
പൊതുമേഖലാ ബാങ്കുകള്‍ സഹകരണ ബാങ്കുകള്‍ സ്വകാര്യ ബാങ്കുകള്‍ കാര്‍ഷിക
ബാങ്കുകള്‍ ഗ്രാമീണ ബാങ്കുകള്‍ ന്യൂ ജെനറേഷന്‍ ബാങ്കുകള്‍ ... കേരളം പോലെ
ബാങ്കുകള്‍ തിങ്ങിനിറഞ്ഞ പ്രദേശം ലോകത്ത് വിരളമായിരിക്കും. മറുവശത്ത്
വട്ടിപ്പലിശക്കാരന്‍ ബ്ലേഡുപലിശക്കാരന്‍ ദിവസപ്പിരിവുകാരന്‍ ഒരു ശതമാനം
കുറഞ്ഞനിരക്കില്‍ രഹസ്യമായി പലിശക്കു കൊടുക്കുന്ന രാഷ്ട്രീയ നേതാക്കള്‍...
ഇങ്ങനെ കമഴ്‌ന്നു വീണാല്‍ കാല്‍പ്പണവും കൊണ്ടേ എഴുന്നേല്‍ക്കൂ എന്ന് ശാഠ്യം
പിടിക്കുന്ന മനുഷ്യസ്‌പര്‍ശമില്ലാത്ത അങ്ങേയറ്റം സ്ഥാപനവല്‍കരിക്കപ്പെട്ട
സാമ്പത്തിക ബന്ധങ്ങളുടെ ഇടമായി കേരളം മാറി. കേരളത്തിനു പുറത്ത് ഗള്‍ഫ്
രാജ്യങ്ങളില്‍ പോലും പാസ്പോര്‍ട്ട് പണയം വാങ്ങി വെച്ച് പൊള്ളുന്ന
പലിശയ്ക്ക് ദിര്‍ഹവും ദിനാറും റിയാലും കൊടുക്കുന്ന മലയാളി മാര്‍വാടികളുടെ
എണ്ണം വളരെ കൂടുതലാണ്. മൊന്തയും കിണ്ടിയും ചെമ്പുകുടവും പണയപ്പണ്ടമായി
സ്വീകരിച്ച തറവാട്ടു മഹിമ അന്യദേശങ്ങളിലും നാം കാത്തു സൂക്ഷിക്കുന്നു.
ഈടു നല്‍കാന്‍ ആധാരമില്ലാത്തവര്‍ക്ക് മണ്ണും പൊന്നും ഇല്ലത്തവര്‍ക്ക്
പണയപ്പണ്ടങ്ങളൊന്നുമില്ലാത്തവര്‍ക്ക് ആരാണ് കടം കൊടുക്കുക? 2006 ലെ
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ്
യൂനുസ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞനും ബംഗ്ലാദേശ് ഗ്രാമീണ്‍ ബാങ്കും
വ്യത്യസ്തമായ ഒരനുഭവ പാഠമാണ് ലോകത്തിന് സമര്‍പ്പിച്ചത്. നിര്‍ദ്ധനരായ
സ്ത്രീകള്‍ക്കും സ്ത്രീ കൂട്ടായ്മകള്‍ക്കും സ്വയം വരുമാനം
കണ്ടെത്തുന്നതിനുവേണ്ടി ചെറിയ സാമ്പത്തിക സഹായങ്ങള്‍ ചെയ്തുകൊണ്ട്
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ബംഗ്ലാദേശ് ഗ്രാമീണ്‍
ബാങ്ക് ദാരിദ്ര്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക്
ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയായത് ബദല്‍ ബാങ്കിംഗ് രീതികളിലൂടെയാണ്.
മുകള്‍ത്തട്ടില്‍ നിന്നു മാത്രം ആസൂത്രണം ചെയ്യുന്ന ഒന്നല്ല വികസനമെന്നും
അടിത്തട്ടിലുള്ള ദരിദ്രജനവിഭാഗങ്ങളുടെ തൊഴിലുറപ്പിച്ചു കൊണ്ടുള്ള
പങ്കാളിത്തം പ്രധാനമാണെന്നും അതിനു പ്രായോഗിക മാര്‍ഗങ്ങളുണ്ടെന്നും ഇവര്‍
തെളിയിച്ചു.
ലോകത്തിലെ മനുഷ്യശേഷിയുടേ നേര്‍പകുതി സ്ത്രീകളാകയാല്‍ അവരുടെ ക്രിയാശേഷി
വിനിയോഗിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ സാമൂഹ്യ
ഉത്തരവാദിത്വത്തിലേക്ക് ഇത് വിരല്‍ ചൂണ്ടി.
