സംഭാഷണം

എന്റെ പേര് ചുവപ്പ്


ഒര്‍ഹാന്‍ പാമുക്‌

വിവര്‍ത്തനം : പെരിങ്ങോടന്‍

 


ഒര്‍ഹന്‍ പാമൂക്കിന്റെ “മൈ നെയിം ഈസ് റെഡ്” എന്ന നോവലിനെ ആസ്പദമാക്കി:

ചോ: ഒട്ടനവധി കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന അസാധാരണ സാങ്കേതികത്വമാണു താങ്കള്‍ ഉപയോഗിച്ചിരിക്കുന്നതു്. യഥാര്‍ഥത്തില്‍ അടുത്തുവരുന്ന ഒരദ്ധ്യായത്തിലും ഒരേ കഥാപാത്രം കഥ പറയുന്നില്ല. എന്തുകൊണ്ട് ഇപ്രകാരമുള്ളൊരു ആഖ്യാനരീതി? ഏതൊക്കെ തരത്തിലുള്ള പ്രായോഗിക-സങ്കീര്‍ണ്ണതകള്‍ താങ്കള്‍ നേരിട്ടിരുന്നു?

ഉ: എന്റെ കഥാപാത്രങ്ങളായി പ്രതിരൂപണം ചെയ്യുക രസമുള്ളൊരു കാര്യമായിരുന്നു. പതിനാറാം നൂറ്റാണ്ടിലെ ഓട്ടൊമാന്‍ മിനിയേച്വറിസ്റ്റ്, ഭര്‍ത്താവിനെ  തേടിക്കൊണ്ടിരിക്കുന്ന രണ്ടുമക്കളുടെ അമ്മ, ആ മക്കള്‍, പൈശാചികമായ ഭാവങ്ങളുള്ള കൊലയാളി, സ്വര്‍ഗ്ഗത്തിലേയ്ക്കു യാത്ര ചെയ്യുന്ന മരണപ്പെട്ടവന്‍ എന്നിവരായി ഞാന്‍ മാറുന്നതു ആസ്വദിച്ചു തന്നെയായിരുന്നു. കഥ പറയുന്നതു് എന്റെ കഥാപാത്രങ്ങള്‍ മാത്രമല്ല, നിറങ്ങളും ആഖ്യാനത്തിനിടയില്‍ വന്നുപോകുന്ന വസ്തുക്കളും കഥ പറയുന്നതില്‍ പങ്കുചേരുന്നു. വ്യതിരേകിയായ ഈ ഭാഷണങ്ങളെല്ലാം സമൃദ്ധമായൊരു സംഗീതമാണു സൃഷ്ടിക്കുന്നതു്-നാനൂറ് വര്‍ഷങ്ങള്‍ മുമ്പുള്ള ഇസ്താന്‍ബുള്ളിലെ ദൈന്യംദിനജീവിതത്തിന്റെ. ആഖ്യായിതാവിനു വരുന്ന കാഴ്ചപ്പാടുകളിലെ മാറ്റങ്ങള്‍ കഥാപാത്രങ്ങള്‍ ലോകത്തിനെ കാണുന്ന വീക്ഷണകോണിനേയും പരമകാരുണ്യകന്‍ ലോകത്തെ കാണുന്ന രീതിയേയും പ്രതിഫലിപ്പിക്കുന്നു. ചിത്രകലയില്‍ ദര്‍ശനം ഉപയോഗിക്കുന്നതുപോലെ, എന്റെ കഥാപാത്രങ്ങള്‍ ദര്‍ശനങ്ങളുടെ ഭാരമില്ലാത്ത ലോകത്തില്‍ അവര്‍ അവരുടെ ഭാഷയില്‍ സ്വത്വസിദ്ധമായ നര്‍മ്മത്തോടെ സംസാരിക്കുന്നു.

