കഴിഞ്ഞ ലക്കം
തുടര്‍ച്ച...
ഈ കഥയിലും നിര്‍മ്മല തന്റെ പ്രമേയ പരിചരണത്തിലെ വിശ്വസംഹിത
പരിചയപ്പെടുത്തുന്നു. 'നഷ്ടപ്പെടുവാന്‍' എന്ന കഥയിലെന്നപോലെ ഒരു
'തീരുമാന'ത്തിലേക്ക് തന്റെ ആഖ്യാനത്തെ കൊണ്ടു പോകുന്നു. അത് താന്‍
പാര്‍ക്കുന്ന പാശ്ചാത്യ സമൂഹത്തിന്റെ മൂല്യവ്യവസ്ഥയ്ക്കു പുറത്താണെന്ന് ഈ
കഥയും വിശ്വസിക്കുന്നു. 'മരിക്കാന്‍ അനുവദിക്കുക' എന്ന ആധുനിക മൂല്യത്തിനു
പകരം, പൗരസ്ത്യ ശിക്ഷണമുള്ള ഭാവനയ്ക്ക് പരിചയമുള്ള വേറൊരു
അന്ത്യത്തിലേക്ക് കഥയെ കൊണ്ടു നിര്‍ത്തുന്നു. മകനു വേണ്ടി അമ്മ സ്വയം
മരണത്തിലേക്ക് പോകുന്നു. അയാളുടെ തിരഞ്ഞെടുപ്പുകളെ നിഷ്ക്രിയമാക്കുകയോ
വേണ്ടെന്ന് വെക്കുകയോ ചെയ്യുന്നു. ഈ കഥകളുടെ വായനയോടൊപ്പം, കഥാകൃത്തിന്റെ
ഭാവന സഞ്ചരിക്കുന ഭൂതലം കാംക്ഷിക്കുന്ന മൂല്യവ്യവസ്ഥ നമുക്ക് പരിചയമുള്ള
മലയാളി സമൂഹത്തിന്റേതാണ്. എന്തുകൊണ്ടാണ് ഈ കഥയിലെ സന്ദര്‍ഭങ്ങള്‍
നിര്‍മ്മല തനിക്കു നന്നായി പരിചയമുള്ള പാശ്ചാത്യസമൂഹത്തിന്റെ 'ആധുനിക
മൂല്യ'ങ്ങളിലേക്ക് നടത്തിക്കൊണ്ടുപോകാന്‍ വിസമ്മതിക്കുന്നത്?
അങ്ങനെയായിരുന്നെങ്കില്‍ ഈ കഥകളുടെ സാദ്ധ്യതകള്‍ നമ്മുടെ തന്നെ
ബന്ധനിര്‍വ്വചനങ്ങളെ എങ്ങനെയെല്ലാം എതിരിടും? തീര്‍ച്ചയായും, മലയാളി
സമൂഹത്തിന്റെ മൂല്യവ്യവസ്ഥയ്ക്ക് പുറത്തുള്ള ഇത്തരം അഭിമുഖീകരണങ്ങള്‍
ഇന്നു നമുക്ക് പരിചയമില്ലാത്തതല്ല.

നമ്മുടെ കഥയിലും ഇത്തരം സന്ദര്‍ഭങ്ങള്‍ കടന്നു വരുന്നുണ്ട്. എന്നാല്‍,
നിര്‍മ്മലയുടെ കഥകള്‍ അത്തരം സന്ദര്‍ഭങ്ങളില്‍, അവരെഴുതുന്ന ഭാഷയുടെയും
സമൂഹത്തിന്റെയും ദൂരമാണ് അടയാളപ്പെടുത്തുന്നത്. ഏതൊരു ചെറുസമൂഹവും
അതിന്റെ ജീവിത പാരമ്പര്യത്തിലെ ചില മൂല്യങ്ങള്‍ കുറേക്കാലമെങ്കിലും
സൂക്ഷിക്കുമെന്നത് ഈ കഥകള്‍ വേറൊരു തരത്തില്‍ പറഞ്ഞതാണെന്നും വരാം. ഒരു
പക്ഷെ, ആ മൂല്യങ്ങളിലൂടെയാവണം ആ സമൂഹത്തിന്റെ അതിജീവനം എന്നുവരെ
തോന്നത്തക്ക വിധത്തില്‍ ആ പരിസരം ഭാവനയിലും അപ്പോള്‍ കടന്നുവരുന്നു. തന്റെ
സമൂഹത്തിന്റെ വൈകാരികജീവിതത്തെ ഒരു ഭൗതികശക്തിപോലെ അപ്പോള്‍ ഭാഷയ്ക്കും
ഭാവനയ്ക്കും നേരിടേണ്ടി വരുന്നു. അഥവാ അത്തരം സന്ദര്‍ഭങ്ങള്‍ ആ കഥകള്‍ ഭാവന
ചെയ്യുന്ന സമൂഹത്തിന്റെ തന്നെ ശരിതെറ്റുകളെ അനുസരിക്കുന്നു.
