നോവല്‍:

കറുത്ത പുസ്തകം
ഒര്‍ഹാന്‍ പാമുക്‌

വിവര്‍ത്തനം : രാജേഷ്‌ ആര്‍. വര്‍മ്മ

 

ബെദിയി ആശാന്റെ മക്കള്‍


രാജീവ്
 

നമ്മുടെ സംസ്കാരത്തിന്‌ ആള്‍രൂപങ്ങളുണ്ടാക്കുന്ന കലയെപ്പറ്റി നൂറ്റാണ്ടുകളോളം അറിവുണ്ടായിരുന്നില്ല, ഗ്രാമങ്ങളുടെയും ചാണകത്തിന്റെയും മണമുള്ള നോക്കുകുത്തികള്‍ പോലെ ചില "നാടോടി" പ്രതിഭാസങ്ങളെയൊഴിച്ചുനിറുത്തിയാല്‍. ആള്‍ രൂപങ്ങള്‍ നിര്‍മ്മിക്കാന്‍ തുനിഞ്ഞ ഒന്നാമത്തെ കരകൗശലക്കാരനും ആള്‍രൂപങ്ങളുടെ കുലദേവതയുമായിരുന്നു നാവികമ്യൂസിയത്തിലെ ആള്‍രൂപങ്ങള്‍ നിര്‍മ്മിച്ച ബെദിയി ആശാന്‍. സുല്‍ത്താന്‍ അബ്ദുല്‍ഹമീദിന്റെ ഉത്തരവിന്‍ പ്രകാരം കിരീടാവകാശികളിലൊരാളായിരുന്ന ആദരണീയനായ ഒസ്മാന്‍ ജെലാലുദീന്‍ പണികഴിപ്പിച്ച നാവികമ്യൂസിയം നമ്മുടെ രാജ്യത്ത്‌ ആദ്യത്തേതായിരുന്നു. രാജകീയ നൗകകള്‍ക്കും രാജഭടന്മാര്‍ക്കും നടുവില്‍, ഇടതൂര്‍ന്ന കൊമ്പന്‍മീശകളുമായി പ്രതാപത്തോടെ ഞെളിഞ്ഞുനിന്ന ആക്രമണസന്നദ്ധരായ കടല്‍ക്കൊള്ളക്കാരെയും മുന്നൂറുകൊല്ലം മുമ്പ്‌ സ്പാനിഷ്‌, ഇറ്റാലിയന്‍ കപ്പലുകളെ മധ്യധരണ്യാഴി കടത്തിയിരുന്ന നമ്മുടെ തടിമിടുക്കുള്ള ശൂരന്മാരെയും കണ്ട്‌ മ്യൂസിയത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ സ്തബ്ധരായിപ്പോയി എന്ന് ദൃക്‍സാക്ഷികള്‍ പറയുന്നു. ഈ കലാസൃഷ്ടികള്‍ നിര്‍മ്മിക്കാന്‍ ബെദിയി ആശാന്‍ മരം, കുമ്മായം, മെഴുക്‌, ആട്ടിന്‍തോല്‍, ഒട്ടകത്തോല്‍, മാന്‍തോല്‍ എന്നിവയ്ക്കു പുറമെ മനുഷ്യന്റെ മുടിയും താടിയും ഉപയോഗിച്ചു. വമ്പിച്ച കലാചാതുരിയോടെ നിര്‍മ്മിച്ച ഈ അതിശയസൃഷ്ടികളെക്കണ്ട അന്നത്തെ മുസ്ലിം ഷെയ്ക്കിനു ഹാലിളകി: അല്ലാഹുവിന്റെ സൃഷ്ടികളെ കുറ്റമറ്റരീതിയില്‍ അനുകരിക്കുന്നത്‌ അവനോടുള്ള ഒരുതരം മത്സരമാകകൊണ്ട്‌ ആള്‍രൂപങ്ങള്‍ മ്യൂസിയത്തില്‍ നിന്നു നീക്കം ചെയ്ത്‌ പടക്കപ്പലുകള്‍ക്കു നടുവിലുള്ള സ്ഥലത്ത്‌ കൈവരികള്‍ വെച്ചുപിടിപ്പിച്ചു.  
 