ചോ: കഥാപാത്രങ്ങളില്‍ ഒരാള്‍, ഷെകൂര്‍ എന്നപേരുള്ള നായികയുടെ മകന്‍ ഒര്‍ഹന്‍, കഥാകൃത്തിന്റെ തന്നെ പ്രതിരൂപമാണോ?

ഉ: ഒര്‍ഹന്‍ എന്റെ പ്രതിരൂപമല്ല. ഞാന്‍ തന്നെയാണു്. ഒര്‍ഹന്റെ പാത്രസൃഷ്ടിയും, ഏകാകിയായൊരു അമ്മയ്ക്കു് അവരുടെ മകനോടുള്ള ബന്ധത്തിനെ കുറിച്ചുള്ള ഉപാഖ്യാനങ്ങളും എന്റെ തന്നെ ജീവിതത്തില്‍ നിന്നുള്ളതാണു്. ഞാന്‍ മനപ്പൂര്‍വ്വം തന്നെ എന്റെ മാതാവിന്റേയും സഹോദരങ്ങളുടേയും പേരുകളാണു നോവലില്‍ ഉപയോഗിച്ചിരിക്കുന്നതു്. സഹോദരങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ, വാക്‍തര്‍ക്കങ്ങള്‍, തമ്മിലടികള്‍, സമാധാനത്തിനെ കുറിച്ചുള്ള ചില കൊടുക്കല്‍‌വാങ്ങലുകള്‍, അവരുടെ അമ്മയുടെ അസൂയ എന്നിവയെല്ലാം ആത്മകഥാപരം തന്നെയാണു്. ചരിത്രപരമായൊരു ആഖ്യായികയിലേയ്ക്കു എന്റെ ബാല്യത്തെ കൊണ്ടുവന്നതിലൂടെ നോവലിനൊരു സ്വകാര്യമാനം കൂടി നല്‍കുവാനാണു ഞാന്‍ ശ്രമിച്ചിരിക്കുന്നതു്. ചരിത്രപരമായ ഒരു നോവല്‍ നേരിടുന്ന വെല്ലുവിളി ഭൂതകാലത്തെ അതേപടി പകര്‍ത്തുന്നതല്ല, മറിച്ചു ചരിത്രത്തെ പുതുമയുള്ള എന്തെങ്കിലുമായി ബന്ധിപ്പിക്കുന്നതിലോ, ചരിത്രാതീതമായ വസ്തുതകളെ ഭാവനകളിലൂടെയോ ഇന്ദ്രിയഗോചരമായ അനുഭവങ്ങളിലൂടെയോ വികസിപ്പിക്കുന്നതിലാണു്.



ചോ: ഇത്രമേല്‍ ചരിത്രവസ്തുതകള്‍ നിരത്തിയിരിക്കുന്ന ഒരു നോവല്‍ എഴുതുവാന്‍ ഏത് തരത്തിലുള്ള ഗവേഷണങ്ങളാണു വേണ്ടിവന്നതു്?