എന്നാല്‍, ഇങ്ങനെയൊരു ഭാവതലത്തിലല്ലാതെ വ്യത്യസ്തമായ ഒരു കഥയും ഈ
സമാഹാരത്തിലുണ്ട്. കഥയില്‍ ലോകം എങ്ങനെ വന്നുവീഴുന്നു എന്നു
ശ്രദ്ധിക്കുന്ന ഒരാളെന്ന നിലക്കുകൂടി 'അബുഗ്രാഇബ്' എന്ന കഥ മുമ്പേ ഞാന്‍
വായിച്ചിരുന്നു. ആധുനിക മനുഷ്യസമൂഹത്തില്‍ കുപ്രസിദ്ധമായ പേരോടെ
പ്രത്യക്ഷപ്പെടുന്ന ഒരു സന്ദര്‍ഭം ഈ കഥയിലേക്കും കടന്നുവന്നിരുന്നു. അബു
ഗ്രാഇബിലെ തടവറ മനുഷ്യരായിരിക്കുന്നതിലെ അന്തസ്സ് എങ്ങനെയാകുമെന്ന്
ലോകത്തെ അതിനും മുമ്പേ അറിയിച്ചിരുന്നു. അമേരിക്കന്‍-ബ്രിട്ടീഷ് സൈനികര്‍
ഇറാഖിലെ യുദ്ധത്തടവുകാരോട് എങ്ങനെ പെരുമാറി എന്നു കാണിച്ച അബു ഗ്രാഇബ്
ഫോട്ടോകള്‍ യുദ്ധം ക്രൂരമായ പ്രവൃത്തിയാണെന്നു മാത്രമല്ല , അത്
മനുഷ്യരായിരിക്കുന്നതിലെ അന്തസ്സ് കെടുത്തുമെന്നും ലോകത്തോടു പറഞ്ഞു.
നിര്‍മലയുടേ കഥ, ആ 'ലോക'ത്തെ, കാനഡയിലെ ഒരു വീട്ടിലേക്ക് കൊണ്ടു വരുന്നു.
പെരിയാറിന്റെ തീരത്തുണ്ടായിരുന്ന ഒരാളെയും, അയാളുടെ ഭാര്യയെയും
അവതരിപ്പിക്കുന്നു. തൊഴില്‍രഹിതനായ അയാള്‍, വിനോദ്, ഒന്നും
ചെയ്യാനില്ലാത്തതുകൊണ്ട് അടുക്കള ജനലിലൂടേ പുറത്തേക്ക് നോക്കി. എന്നും
കാണാറുള്ള ശാന്തമായ ഒരു തടാകത്തെ ഉള്ളിലേക്ക് എടുത്തുകൊണ്ടാണ്
കഥയാരംഭിക്കുന്നത്, അതിരവിലെ വെള്ളം നിശ്ചലമായിരുന്നു എന്നു
പറഞ്ഞുകൊണ്ട്. എന്നാല്‍, ടെലിവിഷനില്‍ ആദ്യം വാര്‍ത്തയും പിന്നീട്
ചരിത്രവുമായ 'അബു ഗ്രാഇബ്' വിവരങ്ങള്‍ കാണാന്‍ വിനോദ് ശ്രദ്ധിക്കുന്നതോടെ
കഥയിലെ (വീട്ടിലെ) നിശ്ചലത തകരാറിലാവാന്‍ തുടങ്ങുന്നു.