സ്ഥാപനവല്‍കരണങ്ങളെ മറികടക്കുന്ന ജനകീയ കൂട്ടായ്മകള്‍ക്കും പുതു
സാമൂഹ്യബന്ധങ്ങള്‍ക്കും ഇടമൊരുക്കി, സാമൂഹ്യമാറ്റത്തിനായുള്ള പല
പ്രയോഗവഴികളിലൊന്നായി മാറി.
എന്നാല്‍ ക്ഷേമരാഷ്ട്രത്തിന്റെ ആശയ അടിത്തറ പോലെ മൈക്രോ ക്രെഡിറ്റും
സാമ്രാജ്യത്വ അജണ്ടയാണെന്ന് ഇതിന്റെ വിമര്‍ശകര്‍ വിശ്വസിക്കുന്നു.
ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് താല്‍കാലിക ശമനങ്ങള്‍ പാടില്ലെന്നും അത്
വിളഞ്ഞു കടുത്താലേ വിപ്ലവത്തിന് പാകമാകൂ എന്നും വാദിക്കുന്നവര്‍ക്ക്
ഒപ്പം നടക്കുമ്പോള്‍ അവരുടെ ഏമ്പക്കത്തിന്റെ മണം മനംപുരട്ടലുണ്ടാക്കും.
മൂന്നു പതിറ്റാണ്ടു പഴക്കമുള്ള 'ഗരീബി ഖഠാവോ' എന്ന മുദ്രാവാക്യം
ഇന്ത്യയില്‍ വീണ്ടും ഉയരുമ്പോള്‍ പല വഴികളിലൂടെ ഇന്ത്യ മുന്നേറിയ ഈ
കാലമത്രയും അടിത്തട്ടിലെ മനുഷ്യരുടെ ജീവിതത്തിന് എന്തു മാറ്റമുണ്ടായി എന്ന
ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. കോടിക്കണക്കിന് ദരിദ്രരായ
മനുഷ്യര്‍ക്ക് പണിയെടുക്കാനും വിശപ്പടക്കി ജീവിക്കാനുമുള്ള അവസരം
നിഷേധിക്കപ്പെട്ട ഒരു ദുരിതകാലം നമ്മുടെ മുന്നില്‍ തളം കെട്ടി
നില്‍ക്കുന്നു. വികസിത രാജ്യത്തിന്റെ പദവിയിലേക്ക് ചുവടു വെക്കുന്ന
ഭാരതത്തിന് ഒരു ഇരുണ്ട മറുപുറമുണ്ട്. അവിടെ ദരിദ്രര്‍ അവരുടെ
ജീവിതത്തില്‍ നിന്നു തന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുന്നു. ഉയര്‍ന്ന
ജനാധിപത്യബോധവും രാഷ്ട്രീയ സാക്ഷരതയും ഉള്ള കേരളം പോലും സാമ്പത്തിക
ഭദ്രതയില്ലാത്തവര്‍ക്കു മുന്നില്‍ ആത്മഹത്യയുടെ വഴിയാണു തെളിക്കുന്നത്.
കുടുംബശ്രീ യൂണിറ്റുകളേയും സ്വയംസഹായ സംഘങ്ങളേയും മുന്‍നിര്‍ത്തിയുള്ള
ബംഗ്ലാദേശ് അനുഭവത്തിന്റെ ദുര്‍ബ്ബലമായ അനുകരണങ്ങള്‍ക്കപ്പുറം
അഭ്യസ്തവിദ്യരായ മുഴുവന്‍ കേരളീയ സ്ത്രീകളെയും അടുക്കളയില്‍ നിന്നും അവരുടെ
ചമയമേശകളില്‍ നിന്നും പുതിയ തൊഴില്‍ സംസ്‌കാരത്തിന്റെ സാമൂഹിക
ഇടങ്ങളിലേക്ക് നയിക്കാന്‍ സംഘടിതശ്രമങ്ങള്‍ അനിവാര്യമാണ്.അത്തരം ഇടങ്ങള്‍
നിര്‍മ്മിക്കാന്‍ രാഷ്ട്രീയവും സാംസ്കാരികവുമായ മുന്നൊരുക്കങ്ങള്‍
ഉണ്ടാവുമെങ്കില്‍ പ്രവര്‍ത്തനക്ഷമമാവുന്ന മലയാളത്തിന്റെ മറുപകുതി ലോകത്തെ
വിസ്മയിപ്പിച്ചുകൂടെന്നില്ല.
comments