്ലുകള്‍ ഉരുളുന്നതിന്റെയും
പിടിവലിയുടെയും അടിയുടെയും ശബ്ദം കേട്ടു. ജര്‍മ്മന്‍കാരെ ഇല്ലാതെ
ഗ്രഗ്‌നോളയും കൊസാക്കുകളും പ്രത്യക്ഷപ്പെട്ടു. “പോകാം.” ഗ്രഗ്‌നോള പറഞ്ഞു.
“ഇനി നമുക്ക് വേഗത്തില്‍ നീങ്ങാം.”
അയാള്‍ എന്റെ തോളിലൂടെ കൈയിട്ടു. അയാള്‍ വിറയ്ക്കുന്നതു ഞാനറിഞ്ഞു. അയാള്‍
വീണ്ടും തൊട്ടടുത്താണ്. എനിക്കു വ്യക്തമായി മുഖം കാണാം. കഴുത്തിനുചുറ്റും
പിടിച്ചുകിടക്കുന്ന ഒരു കമ്പിളിക്കുപ്പായമാണ് അയാള്‍ ധരിച്ചിരുന്നത്.
പുറത്തെടുത്തിട്ടതു പോലെ ലാന്‍സെറ്റ് നെഞ്ചില്‍ കിടന്നാടുന്നുണ്ടായിരുന്നു.
“നിങ്ങളെന്താണ് അവരെ ചെയ്തത്..?” ഞാന്‍ ചോദിച്ചു, കരഞ്ഞുകൊണ്ട്.
“അതു ചിന്തിക്കണ്ട. ശരിയായ കാര്യം തന്നെയാണ് ചെയ്തത്. പട്ടികള്‍ രക്തം
മണത്ത് മറ്റുള്ളവരെയും അവിടെ കൊണ്ടുവരും. നമ്മള്‍ സുരക്ഷിതരാണ്. പോകാം.”
എന്റെ കണ്ണുകള്‍ കലങ്ങിയിരിക്കുന്നതു അയാള്‍ കണ്ടു. “അവരല്ലെങ്കില്‍
നമ്മള്‍. പത്തുപേര്‍ക്കു പകരം രണ്ടുപേര്‍..യുദ്ധമാണ്.. വാ പോകാം.”
ഏതാണ്ട് അര മണിക്കൂറിനു ശേഷം കോപത്തോടെ ആക്രോശങ്ങളും പട്ടികളുടെ കുരയും
മുകളില്‍ നിന്നു കേട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ മലയിടുക്ക്
കടന്ന് താഴെയെത്തി. ബഹളങ്ങള്‍ ഞങ്ങളുടെ അടുക്കലെത്തിയില്ല, കൂടുതല്‍
ദൂരേയ്ക്കു പൊയ്ക്കൊണ്ടിരുന്നു. റോഡിനടുത്ത് മരക്കൂട്ടങ്ങളുടെ മറവില്‍,
ഗിജിയോയുടെ ട്രക്ക് കാത്തുകിടന്നിരുന്നു. കൊസാക്കുകളെ അതിനുള്ളില്‍
കയറ്റിയിട്ട് ഗ്രഗ്‌നോള പറഞ്ഞു. “ഞാനും ഇവരോടൊപ്പം പോകുകയാണ്,
ബഡോഗ്ലിയാനിയുടെ അടുത്ത് ഇവരെത്തി എന്നു ഉറപ്പുവരുത്താന്‍..” അയാള്‍ എന്നെ
നോക്കാതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നെ അവിടന്നു പറഞ്ഞയയ്ക്കാന്‍
തിരക്കുകൂട്ടുന്നതു പോലെ തോന്നി.
“ നീ പൊയ്ക്കോ.. വേഗം വീട്ടിലെത്താന്‍ നോക്ക്.. വല്ലാത്ത ധൈര്യശാലി തന്നെ..
നീ ഒരു മെഡല്‍ അര്‍ഹിക്കുന്നുണ്ട്.. മറ്റൊന്നും ചിന്തിക്കേണ്ട.. നിന്നെ
ഏല്‍പ്പിച്ച ജോലി നീ വളരെ നന്നായി ചെയ്തു തീര്‍ത്തു. ഇതില്‍
തെറ്റെന്തെങ്കിലും സംഭവിച്ചുപോയെങ്കില്‍ ഞാന്‍ മാത്രമാണ് ഉത്തരവാദി.”
