
ഒര്‍ഹാന്‍ പാമുക്
ഉത്തരാധുനിക എഴുത്തുകാരില്‍ ലോകശ്രദ്ധേയനായ ഒര്‍ഹാന്‍ പാമുക് 1952 ജൂണ്‍
7ന് ഇസ്താംബൂളില്‍ ജനിച്ചു. ഒരു കലാകാരന്‍ ആകാന്‍ ആഗ്രഹിക്കുകയും ബാല്യം
മുതല്‍ യൗവ്വനാരംഭം വരെ ചിത്രകലയില്‍ മുഴുകുകയും ചെയ്തു. ഇസ്താംബുള്‍
ടെക്നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ മൂന്നു വര്‍ഷം ആര്‍ക്കിടെക്ചര്‍ പഠിച്ച
പാമുക് ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ എഞ്ചിനീയറിംഗ് ഉപേക്ഷിച്ച്
മുഴുവന്‍ സമയ എഴുത്തുകാരനാകാന്‍ തീരുമാനിച്ചു. 1977ല്‍ ജേര്‍ണലിസത്തില്‍
ബിരുദമെടുത്തു.
'Cevdet Bey and his sons'എന്ന ആദ്യ നോവല്‍ 1982ല്‍ പ്രസിദ്ധീകരിച്ചു.
തൊട്ടടുത്ത വര്‍ഷം പുറത്തുവന്ന 'Silent House'ന്റെ ഫ്രഞ്ച് വിവര്‍ത്തനം
അവാര്‍ഡിനര്‍ഹമായി. 1985ല്‍ പ്രസിദ്ധീകരിച്ച 'The White Castle'ന്റെ
ഇംഗ്ലിഷ് വിവര്‍ത്തനം പാമുകിന് രാജ്യാന്തര പ്രശസ്തി നല്‍കി. 1985 മുതല്‍
'88 വരെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറായി
പ്രവര്‍ത്തിച്ചു. അവിടെ വച്ച് എഴുതിത്തുടങ്ങിയ 'The Black Book' എന്ന
നോവല്‍ 1990ല്‍ തുര്‍ക്കിയില്‍ പ്രസിദ്ധീകരിച്ചു. 'The New Life' 1994ലും
'My Name is Red' 1998ലും പുറത്തുവന്നു. അറബ് മിനിയേച്ചര്‍ ചിത്രകലയെ
മുന്‍നിര്‍ത്തി എഴുതിയ 'My Name is Red' ഫ്രഞ്ച്, ഇറ്റാലിയന്‍
പുരസ്കാരങ്ങള്‍ നേടി. 2002ല്‍ 'Snow' എന്ന രാഷ്ട്രീയ നോവലും പിന്നീട്
{'ഓതെര്‍ Cഒലൊൂര്‍സ്'} എന്ന ലേഖന സമാഹാരവും 'Isthanbul' എന്ന
ഓര്‍മ്മക്കുറിപ്പും പ്രസിദ്ധീകരിക്കപ്പെട്ടു. നാല്‍പതോളം ഭാഷകളിലേക്ക്
വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള ഒര്‍ഹാന്‍ പാമുകിന്റെ ഓരോ നോവലും
തുര്‍ക്കിയില്‍ വില്‍ക്കപ്പെട്ട കോപ്പികളുടെ എണ്ണത്തില്‍ ചരിത്രം കുറിച്ചു.
2006ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് തെരഞ്ഞെടുക്കപ്പെട്ട
ഒര്‍ഹാന്‍ പാമുക് ഈ ബഹുമതി നേടുന്ന ആദ്യ തുര്‍ക്കി എഴുത്തുകാരനാണ്.
? താങ്കളുടെ നോവലില്‍ തുര്‍ക്കി ഒരു അതിയാഥാര്‍ത്ഥ്യത്തിന്റെ രാജ്യമാണ്.
അവിടെ മതേതര ദേശീയവാദികളും മതാധിഷ്ഠിത ഭരണത്തില്‍ വിശ്വസിക്കുന്നവരും
അവരവരുടെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നു.