ഉ: ആറുകൊല്ലത്തിന്റെ പ്രയത്നഫലമാണു ഈ നോവല്‍. തീര്‍ച്ചയായും അതിലൊരുപാടു സമയം വായനയിലും ചിത്രരചനകള്‍ നോക്കിക്കാണുന്നതിനും ഞാന്‍ ചിലവഴിച്ചിരുന്നു. എങ്കിലും ഇതിനെയെല്ലാം ഒരു “ഗവേഷണം” എന്നു വിളിക്കുക വയ്യ, “ഞാന്‍ എല്ലായ്‌പ്പോഴും വായിക്കുന്ന കാര്യങ്ങള്‍ ആസ്വദിച്ചു, ആസ്വാദനത്തിനുതകുന്നവ വായിക്കുകയും ചെയ്തു.” ഓട്ടോമാന്‍ തുര്‍ക്കികള്‍ ഏറെ മഹത്വമുള്ള രേഖാസൂക്ഷിപ്പുകാരായിരുന്നു, ഇസ്താന്‍‌ബുള്‍ ഗവര്‍ണറുടെ രേഖകള്‍ അവര്‍ പരിപാലിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടു്. ആ രേഖകളില്‍ വിസ്തരിച്ചിട്ടുള്ള, ഇസ്താന്‍ബുള്ളിലെ അങ്ങാടികളില്‍ തുണിത്തരങ്ങള്‍ക്കും, പച്ചക്കറികള്‍ക്കും, മത്സ്യത്തിനും അതാതുകൊല്ലങ്ങളിലെ വിലകളെ കുറിച്ചു ഞാന്‍ മണിക്കൂറുകളോളം വായിച്ചു. ഈ വായന ചില രസകരമായ കണ്ടുപിടിത്തങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ടെന്നു പറയട്ടെ, ഉദാഹരണത്തിനു്: ഇസ്താന്‍ബുള്ളില്‍ ക്ഷുരകന്മാര്‍ പ്രതിഫലം പറ്റി, ലിംഗാഗ്രത്തിലെ ചര്‍മ്മം മുറിച്ചു കളയുന്ന പ്രവര്‍ത്തിയും, കേടുവന്ന പല്ലുകള്‍ പിഴുതുകളയുന്ന പ്രവര്‍ത്തിയും ചെയ്തുപോന്നിരുന്നുവത്രെ. ചിത്രകലകളിലുള്ള ഗവേഷണം കുറേകൂടി വ്യക്തിഗതമായിരുന്നു, കാരണം ആറുവയസ്സിന്റെ പ്രാരംഭത്തില്‍ തന്നെ ഞാനൊരു ചിത്രകാരനാകുമെന്നു സ്വയം കരുതിപ്പോന്നിരുന്നു. ആ സമയത്തുതന്നെ പുസ്തകങ്ങളിലും മറ്റും കണ്ടിരുന്ന ഒട്ടോമാന്‍ മിനിയേച്ചര്‍ ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. പിന്നീട് പാശ്ചാത്യ ചിത്രകലയോടു ഭ്രമം തോന്നിയിരുന്നുവെങ്കിലും എകദേശം ഇരുപതു വയസ്സുള്ളപ്പോള്‍ ചിത്രം വരയ്ക്കുന്ന ശീലം ഉപേക്ഷിക്കുകയും സാഹിത്യം ശീലമാക്കുകയും ചെയ്യുകയാണുണ്ടായതു്.

ചോ: അന്ധതയില്‍ മാഹാത്മ്യം കണ്ടെത്തുന്ന മിനിയേച്ചര്‍ ചിത്രകാരനെ വിവരിച്ചിരിക്കുന്നതിലെ വിരോധാഭാസമെന്താണു്?

ഉ: യുക്തിഭദ്രമായ ഒരു ചിന്താശീലില്‍ നിന്നുമാണു അത്തരമൊരു വിരോധാഭാസം സൃഷ്ടിക്കപ്പെടുന്നതു്: നിങ്ങള്‍ ഒരു മദ്ധ്യകാല ചിത്രകാരനാണെന്നിരിക്കട്ടെ, നിങ്ങളുടെ രചന അനുകരണത്തിലും ആവര്‍ത്തനത്തിലും അധിഷ്ഠിതമായിരിക്കും (മൌലികമെന്നു മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നുണ്ടു്). അനുകരണങ്ങളില്‍ അധിഷ്ഠിതമായ ആവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നതോടെ നിങ്ങളുടെ രചന പൂര്‍ണ്ണമാവുകയാണു്. കാലങ്ങളോളം വരച്ചതു തന്നെ വരച്ചുകൊണ്ടിരിക്കുന്നതിനാല്‍ എന്റെ ചിത്രകാരന്മാര്‍ ചിത്രരചനയെ ഹൃദിസ്ഥമാക്കുന്നു. മഹാനായ ചിത്രകാരനു താന്‍ സൃഷ്ടിക്കേണ്ടുന്ന രൂപം കാണേണ്ടതില്ലെന്നും അവന്‍ അന്ധനാണെന്നുമുള്ള യുക്തി ജനിക്കുന്നതങ്ങിനെയാണു്.

