പ്രണയ കവിതകള്‍
1
എനിക്കൊരു നാടോടി ഉണ്ടായിരുന്നു
ഉടല്‍ നിറയെ
ഇന്ത്യന്‍ വെള്ളി അണിഞ്ഞവള്‍
അവള്‍ക്ക്
പുലര്‍താരകം പോലുള്ള പൊക്കിളും
പര്‍വ്വതനിരകളിലെ
പുല്‍മേടുകള്‍ പോലുള്ള
കണ്ണുകളുമുണ്ടായിരുന്നു
അവളൊരു പുള്ളിമാന്‍
തടാകത്തിലേക്ക് നീളുന്നൊരു
വനപഥം
ഒരു നാള്‍
അവളുടെ രോമത്തില്‍
സൂര്യന്‍ ജ്വലിച്ചു
കാടിനു തീ പിടിച്ചു
വഴിയുടെ വളവില്‍
കാറു കേടായി
ഞങ്ങള്‍
ആശുപത്രി കിടക്കയിലുറങ്ങി
ഇന്ത്യന്‍ മഴവില്ലു പോലെ
വീണ്ടും ഉദിക്കാന്‍

2
സൂര്യന്‍ പ്രവേശിക്കെ
വേദന അകന്നു പോയി
ഒറ്റപ്പെട്ട പര്‍വ്വതത്തില്‍
ഒരു ജാലകം
ഞാന്‍ കുരിശില്‍ നിന്ന്
മോചിപ്പിക്കപ്പെട്ട ഒരു മരം
വേരുകള്‍ക്ക് തിരികെ
കിട്ടിയത്.
സ്വര്‍ഗ്ഗത്തില്‍ നിന്ന്
സ്വര്‍ഗ്ഗത്തിലേക്കുള്ള
ഒരു സ്ത്രീയുടെ
രണ്ടു ദിവസത്തെ പറക്കലില്‍
രണ്ടായിരം കൊല്ലത്തെ
ദുരിതത്തില്‍ നിന്ന്
വിമുക്തി കിട്ടി
കൈകളുടെയും
കണ്ണുകളുടെയും തുണയില്‍
കഴുതയോ തീവണ്ടിയോ ഇല്ലാതെ
ഞങ്ങള്‍ യാത്ര ചെയ്തു
3
എന്റെ വേദന വില്‍ക്കാന്‍
ഒരു മരുന്നു കടയില്‍ ചെന്നു
കിട്ടിയ ഒരു പെനി കൊണ്ട്
ചാരനിറമുള്ളൊരു
ഇന്ത്യന്‍ കമ്പിളി വാങ്ങി
കറുത്ത വരയില്‍
ഞാന്‍ കപ്പല്‍ച്ചുവടുകള്‍ വായിച്ചു
പാദമുദ്രകള്‍ പിന്തുടര്‍ന്ന് ഞങ്ങള്‍
ഒരു പുല്‍മേട്ടില്‍ എത്തിച്ചേര്‍ന്നു
അവിടെ വെള്ളം മാത്രം
ഞങ്ങളോട് സംസാരിച്ചു
മഴയേയും തീയേയും പറ്റി.
ഞങ്ങള്‍ മൂന്നു പേരും
ഒന്നിച്ചുറങ്ങി
കാരണം ഞങ്ങള്‍
പുലര്‍മഞ്ഞിന്‍ കണങ്ങളായ്
മാറിയിരുന്നു.

4
ഭയത്തിന്റെ ദേവതയാകാന്‍
നിന്നോടാരും പറഞ്ഞില്ല
മരണത്തിന്റെയും.
ഞങ്ങള്‍ക്കു വേണ്ടത്
നിന്റെ തൊലി
മൃദുലമായിരിക്കുക എന്നതാണ്
ഒരു ഒക്ടോബര്‍ അപരാഹ്നത്തില്‍
ബെയ്‌റൂട്ടില്‍
രണ്ടാഭ്യന്തര കലാപങ്ങള്‍ക്കിടയിലെ
കടല്‍ പോലെ.
കൈ നിറയെ വേദനയുമായി
നീ വന്നു
രണ്ടു മനുഷ്യര്‍ സന്ധിക്കുമ്പോള്‍
ഭൂകമ്പങ്ങള്‍ ചെയ്യുന്ന പോലെ
എന്റെ കാല്‍ച്ചോട്ടിലെ
ഭൂമി പിളര്‍ത്തിയ
ഒരു ചിരി.