ജനങ്ങളെ സ്വതന്ത്രരാക്കിയേ അടങ്ങൂ എന്നാണ് രണ്ടുകൂട്ടരും പറയുന്നതെങ്കിലും
സംശയത്തോടുകൂടിമാത്രം നോക്കിക്കാണേണ്ട ആശയങ്ങളാണ് രണ്ടും. ഇതാണോ
താങ്കള്‍ക്ക് അറിയാവുന്ന തുര്‍ക്കി?
= എന്റെ കഥാപാത്രങ്ങളുടെ ബോധത്തിനും രാജ്യത്തിന്റെ കാവ്യാത്മക
യാഥാര്‍ത്ഥ്യത്തിനും ഇടയിലുള്ള വിടവ് ആയിരിക്കാം ഒരു പക്ഷേ നോവലിലെ
അടിസ്ഥാന സംഘര്‍ഷം. ഞാന്‍ ആ രണ്ടു കാര്യങ്ങളെയും കുറിച്ച് കൂടുതലറിയാനും
അവയെ അങ്ങനെ തന്നെ നിലനിര്‍ത്തി ആവിഷ്കരിക്കാനും ആഗ്രഹിക്കുന്ന ഒരാളാണ്.
പാശ്ചാത്യനായിത്തീര്‍ന്ന ബുദ്ധിജീവി ‘ഏറ്റവും ദരിദ്രമായ, വിസ്മൃതമായ, ഏറെ
അവഗണിക്കപ്പെട്ട ഒരു ഭൂവിഭാഗം‘ എന്നൊക്കെയുള്ള വിശേഷണങ്ങളാണ്
തുര്‍ക്കിയ്ക്കു നല്‍കുക. വളരെ എളുപ്പം ദേഷ്യം വരുന്ന ഭൂഭാഗം കൂടിയാണത്.

? ശിരസ്സു മൂടുന്ന വസ്ത്രം ധരിക്കാനുള്ള പല സ്ത്രീകളുടെയും അഭിലാഷമാണ്
‘സ്നോ’ എന്ന നോവല്‍ ഊന്നല്‍ നല്‍കുന്ന ഒരു വശം. മതാധികാരത്തിനും മതത്തിന്റെ
പേരിലുള്ള സഹനത്തിനും ഇടയില്‍ എവിടെയാണ് താങ്കള്‍ വരയിടുന്നത് എന്ന
സൂക്ഷ്മതയോടെ മാത്രം കൈകാര്യം ചെയ്യേണ്ടുന്ന ചില ചോദ്യങ്ങള്‍ ഈ പ്രശ്നം
ഉയര്‍ത്തുന്നുണ്ട്. ഇപ്പോഴത്തെ തുര്‍ക്കി സര്‍ക്കാര്‍ മതപാഠശാലകളില്‍
നിന്നു പഠിച്ചു പുറത്തിറങ്ങുന്നവരെ സഹായിക്കാന്‍ മുന്നോട്ടു വന്നത്
വിവാദമായി തീര്‍ന്നിരിക്കുകയാണ്. യുക്തിസഹമായ ഒരു കാരണം ഇതിനു
പിന്നിലുള്ളതായി താങ്കള്‍ക്കു തോന്നുന്നുണ്ടോ?
=ഞാന്‍ ഒരു എഴുത്തുകാരന്‍ മാത്രമാണ്. ഇത്തരം പ്രശ്നങ്ങളെ ഒരു
രാഷ്ട്രീയക്കാരന്റെ വീക്ഷണകോണിലൂടെയല്ല, മറ്റുള്ളവരുടെ വേദനയും
ദുരിതങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരു സാധാരണക്കാരന്റെ
കണ്ണിലൂടെയാണ് ഞാന്‍ അടുത്തറിയുന്നത്. ഇവയൊക്കെ ഒറ്റയടിക്കു പരിഹരിക്കാന്‍
നിശ്ചിതമായ ഒരു സൂത്രവാക്യമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ഈ
പ്രശ്നങ്ങള്‍ക്കെല്ലാം അങ്ങനെയൊരു ലളിത പരിഹാരം ഉണ്ടെന്നു
വിചാരിക്കുന്നവന്‍ വിഡ്ഢിയാണ്. അതു വിചാരിച്ചു ചാടി പുറപ്പെടുന്നവന്‍
പലപ്പോഴും പ്രശ്നത്തിന്റെ പങ്കാളിയായി അധികം വൈകാതെ മാറുന്നതു കാണാം.