ചോ: ഇസ്ലാമിക ചിത്രകലയിലെ സൌന്ദര്യശാസ്ത്രവും പാശ്ചാത്യ ചിത്രകലയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു ചരിത്രപരമായ പ്രാധാന്യമല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ? വളരെ വ്യതിരേകിയായ രണ്ടു ശൈലികളെ കുറിച്ചു എന്തെങ്കിലും നിരീക്ഷണം നടത്തുകയാണൊ താങ്കള്‍?

ഉ: ഛായാഗ്രഹണത്തിന്റെ പശ്ചിമസംസ്കാരത്തിനു കീഴ്‌പ്പെടുകയെന്നുള്ളതു്, ആവര്‍ത്തനങ്ങളിലൂടെ പരമ്പരാഗത ചിത്രകലയെ സംശുദ്ധീകരിച്ചെടുക്കുന്ന ഇസ്ലാമിക ചിത്രകാരനില്‍ ചിന്താക്കുഴപ്പങ്ങള്‍ വരുത്തിവയ്ക്കുന്നതാണു്.



അതിനപ്പുറം, ലോകത്തിനെ തീര്‍ത്തും വ്യത്യസ്തമായി കാണുകയും ചിത്രീകരിക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്ന ദ്വിതമാണുള്ളതു്. ഒന്നു്, ലോകത്തെ ഒരു വ്യക്തിയുടെ കണ്ണുകളിലൂടെ മാത്രം കാണുന്നു-വസ്തുതകളെ ഒരുവന്റെ എളിയ ദൃഷ്ടിയിലൂടെ കണ്ടുമനസ്സിലാക്കുന്നു. മറ്റേതില്‍ ലോകത്തെ ദൈവത്തിന്റെ കണ്ണുകളിലൂടെ കാണുന്നു, ഇസ്ലാമിക ചിത്രകാരന്മാര്‍ വരച്ചിട്ടതുപോലെ ഉയരങ്ങളില്‍ നിന്നു്, സമഗ്രമായി, ഒരു യുദ്ധത്തെ മുകളില്‍ നിന്നും നിരീക്ഷിക്കുന്നതെന്നപോലെ. അവസാനത്തേതു അകക്കണ്ണുകൊണ്ടു കാണുന്നതുപോലെയാണു്, കണ്ണുകൊണ്ടു കാണുന്നതിനു പകരമെന്നോണം. എന്റെ കഥ ഈ പേര്‍സ്യന്‍ ചിത്രകാരന്മാരുടെ ശൈലിയില്‍ പറയുവാനാണു ഞാന്‍ ശ്രമിച്ചിരിക്കുന്നതു്. ഈ വിധം സവിശേഷമായ രണ്ടു വ്യത്യസ്തരീതിയില്‍ ലോകത്തെ കാണുന്നതും അതിന്റെ കഥ പറയുന്നതും എന്റെ സംസ്കാരവും ചരിത്രവുമായി ബന്ധപ്പെട്ടതു തന്നെയാണു്, അനന്യമെന്നു് സര്‍വ്വദാ വിശേഷിപ്പിക്കപ്പെടുന്ന ഒന്നു്. ഈ വ്യക്തിത്വങ്ങള്‍ എത്രകണ്ടു പരസ്പരം സംഘര്‍ഷത്തിലാണു്? എന്റെ നോവലില്‍ അവ പരസ്പരം കൊലചെയ്യുന്നു, കിഴക്കും പടിഞ്ഞാറുമായുള്ള സംഘര്‍ഷത്താല്‍. പക്ഷെ, ഞാന്‍ ഈ സംഘര്‍ഷത്തില്‍ വിശ്വസിക്കുന്നില്ലെന്നു വായനക്കാരന്‍ തിരിച്ചറിയുന്നുണ്ടെന്നു തന്നെ ഞാന്‍ കരുതുന്നു. എല്ലാ ശ്രേഷ്ഠ കലകളും ജനിക്കുന്നതു ഇപ്രകാരം വ്യത്യസ്തമായ പാരമ്പര്യങ്ങളും സംസ്കാരങ്ങളും ഇഴപിരിയുമ്പോഴാണു്, “മൈ നെയിം ഈസ് റെഡ്” അങ്ങിനെയുള്ളൊരു രൂപത്തെ സ്പഷ്ടഗ്രാഹ്യമാക്കുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു.