ആ തണുപ്പിലും വിയര്‍ത്തുകൊണ്ട് വല്ലാതെ ക്ഷീണിച്ച് ഞാന്‍ വീട്ടില്‍
തിരിച്ചെത്തി. ചിലപ്പോള്‍ എനിക്കു പനിയായിരിക്കും.. എനിക്കു
കുമ്പസാരിക്കണം.. മാപ്പു പറയണം.. ഞാന്‍ എന്നോടു പറഞ്ഞുകൊണ്ടിരുന്നു.
പ്രഭാതം ഏറ്റവും ചീത്തയായിരുന്നു. എനിക്ക് പതിവു സമയത്തു തന്നെ
എഴുന്നേല്‍ക്കേണ്ടതുണ്ട്. ഇങ്ങനെ ഞാന്‍ കുഴഞ്ഞ്
തൂങ്ങിയിരിക്കുന്നതെന്തുകൊണ്ടാണെന്നു മമ്മയ്ക്ക് മനസ്സിലായില്ല. കുറേ
മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഗിജിയോ വീട്ടില്‍ വന്നു. മുന്തിരിത്തോപ്പില്‍
വച്ചു കാണാം എന്നു ഞാന്‍ ആംഗ്യം കാണിച്ചു. എന്നില്‍ നിന്ന് എന്തെങ്കിലും
ഒളിച്ചു വയ്ക്കാന്‍ അയാള്‍ക്കു പറ്റില്ല.

കൊസാക്കുകളെ അനുഗമിച്ച് ബഡോഗ്ലിയാനിയുടെ അടുത്തുപോയി, ഗിജിയോയൊടൊപ്പം
ട്രക്കില്‍ സൊളാറയിലേയ്ക്കു മടങ്ങും മുന്‍പ്, രാത്രി ആയുധമില്ലാതെ
പോകരുതെന്നു ബഡോഗ്ലിയാനി ഗ്രഗ്‌നോളയോടു പറഞ്ഞിരുന്നു. കൂട്ടുകാരെ
സഹായിക്കാന്‍ കരിമ്പട്ടാളത്തിന്റെ ഒരു വിഭാഗം സൊളാറയിലേയ്ക്ക്
പോയതിനെപ്പറ്റി അവര്‍ക്ക് അറിവുകിട്ടിയിരുന്നു. അവര്‍ പഴയരീതിയിലുള്ള ഒരു
കൈത്തോക്ക് അയാള്‍ക്കു നല്‍കി.
വിഗ്‌നോലെറ്റാ കവലയിലേയ്ക്കും തിരിച്ചുമുള്ള യാത്ര എല്ലാംകൂടി
മൂന്നുമണിക്കൂര്‍ എടുത്തു. ട്രക്ക് ബാര്‍സെല്ലിയുടെ ഫാമില്‍
തിരിച്ചുകൊണ്ടിട്ടു. അവര്‍ രണ്ടുപേരും സൊളാറയിലേയ്ക്ക് നടക്കാന്‍ തുടങ്ങി.
പുറത്ത് പരസ്പരം കളിയായി അടിച്ചും ആളൊഴിഞ്ഞ റോഡില്‍ ഉറക്കെ
ശബ്ദമുണ്ടാക്കിയും ഇതുവരെ ഉണ്ടായിരുന്ന പിരിമുറുക്കത്തെ അയച്ചു വിടാന്‍
അവര്‍ ശ്രമിച്ചു. കരിമ്പട്ടാളത്തിലെ സൈനികര്‍ അവിടെ ഒരു കുഴിയില്‍
ഒളിച്ചിരിക്കുന്നതു അതുകൊണ്ട് തന്നെ അവര്‍ ശ്രദ്ധിച്ചില്ല. അങ്ങനെ
സൊളാറയിലേയ്ക്ക് വെറും രണ്ടു കിലോമീറ്റര്‍ മാത്രമുള്ളപ്പോള്‍ അവര്‍
പിടിക്കപ്പെട്ടു. ഗ്ര്ഗ്‌നോളയുടെ കൈയില്‍ ആയുധമുണ്ട്, അതിനൊരു വിശദീകരണം
കൊടുക്കാന്‍ കഴിഞ്ഞുമില്ല. പട്ടാളക്കാര്‍ അവരെ ഒരു വാനിലേയ്ക്ക്
തൂക്കിയെടുത്തെറിഞ്ഞു. അതിനുള്ളില്‍ അഞ്ചു ഫാസിസ്റ്റുകളാണുണ്ടായിരുന്നത്.