5
നീ എന്റെ നട്ടെല്ലിലേക്ക്
താണിറങ്ങുന്ന ഒരു വെളുത്തമേഘം
എന്റെ വേദനയിലൂടെ
തീ വിരലോടിക്കുന്നു
കണ്ണീരു കൊണ്ടു നിറഞ്ഞിരിക്കുന്ന
രണ്ടു കറുത്ത കണ്ണുകള്‍
നീ ഇന്നലത്തെ
ആശുപത്രിക്കിടക്കയ്ക്കുള്ള കാശെണ്ണുമ്പോള്‍
മേഘം, മൂടല്‍മഞ്ഞില്‍
നഗരത്തിനു മീതെ ഞാന്‍ കേട്ട
ഒരു പാട്ടായി.
നാം ദു:ഖത്തിന്റെ ഒരു കളിയില്‍
പങ്കെടുക്കുകയല്ല
പറക്കാനായി
ചിറകു വളര്‍ത്താന്‍ ശ്രമിക്കുന്നു.
6
എന്റെ കരങ്ങള്‍ക്കടിയില്‍
നീ
ഒരിക്കലും കത്തിത്തീരാത്ത
ഒരു തീക്കഷ്ണം
നീ മഴയോടൊപ്പം കരയുന്നു
ഓരോ പ്രഭാതത്തിലും
സൂര്യനോടൊപ്പം ചിരിക്കുന്നു
ഞാന്‍ നിന്നെ
മേച്ചില്‍പ്പുറങ്ങളില്‍
ഓക്കുമരങ്ങളുടെ കീഴില്‍
നിഴല്‍ പിന്തുടരുന്ന
മാനുകള്‍ക്കൊപ്പം കാണുന്നു
ചന്ദ്രനിലേക്കുള്ള ഒരു യാത്ര
നീ നിരാകരിച്ചു
കിടക്കയിലെ
ഒരധികനിമിഷത്തിനു വേണ്ടി.
7
വെളുപ്പ്
ഒരു ശൈത്യകാലവൃക്ഷം
സൂര്യന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച്
നഗരത്തിന്റെ അദൃശ്യഭിത്തികളില്‍
നീ എന്റെ നഗ്നചിത്രം വരക്കുന്നു
ഒരിടത്തേക്ക്
ദശലക്ഷം ചെറുപാതകള്‍
ഒഫീലിയായുടെ വിളര്‍ച്ച പോലെ
വെളുപ്പ്
ഭ്രാന്തും യുക്തിയും
എന്നേക്കുമായി
ഇണക്കിച്ചേര്‍ക്കപ്പെടുമെന്നതിനാല്‍
നീ പരസ്പര ബന്ധമില്ലാത്ത
പ്രസ്താവനകള്‍ നടത്തുന്നു.
എന്റെ വികാരങ്ങളുടെ ഊഷ്മളതയ്ക്ക്
മഞ്ഞിന്റെ നിറം
വെളുപ്പ്
ഒരു നിത്യവസന്തം പോലെ.
8
എന്റെ കരങ്ങള്‍ക്കുമേല്‍
നിന്റെ കൈ
രണ്ടും ഒരു മരപ്പൊത്തില്‍
ഒരു ആകാശത്തെ പിന്തുടരുന്ന
മറ്റൊരാകാശം
സൂക്ഷ്മ കണികകളെ ഉള്‍ക്കൊണ്ട്
രണ്ടും ചന്ദ്രനിലേക്ക് പോകുന്നു
പച്ച
ബഹിരാകാശത്തിന്റെ നിറം
രണ്ടു ചുണ്ടുകള്‍
കൂണ്‍ രുചിക്കുന്നു
കൊളൊറാഡോ നദി
ഗ്രാമത്തിന്റെ മനസ്സില്‍ നിന്നു മായുന്നില്ല.
അത് മെഡിറ്റെറേനിയനില്‍ നിന്ന്
പെസഫിക്കിലേക്ക് നീളുന്നു.
ഞങ്ങള്‍ ചുവടുകള്‍ കൊണ്ട്
വഴി വെട്ടുന്നു
ഭാണ്ഡങ്ങളും ഭക്ഷണവും പകുക്കുന്നു
സമയത്തെക്കാള്‍ ഒരു നിമിഷം
മുന്നേ ഓടുന്നു.
അനന്തമായ വേഗതയില്‍ സഞ്ചരിക്കുന്നു
ഞങ്ങള്‍ക്കു ഭയമില്ല
comments