സാഹിത്യത്തിനു പ്രശ്നങ്ങളെ കൂടുതല്‍ ആഴത്തില്‍ സമീപിക്കാന്‍ കഴിയും എന്നാണ്
എന്റെ വിശ്വാസം. കാരണം ആരും ശരിയല്ലാത്ത, ശരിയേത് എന്ന് ആര്‍ക്കും
പറയാനാവാത്ത നിഴല്‍ പ്രദേശങ്ങളിലേയ്ക്ക് എഴുത്തുകാരനു ചെല്ലാം. അതാണ്
നോവലെഴുത്തിനെ രസകരമാക്കുന്നത്. അതുകൊണ്ടാണ് ഇക്കാലത്ത് രാഷ്ട്രീയ
നോവലെഴുതുന്നത് രസകരമായ പണിയാകുന്നത്.
? എന്നിട്ടും താങ്കളുടെ നോവല്‍, അപരിചിത ചുറ്റുപാടുകളില്‍ കഴിഞ്ഞു കൂടേണ്ടി
വരുന്ന മനുഷ്യാത്മാക്കളുടെ അപമാനവും കഷ്ടപ്പാടുകളും പൂര്‍ണ്ണമായി
മനസ്സിലാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഒരുപാട് ഉത്കണ്ഠകള്‍
പ്രകടിപ്പിക്കുന്നു.
=ധാര്‍മികമായും ആത്മീയമായും എനിക്ക് എന്റെ കേന്ദ്രകഥാപാത്രവുമായി
അടുപ്പമുണ്ട്. തുര്‍ക്കിസമൂഹത്തിലെ ഏറ്റവും ദരിദ്രവിഭാഗങ്ങളുടെ
അടുക്കലേയ്ക്ക് അയാള്‍ പോകുമ്പോള്‍, പ്രതിനിധിയാവുക എന്ന
കെണികളില്‍പ്പെട്ടുപോകുകയാണ്. വളരെ നിസ്വരായ മനുഷ്യര്‍ക്കുവേണ്ടി
മറ്റുള്ളവരുടെ പേരില്‍ അയാള്‍ സംസാരിക്കുന്നു. കാര്യങ്ങള്‍ എത്രമാത്രം
പ്രശ്നസങ്കുലമാണെന്നു അയാള്‍ തിരിച്ചറിയുന്നുണ്ട്. സത്യത്തില്‍
അധാര്‍മ്മികമായ രീതിയിലാണ് കാര്യങ്ങള്‍ പലപ്പോഴും അവസാനിക്കുന്നത്.
പ്രതിനിധികളില്ലാത്ത പാവപ്പെട്ടവരെ പ്രതിനിധീകരിക്കുക എന്ന പ്രശ്നം
സാഹിത്യത്തില്‍ പോലും ധാര്‍മ്മികമായി സന്ദേഹാത്മകമാണ്. അതുകൊണ്ട് ഈ
രാഷ്ട്രീയ നോവലില്‍ എന്റേതായിട്ടുള്ള എളിയ സംഭാവന എന്തെങ്കിലും
ഉണ്ടെങ്കില്‍ (ഞാന്‍ വിനയാന്വിതനായിരിക്കട്ടെ) പ്രതിനിധീകരണത്തിന്റെ
പ്രശ്നത്തെ നോവലിന്റെ ഭാഗമാക്കി തീര്‍ക്കുക എന്നുള്ളതാണ്.

? രാഷ്ട്രീയ നോവലെഴുതുക എന്ന തീരുമാനത്തിലേയ്ക്കു വന്നതെങ്ങനെയാണ്?