രണ്ടെണ്ണം മുന്നില്‍, രണ്ടുപേര്‍ പിന്നില്‍ അവര്‍ക്ക് അഭിമുഖമായി,
ഒരുത്തന്‍ മുന്നില്‍ നിന്ന് മഞ്ഞില്‍ റോഡു വ്യക്തമായി കാണാന്‍
സഹായിക്കുന്നു.
ഫാസിസ്റ്റുകള്‍ അവരെ കെട്ടുന്ന കാര്യത്തില്‍ വലിയ ശ്രദ്ധ കാണിച്ചില്ല.
മടിയില്‍ മെഷീന്‍ ഗണ്ണുകള്‍ വച്ച രണ്ടുപേര്‍ അവരെ നോക്കിയിരിക്കുമ്പോള്‍
അതിന്റെ ആവശ്യമില്ലെന്നു തോന്നിക്കാണും. ഗ്രെഗ്‌നോളയെയും ഗിജിയോയെയും
ചാക്കുകെട്ടുകളെപ്പോലെ താഴെയിട്ടു. കുറച്ചുകഴിഞ്ഞപ്പോള്‍ വിചിത്രമായ ഒരു
ശബ്ദം ഗിജിയോ കേട്ടു, തുണികീറുന്നതു പോലെ. കട്ടികൂടിയ ദ്രാവകം മുഖത്തു
വന്നു വീണു.ശ്വാസം മുട്ടിയുള്ള ഞരക്കം കേട്ട് ഫാസിസ്റ്റുകളിലൊരുത്തന്‍
ലൈറ്റടിച്ചു നോക്കി. അതു ഗ്രഗ്‌നോളയായിരുന്നു. കൈയില്‍ ലാന്‍സെറ്റുമായി.
അയാളുടെ കഴുത്തു ആഴത്തില്‍ മുറിച്ചുവച്ചിരിക്കുന്നു. ഫാസിസ്റ്റുകള്‍ രണ്ടും
ചാടിയെഴുന്നേറ്റ് ശാപവാക്കുകള്‍ പറയാന്‍ തുടങ്ങി. വാന്‍ നിന്നു. ഗിജിയോയുടെ
സഹായത്തോടെ ഗ്രഗ്‌നോളയെ വലിച്ച് റോഡിന്റെ വശത്തിട്ടു. അയാള്‍ മിക്കവാറും
മരിച്ചിരുന്നു. എല്ലാടത്തും ചോരയൊഴുക്കിക്കൊണ്ട്. മറ്റേ മൂന്നെണ്ണവും വന്നു
കുനിഞ്ഞു നിന്നു നോക്കി. പരസ്പരം അവര്‍ പഴി പറഞ്ഞുകൊണ്ടിരുന്നു. അവര്‍ക്ക്
ഗ്രഗ്‌നോളയെ കൊണ്ട് സംസാരിപ്പിക്കേണ്ടതുണ്ടായിരുന്നു. അല്ലെങ്കില്‍
എല്ലാവരും അറസ്റ്റിലാവും. തടവുകാരുടെ കൈകള്‍ കെട്ടിയില്ല എന്ന മണ്ടത്തരം
കാണിച്ചതിന്.
ഗ്രഗ്‌നോളയുടെ ശരീരം വച്ച് തമ്മില്‍ തമ്മില്‍ ഒച്ചവച്ചു കൊണ്ടിരുന്നപ്പോള്‍
കുറച്ച് നിമിഷത്തേയ്ക്ക് അവര്‍ ഗിജിയോയെ മറന്നു. ഈ കുഴപ്പത്തിനിടയിലും
ഇപ്പോഴില്ലെങ്കില്‍ പിന്നെ ഒരിക്കലുമില്ലെന്ന് അയാള്‍ കണക്കുക്കൂട്ടി.
അതുകൊണ്ട് കുഴി ലക്ഷ്യമാക്കി ഓടി. അതിനപ്പുറം കുത്തനെ ഒരിറക്കമുണ്ട്.
