പഠനം

കരുണാകരന്‍
'പുണ്യനദിയില്‍ കുളിക്കാന്‍
വന്നതായിരുന്നു അവള്‍;
പക്ഷെ മറ്റെല്ലാം ഓര്‍ത്തു
അതൊഴികെ'
(നിര്‍മ്മലയുടെ 'നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി' എന്ന കഥാസമാഹാരത്തിന്‌ എഴുതിയ അവതാരിക.)
 

 


ജീവിതത്തെയും ലോകത്തെയും അഭിമുഖീകരിക്കാനുള്ള ഭാഷയായി തന്നെ കഥ ഉരുതിരിഞ്ഞു കിട്ടുമ്പോള്‍, ഒരാള്‍ക്ക്‌, കഥ തന്നെ, ഓര്‍ക്കാനും ഉപേക്ഷിക്കാനും വീണ്ടും വരാനുള്ള ഒരിടം കൂടിയാകുന്നു- അയാള്‍ നിര്‍മ്മിക്കുന്ന സ്ഥലം. ജീവിതത്തെ കാംഷിക്കുന്ന, ഭൂമിയും, ആകാശവും, വായുവുമുള്ള ഒരാവാസവ്യവസ്ഥ; കഥകള്‍ അങ്ങനെയാണ്‌ ഒരാള്‍ക്ക്‌ സാദ്ധ്യമാവുന്നത്‌. ഓര്‍മ്മകളില്‍ നിന്നും സ്വപ്നങ്ങളില്‍ നിന്നും ഭാവിയെ വീണ്ടെടുത്തുകൊണ്ട്‌ എല്ലാ പ്രവചനസാദ്ധ്യതകളെയും കഥ ആദ്യമേ വേണ്ടെന്നു വെക്കുന്നു. അലൗകികങ്ങളായ എല്ലാ കല്‍പനകളെയും ഉപേക്ഷിച്ച്‌, ഒരാള്‍ക്കൂട്ടത്തിന്റെ നടുവിലേക്ക്‌ എവിടെ നിന്നോ പറന്നുവീണ വസ്ത്രം പോലെ, കഥ അതിന്റെ ശരീരത്തെക്കുറിച്ച്‌ ഊഹിക്കാന്‍ ഒരാളെ അനുവദിക്കുന്നു. അങ്ങനെ ഭാവി മാത്രമല്ല, ഭൂതവും വര്‍ത്തമാനവും പ്രവചിക്കപ്പെടുന്നു. പഴയൊരു ഗുഹാമുഖത്ത്‌ നിന്ന് പുതിയൊരു മെട്രോവിലേക്കും തിരിച്ചുമുള്ള ആ 'പറച്ചിലി'ന്റെ സഞ്ചാരപഥങ്ങള്‍, ആവാസകേന്ദ്രങ്ങള്‍, നിങ്ങളെ ആശ്ചര്യപ്പെടുത്തുമെങ്കിലും കഥയ്ക്ക്‌ വലിയ ഊഴങ്ങളൊന്നുമില്ല. അതു പാര്‍ക്കുന്ന സമൂഹത്തെപ്പോലെ, അതു പാര്‍ക്കുന്ന ഭാഷപോലെ, അല്‍ഭുതപ്രവൃത്തികള്‍ക്ക്‌ കഥയും കാതോര്‍ക്കുന്നുവെങ്കിലും അത്രയും സാധാരണമായ ജീവിതത്തെപ്പറ്റി തന്നെ കഥ 'കഥയുണ്ടാക്കി പറയുന്നു'.

