കവിത

സൗദ്‌ അല്‍ അസാദി( പലസ്തീന്‍)
 

കിണറിന്റെ ആള്‍മറയോട്‌ ചേര്‍ന്ന്
 

 


കിണറിന്റെ ആള്‍മറയോട്‌ പറ്റിച്ചേര്‍ന്ന്
കുനിഞ്ഞുനില്‍ക്കുന്നവളുടെ
ഉടല്‍വടിവ്‌ കണ്ടപ്പോള്‍
എന്റെ ഇരുണ്ട ശരീരത്തിന്റെ
രഹസ്യ ഇടങ്ങളില്‍
ഒരു തീനാമ്പ്‌ തെളിഞ്ഞു



അറച്ചറച്ച്‌ ഞാന്‍ അടുത്തെത്തി
എന്താണ്‌ നീ കിണറ്റിലേക്ക്‌ തുറിച്ചുനോക്കുന്നത്‌?
അവള്‍-
നിഴലില്‍ സൂര്യനെപ്പോലെ എന്തോ ഒന്ന്
ഞാന്‍ ചപലയായ്‌ ചോദ്യം ആവര്‍ത്തിക്കെ
അവള്‍-
വിചിത്രമായിരിക്കുന്നു
എങ്ങനെയാണ്‌ ജലത്തില്‍ പ്രതിബിംബമുണ്ടാകുന്നത്‌?

ഒരു കുട്ടിയെപ്പോലെ പിന്നില്‍
ഞാന്‍ ഒട്ടിച്ചേര്‍ന്ന് നില്‍ക്കുമ്പോള്‍
അവള്‍ ചൂളമിടാന്‍ തുടങ്ങി
-കിണറ്റിലേക്ക്‌ നോക്കൂ എന്നെ തള്ളിയിടരുത്‌.

നിതംബം മുന്നില്‍ നിന്ന് മാറ്റാതെ
വെളിച്ചം കവിയുന്ന കിണറ്റിലേക്ക്‌ നോക്കി
അവളുടെ ചുണ്ടുകളില്‍ പുലമ്പുന്ന
എന്റെ ചുണ്ടുകളുടെ പ്രതിബിംബത്തെ
ചേര്‍ത്തുപിടിച്ചു

പെട്ടെന്ന് കുതറിമാറി
ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന്
ഭയത്തോടെ ചുറ്റും പരതി
ഞങ്ങള്‍ മാത്രമേ അവിടെയുള്ളൂ
എന്നുറപ്പാക്കി

പിന്നെയവള്‍ പെരുവിരലില്‍ നടന്ന്
ആള്‍മറയിലേക്ക്‌ ചാഞ്ഞ്‌
ആഴത്തിലേക്ക്‌ വീണ്ടും
തുറിച്ചു നോക്കാന്‍ തുടങ്ങി
ഞങ്ങളുടെ ചുണ്ടുകള്‍
ജലത്തിലപ്പോഴും പുലമ്പുന്നുണ്ടോയെന്ന്
 

comments