ജര്‍മ്മന്‍കാര്‍ കുറച്ചു വെടിവച്ചു കൊണ്ട് പിന്നാലെ ഓടി, പക്ഷേ
അപ്പോഴേയ്ക്കും ഗിജിയോ കുഴിയിലേയ്ക്ക് ചാടി കഴിഞ്ഞിരുന്നു.
ഹിമപാതത്തിലെന്നപോലെ ചരിവിലൂടെ ഉരുണ്ടിറങ്ങി മരങ്ങള്‍ക്കിടയില്‍ ഒളിച്ചു. ആ
മൂടല്‍മഞ്ഞില്‍ അയാള്‍ വയ്ക്കോല്‍ തുറുവിലെ സൂചിയാണ്. അയാളെ അന്വേഷിച്ചു
കണ്ടുപിടിക്കുക എന്നതായിരുന്നില്ല, ജര്‍മ്മന്‍കാരുടെ അപ്പോഴത്തെ തലവേദന.
മേധാവികളുമായുള്ള കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍, അവര്‍ക്ക് ഗ്രഗ്‌നോളയുടെ
ശരീരം എവിടെയെങ്കിലും ഒളിപ്പിച്ചു വയ്ക്കണം. ആ രാത്രി തങ്ങള്‍ ആരെയും
പിടിച്ചിട്ടില്ല എന്ന് കമാന്‍ഡറുടെ മുന്നില്‍ അഭിനയിക്കണം. അത്രയുമാണ്
അത്യാവശ്യം വേണ്ടത്.
അന്നു രാവിലെ, കരിമ്പട്ടാളം പോയിക്കഴിഞ്ഞപ്പോള്‍, ഗിജിയോ കുറേ
കൂട്ടുകാരുമായി ചെന്ന് ദുരന്തം നടന്ന സ്ഥലം പരിശോധിച്ചു. കുറച്ചു
കുഴികളില്‍ നോക്കിയപ്പോഴേയ്ക്കും അവര്‍ക്ക് ഗ്രഗ്‌നോളയുടെ ശരീരം കിട്ടി.
അരാജകവാദിയായിരുന്നതുകൊണ്ട് സൊളാറയിലെ പാതിരി ഗ്രഗ്‌നോളയുടെ ശവശരീരത്തെ
പള്ളിയില്‍ കൊണ്ടു ചെല്ലാന്‍ സമ്മതിച്ചില്ല. പോരാത്തതിന് ഇത് ആത്മഹത്യയും.
എന്നാല്‍ ശവശരീരത്തെ ഒററ്റോറിയോയിലെ ചെറിയ പള്ളിയില്‍ കൊണ്ടുവരാന്‍ ഡോണ്‍
കോഗ്‌നാസ്സൊ പറഞ്ഞു. നിയമങ്ങള്‍ ശരിക്കറിയാവുന്നത് ദൈവത്തിനാണ് ഈ
പാതിരിക്കല്ല.
ഗ്രഗ്‌നോള മരിച്ചു. അയാള്‍ കൊസാക്കുകളെ രക്ഷപ്പെടുത്തി, എന്നെ സുരക്ഷിതനായി
വീട്ടില്‍ പറഞ്ഞയച്ചു, എന്നിട്ടു മരിച്ചു. അതെങ്ങനെയായിരിക്കും
സംഭവിച്ചിരിക്കുക എന്ന് എനിക്ക് നല്ലതു പോലെ അറിയാം. അയാള്‍ തന്നെ അതു
പലപ്രാവശ്യം എന്നോടു മുന്‍കൂട്ടി പറഞ്ഞിട്ടുണ്ട്. അയാള്‍ ഭീരുവായിരുന്നു,
രഹസ്യങ്ങള്‍ പറയാന്‍ വേണ്ടി അവര്‍ തന്നെ മര്‍ദ്ദിക്കുമെന്നു ഭയന്നിരുന്നു.
അയാള്‍ പേരുകള്‍ പറയും. സഖാക്കളോരുരുത്തരായി അറവുശാലയിലേയ്ക്കു പോകും.
അവര്‍ക്കു വേണ്ടിയാണ് അയാള്‍ മരിച്ചത്. ഷ്..ഷ്...ഷ്....സ്...സ്..