നിര്‍മ്മലയുടെ കഥകള്‍, അവയുടെ ജീവിതം കണ്ടെത്തുന്ന സ്ഥലങ്ങള്‍ നമുക്കു വിവരിക്കാനാകും. നമ്മുടെ ഭാഷ, നമ്മുടെ ഭാവന, കണ്ടുമുട്ടുന്ന ഏറ്റവും പുതിയ ദിനങ്ങള്‍ ഈ കഥകളിലുണ്ട്‌. ജീവിതത്തില്‍ കഥയെ തിരയുന്ന എക്കാലത്തെയും അലയല്‍ എല്ലാ കഥാകൃത്തുക്കളുടെയും തലവര പോലെ ഈ കഥകളിലുമുണ്ട്‌. കഥയില്‍ ജീവിതത്തെ നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമമാണ്‌ ഈ കഥകളെയും അര്‍ഥവത്താക്കുന്നത്‌. അതേസമയം കഥകളില്‍ പലതിലും പശ്ചാത്തലമായി പ്രത്യക്ഷപ്പെടുന്ന ഭൗതികലോകം മലയാളത്തിന്റെ പൊതുവായ തീര്‍ച്ചകളില്‍ നം പരിചയപ്പെട്ട ആവാസവ്യവസ്ഥയെ വേറൊരു തലത്തില്‍ കണ്ടുമുട്ടുന്നുമുണ്ട്‌. അതില്‍ പ്രധാനമായും മലയാളിയായിരിക്കുന്നതിലെ മൂല്യവ്യവസ്ഥകള്‍ ( മുന്‍കരുതലുകള്‍) ഒരു പാശ്ചാത്യസമൂഹത്തിന്റെ (ഉത്തര അമേരിക്കന്‍) സാംസ്കാരിക സംജ്ഞകളുമായി നേര്‍ക്കുനേര്‍ നിര്‍ത്തുന്നതാണ്‌. അങ്ങനെയൊരു നീക്കം എന്തായാലും നിര്‍മ്മലയുടെ കഥകളില്‍ പലതിലുമുണ്ട്‌. ഈ കഥകള്‍, അങ്ങനെ അവ നേരിടുന്ന ജീവിതവ്യവസ്ഥകള്‍ക്കകത്ത്‌ തന്നെ കുറേക്കൂടി സഹ്യമായ മൂല്യങ്ങളിലേക്കും ജീവിതത്തിലേക്കും തിരിയുന്നു. ജീവിതത്തെ സഹ്യമാക്കുക എന്നതിനപ്പുറം ആ പരീക്ഷണങ്ങളുടെ സാധുതയെ ഈ കഥകള്‍ മറ്റെന്തെങ്കിലുമായി അവതരിപ്പിക്കാന്‍ വിസമ്മതിക്കുന്നു. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, ചില പരിഷ്കരണ ശ്രമങ്ങളോടെ ബന്ധങ്ങളെ പരിശോധിക്കുകയോ വീണ്ടും സന്ദര്‍ശിക്കുകയോ ചെയ്യുന്നു.

ഈ നിരീക്ഷണത്തോട്‌ അനുഭാവം തോന്നുന്ന, വളരെ പ്രാതിനിദ്ധ്യമുള്ള രണ്ടു കഥകളിലൂടെയും, ഒപ്പം ഇതേ ഭാവനയ്ക്കു പുറത്ത്‌ നിര്‍മ്മിച്ച ലോകം കഥയില്‍ എങ്ങനെ കടന്നുവന്നു എന്നു നിരീക്ഷിക്കുന്ന മൂന്നാമത്തെ കഥയിലൂടെയും കുറച്ചുകൂടി സഞ്ചരിക്കുക മാത്രമേ ഈ കുറിപ്പു ചെയ്യുന്നുള്ളൂ. മറ്റു കഥകളുടെ സൂക്ഷ്മ ജീവിതങ്ങള്‍ സ്പര്‍ശിച്ചില്ലെന്ന ക്ഷമാപണത്തോടെ.