ഈ രാജ്യത്തെ അവസാനിക്കാത്ത പാശ്ചാത്യവത്കരണത്തിന്റെ ചരിത്രത്തില്‍ നിരോധനാജ്ഞകള്‍ പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ടല്ലോ. അത്തരത്തിലൊരു നിരോധനാജ്ഞയ്ക്ക്‌ ബെദിയി ആശാന്റെ കൈവിരുതിന്റെ നൈസര്‍ഗ്ഗികമായ ജ്വാല ഊതിയണയ്ക്കാന്‍ കഴിഞ്ഞില്ല. സ്വന്തം വീട്ടില്‍ വെച്ച്‌ ആള്‍രൂപങ്ങളുണ്ടാക്കുന്നതു തുടര്‍ന്നു അദ്ദേഹം. എന്നു മാത്രമല്ല, തന്റെ "മക്കള്‍" എന്ന് അദ്ദേഹം വിളിച്ച തന്റെ കലാസൃഷ്ടികളെ ഏതെങ്കിലും മ്യൂസിയത്തിലോ മറ്റോ പ്രദര്‍ശിപ്പിക്കുന്നതിനുവേണ്ടി അധികാരികളുമായി സംസാരിക്കാനും അദ്ദേഹം ശ്രമിച്ചു. അതിനാവശ്യമായാ പിന്തുണ കിട്ടാതെവന്നപ്പോള്‍ അദ്ദേഹം അധികാരികളോടും സര്‍ക്കാരിനോടും പിണങ്ങിയെങ്കിലും തന്റെ കലയോടു പിണങ്ങിയില്ല. തന്റെ വീടിന്റെ നിലവറ ഒരു പണിപ്പുരയാക്കിമാറ്റി അവിടെ തുടര്‍ന്നും അദ്ദേഹം ആള്‍രൂപങ്ങളുണ്ടാക്കി. പിന്നീട്‌ അയല്‍ക്കാര്‍ "ദുര്‍മന്ത്രവാദവും വൈകൃതവും മതനിന്ദയും" ആരോപിച്ചേക്കുമെന്നു മുന്‍കൂട്ടിക്കണ്ട്‌ പഴയ ഇസ്താന്‍ബുളില്‍ നിന്ന് ഗലറ്റയിലെ കൃസ്ത്യന്‍ മേഖലയിലേക്ക്‌ അദ്ദേഹം മാറിത്താമസിച്ചു. എണ്ണം പെരുകിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ "മക്കളെ" ചെറിയൊരു മുസ്ലിം പാര്‍പ്പിടത്തില്‍ മതിയായിരുന്നില്ല. 
 
കുലെദിബിയിലെ ഈ വിചിത്രമായ വീട്ടില്‍ ഞാന്‍ പോയിട്ടുണ്ട്‌. ഇവിടെവെച്ചാണ്‌ ആവേശത്തോടും ദൃഢവിശ്വാസത്തോടുംകൂടി ബെദിയി ആശാന്‍ തന്റെ സൂക്ഷ്മതയേറിയ തൊഴില്‍ തുടര്‍ന്നതും താന്‍ വശമാക്കിക്കഴിഞ്ഞ വിദ്യ തന്റെ മകനെയും പഠിപ്പിച്ചതും. ഇരുപതുകൊല്ലം മുടങ്ങാതെ പണിയെടുത്തു കഴിഞ്ഞപ്പോഴൊരിക്കല്‍ അദ്ദേഹം ബെയൊഗ്ലുവിലെ തുണിക്കടകളുടെ ജനാലകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ആള്‍രൂപങ്ങള്‍ ശ്രദ്ധിച്ചത്‌. റിപ്പബ്ലിക്കിന്റെ ആദ്യവര്‍ഷങ്ങളിലെ പാശ്ചാത്യവത്കരണത്തിന്റെ തരംഗങ്ങളിലൊന്നില്‍ മാന്യന്മാര്‍ തങ്ങളുടെ തുര്‍ക്കിത്തൊപ്പികളുപേക്ഷിച്ച്‌ പാനമാ ഹാറ്റുകളും മഹിളകള്‍ ശിരോവസ്ത്രങ്ങളുപേക്ഷിച്ച്‌ ഉപ്പൂറ്റിയുയര്‍ന്ന ഷൂസും ധരിക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്‌. ഇറക്കുമതി ചെയ്ത ഈ ആള്‍രൂപങ്ങള്‍ ആദ്യമായിക്കണ്ടപ്പോള്‍ താന്‍ വര്‍ഷങ്ങളായി കാത്തിരുന്ന വിജയത്തിന്റെ നിമിഷം സമാഗതമായെന്നു ബെദിയി ആശാന്‍ കരുതി. ഭൂഗര്‍ഭത്തിലെ തന്റെ പണിപ്പുരയുടെ തഴുതുതുറന്ന് തെരുവിലിറങ്ങിയ അദ്ദേഹം ബെയൊഗ്ലുവിലെ വര്‍ണ്ണാഭമായ വ്യാപാരത്തിന്റെയും വിനോദത്തിന്റെയും തെരുവുകളില്‍ പുതിയൊരു ഇച്ഛാഭംഗമാണു നേരിട്ടത്‌. ഭൂഗര്‍ഭത്തിലെ ഇരുട്ടുനിറഞ്ഞ ഒരു ജീവിതത്തിലേക്ക്‌ അദ്ദേഹത്തെ ജീവപര്യന്തം നാടുകടത്തിയതും ആ ഇച്ഛാഭംഗമാണ്‌ . 
 