അയാള്‍ ജോലിക്കു ശ്രമിക്കാതെ വെള്ളം നോക്കി ഇരിക്കുന്നതില്‍, ടെലിവിഷനിലെ
മനുഷ്യരുടെ ക്രൂരതകള്‍ നോക്കി സമയം കളയുന്നതില്‍ അയാളുടെ ഭാര്യ, താര,
പരിഭവിക്കുന്നുണ്ട്. അവള്‍ കാനഡയില്‍ ഇപ്പോള്‍ കിട്ടാന്‍ തുടങ്ങിയ മലയാളം
ടേലിവിഷന്‍ ചാനലുകളിലെ സീരിയലിലെ കണ്ണീര്‍ ചാലിലൂടെ എത്ര ദൂരം
പോകുമെങ്കിലും ഈ പട്ടാളഹിംസ കണ്ടിരിക്കുക വയ്യ. യുദ്ധവും കൊലയും
ചരിത്രമാണെന്നു പറഞ്ഞ വിനോദിനോട് അമേരിക്കന്‍ പട്ടാളം നാളെ എറണാകുളത്ത്
ഇറങ്ങിയാല്‍ എന്തു ചെയ്യുമെന്ന് താര ചോദിക്കുന്നു. അവള്‍ അതിനൊരു കാരണവും
വാര്‍ത്തകളില്‍ നിന്നു തന്നെ കണ്ടെടുക്കുകയും ചെയ്തു- ഇന്ത്യ മിസൈല്‍
ഉണ്ടാക്കുന്നു.
വിനോദിന്റെ 'ഉദാസീനത'യിലേക്ക് താര കടത്തിവിടുന്ന യുദ്ധപ്പട
സ്വപ്നത്തിലൂടെയും തനിച്ചിരിപ്പിലൂടെയും അയാളെ പിന്തുടരുന്നു. അയാള്‍
ജോലിക്കു വേണ്ടി ശ്രമിക്കാന്‍ തയ്യാറാക്കുന്ന 'റസ്യൂമേ'യുമായാണ് ആ
ലോകത്തില്‍ പ്രവേശിക്കുന്നതും. ഒരു ജോലിക്ക് അയാള്‍ ശ്രമിക്കുന്നുമുണ്ട്.
മൂന്നു ദശകങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ നിന്നും എടുത്ത ബിരുദം അയാളെ ഇനി
അത്രയധികമൊന്നും സഹായിക്കില്ല. മാത്രമല്ല കമ്പ്യൂട്ടറിന്റെ കാലത്ത് അയാള്‍
കൂടുതല്‍ കൂടുതല്‍ അയോഗ്യനുമാകുന്നു- ഒരു കുഞ്ഞെലി വിറപ്പിക്കുകയാണ് ഈ
അമ്പതുകാരനെ....

അബു ഗ്രാഇബ് മറ്റൊരു ചിത്രത്തിലൂടെ ഇതിനകം അയാളെ പിടികൂടുന്നു.അയാളുടെ
അമ്മയുടെ പിറകെ പട്ടികള്‍ പായുകയാണ്. ആ ദു:സ്വപ്നത്തിന്റെ ഓര്‍മ്മയില്‍
അയാള്‍ വീണ്ടും അടുക്കളയിലെത്തുന്നു. ജനാലക്കപ്പുറത്തെ തടാകത്തിലെ
വെള്ളമപ്പോഴും നിശ്ചലമായി തന്നെ കാണുന്നു. ഇരിപ്പുമുറിയിലേക്ക്
തിരിച്ചെത്തുന്ന വിനോദ് വീണ്ടും ദുസ്വപ്നങ്ങളുടെ പിടിയിലാകുന്നു.
എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ അമേരിക്കന്‍ പട്ടാളക്കാര്‍
ഇറങ്ങിയിരിക്കുന്നു. നഗ്നനാക്കപ്പെട്ട ഒരു വാഴക്കുലക്കാരനെ ഉയരം കുറഞ്ഞ ഒരു
പട്ടാളക്കാരി ചങ്ങലയില്‍ കെട്ടി ചന്തക്കുളത്തില്‍ ഇറക്കിയിരിക്കുന്നു. NH
47 ലൂടെ ടാങ്കുകള്‍ നീങ്ങിയിരുന്നു. തെക്കെ കളമശ്ശേരിയിലെ മസ്ജിദും സോഷ്യലു
പള്ളിയും പട്ടാളം നശിപ്പിച്ചിരുന്നു... താര തിരിച്ചെത്തുമ്പോള്‍ വിനോദ്
അതിശക്തമായ പനിയുടെ പിടിയിലാണ്. അയാള്‍ അവളോട് രാവിലെ കണ്ട വെള്ളത്തിന്റെ
തിരയിളക്കം, കായലിന്റെ ഗൗരവം, ഒച്ചയോടെ തന്നെ ഓര്‍മ്മിപ്പിക്കുന്നു.
