കവിത

കമറുദ്ദീന്‍ ആമയം

 


1

ഉച്ചസ്ഥന്‍

അമ്പതുനില കെട്ടിടത്തിന്റെ
മണ്ടയില്‍ ചുരുണ്ടുകൂടും
തരംകെട്ട വാടകജീവിതം
ഇങ്ങനെ ന്യായീകരിക്കുന്നു:
മറ്റാരുടെ കണ്ണില്‍
പുളയും മുമ്പ്‌, സൂര്യനെ സ്വന്തം
ചൂണ്ടയില്‍ കുരുക്കാം

ഒരുണ്ട നൂലും
കടലാസ്‌ പട്ടവും കൊണ്ട്‌
മഴയുടെ മോന്തായം ചോര്‍ത്താം.

ഗാര്‍ബേജുബാഗില്‍ തളക്കാം
കൊടുങ്കാറ്റിനെ
ചുരുട്ടി വലിക്കാം നിലാവിനെ
കടലിരമ്പലായ്‌ ആസ്വദിക്കാം
സെന്‍ട്രലേസി ചില്ലര്‍ ശബ്ദം.

കാണാം ചന്ദ്രനിലെ വെറുങ്ങലിച്ച
പതാകയെ, ഷൂസടിപ്പാടുകളെ
കഥയില്‍ നിന്ന് പറന്നുപോയ
പരവതാനികന്യകളെ

കേള്‍ക്കാം ആഞ്ഞൊന്നു കൂവിയാല്‍
ഏഴാകാശക്കാതുകള്‍ തുളച്ചി-
റങ്ങിവരും ദൈവത്തിന്റെ
മറുകൂവലുകളെ

മൂടിവെക്കാനായില്ല ഇവയ്ക്ക്‌
ഇല്ലായ്മയുടെ ഗര്‍ഭത്തെയെങ്കില്‍
താഴത്തെ നിലയിലെ സായ്പിന്റെ
ഉച്ചിയിലേക്കാണ്‌ നിത്യവും
കാഷ്ഠിക്കുന്നതെന്ന് അനുമാനിച്ചാശ്വസിക്കാം

തിരക്കിട്ട
നാട്ടിന്‍പുറ സന്ദര്‍ശനത്തിലാണ്‌
ആത്മഹത്യ.


2

അറവ്‌

ഉച്ചയൂണിന്‌ കാന്റീനില്‍
ഒത്തുകൂടുമ്പോള്‍ പതിവായ്‌
തൊട്ടുകൂട്ടാറുണ്ട്‌
പലജാതി വാര്‍ത്തകള്‍

ആരോ തീന്മേശയില്‍
കൊണ്ടുവെച്ചിന്ന്
ഉടല്‍വേറിട്ട ഒരു ശിരസ്‌
ചോദിക്കും മുമ്പെ
സ്വയമത്‌ പരിചയപ്പെടുത്തി

ഞാനും നിങ്ങളെപ്പോലെ
കുടുംബം പോറ്റാന്‍
നാടുവിട്ടവന്‍
നിരുപദ്രവകാരി
കാവേരിയുടെ തീരത്ത്‌
എന്റെ അവധിക്കാലം
പ്രതീക്ഷിച്ചിരിപ്പാണ്‌
അവളും കിടാങ്ങളും

കാന്റീനില്‍ നിന്നിറങ്ങുമ്പോള്‍
എതിരേ വരുന്നു
ഏതു നേരവും താലിബാനെ
*നസ്‌വാറില്‍ ചാലിച്ച്‌
ചുറ്റും വിളമ്പും
കാബൂളുകാരന്‍ ഉമര്‍ഖാന്‍

അവന്‍ ചൊല്ലിയ സലാം
മടക്കിച്ചൊല്ലാന്‍ വഴങ്ങിയില്ല
ഇന്നെന്റെ നാവ്‌

തൂ മുസല്‍മാന്‍ നഹീ ഹെ
അരിശപ്പെട്ട അവന്റെ ചോദ്യത്തിന്‌
നിന്നെപ്പോലുള്ള മുസല്‍മാനല്ല
ഞാനെന്ന് മുഖത്താട്ടാന്‍
അവന്റെ ആകാരം
എന്നെ അനുവദിച്ചതുമില്ല.

* നസ്‌വാര്‍- അഫ്ഗാനി- പാക്കിസ്ഥാനി പുരുഷന്മാര്‍ സര്‍വ്വസാധാരണയായ്‌ ഉപയോഗിക്കുന്ന ഒരു ലഹരിവസ്തു. പുകയിലയും മറ്റു ചില ഇലകളും പൊടിച്ചുണ്ടാക്കുന്ന ഇത്‌ ചെറിയ ഉരുളയാക്കി ടിഷ്യൂപേപ്പറില്‍ പൊതിഞ്ഞ്‌ വായില്‍ തിരുകി വെക്കുകയാണ്‌ ചെയ്യുക.


3

സ്വര്‍ഗത്തിലേക്കുള്ള പടികള്‍


ഇത്തിരിക്കൂടിയേയുള്ളൂ
പാലും തേനും പതഞ്ഞൊഴുകും
അരുവിയുടെ കളകളാരവം
കേള്‍ക്കുന്നുണ്ട്‌
നീരാടും ഹൂറികളുടെ
പൂമേനിത്തിളക്കം
ചുറ്റും പരക്കുന്നുണ്ട്‌
മധുരഫലങ്ങള്‍ തൂങ്ങിയാടും
വൃക്ഷത്തലപ്പുകള്‍
മാടിവിളിക്കുന്നുണ്ട്‌
ചവര്‍ക്കാത്ത ചഷകങ്ങള്‍
കൊക്കുരുമ്മുന്നുണ്ട്‌

കാത്തിരിക്കേണ്ടിനി കലണ്ടറിന്റെ
ആര്‍ത്തവനാളിന്‌
എപ്പോഴും ആഘോഷം
ആകാശത്തിന്‌ വിചാരിക്കുന്ന നിറം
ചേലപോലെ ഋതുക്കള്‍

ഇത്തിരിക്കൂടിയേയുള്ളൂ
സര്‍വ്വ സുഖത്തിന്റെ
കൊടുമുടിയിലണയാനെന്ന്
ഉറപ്പിച്ച നേരത്ത്‌
തീരുന്നു മുന്നിലെ പടികള്‍

ഇങ്ങോട്ടേക്കുള്ള വഴിയില്‍
കൊന്നുതള്ളിയ ശരീരങ്ങളെ
വലിച്ചിഴച്ചുകൊണ്ടുവന്നിരുന്നെങ്കില്‍
പടികളാക്കാമായിരുന്നു.
 

comments