ബെദിയി ആശാന്റെ സൃഷ്ടികളുടെ മാതൃകകള്‍ കണ്ട ഡിപ്പാര്‍ട്ട്‌മന്റ്‌ സ്റ്റോര്‍ ഉടമകളും അദ്ദേഹത്തിന്റെ പണിപ്പുരയിലെത്തിയ റെഡിമെയ്‌ഡ്‌ സൂട്ടുകളുടെയും സ്കര്‍ട്ടുകളുടെയും കാലുറകളുടെയും തൊപ്പികളുടെയും വ്യാപാരികളും കടകളിലെ ജനാലകള്‍ അലങ്കരിക്കുന്നതു തൊഴിലാക്കിയവരും ഓരോരുത്തരായി അദ്ദേഹത്തെ കയ്യൊഴിഞ്ഞു. നമ്മെ പരിഷ്കാരം എന്തെന്നു പഠിപ്പിച്ച പാശ്ചാത്യ മോഡലുകളെപ്പോലെയായിരുന്നില്ല, മറിച്ച്‌ നമ്മുടെ രാജ്യത്തെ ജനങ്ങളെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ ആള്‍രൂപങ്ങള്‍. ഒരു കടയുടമ പറഞ്ഞു, "തെരുവില്‍ ആയിരക്കണക്കിനു കാണുന്ന മീശവെച്ച്‌, കാലുവളഞ്ഞ്‌, കറുത്തു മെലിഞ്ഞ സാധാരണക്കാരെപ്പോലെ ഒരുത്തന്റെ മേല്‍ ചാര്‍ത്തിയിരിക്കുന്ന ടോപ്പ്കോട്ട്‌ ആര്‍ക്കും വേണ്ട. വിദൂരമായ ഒരപരിചിതദേശത്തുനിന്നുള്ള പുതുമയും സൗന്ദര്യവുമുള്ള ഒരു വ്യക്തിയണിഞ്ഞിരിക്കുന്ന മേലുടുപ്പണിയാനാണ്‌ അവന്‍ ആഗ്രഹിക്കുന്നത്‌. അതണിയുമ്പോള്‍ മറ്റാരോ ആയി മാറുന്നു എന്ന തോന്നല്‍ അവനുമുണ്ടാകുന്നു." ബെദിയി ആശാന്റെ പ്രഗത്ഭസൃഷ്ടികള്‍ കണ്ടു കണ്ണഞ്ചിയതിനു ശേഷം, തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരനായ ഒരു ജനാല അലങ്കാരക്കാരന്‍ പറഞ്ഞു, തന്റെ ഉപജീവനത്തെക്കരുതി നിര്‍ഭാഗ്യവശാല്‍ തനിക്ക്‌ ഈ "അസല്‍ തുര്‍ക്കികളെ, ഈ യഥാര്‍ത്ഥ പൗരന്മാരെ" ജനാലകളില്‍ വെക്കാന്‍ തനിക്കു നിര്‍വാഹമില്ലെന്ന്: ഇന്നത്തെ തുര്‍ക്കികള്‍ക്ക്‌ തുര്‍ക്കികളല്ല മറ്റെന്തോ ആകാനാണാഗ്രഹം. അവര്‍ മാന്യമായ വസ്ത്രധാരണത്തിനുള്ള നിയമാവലി നടപ്പിലാക്കിയതും താടി വടിച്ചു കളഞ്ഞതും തങ്ങളുടെ ഭാഷയും അക്ഷരമാലയും പരിഷ്കരിച്ചതും മറ്റൊന്നിനുമല്ല. തന്റെ പതിവുകാര്‍ വാസ്തവത്തില്‍ ഒരു ഉടുപ്പല്ല, മറിച്ച്‌ ഒരു സ്വപ്നമാണു വാങ്ങുന്നതെന്നു മിതഭാഷിയായ മറ്റൊരു കടയുടമ ചൂണ്ടിക്കാട്ടി. അതേപോലുള്ള വസ്ത്രങ്ങള്‍ ധരിച്ച "മറ്റുള്ളവരായി" മാറുകയായിരുന്നു അവര്‍ക്കു വേണ്ടത്‌. 
 
ഇത്തരം ധാരണകള്‍ക്കനുസരിച്ച്‌ ആള്‍രൂപങ്ങളുണ്ടാക്കുന്നതു പരിഗണിക്കാന്‍ പോലും ബെദിയി ആശാന്‍ തയ്യാറായില്ല. പരിഷ്കരിക്കപ്പെട്ടുകൊണ്ടേയിരുന്ന ടൂത്ത്‌പേസ്റ്റ്‌ ചിരികളും കൗതുകകരമായ നില്‍പുമായി യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടിരുന്ന ആള്‍രൂപങ്ങളോടു തനിക്കൊരിക്കലും മത്സരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോള്‍, തന്റെ യഥാര്‍ത്ഥ സ്വപ്നങ്ങളെ ഉപേക്ഷിച്ചിട്ട ഇരുണ്ട പണിപ്പുരയിലേക്കുതന്നെ അദ്ദേഹം മടങ്ങി. തന്റെ മരണം വരെ നീണ്ട പിന്നത്തെ പതിനഞ്ചു കൊല്ലക്കാലത്ത്‌ അദ്ദേഹം നൂറ്റിയമ്പതിലധികം ആള്‍രൂപങ്ങളുണ്ടാക്കി. തന്റെ അസാധാരണങ്ങളായ ഗാര്‍ഹികസ്വപ്നങ്ങളില്‍ നിന്ന് മജ്ജയും മാംസവും തോല്‍ക്കുന്ന രൂപങ്ങള്‍ മെനഞ്ഞ്‌ അവയോരോന്നിനെയും ഓരോ അപൂര്‍വകലാസൃഷ്ടികളാക്കി. അദ്ദേഹത്തിന്റെ മകനാണ്‌ പത്രമോഫീസു വരെ വന്ന് തന്റെ പിതാവിന്റെ പണിശാലയിലേക്കു ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്‌. ഈ രൂപങ്ങളോരൊന്നും കാണിച്ചു തന്നപ്പോള്‍ "നമ്മെ" നാമാക്കുന്ന നമ്മുടെ "സത്ത" പൊടിയണിഞ്ഞ ആ അസാധാരണസൃഷ്ടികളില്‍ നിക്ഷേപിക്കപ്പെട്ടിരുന്നതു അയാള്‍ വിവരിച്ചുതന്നു. 
 