ഇറാഖില്‍ അമേരിക്കന്‍ സേനയോടൊപ്പം ക്ഷുരകനായി എത്തുന്ന ഒരു കഥാപാത്രത്തെ,
പപ്പുവിനെ, എന്‍. എസ്. മാധവന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തിന്റെ
വളര്‍ച്ചക്കൊപ്പം, പപ്പു, പതുക്കെ സമനില തെറ്റുന്ന തന്റെ
സഹപ്രവര്‍ത്തകനെയും ഓര്‍ത്ത് നീങ്ങുന്ന ആ കഥയില്‍ ഭ്രാന്ത്, ബോധത്തെ
ചിതറിച്ച, സ്വസ്ഥമാവാന്‍ ആവശ്യപ്പെടുന്ന ഒരു സ്ഥലം പോലെയാണ്.
ഒരിടത്തുവച്ച് പപ്പുവിന്റെയും ബോധം കെടുന്നു. അതിനു തൊട്ടു മുമ്പ്
പപ്പുവിന്റെ തല യുദ്ധത്തിന്റെ ഒരു പ്രക്ഷേപണമുറി തന്നെ ആവുകയായിരുന്നു. ഈ
കഥയിലെ വിനോദിനും, പപ്പുവിന്റെ സുഹൃത്തിനെന്നപോലെ, യുദ്ധത്തില്‍ വച്ച്
സമനില തെറ്റുന്നു.
യുദ്ധത്തില്‍ ഇല്ലാതിരുന്നിട്ടും ഇങ്ങനെ എവിടെയും എപ്പോള്‍ വേണമെങ്കിലും
ആര്‍ക്കും സംഭവിക്കാം എന്ന കൃത്യമായ ഒരു പ്രസ്താവത്തിന്റെ രാഷ്ട്രീയമൂല്യം
' അബുഗ്രാഇബ്' പുറത്തുവിട്ട ചിത്രങ്ങള്‍ക്കുണ്ടായിരുന്നു. അത്
ഹിംസാത്മകമായ ഒരു ശക്തിക്കു മുന്നില്‍ ദുര്‍ബ്ബലമാവുന്ന പൗരബോധത്തിന്റേതു
കൂടിയായിരുന്നു. ഭയം ഒരു ജീവിതവ്യവസ്ഥ ആവുകയായിരുന്നു. വിനോദിനു സമനില
തെറ്റുന്നത് യുദ്ധത്തെ കടന്നു പോവാനാണ്. കഥയില്‍ പെട്ടെന്ന് ഒരു ചുഴലി
പോലെ ലോകം പൊടി പടര്‍ത്തി ഉയരുന്നു. നമ്മുടെ ജീവചരിത്രത്തിനു പുറത്തെ
സംഭവങ്ങള്‍ നമ്മുടെ തന്നെ സാമൂഹ്യാസ്തിത്വത്തെ സ്പര്‍ശിക്കുന്ന
സന്ദര്‍ഭങ്ങളായി കഥയിലും കടന്നു വരുന്നു. ലോകത്തിലേക്ക് മലയാളിയും
വേര്‍പെടുന്നു. 'അബു ഗ്രാഇബി'ല്‍ ഇല്ലാതിരിക്കുമ്പോഴും, പെരിയാറിലെ
വെള്ളവും കാനഡയിലെ തടാകപ്പരപ്പും അയാളുടെ കണ്ണാടിബിംബത്തെ ചിതറിക്കുന്നു.
കഥ, ഒരാളില്‍ എന്നല്ല മറ്റൊരാളില്‍ മാത്രമല്ല, ലോകത്തിലും അതിന്റെ ജീവിതം
തപ്പുന്നു.

