അറബ്‌ കല

കുതിരയുടെ നിലവിളി
സാമി മുഹമ്മദ്‌

 


കുവൈറ്റിലെ അല്‍ ഷര്‍ഖ്‌ ജില്ലയിലെ അല്‍ സവാബറില്‍ 1943ല്‍ ഞാന്‍ ജനിച്ചു. ഞാനും കളിമണ്ണുമായുള്ള ബന്ധം ആരംഭിക്കുന്നത്‌ എന്റെ കുട്ടിക്കാലത്താണ്‌. കടല്‍പ്പാറകളും കളിമണ്ണും കൊണ്ട്‌ നിര്‍മ്മിച്ച ഞങ്ങളുടെ പഴയ വീടിന്റെ ചുമരുകള്‍ നിശബ്ദം നോക്കിയിരിക്കുമായിരുന്നു. കളിമണ്ണിലേക്ക്‌ കൈകള്‍ നീട്ടാന്‍ എന്തോ ഒരു ഉള്‍പ്രേരണയുണ്ടായി. ആ കൈകള്‍ ഒരായുസ്സ്‌ മുഴുവനും കളിമണ്ണില്‍ തന്നെയായിരിക്കുമെന്ന് അന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.


ഞാന്‍ മീനിന്റെയും പറവകളുടെയും മൃഗങ്ങളുടെയും രൂപങ്ങള്‍ മെനയാന്‍ തുടങ്ങി. പതിവായി കളിമണ്‍ ചുമര്‍ ചാരി നിന്ന് ആഴമുള്ള ആലോചനകളിലും ഭാവനകളിലും മുഴുകി. ഞാന്‍ ചെറു പ്രതിമകള്‍ പൂര്‍ത്തിയാക്കി വെയിലത്തുവച്ച്‌ അവ ഉണങ്ങാനായി നിമിഷങ്ങളെണ്ണി . അവയുമായി എന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക്‌ പോയി. അവരാ ശില്‍പങ്ങള്‍ ശ്രദ്ധിക്കുകയും എന്നെ പുകഴ്‌ത്തുകയും ചെയ്തു. പിന്നെ ആ പ്രതിമകള്‍ ഉടച്ചു കളഞ്ഞ്‌ കളിണ്ണിന്റെ ലോകമത്തേക്ക്‌ തന്നെ ഞാന്‍ മടങ്ങും.


1956ല്‍ ഈജിപ്റ്റ്‌ ആക്രമിക്കപ്പെടുമ്പോള്‍ ഞാന്‍ അല്‍സബ സ്കൂളിലെ ഒരു വിദ്യാര്‍ത്ഥി ആയിരുന്നു. ഈജിപ്റ്റിലെ ജനങ്ങളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സ്കൂള്‍ അധികാരികള്‍ പോര്‍ട്ട്‌ സെയ്ദിലെയും പോര്‍ട്ട്‌ ഫൗദിലെയും യുദ്ധങ്ങളുടെ ഓര്‍മ്മയ്ക്കായി ഒരു ശില്‍പം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടെ കലാദ്ധ്യാപകന്റെ മേല്‍നോട്ടത്തില്‍ പട്ടാളക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മണ്‍ പ്രതിമകള്‍ ഉണ്ടാക്കുവാന്‍ എന്നെയും ചില സഹപാഠികളെയും ചുമതലപ്പെടുത്തി. അത്‌ പൂര്‍ത്തീകരിക്കപ്പെടുകയും മികച്ച കലാസൃഷ്ടിയായി പ്രശംസിക്കപ്പെടുകയും ചെയ്തു. സ്കൂള്‍ മൈക്രൊഫോണിലൂടെ എന്റെ പേര്‌ വിളിച്ചപ്പോള്‍ എനിക്ക്‌ എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും തോന്നി. ആഘോഷക്കമിറ്റിയുടെ രക്ഷാധികാരി ഷെയ്ക്‌ അബ്ദുള്ള അല്‍ ജാബറിന്റെ കരം ഗ്രഹിച്ച ആദിവസം എന്റെ ആദ്യ കലാപുരസ്കാരം, ഒരു ബോള്‍ പെന്‍ , ഞാന്‍ സ്വീകരിച്ചു. അതിന്നും എന്റെ ഹൃദയത്തോട്‌ അടുത്തു നില്‍ക്കുന്ന ഒരു സമ്മനമായി തുടരുന്നു.