'നഷ്‌ടപ്പെടുവാന്‍' എന്ന കഥയില്‍ ലീന പ്രവേശിക്കുന്നത്‌ അച്ചനോട്‌ ചില കാര്യങ്ങള്‍ പറയാനും ഉപദേശം വാങ്ങാനുമാണ്‌. അവളുടെ ഭര്‍ത്താവ്‌, പ്രതാപ്‌ അവളേയും കുഞ്ഞുങ്ങളേയും അയാളുടെ ഹിംസ കൊണ്ടും, വഴിവിട്ട ജീവിതം കൊണ്ടും ഭയപ്പെടുത്തുന്നു. ഭയമാണ്‌ ആ വീടിനെ പൊതിഞ്ഞു നില്‍ക്കുന്നത്‌. വടക്കെ അമേരിക്കയില്‍ ഭാര്യയെയും കുഞ്ഞുങ്ങളെയും മര്‍ദ്ദിക്കുന്നവന്‌ ജയില്‍ ശിക്ഷവരെ കിട്ടും. നിയമത്തിലേക്ക്‌ അയാളെ ചേര്‍ത്തു നിര്‍ത്തുകയേ വേണ്ടൂ. അയാള്‍ക്കു കിട്ടുന്ന ശിക്ഷ ചിലപ്പോള്‍ മാസങ്ങള്‍ മാത്രമായിരിക്കും. വീണ്ടും അയാള്‍ മടങ്ങിവന്നുവെന്നു വരാം. എങ്കിലും അവള്‍ പാര്‍ക്കുന്ന സമൂഹം ക്രൂരമായ ശിക്ഷയായിരിക്കും അവള്‍ക്ക്‌ വിധിക്കുക. ലീന ആ നിയമക്കോട്ടയിലേക്ക്‌ പോകുന്നതിനുപകരം പള്ളിയില്‍ വന്നു. ലീന അച്ചനോടും ഇതൊക്കെ പറയാന്‍ തന്നെയാണു വന്നത്‌.അവളുടെ ഒരു തീരുമാനത്തില്‍ അച്ചനോട്‌ ഉപദേശം ചോദിക്കാന്‍. പക്ഷെ ലീന എത്തുമ്പോള്‍ അച്ചന്‍ വലിയൊരു കുടുക്കിലാണ്‌. വിശ്വാസികളുടെ തര്‍ക്കത്തില്‍ പള്ളി പിളരുമെന്ന അവസ്ഥയില്‍. ആ കലഹത്തില്‍, അയാള്‍ക്ക്‌ അവളെ കേള്‍ക്കാനേ സമയമില്ല. അല്ലെങ്കിലും ലീന എന്തിനാണ്‌ വന്നിരിക്കുന്നതെന്ന് അച്ചനറിയാം. അതിനാല്‍, 'ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്തരുതെന്നല്ലേ മോളേ വിശുദ്ധ പുസ്തകത്തില്‍ പറയുന്നത്‌' എന്നു ചോദിച്ച്‌ അവളെ വീട്ടിലേക്കു തന്നെ മടക്കി അയക്കുകയേ വേണ്ടൂ. എന്നാല്‍, ഇന്ന് അങ്ങനെ പറയാനോ അവളെ കേള്‍ക്കാനോ അച്ചനു സമയമില്ല.