ചോ: താങ്കളെ സ്വാധീനിച്ചിരിക്കുന്ന എഴുത്തുകാരും ചിത്രകാരന്മാരും ആരെല്ലാമായിരിക്കും?

ഉ: എനിക്കിപ്പോള്‍ നാല്‍പ്പത്തെട്ടു വയസ്സായി, ഈ വയസ്സില്‍ ആരാലെങ്കിലും സ്വാധീനിക്കപ്പെടുകയെന്ന ചിന്ത എന്നെ വികാരവിവശനാക്കുന്നു. മറ്റു എഴുത്തുകാരില്‍ നിന്നു ഞാന്‍ പഠിക്കുകയും അവരിലെ ഗുണങ്ങള്‍ സ്വാംശീകരിക്കുകയും ചെയ്യുന്നുണ്ടെന്നു സമ്മതിക്കുന്നു. തോമസ് മന്നില്‍ നിന്നാണു ചരിത്രാഖ്യായികകളുടെ വിസ്മയപ്പെടുത്തുന്ന രഹസ്യം വിസ്തരിച്ചു പറയേണ്ടുന്ന കാര്യങ്ങളുടെ സംയോജനമാണെന്നു ഞാന്‍ മനസ്സിലാക്കിയതു്. ഇറ്റാലോ കാല്‍‌വിനോയാണു് എഴുത്തുകാരന്റെ കല്പനകള്‍ ചരിത്രത്തോളം പ്രാധാന്യമുള്ളതാണെന്നു് എന്നെ പഠിപ്പിച്ചതു്. എക്കോയില്‍ നിന്നാണു അതീവ ദുര്‍ഗ്രാഹ്യമായ കൊലപാതകങ്ങളെ കുറിച്ചുപോലും രമ്യമായി എഴുതാമെന്നു ഞാന്‍ പഠിക്കുന്നതു്. എന്നിരുന്നാലും ഞാന്‍ ഏറ്റവും അധികം പഠിച്ചിരിക്കുന്നതു മാര്‍ഗ്വെരിറ്റ് യോര്‍സെനാറില്‍ നിന്നാണു്, ശ്രീമതി ചരിത്രാഖ്യായികയിലെ ഭാവത്തെ കുറിച്ചും ഭാഷയെ കുറിച്ചും ഉജ്ജ്വലമായൊരു പ്രബന്ധം തന്നെ എഴുതിയിട്ടുണ്ടു്. “മൈ നെയിം ഈസ് റെഡ്” എഴുതുന്നതില്‍ എനിക്കു് ഏറ്റവും അധികം പ്രചോദനമായിരിക്കുന്നതു് ഇസ്ലാമിക സൂക്ഷചിത്രരചനകളാണു് (മിനിയേച്ചര്‍). എണ്ണാ‍വുന്നിടത്തോളം കൂടുതല്‍ ചിത്രങ്ങളില്‍ ഞാന്‍ ദര്‍ശിച്ച അനേകസഹസ്രം ചെറിയ രൂപങ്ങള്‍, അവ ഈ നോവലില്‍ സ്ഥാനം കൈയടിക്കിയിട്ടുണ്ടു്. അനുരാഗത്തിന്റേയും യുദ്ധത്തിന്റേയും ചിത്രീകരണങ്ങള്‍ക്കു പുറകില്‍ ശ്വാശതമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇസ്ലാമിക ഗ്രന്ഥങ്ങളാണു്, കാരണം ആ സൂക്ഷ്മരേഖികളായ ചിത്രങ്ങള്‍ വരയ്ക്കപ്പെട്ടിരുന്നതു് ഒരു കാലത്തു സര്‍വ്വരും ഹൃദിസ്ഥമാക്കിയിരുന്ന കഥകളിലെ ഉദാത്ത മുഹൂര്‍ത്തങ്ങളെ ആസ്പദമാക്കിയാണു്, പക്ഷെ ഇന്നവ പാശ്ചാത്യവല്‍ക്കരണത്തിന്റെ ഭാഗമായി പലരില്‍ നിന്നും വിസ്മൃതമായിരിക്കുന്നു. “മൈ നെയിം ഈസ് റെഡ്” ഇപ്രകാരം വിസ്മരിക്കപ്പെട്ട കഥകള്‍ക്കും അക്കാലത്തെ പുസ്തകപ്രേമികള്‍ക്കായി വരയ്ക്കപ്പെട്ട ആശ്ചര്യകരമായ ചിത്രങ്ങള്‍ക്കുമുള്ള  ആദരാജ്ഞലികളാണു്, ഭക്ത്യാദരപുരസ്സരമുള്ള ആരാധനയാണു്.