=20 വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതി തുടങ്ങുമ്പോള്‍ ഞാന്‍ രാഷ്ട്രീയത്തില്‍
താത്പര്യമേതുമില്ലാത്ത മനുഷ്യനായിരുന്നു. എനിക്കുമുന്‍പുള്ള എഴുത്തുകാരുടെ
തലമുറ വ്യക്തമായ നിലപാടുകളോടെ തുര്‍ക്കിയുടെ രാഷ്ട്രീയകാര്യങ്ങളില്‍
സജീവമായി മുഴുകി. നബോക്കോവ് ‘സാമൂഹിക വിവരണം‘ എന്നു വിളിച്ച സംഗതികളാണ്
അവര്‍ എഴുതി വിട്ടുകൊണ്ടിരുന്നത്. ഞാന്‍ വിശ്വസിച്ചു വന്നത്, ഇപ്പോഴും
വിശ്വസിക്കുന്നത് അത്തരം രാഷ്ട്രീയം കലയെ നശിപ്പിക്കുക മാത്രമേ ചെയ്യൂ
എന്നാണ്. ഹെന്‍ട്രി ജയിംസ് നോവലിന്റെ മഹത്തായ കല എന്നു വിവരിച്ച
കാര്യങ്ങളിലായിരുന്നു ഇരുപത് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്ക്
വിശ്വാസം. എന്നാല്‍ പിന്നീട് തുര്‍ക്കിയുടെ അകവും പുറവും കൂടുതലറിഞ്ഞു.
ആളുകള്‍ രാഷ്ട്രീയ ചോദ്യങ്ങള്‍ ഉന്നയിക്കാനും സാമൂഹിക വിവരണങ്ങള്‍
ആവശ്യപ്പെടാനും തുടങ്ങി. ജനാധിപത്യത്തെ, മനുഷ്യാവകാശത്തെ, രാജ്യത്തെ എല്ലാം
തുര്‍ക്കി ഭരണകൂടം പരിക്കേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണെന്ന്
ആത്മാര്‍ത്ഥമായി ഞാന്‍ വിശ്വസിക്കുന്നതു കൊണ്ടാണ് പുസ്തകങ്ങള്‍ക്കു
പുറത്തും കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആരംഭിച്ചത്.
? ഏതു തരത്തിലുള്ള കാര്യങ്ങള്‍..?
=പരാതികളെഴുതുക, രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുക്കുക. എന്നാല്‍ പച്ചയായ
അഭിപ്രായപ്രകടനങ്ങളില്‍ നിന്നും എന്റെ പുസ്തകങ്ങളെ മാറ്റി നിര്‍ത്തുക.
ഇതെന്നെ കുറച്ച് കുപ്രസിദ്ധനാക്കി. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ്
ദേശീയവാദികളോട് കൂടുതല്‍ ചായ്‌വ് കാണിച്ചിരുന്ന, തുര്‍ക്കി ഭരണകൂടത്തിനും
വ്യവസ്ഥാപിതതാത്പര്യങ്ങള്‍ക്കുമെതിരെ ഒരുതരം രാഷ്ട്രീയ യുദ്ധത്തില്‍
ഏര്‍പ്പെടാന്‍ ഞാന്‍ ആരംഭിച്ചിരുന്നു. എന്തായാലും, എന്റെ ഉള്ളില്‍ കിടന്നു
തിക്കുന്ന കാര്യങ്ങള്‍ പുറത്തിടാന്‍ ഒരു രാഷ്ട്രീയ നോവല്‍ എന്തുകൊണ്ട്
എഴുതികൂടാ എന്നു ഞാന്‍ എന്നോടു തന്നെ ചോദിച്ചു.
? ‘സ്നോ’ തുര്‍ക്കിയില്‍ പ്രസിദ്ധീകരിക്കാന്‍ പ്രയാസമെന്തെങ്കിലും ഉണ്ടായോ?
ഇസ്ലാമിസ്റ്റുകളും മറ്റുള്ളവരും എങ്ങനെയാണത് സ്വീകരിച്ചത്?
=പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് കൂട്ടുകാരോടും പ്രസാധകനോടും കാര്യങ്ങള്‍
തുറന്നടിക്കുന്ന ഒരു രാഷ്ട്രീയനോവല്‍ എഴുതിതീര്‍ത്ത കാര്യം ഞാന്‍
പറഞ്ഞിരുന്നു. ഒരു അഭിഭാഷകനെ ഇതു കാണിക്കണോ? വേണ്ട... വേണ്ട..
തുര്‍ക്കിയിപ്പോള്‍ യൂറോപ്പുമായി കൂടുതല്‍ അടുക്കാനാഗ്രഹിച്ചു
കൊണ്ടിരിക്കുന്ന സമയമാണ്. നിങ്ങള്‍ ദേശത്തും വിദേശത്തും പ്രസിദ്ധനും.
അതുകൊണ്ട് അതു ചെയ്യേണ്ട കാര്യമില്ല എന്ന് അവര്‍ പറഞ്ഞു. ശരി. കുറച്ചു
ദിവസങ്ങള്‍ കഴിഞ്ഞ് ഞാന്‍ പുസ്തകം പ്രസാധകര്‍ക്കു നല്‍കി. ഇതാ പുസ്തകം.
ഞാന്‍ പറഞ്ഞു. ഒരാഴ്ചകഴിഞ്ഞ് അവരെന്നെ വിളിച്ചു. പുസ്തകം വായിച്ചു കഴിഞ്ഞു.
ഇഷ്ടപ്പെട്ടു പക്ഷേ വക്കീലിനെ കാണിക്കാന്‍ ഞാന്‍ അനുവാദം നല്‍കണം.
സര്‍ക്കാര്‍ വക്കീല്‍ കേസു ഫയല്‍ ചെയ്യുമോ പുസ്തകം കണ്ടുകെട്ടുമോ എന്നൊക്കെ
അവര്‍ക്കു ഭയം. ഒരു ലക്ഷം കോപ്പിയാണ് ആദ്യം അച്ചടിക്കേണ്ടത്. സാമ്പത്തിക
പ്രശ്നങ്ങളെ കുറിച്ചാണ് അവരുടെ പേടി മുഴുവന്‍. പുസ്തകം മൂലയില്‍ അവര്‍
ഒളിപ്പിച്ചു വച്ചു. ഒരുപക്ഷേ കണ്ടുകെട്ടല്‍ നടക്കുകയാണെങ്കില്‍
പൂര്‍ണ്ണമായി എല്ലാം നഷ്ടപ്പെടാതിരിക്കാന്‍. അശുഭകരമായി ഒന്നും
സംഭവിച്ചില്ല. വളരെ ഗൌരവത്തോടെ പുസ്തക ചര്‍ച്ചകള്‍ നടന്നു. കുറെ രാഷ്ട്രീയ
ഇസ്ലാമിസ്റ്റുകളും സൈന്യത്തെ അനുകൂലിക്കുന്ന കുറച്ചാളുകളും എന്നെ
ആക്രമിച്ചു. എനിക്കൊന്നും സംഭവിച്ചില്ല. ഞാന്‍ പിടിച്ചു നിന്നു.
സത്യത്തില്‍ ഞാന്‍ പ്രതീക്ഷിച്ച രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍ വന്നു
ഭവിച്ചത്. വളരെ ലളിതമായ ആശയങ്ങളെ പിടിച്ച് വിപ്ലവ ഇസ്ലാമിസ്റ്റുകള്‍
പുസ്തകത്തെ വിമര്‍ശിച്ചു. “നിങ്ങള്‍ ഇസ്ലാമിസ്റ്റുകളെ ചിത്രീകരിക്കാന്‍
ശ്രമിക്കുന്നു. എന്നാല്‍ ഒരു ഇസ്ലാമിസ്റ്റ് വിവാഹം കഴിക്കാതെ ഒരു
പെണ്ണുമായി ബന്ധപ്പെടുകയില്ലെന്ന കാര്യം നിങ്ങളറിയണം...” ഇങ്ങനെയുള്ള ചില
വിമര്‍ശനങ്ങള്‍. മറുവശത്ത് ഉദാരവീക്ഷണമുള്ള ഇസ്ലാമിസ്റ്റുകള്‍ക്ക്
സന്തോഷമാണുള്ളത്. അവര്‍ വെളിവാക്കാനുദ്ദേശിക്കുന്ന തുര്‍ക്കി സൈന്യത്തിന്റെ
പീഡനങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നോവലില്‍ ഉള്ളതു കാരണം.