അച്ചനോട്‌ ഒന്നും ചോദിക്കാനാകാതെ, ആ കലഹങ്ങളിലൊന്നും ചെന്നു പെടാതെ, തന്റെ ഭയത്തെ തന്നെ വീണ്ടും ചെന്നു നോക്കാന്‍ ലീന അവിടെത്തന്നെ ഇരുന്നു. മുപ്പതു വര്‍ഷത്തെ തന്റെ ശീലമനുസരിച്ച്‌ 'ദൈവമേ നീ എന്നോട്‌ സംസാരിക്കുക' എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്‌ അവള്‍ വേദപുസ്തകം തുറന്നു. 'നിന്റെ കൈയ്യോ കാലോ നിനക്ക്‌ ഇടര്‍ച്ച ആയാല്‍ അതിനെ വെട്ടി എറിഞ്ഞു കളക; രണ്ടു കൈയ്യും ഉള്ളവനായി നിത്യാഗ്നിയില്‍ വീഴുന്നതിനേക്കാള്‍ അംഗവിഹീനനായിട്ടോ മുടന്തനായിട്ടോ ജീവനില്‍ കടക്കുന്നത്‌ നിനക്കു നന്ന്' എന്ന സുവിശേഷ വരികള്‍ അവള്‍ക്കു തെളിയുന്നു. ലീന ആഗ്രഹിക്കുന്നത്‌ ഭയമില്ലാതെ ജീവിക്കുക എന്നാണ്‌. ഭയമില്ലാതിരിക്കുക എന്നാല്‍ സ്വാതന്ത്ര്യത്തെ അനുഭവിക്കുക എന്നും. അത്‌ ലീന ജീവിക്കുന്ന മൂല്യവ്യവസ്ഥകള്‍ക്കുള്ളില്‍ (മതം, പള്ളി, ബന്ധുക്കള്‍) അസാദ്ധ്യവുമാണ്‌. പള്ളിയെ(അച്ചനെയും) ഗ്രസിച്ച വേറൊരു ഭയത്തെ(പള്ളി പിളരുമോ?)ലീന നിരാകരിക്കുന്നത്‌ അതിന്റെ നടത്തിപ്പിലെ പ്രകടനപരങ്ങളായ എല്ലാ ഭൗതികാവശ്യങ്ങളോടും വിമുഖയായാണ്‌. അത്‌, വേദനയില്‍ നിന്നകന്നുപോയ ഒരു സ്ഥാപനമാണ്‌ എന്ന് മനസ്സിലാക്കുന്നത്‌ ഓരോ സന്ദര്‍ശനത്തിലും എരിഞ്ഞു തീര്‍ന്നുകൊണ്ടാണ്‌. വിശുദ്ധപുസ്തകം അടച്ചുവെച്ച്‌ അവള്‍ പള്ളിയില്‍ നിന്നും പുറത്തുകടന്നിരിക്കുക എങ്ങനെ എന്നു കഥ പറയുന്നില്ല. എന്നാല്‍ ജീവിതത്തില്‍ കഥ കണ്ടെത്തുന്ന ഇടം സ്വഛവും ശാന്തവുമായ ഒരു ജീവിതത്തെ ആഗ്രഹിക്കുക എന്നാല്‍ ആന്തരികമായ ചില തിരുത്തലുകളിലേക്ക്‌ (തീരുമാനങ്ങളിലേക്കും) എത്തുക എന്നതാണെന്ന് നാം മനസ്സിലാക്കുന്നു.

ലീന പാര്‍ക്കുന്ന പാശ്ചാത്യ സമൂഹത്തിന്റെ നിയമങ്ങള്‍ അവളുടെ ഭര്‍ത്താവിന്റെ ഹിംസയില്‍നിന്നും അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കും അത്‌, ആധുനികമായ ഒരു മൂല്യസംഹിതയുടെ ഭാഗം പോലുമാണ്‌.ആ നിയമത്തിന്റെ അര്‍ത്ഥം ജീവിതത്തെ സഹ്യമാക്കുക എന്നാണ്‌. എന്നാല്‍, പള്ളിയും ദൈവവുമായുള്ള തന്റെ ജീവിതത്തെ,ദൈവവുമായി തന്നെ അഭിമുഖീകരിക്കാന്‍, ലീന അടുപ്പിച്ചു നിര്‍ത്തുന്നു. അവള്‍ ദൈവത്തോട്‌ വേറെ വഴിയില്ലേ എന്നു ചോദിക്കുന്നു. ദൈവം അവളോട്‌ മോളേ ഞാനിങ്ങനെ പറഞ്ഞതല്ലേ എന്ന് അവളുടെ വിരലുകള്‍ പിടിച്ച്‌ വേദപുസ്തകത്തിലെ തന്റെ നിയമങ്ങള്‍ കാണിച്ചു കൊടുക്കുന്നു.