മലയാളിയായിരിക്കുന്നതിലെ മൂല്യവ്യവസ്ഥകള്‍, പശ്ചാത്യസമൂഹത്തിന്റെ
മൂല്യവ്യവസ്ഥാ പശ്ചാത്തലങ്ങള്‍, വേറിട്ടു പാര്‍ക്കുന്നതിന്റെ ആന്തരിക
കഥാഗതികള്‍, ഈ പുസ്തകത്തിലെ കഥകളുടെ പ്രമേയവും സൂചകങ്ങളുമായി എപ്പോഴും
കടന്നു വരുന്നു. പാരമ്പര്യം എന്നത് ഒരാള്‍ സ്വീകരിക്കുന്ന സാംസ്കാരിക
വാഗ്ദാനം എന്നതിനപ്പുറം അയാളുടെ ജീവിതനീക്കത്തിന്റെ ഓരോ കാല്‍വെപ്പും
ഉറപ്പാക്കുന്ന മൂല്യവ്യവസ്ഥ കൂടിയാകുന്നുവെന്നാണ് ഈ കഥകളില്‍ പലതും,
നമ്മളെല്ലാം കരുതുന്നതുപോലെ, വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ ആ
മൂല്യവ്യവസ്ഥയുടെ പ്രതിലോമകങ്ങളായ ആവശ്യങ്ങളോടും ഏറ്റുമുട്ടേണ്ടി വരുന്നു.
എന്നാല്‍ അത്തരം അഭിമുഖീകരണങ്ങള്‍ പോലും വളരെ ശാന്തവും സൗമ്യവുമായി
നേരിടാന്‍ ആഗ്രഹിക്കുന്നു ഈ കഥകളും കഥാപാത്രങ്ങളുമെന്നത് നമ്മുടെ ശ്രദ്ധ
നേടുന്നു. ജീവിതത്തെ സ്നേഹിക്കുന്ന ഒരു വ്യക്തി, ഒരു കുടുംബം, ഒരു സമൂഹം,
എന്ന കല്‍പനയിലേക്ക്ക് അത് കരുണയോടേ നോക്കുന്നു. ലളിതവും, നേര്‍
രൂപനീക്കങ്ങളുമായി ജീവിതത്തിന്റെ പത്ത് കഥാ ഖണ്ഡങ്ങള്‍ അങ്ങനെയൊരു സ്ഥലം
നമ്മുടെ ഭാവനയില്‍ നിര്‍മ്മിക്കുന്നു.
അടിക്കുറിപ്പ്:
ശ്രീരമകൃഷ്ണപരമഹംസര്‍ തന്റെ ഭക്തരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞ ഒരു
വരിയാണിത്.
പുണ്യനദിയില്‍ കുളിക്കാന്‍ വന്നതായിരുന്നു അവള്‍;
പക്ഷെ മറ്റെല്ലാം ഓര്‍ത്തു അതൊഴികെ.
മോക്ഷത്തെക്കുറിച്ചോ ഈശ്വരസന്നിധിയിലെത്തേണ്ടുന്ന ഒരാളുടെ
മനസ്സിനെക്കുറിച്ചോ പറഞ്ഞു തുടങ്ങിയതാവാം അദ്ദേഹം, അങ്ങനെ
പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ അദ്ദേഹം സമാധിയിലേക്കും (അബോധത്തിലേക്കും)
പോകുമായിരുന്നത്രേ. കഥകള്‍ എഴുതുമ്പോള്‍,തീരുമ്പോള്‍,തനിക്ക് ആശ്വാസം
തോന്നാറുണ്ട് എന്ന് നിര്‍മ്മല ഒരു കത്തില്‍ എനിക്കെഴുതിയപ്പോള്‍ ഞാന്‍
പരമഹംസരുടെ വരികള്‍ ഓര്‍ത്തു. നിര്‍മ്മലയും പുണ്യനദിയിലേക്ക്
എത്തിയവളെപ്പോലെയായിരുന്നു. ഒരു തരം ആശ്വാസത്തിലേക്ക്, മുക്തിയിലേക്ക്
കഥകളുമായി വന്ന ആള്‍, എനാല്‍ ആ യാത്രകളിലൊക്കെയും അവര്‍ ജീവിതത്തെ
ഓര്‍ത്തു. വേദനയും സന്തോഷവും നല്‍കിയ ഓര്‍മ്മകളില്‍, ആ നദിക്കരയിലെന്ന
പോലെ, തങ്ങി നിന്നു. മോക്ഷമില്ലാത്ത ജീവിതമത്രേ , കഥയുടേതും.
comments