? ജോര്‍ജ്ജ് ബുഷ് അടുത്ത കാലത്ത് നാറ്റോ സമ്മേളനത്തിനായി ഇസ്താംബൂളില്‍
വന്നപ്പോള്‍ താങ്കളെ കിഴക്കിനും പടിഞ്ഞാറിനും ഇടയില്‍ പാലം പണിത ‘മഹാനായ
ഒരു എഴുത്തുകാരനായി’ വിശേഷിപ്പിച്ചു. ലോകത്തിലുള്ള ആളുകളെല്ലാം ഒരു
പോലെയാണെന്ന താങ്കളുടെ വാക്കുകളെ പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം
മദ്ധ്യകിഴക്കന്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ‘സ്വാതന്ത്ര്യം എന്ന
ജന്മാവകാശത്തെ’ അനുഭവിക്കാന്‍ കൈത്താങ്ങു നല്‍കുന്ന അമേരിക്കന്‍
പരിശ്രമങ്ങളെ ന്യായീകരിക്കുകയും ചെയ്തു. താങ്കള്‍ ഉദ്ദേശിച്ചതെന്താണെന്ന്
ബുഷിനു മനസ്സിലായി എന്നു വിചാരിക്കുന്നുണ്ടോ?
=ഞാന്‍ വിചാരിക്കുന്നത് ജോര്‍ജ്ജ് ബുഷ് ഈ യുദ്ധത്തിലൂടെ കിഴക്കും
പടിഞ്ഞാറും തമ്മിലുള്ള അകലം കൂട്ടുകയാണ് ചെയ്തത് എന്നാണ്. മുഴുവന്‍
ഇസ്ലാമിക സമൂഹത്തെയും അമേരിക്കയ്ക്കും പടിഞ്ഞാറിനും അനാവശ്യമായി
എതിരാക്കാന്‍ അദ്ദേഹം വേണ്ടതു ചെയ്തു. അനേകം ജനങ്ങള്‍ക്ക് കഷ്ടപ്പെടാനും
ഹൃദയമില്ലാത്ത ക്രൂരതകള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കുമൊക്കെയാണ് ഇതു
വഴിയൊരുക്കിയിരിക്കുന്നത്. പശ്ചിമ-പൂര്‍വ നാടുകളുടെ സംഘര്‍ഷത്തെ
അനാവശ്യമായി ഇതു വര്‍ദ്ധിപ്പിക്കും. ഞാനൊരിക്കലും നടക്കണമെന്ന് ആഗ്രഹിച്ച
കാര്യങ്ങളല്ല ഇവയൊക്കെ. എന്റെ പുസ്തകത്തില്‍ കിഴക്കും പടിഞ്ഞാറും
തമ്മിലുള്ള ഒരു തരം ഐക്യത്തെയാണ് അന്വേഷിക്കുന്നത്. ചുരുക്കത്തില്‍
വര്‍ഷങ്ങളായി ഞാന്‍ എഴുതി വന്നത് തെറ്റായി ഉദ്ധരിക്കപ്പെട്ടു. ചെയ്തു
പോയതിനുള്ള മാപ്പപേക്ഷയായി ഉപയോഗിക്കപ്പെട്ടു. ചെയ്ത കാര്യങ്ങളാണെങ്കിലോ
ഏറ്റവും ക്രൂരത നിറഞ്ഞതും.