വേറൊരു കഥയില്‍ ( ചില തീരുമാനങ്ങള്‍) മറ്റൊരു ബന്ധം, ഏതു ബന്ധങ്ങളിലെയും പോലെ വൈകാരികമായ ഒരാവശ്യത്തിലേക്കുകൂടി നീങ്ങുമ്പോള്‍, ഒരാളുടെ ജീവിതം മറ്റു പല ജീവിതങ്ങളും സ്വസ്ഥമാവാന്‍ ആഗ്രഹിക്കുന്ന സ്ഥലമായും തീരുന്നു.

എല്ലാ വര്‍ഷവും തണുപ്പു തുടങ്ങുമ്പോള്‍ കാനഡയില്‍ ഫ്ലൂ പടരും, കഠിനമായ ആസ്തമയുമായി. യൗവ്വനത്തിലൂടെ വാര്‍ദ്ധക്യത്തിലേക്കെത്തിയ അമ്മയ്ക്ക്‌ ഫ്ലൂ വന്നതോടെ ശ്വാസം വിടാന്‍ കൂടുതല്‍ ബുദ്ധിമുട്ടായി. ഫ്ലൂ തളര്‍ത്തി കളഞ്ഞ ശ്വാസകോശങ്ങള്‍ക്ക്‌ കൃത്രിമ ഓക്സിജനും വലിച്ചെടുക്കാന്‍ വയ്യാതായപ്പോള്‍ ആശുപത്രിയില്‍ അമ്മയെ വെന്റിലേറ്ററിലേക്ക്‌ മാറ്റുന്നതോടെ മകന്‍ ജോയിക്ക്‌ തന്റെ ജീവിതത്തിലെ സുപ്രധാനമായൊരു തീരുമാനം എടുക്കേണ്ടി വരുന്നു. ആശുപത്രി അധികൃതര്‍ അയാളോട്‌ അമ്മയുടെ ശവസംസ്കാരത്തെപ്പറ്റി ആലോചിച്ചിട്ടുണ്ടോ എനു ചോദിക്കുന്നു. അടുത്തുള്ള ഫ്യൂണറല്‍ ഹോമുകളെയും സിമിത്തേരികളെയും കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ അയാള്‍ക്ക്‌ നല്‍കുന്നു. ഐ.സി.യു.വില്‍ കിടക്കകള്‍ കുറവായതുകൊണ്ട്‌ അതിലൊന്ന് എഴുപതു കഴിഞ്ഞ രോഗം ബാധിച്ച ഒരു ശരീരത്തിനായി മാറ്റിവെക്കുന്നത്‌ പ്രായോഗികമല്ല എന്ന് അവര്‍ കരുതുന്നു. അതിനാല്‍ അമ്മയെ മരിക്കാന്‍ അനുവദിക്കുന്നതല്ലേ നല്ലതെന്ന ആശുപത്രി അധികൃതര്‍ അവരുടെ നാട്ടുനടപ്പു പോലെ കരുതുന്നു.

