ആശുപത്രിയും ഡോക്ടറും മരുന്നും ചേരുന്ന ഒരു സമവാക്യത്തില്‍ നിന്നല്ല
ആരോഗ്യമുണ്ടാകുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, പരിസരം,
വിദ്യാഭ്യാസം, തൊഴില്‍ ഇങ്ങനെ നിരവധി സാമൂഹിക ഘടകങ്ങളുടെ സൃഷ്ടിയാണ്
ആരോഗ്യം. അതുകൊണ്ട് കേരളം രോഗാതുരമാകുന്നത് കൃത്യമായും ഒരു സാമൂഹിക
രാഷ്ട്രീയ പ്രശ്നമാണ്. ഒരു വശത്ത് കേരളം സ്വകാര്യ ആരോഗ്യവ്യവസായത്തിന്റെ
പറുദീസയായി മാറുമ്പോള്‍ മറുവശത്ത് പകര്‍ച്ചവ്യാധികള്‍ പിടിപെട്ട്
നൂറുകണക്കിന് മനുഷ്യര്‍ മരിക്കുന്നു. ദരിദ്രര്‍ രോഗനിര്‍ണ്ണയത്തിന്
പ്രാഥമികസൗകര്യങ്ങളില്ലാതെ വലയുമ്പോള്‍ മറുവശത്ത് സ്പെഷ്യാലിറ്റി സൂപ്പര്‍
സ്പെഷ്യാലിറ്റി എടുപ്പുകള്‍ ആകാശം തൊടാനായുന്നു. കേരളം പിന്‍തുടര്‍ന്നുവന്ന
വികലവും ജനവിരുദ്ധവുമായ ഒരു ആരോഗ്യനയത്തിലേക്കാണ് ഇത്
വിരല്‍ചൂണ്ടുന്നത്.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ
ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ ഇങ്ങനെ നാലു തലത്തിലുള്ള സര്‍ക്കാര്‍
ആരോഗ്യ സംവിധാനമാണ് കേരളത്തിലുള്ളത്. കാലഹരണപ്പെടാത്ത
ചികില്‍സാസംവിധാനങ്ങള്‍ കുറച്ചെങ്കിലുമുള്ളത് മെഡിക്കല്‍ കോളേജുകളിലാണ്.
ജില്ലാ ആശുപത്രികളുടെ അവസ്ഥ പൊതുവെ പരിതാപകരമാണ്. അഴിമതിയും,
കെടുകാര്യസ്ഥതയും, വൃത്തിയില്ലായ്‌മയും രോഗികളുടെ എണ്ണത്തിലുള്ള
വര്‍ദ്ധനവുമാണ് ഈ ആശുപത്രികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധികള്‍. പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളും താലൂക്ക് ആശുപത്രികളും വലിയ തോതില്‍
അവഗണിക്കപ്പെടുന്നു. ഇന്നത്തെ നിലയില്‍ മെഡിക്കല്‍ കോളേജില്‍
എത്തിപ്പെടുന്നത് ഗുരുതരാവസ്ഥയില്‍ എത്തിയ രോഗികളാണ്. രോഗവിമുക്തിക്കുള്ള
സാദ്ധ്യത വലിയ അളവോളം നഷ്ടമായവര്‍.
ഒരു ദേശത്തിന്റെ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിന് ആധുനിക
രോഗനിര്‍ണ്ണയസംവിധാനങ്ങളുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പങ്ക്
പ്രധാനമാണ്. എത്ര നേരത്തേ രോഗനിര്‍ണ്ണയം നടക്കുന്നോ രോഗവിമുക്തിക്കുള്ള
സാദ്ധ്യത അത്രത്തോളം കൂടുതലാണ്. അതുകൊണ്ടു തന്നെ ഇന്നത്തെ
മുന്‍ഗണനാക്രമത്തെ കീഴ്‌മേല്‍ മറിക്കുന്ന, പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഒരു അരോഗ്യനയം നിലവില്‍
വരണം. ഏതെങ്കിലും മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് 100 കോടി രൂപ
കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നതിനു പകരം, കേരളത്തിലെ ആയിരം
പഞ്ചായത്തുകളില്‍ ഓരോ കോടി രൂപ മുതല്‍മുടക്കുള്ള ആയിരം
ആരോഗ്യകേന്ദ്രങ്ങളുടെ ഒരു പദ്ധതി സങ്കല്‍പിക്കുക. അതുണ്ടാക്കുന്ന അടിസ്ഥാന
മാറ്റം വളരെ വലുതായിരിക്കും. നമ്മുടെ പ്രദേശിക ഭരണകൂടങ്ങള്‍ക്കും,
സഹകരണസ്ഥാപനങ്ങള്‍ക്കും, വിദേശമലയാളികള്‍ക്കും സംയുക്തമായി ഇങ്ങനെയൊരു
പദ്ധതി യാഥാര്‍ത്ഥ്യമാക്കാവുന്നതേയുള്ളൂ. ഒപ്പം കേരളത്തിലെ താലൂക്ക്
ആശുപത്രികളെ ആധുനികവല്‍കരിക്കുകയും വേണം. അടിത്തട്ടില്‍ മികച്ച
ആരോഗ്യസംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ മെഡിക്കല്‍ കോളേജുകളിലെ തിരക്ക് താനേ
കുറയും. വികേന്ദ്രീകരണത്തിന്റെ രാഷ്ട്രീയം പ്രശ്നങ്ങളേയും പ്രതിസന്ധികളേയും
വികേന്ദ്രീകരിക്കും.
ആശുപത്രികളാണ് ആരോഗ്യത്തിന്റെ ഉറവിടം എന്ന് ഇവിടെ വിവക്ഷിക്കുന്നില്ല.
ആരോഗ്യമേഖലയില്‍ ഇപ്പോള്‍ പുലര്‍ത്തുന്ന മുന്‍ഗണനാക്രമങ്ങള്‍
മാറ്റിമറിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുന്നുവെന്ന് മാത്രം. ഇന്ന്
കമ്മ്യൂണിറ്റി മെഡിസിനും പ്രിവെന്റീവ് മെഡിസിനും നിശ്ചലമാകുകയും ഓരോ
അവയവത്തിനും ഓരോ ആശുപത്രി പൊന്തുകയും ചെയ്യുന്നു. ഈ വിഷയങ്ങള്‍ കൂടുതല്‍
വിശദമായി വരും ലക്കങ്ങളില്‍ ചര്‍ച്ച ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നു.
പൊതുസ്ഥാപനങ്ങളോടുള്ള കേരളീയമനോഭാവങ്ങളില്‍ ഒരു മാറ്റം
അനിവാര്യമായിരിക്കുന്നു.
comments