ഗലാറ്റയിലെ കൂറ്റന്‍ സ്തൂപത്തിനു താഴെക്കൂടിയുള്ള ചെളിനിറഞ്ഞ ഇറക്കമിറങ്ങി, അഴുക്കുനിറഞ്ഞ തെരുവോരത്തു നടന്ന്, വളഞ്ഞ കോണിപ്പടികള്‍ കയറിയെത്തിയ ഇരുണ്ടു തണുത്ത ആ വീടിന്റെ നിലവറയില്‍ ഞങ്ങള്‍ നിന്നു. അനങ്ങാനോ കുതറാനോ വെമ്പി, ജീവിക്കാന്‍ വേണ്ടി എന്തോ ചെയ്യാന്‍ ശ്രമിക്കുന്നതു പോലെയുള്ള ആള്‍രൂപങ്ങള്‍ ഞങ്ങളെ വളഞ്ഞുനിന്നു. നിലവറയുടെ മങ്ങിയ വെളിച്ചത്തില്‍ നൂറുകണക്കിനു മുഖങ്ങള്‍ ഭാവപൂര്‍ണ്ണമായ കണ്ണുകളാല്‍ ഞങ്ങളെയും തങ്ങളില്‍ത്തന്നെയും നോക്കിനിന്നു. ചിലര്‍ ഇരുന്നു, ചിലര്‍ സംസാരിച്ചു, ചിലര്‍ പ്രാര്‍ത്ഥിച്ചു, ചിലര്‍ ആ നിമിഷത്തില്‍ അസഹനീയമെന്നു തോന്നിച്ച തങ്ങളുടെ "അസ്തിത്വം" കൊണ്ട്‌ പുറത്തെ ജീവിതത്തെ നിഷേധിക്കുന്നതുപോലെ കാണപ്പെട്ടു. ബെയൊഗ്ലുവിലെയും മഹമുദ്‌ പാസ ബസാറിലെയും കടകളുടെ ജനാലകളിലെന്നല്ല ഗലാറ്റ പാലത്തിനു മുകളിലെ ആള്‍ക്കൂട്ടങ്ങളില്‍പ്പോലും കാണാത്ത ഒരു സജീവത ഈ പ്രതിമകളില്‍ കാണപ്പെട്ടു. അനങ്ങുകയും കുതറുകയും ചെയ്യുന്ന, ശ്വാസമില്ലാത്ത ഈ ആള്‍ക്കൂട്ടത്തിന്റെ തൊലിയില്‍ക്കൂടി പ്രകാശം പോലെ ജീവന്‍ പ്രസരിച്ചു. ഞാനൊരു മാസ്മരവലയത്തിലെന്നപോലെ ആര്‍ദ്രതയോടെയും അദ്ഭുതത്തോടെയും അവയിലൊന്നിനെ സമീപിച്ചതു ഞാനോര്‍ക്കുന്നു. സഹിഷ്ണുതയോടെ സ്വന്തം പ്രാരാബ്ധങ്ങളില്‍ മുഴുകി നിന്ന ഈ ജീവിയുടെ ശ്രദ്ധയാകര്‍ഷിക്കാനും അയാളുടെ ജീവബലം പകര്‍ന്നെടുക്കാനും അയാളുടെ യാഥാര്‍ത്ഥ്യത്തിന്റെയും അയാളുടെ ലോകത്തിന്റെയും രഹസ്യം സ്വായത്തമാക്കാനുമാശിച്ച്‌ അയാളെ തൊട്ടതു ഞാനോര്‍മ്മിക്കുന്നു. എന്നാല്‍, ആ വഴക്കമറ്റ തൊലി ആ മുറിപോലെ തന്നെ തണുത്തു ഭീകരമായിരുന്നു. 
 