അപ്പച്ചന്‍ മരിച്ചതിനു ശേഷം അമ്മ ഒറ്റയ്ക്കാണ്‌ അയാളേയും അനുജനെയും വളര്‍ത്തിയതും വലുതാക്കിയതുമെന്ന് ജോയി ഓര്‍ക്കുന്നു.ആദ്യമായി ജോയി സാധനങ്ങള്‍ വാങ്ങാന്‍, അന്ന് അയാള്‍ക്ക്‌ പന്ത്രണ്ട്‌ വയസ്സാണ്‌, കടയില്‍ പോയപ്പോള്‍ അമ്മ കൂട്ടിനു പോയിരുന്നു. വഴിയരികില്‍ ഇടയ്ക്കൊക്കെയിരുന്ന് ശ്വാസം വലിക്കുമ്പോള്‍ അമ്മയുടെ തൊണ്ട വിസിലൂതുന്നതുപോലെ ശബ്ദിക്കുന്നത്‌ അയാള്‍ കേട്ടിട്ടുണ്ട്‌. വീട്ടിലെത്തുമ്പോള്‍ അകത്തു കയറാന്‍ ശക്തിയില്ലാതെ നടക്കല്ലിലിരുന്ന് വെള്ളം വേണമെന്ന് ആംഗ്യത്തില്‍ കാണിച്ചത്‌ ഓര്‍മ്മ വരുന്നുണ്ട്‌. അതുവരെയുള്ള ജീവിതസന്ധിയില്‍ അയാളും അമ്മയും ഒരുമിച്ചാണ്‌ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്‌.ഇപ്പോള്‍ ജോയി ഒറ്റയ്ക്ക്‌ തീരുമാനിക്കണം. അമ്മയുടെ തൊണ്ട കീറി ഒരു കുഴലിട്ട്‌ നേരെ ശ്വസകോശത്തില്‍ ഘടിപ്പിച്ച്‌ അമ്മയെ ഐ.സി.യു.വില്‍ നിന്നും മാറ്റാം. അങ്ങനെ ആശുപത്രിയുടെ ഏതെങ്കിലും കോണില്‍ എത്ര കാലം വേണമെങ്കിലും കിടക്കാം. അല്ലെങ്കില്‍ വെന്റിലേറ്റര്‍ മാറ്റുക.

ജോയി തീരുമാനമെടുക്കാനാകാതെ വീട്ടില്‍ തിരിച്ചെത്തി കുളിമുറിയില്‍ ഒരു കരച്ചിലിലേക്ക്‌ പൊട്ടാനായി ഷവറിലെ വെള്ളപ്പാച്ചിലിനിടയില്‍ നില്‍ക്കുന്നു. അയാള്‍ അമ്മയോടു തന്നെ ഒരു വഴി കാണിച്ചു തരാന്‍ പറയുന്നു. കുളി കഴിഞ്ഞ്‌ പുറത്തു വരുമ്പോള്‍ ആശുപത്രിയില്‍ നിന്നും ഫോണ്‍ വന്നിരുന്നുവെന്നും അമ്മ മരിച്ചുവെന്നും അയാളുടെ ഭാര്യ ജോയിയെ അറിയിക്കുന്നു. അമ്മയും മകനും തമ്മിലുള്ള ബന്ധം രണ്ടുപേരുടെയും ജീവിതങ്ങള്‍ പൂരിപ്പിച്ച ജീവിതത്തെ സംബന്ധിച്ച ഒരു വൈകാരിക സമസ്യയായിരുന്നുവെന്ന് ഈ കഥ ഓര്‍മ്മിപ്പിക്കുന്നതായി തോന്നും. അപരിഹാര്യമായ ഒരു വേര്‍പാടിന്റെ ഹൃദയപൂര്‍വ്വമായ ആഖ്യാനം ഈ കഥയില്‍ അതിന്റെ വൈകാരിക വിക്ഷുബ്ദത ഉപേക്ഷിച്ചുകൊണ്ടാണ്‌ നിര്‍വ്വഹിച്ചിരിക്കുനത്‌. അതേ സമയം തങ്ങളുടെ ബന്ധത്തിന്റെ കാതലായ അര്‍ത്ഥം അമ്മയായിരിക്കുന്നതിലേയും മകനായിരിക്കുന്നതിലേയും വൈകാരികലോകം തന്നെയാണെന്ന് തെരഞ്ഞെടുക്കുന്നുമുണ്ട്‌.മരണം കൊണ്ട്‌ ജീവിതത്തെ പൂര്‍ണ്ണമാക്കാനുള്ള തന്റെ എളിയ ശ്രമം, അതുവരെയും ജീവിച്ച ഏകാന്തവും വേദനാഭരിതവുമായ ശരീരവീഴ്ചകളെയും കടന്ന്, ഈ കഥയിലെ അമ്മയെ ഒരു വൈകാരികാവശ്യത്തിലേക്ക്‌ വീണ്ടും കൊണ്ടു വരികയും ചെയ്യുന്നു.

തുടരും...


 

comments