അത്രേയുള്ളൂ...അതു തന്നെയായിരിക്കും, അയാള്‍ മലമുകളില്‍ വച്ച് രണ്ടു
ജര്‍മ്മന്‍കാരെയും ചെയ്തത്. ദാന്തേയുടെ കാവ്യനീതി മാതിരി. ഒരു ഭീരുവിന്റെ
ധീരമായ മരണം. സ്വന്തം ജീവിതത്തിലെ ഏക ഹിംസാത്മക പ്രവൃത്തിയുടെ വില അയാള്‍
മടക്കി നല്‍കിയിരിക്കുന്നു. സഹിക്കാനാവാതെ കൂടെകൊണ്ടു നടന്ന
മനസ്സാക്ഷിക്കുത്തില്‍ നിന്ന് ഒരു സ്വയം ശുദ്ധീകരണം. അയാള്‍ എല്ലാവരെയും
വലിപ്പിച്ചു... ഫാസിസ്റ്റുകളെ....ജര്‍മ്മന്‍കാരെ.... പിന്നെ
ദൈവത്തിനെ...ഒരൊറ്റ ചീറ്റം കൊണ്ട്... ഷ്...ഷ്..ഷ്....സ്..സ്...
എന്റെ ഓര്‍മ്മയില്‍ പോലും മൂടല്‍മഞ്ഞിനു കട്ടികുറയുന്നു. ഇപ്പോള്‍ ഞാന്‍
കാണുന്നത് ഒളിപ്പോരാളികള്‍ ആര്‍ത്തുവിളിച്ചുകൊണ്ട് സൊളാറയില്‍ വരുന്നതാണ്.
മിലാന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വാര്‍ത്ത ഏപ്രില്‍ 25-നു വന്നു.
ആളുകള്‍ തെരുവിലിറങ്ങി നിന്നു. ഒളിപ്പോരാളികള്‍ ആകാശത്തേയ്ക്ക്
നിറയൊഴിച്ചു. ട്രക്കുകളുടെ മുന്നിലും വശങ്ങളിലുമുള്ള ഇരുമ്പുച്ചട്ടങ്ങളില്‍
ഞെങ്ങിയിരുന്നും തൂങ്ങിപ്പിടിച്ചു കിടന്നുമൊക്കെയാണ് അവര്‍ വന്നത്. കുറച്ചു
ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ ഒലീവു നിറത്തിലുള്ള കമ്പിളിവേഷം ധരിച്ച ഒരു
പട്ടാളക്കാരനെ കണ്ടു. അയാള്‍ കുതിരകള്‍ക്കും ചെസ്റ്റ്‌നട്ട് മരങ്ങള്‍ക്കും
ഇടയിലൂടെ സൈക്കിളോടിക്കുകയായിരുന്നു. അയാള്‍ ബ്രസീലിയനാണെന്ന് എന്നോട്
പറഞ്ഞു. ഇപ്പോള്‍ അവധിക്കു പോകുകയാണ് അയാളുടെ സുന്ദരമായ
ദേശത്തേയ്ക്ക്...അമേരിക്കക്കാരോടും ബ്രിട്ടീഷുകാരോടുമൊപ്പം അവിടെ
ബ്രസീലുകാരും ഉണ്ടായിരുന്നോ? ആരും അതു് എന്നോട് പറഞ്ഞില്ല. വിചിത്ര യുദ്ധം
തന്നെ.

ജര്‍മ്മന്‍കാര്‍ കീഴടങ്ങിയ വാര്‍ത്ത വന്നു. ഹിറ്റ്ലര്‍ മരിച്ചു. യുദ്ധം
അവസാനിച്ചു. സൊളാറയില്‍ ഒരു വലിയ സദ്യ നടന്നു. തെരുവില്‍ വച്ച്. ആളുകള്‍
പരസ്പരം കെട്ടിപ്പിടിച്ചു. അക്കോഡിയന്റെ ഈണത്തിനനുസരിച്ച് ചിലര്‍ നൃത്തം
ചെയ്തു.
ഉത്തേജിതരായ ആളുകള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും എന്റെയുള്ളില്‍ ദുരന്തം
തന്നെയായിരുന്നു. കൊക്കയിലേയ്ക്കു മറിഞ്ഞു വീഴുന്ന ആ രണ്ടു
ജര്‍മ്മന്‍കാരുടെ, ഗ്രഗ്‌നോളയുടെ, കന്യകയുടെ, രക്തസാക്ഷികളുടെയൊക്കെ
ചിത്രങ്ങള്‍. ഭയവും സ്നേഹവും പകയും കൊണ്ടു നിര്‍മ്മിച്ച ചിത്രങ്ങള്‍!
