നിങ്ങളുടെ യുദ്ധവാദ്യങ്ങള്‍ക്ക്
ഞാന്‍ ചുവടുവയ്ക്കില്ല
എന്റെ ആത്മാവോ അസ്ഥികളോ
യുദ്ധച്ചെണ്ടകള്‍ക്കുള്ളതല്ല
നിങ്ങള്‍ കൊട്ടിക്കയറ്റുന്നവയ്ക്ക്
ജീവനില്ലെന്ന് എനിക്കറിയാം
നിങ്ങളടിക്കുന്ന ചെണ്ടത്തോല്‍
ഒരിക്കല്‍ ജീവനുണ്ടായിരുന്നത്,
വേട്ടയാടപ്പെട്ട്, മോഷ്ടിക്കപ്പെട്ട്
വലിച്ചുനീട്ടപ്പെട്ടത്.
യുദ്ധഭേരികള്‍ക്ക്
ഞാന്‍ ചുവടുവെക്കില്ല
വേഗതപകരില്ല
നിങ്ങള്‍ക്കായി ഞാന്‍ വിദ്വേഷിക്കില്ല
നിങ്ങളെപ്പോലും വെറുക്കില്ല
നിങ്ങള്‍ക്കായി കൊല്ലുകയോ
മരിക്കുകയോ ഇല്ല.
നിങ്ങളുടെ പക്ഷം ചേരുകയോ
മറ്റുള്ളവരെപ്പോലെ
ബോംബുവര്‍ഷത്തോടൊപ്പം
നൃത്തം ചെയ്യുകയോ ഇല്ല.
ജീവിതം ഒരവകാശമാണ്
ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടതോ
ആകസ്മികമോ അല്ല.

വന്ന വഴി ഞാന്‍ മറക്കില്ല
ഞങ്ങളുടെ വാദ്യങ്ങള്‍ നിര്‍മ്മിക്കും
പ്രിയമുള്ളവരെ ഒപ്പം കൂട്ടും
ഞങ്ങളുടെ മൂളിപ്പാട്ട്
ഭേരി മുഴക്കും.
ഞാന്‍ കബളിപ്പിക്കപ്പെടില്ല
എന്റെ പേരോ താളമോ
നിങ്ങളുടെ മേളങ്ങള്‍ക്ക് വിട്ടു തരില്ല
ഞാന്‍ നൃത്തമാടുകയും
പ്രതിരോധിക്കുകയും
അതിജീവിക്കുകയും
വീണ്ടും ചുവടുവെക്കുകയും ചെയ്യും.
ഈ ഹൃദയതാളം
മരണത്തെക്കാള്‍ ഉച്ചത്തിലുള്ളത്
നിങ്ങളുടെ പെരുമ്പറകള്‍ക്ക്
ഈ നിശ്വാസത്തെക്കാള്‍
മുഴക്കമില്ല.
ഭൂമി
പ്രണയത്തോടുള്ള
തന്റെ സമീപനം
ഒരു കൃഷിക്കാരന്റേതാണെന്ന്
അയാള്‍ പറഞ്ഞു.
അധികമാളുകളും
വേട്ടക്കാരെപ്പോലെ
പ്രണയിക്കുന്നു
വേട്ടക്കാരെപ്പോലെ
അവരാഗ്രഹിക്കുന്നതിനെ
കൊല്ലുന്നു
അയാള്‍ പെരുവിരല്‍കൊണ്ട്
ഭൂമി ഉഴുതുമറിച്ച്
നനഞ്ഞ മണ്ണില്‍
മൂക്ക് മുട്ടിച്ച്
കാത്തുകിടന്ന്
ദൈവങ്ങളോട് പ്രാര്‍ത്ഥിക്കുന്നു
എന്നേക്കും
കൃതജ്ഞതയുള്ളവനായി
സാവധാനം വിളവെടുക്കുന്നു.
comments