"നമ്മെ നാമാക്കുന്നതു നമ്മുടെ ചലനങ്ങളാണെന്നും അവയിലാണു നാമേറ്റവും ശ്രദ്ധചെലുത്തേണ്ടതെന്നും എന്റെ പിതാവു പറയാറുണ്ടായിരുന്നു" ശില്‍പിയുടെ മകന്‍ അഭിമാനത്തോടെ വിശദീകരിച്ചു. നീണ്ട മണിക്കൂറുകളുടെ കഠിനാദ്ധ്വാനം കഴിഞ്ഞ്‌ അയാളും പിതാവും കുലെദിബിയിലെ അന്ധകാരം വിട്ടു പുറം ലോകത്തേക്കിറങ്ങും. തക്സിമിലെ കൂട്ടിക്കൊടുപ്പുകാരുടെ ചായക്കടകളിലൊന്നില്‍ പുറത്തേക്കു കാണാവുന്ന മേശകളിലൊന്നില്‍ ഇടം പിടിച്ച്‌, ഒരു ചായയ്ക്കു പറഞ്ഞ്‌, കവലയിലെ ആള്‍ക്കൂട്ടത്തിന്റെ "ആംഗ്യങ്ങള്‍" നിരീക്ഷിക്കും. ഒരു രാഷ്ട്രത്തിന്റെ ജീവിതരീതിയിലും ചരിത്രത്തിലും സാങ്കേതികതയിലും കലയിലും സാഹിത്യത്തിലും മാറ്റം വരാമെങ്കിലും ശാരീരികചലനങ്ങളില്‍ മാറ്റം വരുത്താന്‍ ഒരിക്കലും സാധ്യമല്ലെന്നാണ്‌ അന്നൊക്കെ അയാളുടെ പിതാവു വിശ്വസിച്ചിരുന്നത്‌. സിഗരറ്റു കൊളുത്തിക്കൊണ്ടു നിന്ന ഒരു ടാക്സിഡ്രൈവറുടെ നില്‍പിലെ സൂക്ഷ്മാംശങ്ങള്‍ അയാളെനിക്കു വരച്ചുകാട്ടി. ഒരു ഞണ്ടിനെപ്പോലെ വശത്തേക്കു നടന്ന ബെയൊഗ്ലുവിലെ ഒരു തെരുവുതെമ്മാടിയുടെ കൈകള്‍ അയാളുടെ ശരീരത്തില്‍ നിന്ന് അകന്നു നിന്നതെങ്ങനെ, എന്തുകൊണ്ട്‌ എന്ന് അയാള്‍ വിവരിച്ചു. നമ്മളെയൊക്കെപ്പോലെ തന്നെ വായ മലര്‍ക്കെത്തുറന്നു ചിരിക്കുന്ന കടലവില്‍പനക്കാരന്റെ സഹായിയുടെ താടിയും അയാള്‍ ചൂണ്ടിക്കാണിച്ചു. വലകൊണ്ടുള്ള ഒരു സഞ്ചിയുമായി പീടികയില്‍പ്പോകാനിറങ്ങിയ ഒരു സ്ത്രീയുടെ കുനിഞ്ഞ മുഖത്തിലെ നോട്ടത്തിലടങ്ങിയ കൊടിയ ഭയം അയാള്‍ വ്യക്തമാക്കിത്തന്നു. നമ്മുടെ ആള്‍ക്കാര്‍ നഗരത്തില്‍ എന്തുകൊണ്ട്‌ എപ്പോഴും താഴേക്കു നോക്കിയും നാട്ടിന്‍പുറത്ത്‌ എന്തുകൊണ്ട്‌ എപ്പോഴും മുകളില്‍ ആകാശത്തേക്കു നോക്കിയും നടക്കുന്നു എന്നും അയാള്‍ വിശദീകരിച്ചു. അനന്തകാലത്തിനൊടുവിലൊരു മുഹൂര്‍ത്തത്തില്‍ തങ്ങള്‍ ചലനശേഷി കൈവരിക്കുന്നതു കാത്തു നിലകൊണ്ട ആ ആള്‍രൂപങ്ങളുടെ ഭാവഹാവാദികളും അവയില്‍ "നമ്മള്‍" എന്ന അന്തസ്സത്ത കുടികൊള്ളുന്നതും അയാള്‍ വീണ്ടും വീണ്ടും ചൂണ്ടിക്കാണിച്ചു. ഈ അദ്ഭുത ജീവികള്‍ക്ക്‌ നല്ല വസ്ത്രങ്ങളണിയാനും മോഡലുകളാകാനും പോലും കഴിയുമെന്നും വ്യക്തമായിരുന്നു. 
 