ഡോണ്‍ കോഗ്‌നാസ്സോയുടെ അടുത്തുപോയി കുമ്പസരിക്കാനുള്ള ധൈര്യം
എനിക്കുണ്ടായില്ല. അല്ലെങ്കില്‍ എന്തു കുറ്റസമ്മതമാണ് ഞാന്‍ നടത്തേണ്ടത്?
ഞാന്‍ ചെയ്യാത്ത ഒന്നിനെപ്പറ്റിയോ, കാണുകപോലും ചെയ്യാത്ത ഒന്നിനെപ്പറ്റി,
ഊഹിക്കുകമാത്രം ചെയ്ത ഒന്നിനെപ്പറ്റി...? മാപ്പിനു വേണ്ടി അപേക്ഷിക്കാന്‍
ഒന്നുമില്ലാതെ ഞാന്‍ എന്താണ് കുമ്പസരിക്കേണ്ടത് ? . എനിക്കു മാപ്പു പോലും
ഇല്ലായിരിക്കും. ഒരു വ്യക്തിയ്ക്കു എന്നെന്നേയ്ക്കും നശിച്ചവനായി തോന്നാന്‍
അതു മതി ധാരാളം.
--------------
സൂചനകള്‍:
റിപ്പബ്ലിക്കാ സോഷ്യലെ
ഇറ്റലിയുടെ വടക്കുഭാഗത്തുണ്ടായിരുന്ന നാസി അധിനിവേശ പ്രദേശം.
കരിമ്പട്ടാളം
ബ്ലാക് ബ്രിഗേഡ് -1944-ല്‍ ഫാസിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ
അംഗങ്ങള്‍ നിര്‍മ്മിച്ച സൈന്യം. സഖ്യകക്ഷികളും ഒളിപ്പോരാളികളും മാത്രമല്ല,
രാഷ്ട്രീയ എതിരാളികളും അവരുടെ ശത്രുക്കളായിരുന്നു.
ബഡോഗ്ലിയോ -ബഡോഗ്ലിയാനികള്‍
പിയട്രോ ബഡോഗ്ലിയോ (1871-1956) എന്ന ഇറ്റാലിയന്‍ സൈനികനും
പ്രധാനമന്ത്രിയും. വിക്ടര്‍ ഇമ്മാനുവല്‍ മൂന്നാമന്‍ രാജാവിന്റെ
വലംകൈയായിരുന്നു. അയാളുടെ അനുയായികള്‍.
ഗാരിബാള്‍ഡി - ഗാരിബാള്‍ഡിനി
ഗുസ്സപ്പെ ഗാരിബാള്‍ഡി (1807-1882) ഇറ്റാലിയന്‍ സൈനികന്‍. ഇറ്റലിയെ
ഏകീകരിക്കാന്‍ ധാരാളം പട്ടാള കാമ്പയിനുകള്‍ നടത്തി. അയാളെ
പിന്തുടര്‍ന്നവര്‍.
സാവോയ്
സ്വിസ്-ഇറ്റാലിയന്‍ അതിര്‍ത്തിപ്രദേശം. ഇവിടത്തെ പ്രഭുവായിരുന്ന വിക്ടര്‍
ഇമ്മാനുവല്‍ രണ്ടാമന്‍ പുതുതായി രൂപംകൊണ്ട ഇറ്റലിയുടെ രാജാവായതോടെ ഭരണപരമായ
പ്രാധാന്യം നേടി. വാസസ്ഥലവും കുടുംബാംഗങ്ങളും ഈ പേരില്‍ അറിയപ്പെടാന്‍
തുടങ്ങി.
ട്രസറ്റ
ഇറ്റാലിയന്‍ കാര്‍ഡു കളി
ഫോസ്സെ ആര്‍ഡിയാറ്റിന്‍ കൂട്ടക്കൊല
33 ജര്‍മ്മന്‍ പട്ടാളക്കാര്‍ ഇറ്റലിയിലെ ഒരു ബോംബു സ്ഫോടനത്തില്‍
കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒരു ജര്‍മ്മന്‍ സൈനികര്‍ക്ക് പത്തു
ഇറ്റലിക്കാര്‍ എന്ന തോതില്‍ 24 മണിക്കൂറിനകം കണക്കു തീര്‍ക്കാന്‍
ഹിറ്റ്ലര്‍ ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. കമ്മാന്‍ഡര്‍ ഹെര്‍ബട്ട്
കാപ്ലരുടെ ലിസ്റ്റ് അനുസരിച്ച് 335 പേര്‍ 1944 മാര്‍ച്ച് 24-ന്
ആര്‍ഡിയാറ്റിന്‍ ഗുഹകളില്‍ വച്ച് കൊല ചെയ്യപ്പെട്ടു.