ചോ: തുര്‍ക്കിയില്‍ പ്രസിദ്ധീകരിച്ച ഏതൊരു നോവലിന്റെ ആദ്യപ്രതിയേക്കാളും ആവശ്യക്കാര്‍ താങ്കളുടെ നോവലിനുണ്ടായിരുന്നു. ഈ വസ്തുത എപ്രകാരം ഉള്‍ക്കൊള്ളുന്നു, ഒപ്പം തന്നെ എന്തായിരിക്കും താങ്കളുടെ ഈ നോവലിനു ലഭിച്ച സ്വീകരണത്തിനു കാരണം? അമേരിക്കയിലെ വായനക്കാര്‍ ഈ നോവലിനോടു എങ്ങിനെ പ്രതികരിക്കുമെന്നാണു താങ്കളുടെ വിശ്വാസം?

ഉ: എന്റെ നാട്ടില്‍ ഒരു പുസ്തകം ഒട്ടനവധി വിറ്റഴിയുകയാണെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ വില്പനയ്ക്കുപിന്നിലെ രഹസ്യങ്ങളെ തേടിയലയുകയാണു പതിവു്, ആ ഗ്രന്ഥത്തിലെ ഗൂഢമായ ഉള്ളടക്കത്തെ പറ്റി ആരും അന്വേഷിക്കാറില്ല. ഞാന്‍ എല്ലായ്‌പ്പോഴും പറയുന്ന കാര്യമാണു്, എന്റെ പുസ്തകങ്ങള്‍ വില്‍ക്കപ്പെടുന്നതിന്റെ രഹസ്യം എനിക്കന്യമാണു്. അതുപോലെ അമേരിക്കന്‍ വായനക്കാരുടെ പ്രതികരണവും എനിക്കൂഹിക്കാനാവതില്ല. എന്നാലും ഞാനിത്തരം കാര്യങ്ങളെക്കുറിച്ചോര്‍ത്തു വ്യാകുലപ്പെടാറുണ്ടു്, പിന്നെ കേവലം ലൌകികമായ എന്റെ ആധികളെപ്രതി നിന്ദ കലര്‍ന്ന അപരാധം അനുഭവിക്കുകയും ചെയ്യുന്നു.
പെരിങ്ങോടന്റെ ബ്ലോഗ്>>>

comments