അറബ്‌ കലയുടെ ആധുനികവല്‍കരണത്തില്‍ പ്രധാന പങ്ക്‌ വഹിക്കുകയും സവിശേഷമായ കലാവ്യക്തിത്വം കൊണ്ട്‌ അറബ്‌ അതിര്‍ത്തികളെ മറികടക്കുകയും ചെയ്ത ശില്‍പിയും ചിത്രകാരനുമാണ്‌ സാമി മുഹമ്മദ്‌. അമര്‍ച്ച ചെയ്യപ്പെടുന്ന മനുഷ്യരുടെ അതിജീവന ശ്രമങ്ങള്‍, സ്വാതന്ത്ര്യ കാംക്ഷ പ്രതിരോധം പ്രത്യാശ ഭയം വേദന പീഠനം ഇങ്ങനെ ശില്‍പങ്ങളില്‍ ആവര്‍ത്തിച്ചുവരുന്ന പ്രമേയങ്ങള്‍ ഏതു ഭൂഖണ്ഡത്തിലെ മനുഷ്യനോടും പെട്ടെന്ന് സംവദിക്കുന്നു. എന്നാല്‍ സാമി മുഹമ്മദിന്റെ രചനകളുടേ മൗലികതയും ശക്തിയും സൗന്ദര്യവുമാണ്‌ കുവൈറ്റിന്റെ ശില്‍പി എന്ന നിലയില്‍ നിന്ന് അദ്ദേഹത്തെ രാജ്യാന്തര പ്രശസ്തിയിലേക്കുയര്‍ത്തിയത്‌.

1960 മുതല്‍ സാമി മുഹമ്മദ്‌ കുവൈറ്റിലെ സ്വതന്ത്ര ആര്‍ട്ട്‌ സ്റ്റുഡിയോകളില്‍ മുഴുവന്‍ സമയ രചനകളില്‍ മുഴുകി. 1966ല്‍ കെയ്‌റോയിലെ ഫൈന്‍ ആര്‍ട്സ്‌ കോളേജില്‍ ചേരുകയും 1970ല്‍ ബിരുദമെടുക്കുകയും ചെയ്തു. 1974 മുതല്‍ 76 വരെ അമേരിക്കയില്‍ പ്രിന്‍സ്റ്റണില്‍ ശില്‍പകലയില്‍ ഉപരിപഠനം നടത്തി. ഫ്രാന്‍സും ജര്‍മ്മനിയും ഇറ്റലിയും കാനഡയും ഉള്‍പ്പെടെ ലോകത്തിലെ പ്രധാന രാജ്യങ്ങളിലെല്ലാം കലാപ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുകയും വ്യപകമായി സഞ്ചരിക്കുകയും ചെയ്തു.ടെഹ്‌റാനിലെയും ഇറ്റലിയിലെയും പരീസിലെയും , യു.എ.ഇലെയും ആര്‍ട്ട്‌ ബിനാലകളില്‍ പുരസ്കാരങ്ങള്‍ നേടി. സമകാലിക കലക്കു വേണ്ടിയുള്ള ഷാര്‍ജ ആര്‍ട്ട്‌ മ്യൂസിയത്തില്‍ സാമി മുഹമ്മദിന്റെ രചനകള്‍ക്കായി ഒരു പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്‌.

കലാ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊപ്പം യഥര്‍ത്ഥ കലാകാരന്റെ അതൃപ്തി അദ്ദേഹത്തെ പിന്തുടര്‍ന്നു. ഇതാണ്‌ സാമിയുടെ കലാജീവിതത്തിലെ വഴിത്തിരുവായ ബോക്സസ്‌ പരമ്പരയിലേക്ക്‌ നയിച്ചത്‌. പെട്ടികളിലടയ്ക്കപ്പെട്ട കുതിരകളും മനുഷ്യരും രൂപക്കൂട്‌ തകര്‍ക്കുന്ന ശില്‍പ്പകലയായി..

comments