എന്നിട്ടും, ശോകമൂകങ്ങളായ ആ ആള്‍രൂപങ്ങളെ നോക്കുമ്പോള്‍, പ്രകാശമുള്ള പുറംലോകത്തിലെത്താനുള്ള ത്വര നമ്മിലുണര്‍ത്തുന്ന എന്തോ ഒന്ന് അവയിലുണ്ടെന്നു മനസ്സിലാക്കാന്‍ നമുക്കു കഴിയും. ഞാന്‍ അതെങ്ങനെ വിശദീകരിക്കട്ടെ? ബീഭത്സവും ദാരുണവും അന്ധകാരമയവുമായ ഒരുതരം ഭീകരതയായിരുന്നു അത്‌. "കാലക്രമേണ എന്റെ പിതാവ്‌ സാധാരണമായ ശാരീരികചലനങ്ങള്‍ പോലും നിരീക്ഷിക്കാതെയായി" എന്ന് ആ മകന്റെ വായില്‍ നിന്നു വീണപ്പോള്‍ എനിക്ക്‌ എനിക്കു തോന്നിയത്‌ മുന്‍പേ ഞാനൂഹിച്ച അസുഖകരമായ ഒരു സത്യം അയാള്‍ പറയാന്‍ പോകുന്നുവെന്നാണ്‌. "ആംഗ്യങ്ങള്‍" എന്നു ഞാന്‍ മുന്‍പു വിശേഷിപ്പിച്ച അത്തരം ചലനങ്ങള്‍ക്ക്‌, മൂക്കു തുടയ്ക്കുന്നതോ തുറന്നു ചിരിക്കുന്നതോ നടക്കുന്നതോ അനിഷ്ടഭാവത്തില്‍ നോക്കുന്നതോ ഹസ്തദാനം ചെയ്യുന്നതോ കുപ്പിയുടെ കോര്‍ക്കു തുറക്കുന്നതോ ഒക്കെയായ സാധാരണ ചലനങ്ങള്‍ക്കെല്ലാം മാറ്റം വന്ന് തനിമ നഷ്ടപ്പെടുന്നത്‌ പിതാവും പുത്രനും ശ്രദ്ധിച്ചു. കൂട്ടിക്കൊടുപ്പുകാരുടെ കടകളിലിരുന്ന് ആള്‍ക്കൂട്ടത്തെ നിരീക്ഷിക്കുമ്പോള്‍ തെരുവില്‍ക്കണ്ട മനുഷ്യന്‍ ആരെ മാതൃകയാക്കിയാണ്‌ തന്നെത്താന്‍ സൃഷ്ടിച്ചതെന്ന് ആദ്യമൊന്നും അവര്‍ക്കു മനസ്സിലായില്ല. തന്നെയും തന്നെപ്പോലെയുള്ള മറ്റുവരെയുമല്ലേ അവന്‍ കാണുന്നുള്ളൂ. "മനുഷ്യവര്‍ഗ്ഗത്തിന്റെ ഏറ്റവും വലിയ നിധി" എന്ന് അയാളും പിതാവും വിശ്വസിച്ച ദൈനംദിന ജീവിതത്തിലെ ചെറുചലനങ്ങള്‍ക്കു പതുക്കെപ്പതുക്കെ ഏകരൂപമായ മാറ്റം വന്ന്, ഒരു അദൃശ്യനായ "തലവന്റെ" ആജ്ഞയാലെന്നപോലെ അപ്രത്യക്ഷമാവുകയും അവ്യക്തമായ ഏതോ ഒരു മാതൃകയില്‍ നിന്നു പകര്‍ത്തിയ മറ്റൊരു പറ്റം ചലനങ്ങള്‍ അവയുടെ സ്ഥാനം പിടിക്കുകയും ചെയ്തു. കുറച്ചുകാലം കഴിഞ്ഞ്‌ പ്രതിമമക്കളുടെ ഒരു നിര പണിചെയ്തുകൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക്‌ എല്ലാം വ്യക്തമായി: "നശിച്ച സിനിമകള്‍!", മകന്‍ അലറി. 
 