? മദ്ധ്യ പൌരസ്ത്യദേശങ്ങളില്‍ അല്ലെങ്കില്‍ പാശ്ചാത്യേതര
പ്രദേശങ്ങളില്‍ നോവല്‍ ജീവിക്കുന്നതും നിലനില്‍ക്കുന്നതുമായ ഒരു
സാഹിത്യരൂപമാണെന്നു താങ്കള്‍ക്കു തോന്നുന്നുണ്ടോ? അതോ താങ്കള്‍
സാധാരണമല്ലാത്ത ഒരു കാര്യം ചെയ്യുകയാണെന്ന മട്ടിലാണോ രചന
നിര്‍വഹിക്കുന്നത്?
=അല്ല. നോവലിന്റെ കല മികച്ചതാണ്. അതു നിലനില്‍ക്കും. അതിനു സാദ്ധ്യതകള്‍
ധാരാളമുണ്ട്. അത് അമേരിക്കയിലും യൂറോപ്പിലും പാശ്ചാത്യനാടുകളിലും
തുടര്‍ന്നും ജീവിക്കും എന്നെനിക്ക് ഉറപ്പുണ്ട്. ചൈന, ഇന്ത്യ തുടങ്ങിയ
രാജ്യങ്ങളില്‍ അതിന് വിചിത്രവും പുതുമയുള്ളതുമായ ഭാവിയുണ്ട്. കാരണം
മദ്ധ്യവര്‍ഗത്തിന്റെ മുന്‍പില്ലാതിരുന്ന തരം ഉയര്‍ച്ച ഇവിടങ്ങളില്‍
ഉണ്ടായിട്ടുണ്ട്. ഈ പുതിയ മദ്ധ്യവര്‍ഗത്തിന്റെ അധികാരത്തിന് നിയമസാധുത
നല്‍കുക എന്നത് ഇന്ത്യയിലും ചൈനയിലും വ്യക്തിത്വവുമായി ബന്ധപ്പെട്ട
പ്രശ്നങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരും. വ്യതിരിക്ത സ്വത്വങ്ങളായ
യൂറോപ്പിനെയും പടിഞ്ഞാറിനെയും അഭിമുഖീകരിക്കുമ്പോള്‍ അവരുടെ ദേശീയതയും
സ്വന്തം രാജ്യത്തിലെ ദരിദ്രവിഭാഗത്തിന്റെ പ്രതിരോധങ്ങളെ
അഭിമുഖീകരിക്കുമ്പോള്‍ അവരുടെ പാശ്ചാത്യാഭിമുഖ്യവും കൂടിച്ചേര്‍ന്ന
സങ്കീര്‍ണ്ണതയാണിത്. പുതിയ ആധുനിക നോവല്‍ കിഴക്കു നിന്ന്, ലോകത്തിന്റെ ആ
ഭാഗത്തു നിന്നു വരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കിഴക്കിന്റെയും
പടിഞ്ഞാറിന്റെയും ആധുനികതയെയും ഇന്ത്യയിലും ചൈനയിലും തുര്‍ക്കിയിലുമുള്ള
പുതിയ മദ്ധ്യവര്‍ഗത്തിന്റെ വഴുതുന്ന പ്രകൃതത്തെയും അതു
ഉയര്‍ത്തിക്കൊണ്ടുവരും.
? ‘സ്നോ’യിലെ വിപ്ലവ ഇസ്ലാമിസ്റ്റ് ‘ബ്ലൂ’ ഒരിടത്തു പറയുന്നുണ്ട്, അമേരിക്ക
ലോകത്തിനു നല്‍കിയ എറ്റവും മികച്ച സാധനം ചുവന്ന മാള്‍ബറൊകളാണെന്ന്. അതിനോട്
യോജിക്കുന്നുണ്ടോ?
= ചെറുപ്പത്തില്‍ ഞാന്‍ കണ്ടമാനം പുകവലിച്ചിരുന്നു. സ്വകാര്യ സന്തോഷങ്ങള്‍
നമ്മള്‍ കഥാപാത്രങ്ങളിലേയ്ക്കു പകരും. അതാണ് കല്‍പ്പിതകഥകള്‍ എഴുതുന്നതിലെ
മറ്റൊരാനന്ദം.
comments