ഷൂള്‍സ് വേണ്‍
ഫ്രഞ്ച് നോവലിസ്റ്റ്. ആധുനിക ശാസ്ത്ര നോവലുകളുടെ തുടക്കം വേണില്‍ നിന്നാണ്.
എമിലിയോ സല്‍ഗാരി
ഇറ്റാലിയന്‍ എഴുത്തുകാരന്‍. സാഹസിക നോവലുകള്‍ എഴുതി പ്രസിദ്ധനായി.
സൈറസ് സ്മിത്ത്
ഷൂള്‍സ് വേണിന്റെ ‘നിഗൂഢ ദ്വീപി‘ലെ നായക കഥാപാത്രം.
സന്‍ഡോകന്‍
എമിലിയോ സല്‍ഗാരിയുടേ ‘സന്‍ഡോകന്‍, മലേഷ്യന്‍ കടുവ‘ എന്ന നോവലിലെ
കൊള്ളക്കാരനായ കഥാപാത്രം.
പിയസ്സാ
പട്ടണത്തിലെ തുറസ്സായ ചത്വരമാണ് പിയസ്സ. സ്പാനിഷിലെ പ്ലാസയ്ക്കു തുല്യം.
ലാന്‍സെറ്റ്
ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കൂര്‍ത്തതും രണ്ടുവശവും
മൂര്‍ച്ചയുള്ളതുമായ ചെറിയ ഒരു ഉപകരണം.
എസ്.എസ്
Schutzstaffel ഷൂള്‍സ് സ്റ്റാഫെല്‍. സംരക്ഷണ സേനയെന്നാണ് അര്‍ത്ഥം.
1920-ല്‍ ഹിറ്റ്ലറുടെ കാവല്‍സേന തുടങ്ങി, നാസി ജര്‍മ്മനിയിലെ ഏറ്റവും
വലുതും ശക്തവുമായ സംഘമായിമാറി. വംശശുദ്ധിയും ഫ്യൂററോടുള്ള ഉപാധിയില്ലാത്ത
വിധേയത്വവും നോക്കിയാണ് അംഗങ്ങളെ തെരെഞ്ഞെടുത്തിരുന്നത്.
കസ്സോക്ക്
പാതിരിമാരുടെ ളോഹ
കുസാക്കുകള്‍
തെക്കെ യൂറോപ്യന്‍ റഷ്യയിലെയും സമീപ ഏഷ്യന്‍ പ്രദേശങ്ങളിലെയും
കുതിരപ്പടയാളികള്‍. സാര്‍ കാലഘട്ടങ്ങളില്‍ യുദ്ധവീര്യത്തില്‍
പ്രസിദ്ധരായിരുന്നു.
കെസെല്‍ റിംഗ്
ആല്‍ബെര്‍ട്ട് കെസെല്‍ റിംഗ്. ജര്‍മ്മന്‍ ജനറലും കമ്മാന്‍ഡര്‍ ഇന്‍ ചീഫും.
പിന്നീട് യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ച് ജയിലില്‍ അടച്ചു.
മാമെലൂക്
തുര്‍ക്കിയിലെ അടിമകളെക്കൊണ്ടുണ്ടാക്കിയ സൈന്യം. ഈജിപ്ഷ്യന്‍ സാമ്രാജ്യം
ഇവര്‍ പിടിച്ചടക്കി.
കല്‍മിക്കുകള്‍
കല്‍മിക്ക് എന്ന സ്ഥലത്തു താമസിക്കുന്ന മംഗോളിയന്‍ ബുദ്ധമതാനുയായികള്‍
മംഗോളിയന്മാര്‍
മംഗോളിയയിലെ നാടോടി വര്‍ഗം.
അബിസീനിയ
എത്യോപ്യയുടെ പഴയപേര്
comments