പെട്ടികളിലടച്ച്‌ പടിഞ്ഞാറു നിന്നു വന്ന് മണിക്കൂര്‍ തോറും തീയേറ്ററുകളില്‍ കളിച്ച സിനിമകള്‍ മൂലം സാധാരണമനുഷ്യന്റെ ചലനങ്ങളുടെ തനിമ നഷ്ടപ്പെടാന്‍ തുടങ്ങി. കണക്കാക്കാനാവാത്ത വേഗത്തില്‍ നമ്മുടെ ജനത മറ്റുള്ളവരുടെ ചലനങ്ങള്‍ സ്വന്തമാക്കാന്‍ തുടങ്ങി. ഈ പുതിയ, പൊങ്ങച്ചം നിറഞ്ഞ, മനസ്സിലാകാത്ത ചലനങ്ങളെച്ചൊല്ലി തന്റെ പിതാവിനുണ്ടായ രോഷത്തെപ്പറ്റി വിവരിക്കുമ്പോള്‍ അതിനയാള്‍ കണ്ടെത്തിയ ന്യായീകരണങ്ങളിലേക്കു ഞാന്‍ കടക്കുന്നില്ല. പെരുമാറ്റമര്യാദകളും അക്രമാസക്തമായ പ്രവൃത്തികളും തുടച്ചുമാറ്റിയ നമ്മുടെ പരുക്കന്‍ നിഷ്കളങ്കത - പൊട്ടിച്ചിരിക്കുന്നത്‌, ജനാല തുറക്കുന്നത്‌, വാതില്‍ വലിച്ചടയ്ക്കുന്നത്‌, ചായക്കപ്പു പിടിക്കുന്നത്‌, പുറംകുപ്പായം ധരിക്കുന്നത്‌ തുടങ്ങിയവയും സിനിമയില്‍ നിന്നു പഠിച്ചെടുത്ത ഔചിത്യമില്ലാത്ത ആ ചലനങ്ങളും - തലകുലുക്കല്‍, മര്യാദാപൂര്‍വമായ ചുമ, കോപപ്രകടനം, കണ്ണിറുക്കല്‍, ഗുസ്തിപരിശീലനം, പുരികം ഉയര്‍ത്തല്‍, കണ്ണുരുട്ടല്‍ - അയാള്‍ വിശദമായി വരച്ചുകാണിച്ചു. ഈ അവിശുദ്ധമായ, വര്‍ഗസങ്കരം സംഭവിച്ച ചലനങ്ങള്‍ കാണാന്‍ പോലും അയാളുടെ പിതാവ്‌ ആഗ്രഹിച്ചില്ല. തന്റെ "മക്കളുടെ" ഭാവങ്ങളുടെ നിഷ്കളങ്കതയ്ക്കു ഭീഷണിയായിത്തീര്‍ന്ന ഈ കപടചലനങ്ങളുടെ സ്വാധീനം ഭയന്ന് അദ്ദേഹം പണിപ്പുരവിട്ടു പുറത്തിറങ്ങുന്നില്ലെന്നു തീരുമാനമെടുത്തു. "ചുരുളഴിയേണ്ട പൊരുളും നിഗൂഢതയുടെ സത്തയും" താന്‍ ഏറെക്കാലം മുന്‍പുതന്നെ കണ്ടെത്തിക്കഴിഞ്ഞെന്നു പ്രഖ്യാപിച്ച്‌ അദ്ദേഹം തന്റെ നിലവറയില്‍ അടച്ചിരുന്നു. 

തന്റെ അവസാനത്തെ പതിനഞ്ചുവര്‍ഷം കൊണ്ട്‌ ബെദിയി ആശാന്‍ നിര്‍മിച്ച ഈ മഹത്തായ കലാസൃഷ്ടികള്‍ നോക്കി നില്‍ക്കവേ, കൊല്ലങ്ങള്‍ക്കു ശേഷം ഭീതിയോടെ തന്റെ ശരിയായ സ്വത്വം തിരിച്ചറിയുന്ന "ചെന്നായ വളര്‍ത്തിയ കുട്ടി"യെപ്പോലെ, ഈ അവ്യക്തമായ സത്ത എന്തായിരിക്കാമെന്നു ഞാന്‍ കണ്ടെത്തി: ഈ പ്രതിമകളുടെ ആള്‍ക്കൂട്ടത്തിനു നടുവില്‍, ഈ ചെറിയച്ഛന്മാര്‍ക്കും ചെറിയമ്മമാര്‍ക്കും ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കുമിടയില്‍, ഈ പലചരക്കുകടക്കാര്‍ക്കും തൊഴിലാളികള്‍ക്കും നടുവില്‍, എന്റെ പ്രതിരൂപവുമുണ്ട്‌. പാറ്റ കരണ്ട, ആശയറ്റ ഈ ഇരുളില്‍ ഞാനുംണ്ട്‌. കനത്ത പൊടികൊണ്ട്‌ ഏറെക്കുറെ മൂടിയ എന്റെ ദേശവാസികളുടെ പ്രതിമകളില്‍ ബെയൊഗ്ലുവിലെ ഗുണ്ടാസംഘാങ്ങളും തയ്യല്‍ക്കാരികളും സമ്പത്തിനു പ്രസിദ്ധനായ സെവ്‌ദെത്‌ ബേയും വിജ്ഞാനകോശകാരനായ സലാഹുദ്ദീന്‍ ബേയും അഗ്നിശമനസേനക്കാരും വിചിത്രരൂപികളായ കുള്ളന്മാരും കിഴവന്മാരായ ഭിക്ഷക്കാരും ഗര്‍ഭിണികളുമുണ്ടായിരുന്നു. മങ്ങിയ ഇരുളില്‍ വലിപ്പം വര്‍ദ്ധിച്ച നിഴലുകളോടെ കണ്ട ആ രൂപങ്ങള്‍ എന്നെ ദിവ്യത്വം നഷ്ടപ്പെട്ട ദൈവങ്ങളെയും മറ്റാരോ ആയിത്തീരാതിരുന്നതിന്റെ പേരില്‍ സ്വയം കാര്‍ന്നുതിന്നൊടുക്കുന്ന തടവുപുള്ളികളെയും കിടക്കയിലേക്കു മറിയാനും രതിയിലേര്‍പ്പെടാന്‍ കഴിയാത്തതുകൊണ്ടു പരസ്പരം കൊല്ലുന്ന ഹതഭാഗ്യരെയും ഓര്‍മ്മിപ്പിച്ചു. എന്നെപ്പോലെ, നമ്മളെപ്പോലെ, അവരും, സ്വര്‍ഗ്ഗത്തിന്റെ അവശിഷ്ടം പോലെ വിദൂരമായ ഭൂതകാലത്തിലൊരിക്കല്‍ യാദൃശ്ചികമായി തങ്ങളുടെ അവ്യക്തമായ അസ്തിത്വത്തിന്റെ നിഗൂഢരഹസ്യം കണ്ടെത്തുയിട്ടും പിന്നീടതു മറന്നുപോയിരിക്കാം. ഓര്‍മ്മക്കുറവിന്റെയും പുളയുന്ന വേദനയുടെയും നിമിഷങ്ങളില്‍പ്പോലും നാം നാമായിത്തന്നെയിരിക്കണമെന്നു ശഠിക്കാറുണ്ടല്ലോ. ആ ശാഠ്യത്തിനുള്ള ശിക്ഷയാണു വാസ്തവത്തില്‍ നമ്മെ നാമാക്കുന്ന ചലനങ്ങള്‍ - നമ്മള്‍ മൂക്കുതുടയ്ക്കുന്നതിന്റെയും തലചൊറിയുന്നതിന്റെയും പടികയറുന്നതിന്റെയും മട്ടും മാതിരിയും ശോകവും പരാജയവും നിറഞ്ഞ നമ്മുടെ രൂപങ്ങളും. "മനുഷ്യവര്‍ഗ്ഗം മറ്റുള്ളവരെ അനുകരിക്കേണ്ട ആവശ്യമില്ലാത്ത വിധം സംതൃപ്തരായിത്തീരും എന്ന് എന്റെ പിതാവു വിശ്വസിച്ചിരുന്നു" എന്ന് ബെദിയി ആശാന്റെ മകന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്‌ ഈ ആള്‍രൂപങ്ങളുടെ സംഘം നിരാശനിറഞ്ഞ, പൊടിമൂടിയ ഈ നിലവറ വിട്ട്‌ എത്രയും പെട്ടെന്നു പുറത്തുകടക്കാനും ഭൂതലത്തിലിറങ്ങി സൂര്യപ്രകാശത്തില്‍ മറ്റാളുകളെ നിരീക്ഷിക്കാനും അനുകരിക്കാനും മറ്റാരെങ്കിലുമാകാന്‍ ശ്രമിച്ച്‌ നമ്മെപ്പോലെ എക്കാലവും സുഖമായി ജീവിക്കാനും എന്നെപ്പോലെ വെമ്പുന്നുണ്ടാവുമെന്നാണ്‌. 
 
ആ വെമ്പല്‍ അത്ര അസ്വാഭാവികല്ലെന്നു ഞാന്‍ പിന്നീടു മനസ്സിലാക്കി. കൗതുകവസ്തുക്കള്‍ നിരത്തിവെച്ച്‌ ശ്രദ്ധയാകര്‍ഷിക്കുന്നതു വിനോദമായ ഒരു കടയുടമ ഒരിക്കല്‍ ഈ പണിപ്പുരയിലെ "വില്‍പനസാധന"ങ്ങളില്‍ ചിലതു വാങ്ങിക്കൊണ്ടുപോയി. ഒരുപക്ഷേ, കുറഞ്ഞ വിലയ്ക്കു കിട്ടിയതുകൊണ്ടാവാം അയാളതു ചെയ്തത്‌. എന്നാല്‍, വാങ്ങിച്ചുകൊണ്ടുപോയി ജനാലയ്ക്കല്‍ പ്രദര്‍ശിപ്പിച്ച ഈ ആള്‍രൂപങ്ങളുടെ ഭാവഹാവാദികളും നില്‍പും കടയിലെ പതിവുകാരുടേതിനോടും ജനാലക്കു പുറത്തുകൂടി കടന്നുപോയ ആള്‍ക്കൂട്ടത്തിന്റേതിനോടും വളരെ സദൃശമായിരുന്നു. സാധാരണത്വവും വാസ്തവികതയും നിറഞ്ഞ്‌ "നമ്മെപ്പോലെ" തന്നെയിരുന്ന അവയെ ആരും ശ്രദ്ധിച്ചില്ല. അതുകൊണ്ട്‌ പിശുക്കനായ കടക്കാരന്‍ അവയെ അറുത്തു കഷണങ്ങളാക്കി. ചലനങ്ങള്‍ക്ക്‌ അര്‍ത്ഥം പകര്‍ന്ന പൂര്‍ണ്ണത മറഞ്ഞു. ആ കൈകാലുകളെ ബെയൊഗ്ലുവിലെ ആള്‍ക്കൂട്ടത്തിനു വേണ്ട കുടകളും കൈയുറകളും ബൂട്ടുകളും ഷൂസും നിറച്ച ആ ചെറിയ കടയിലെ ചെറിയ ജനാലയില്‍ വര്‍ഷങ്ങളോളം പ്രദര്‍ശിപ്പിച്ചിരുന്നു.
രാജേഷ്‌ ആര്‍. വര്‍മ്മയുടെ ബ്ലോഗ്>>>

comments